പഠിക്കുന്ന കാലത്തുതന്നെ കവിതയെഴുതിത്തുടങ്ങിയതാണ് ഗോപാലകൃഷ്ണന്‍. കായലും വയലും അതിരിടുന്ന കുട്ടനാടിന്റെ ഗ്രാമഭംഗി ആവാഹിച്ച വരികള്‍. എട്ടില്‍ പഠിക്കുമ്പോള്‍ തകഴിയില്‍നിന്ന് ഇറങ്ങുന്ന ഒരു മാസികയില്‍ ആദ്യകവിത അച്ചടിച്ചുവന്നു. പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലായി എഴുത്ത്. അക്കാലത്ത് ക്ലാസിലിരിക്കുമ്പോള്‍ കവിതയ്ക്കുള്ള പ്രതിഫലം മണിയോര്‍ഡറായി പോസ്റ്റ്മാന്‍ എത്തിച്ചപ്പോള്‍ അധ്യാപകര്‍പോലും അമ്പരന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.

To advertise here,

സിനിമ ഗാനരംഗത്ത് വയലാര്‍ കത്തിനില്‍ക്കുന്ന കാലമാണ്. ഒരുദിവസം ഒരു കവിതയുമായി ഗോപാലകൃഷ്ണന്‍ വയലാറിനെ കാണാന്‍ പോയി. ഒരു പൊതുയോഗ സ്ഥലത്തുവെച്ചാണു കണ്ടത്. കവിത ഏല്‍പ്പിച്ചു തിരിച്ചുപോന്നു. അദ്ദേഹം വായിക്കുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. പക്ഷേ, ഒരാഴ്ചയ്ക്കകം മറുപടിക്കത്തു വന്നു: 'കവിത നന്നായിട്ടുണ്ട്.'

വയലാറിന്റെ ഈ വാക്കുകളെക്കാള്‍ വലുതായി മറ്റൊരു അവാര്‍ഡ് ഗോപാലകൃഷ്ണന് ഇല്ലായിരുന്നു. മുതിര്‍ന്നപ്പോള്‍ പത്രപ്രവര്‍ത്തകന്റെ വേഷത്തിലാണ് അദ്ദേഹത്തെ പിന്നീടു കണ്ടത്. തിരുവനന്തപുരത്തുനിന്നിറങ്ങുന്ന 'ഗ്രന്ഥാലോകം' മാസികയില്‍ സബ് എഡിറ്ററായാണ് തുടക്കം. വൈകാതെ മദ്രാസിലെത്തി 'അന്വേഷണം' മാസികയില്‍ ചേര്‍ന്നു. 

അയ്യപ്പപ്പണിക്കര്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു അങ്ങോട്ടുള്ള യാത്ര. മദ്രാസ് വാസമാണ് ഏറെക്കാലമായി കൊതിച്ചിരുന്ന സിനിമയിലേക്കു നയിച്ചത്. ആദ്യം തിയേറ്ററിലെത്തിയത് വിമോചനസമരമാണ് (1971). ഗോപാലകൃഷ്ണനെ മലയാളി ഏറ്റെടുത്തു തുടങ്ങിയത് അയലത്തെ സുന്ദരി(1975)യിലൂടെയാണ്. ലക്ഷാര്‍ച്ചന കണ്ടു മയങ്ങുമ്പോള്‍ (ശങ്കര്‍ ഗണേഷ്) എന്ന ഗാനം ഇന്നും പ്രണയമധുരത്തിന്റെ നിറപാത്രമായി കാമുകഹൃദയങ്ങള്‍ കാണുന്നു.

ഈ പാട്ടിനെച്ചൊല്ലി ചില്ലറ വിവാദങ്ങളുമുണ്ടായി. 'മല്ലീശ്വരന്റെ പൂവമ്പു കൊണ്ടു' എന്ന പ്രയോഗത്തിനെതിരേ വിമര്‍ശനമുണ്ടായി. പരമശിവനാണ് മല്ലീശ്വരന്‍ എന്നു വിമര്‍ശകരും കാമദേവനെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഗോപാലകൃഷ്ണനും വാദിച്ചു. 'മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ട് കവര്‍ന്നെടുത്തു' എന്ന പ്രയോഗത്തിലും ചിലര്‍ തെറ്റുകണ്ടു. എന്നാല്‍, ചുംബനത്തെയും പരിരംഭണത്തെയും തന്റേതായ ബിംബകല്‍പ്പനകള്‍കൊണ്ട് അണിയിച്ചൊരുക്കുകയായിരുന്നു മങ്കൊമ്പ്.

'അധരംകൊണ്ടധരത്തില്‍ അമൃത് നിവേദിക്കും, അസുലഭ നിര്‍വൃതി അറിഞ്ഞൂ ഞാന്‍'(ലക്ഷാര്‍ച്ചന), അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
അജ്ഞാതസൗരഭം പടര്‍ന്നുകേറി, അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍ അവളുടെ താരുണ്യമലിഞ്ഞിറങ്ങി....'(ലക്ഷാര്‍ച്ചന). ഈ പാട്ടിന്റെ ജനപ്രിയതമൂലം തന്റെ വീട്ടുപേരും ലക്ഷാര്‍ച്ചന എന്നാക്കിയിരുന്നു അദ്ദേഹം.

'നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ'(സിനിമ ബാബുമോന്‍, സംഗീതം എം.എസ്. വിശ്വനാഥന്‍) എന്നുതുടങ്ങുന്ന ഹിറ്റ് ഗാനത്തിലും ഇത്തരം പ്രയോഗങ്ങള്‍ കാണാം.'കാച്ചെണ്ണ തേച്ച നിന്‍ കാര്‍ക്കൂന്തലത്തിന്റെ കാറ്റേറ്റാല്‍പോലുമെനിക്കുന്മാദം തുള്ളിത്തുളുമ്പും നിന്‍ യൗവനാംഗങ്ങളില്‍
നുള്ളിനോവിക്കാനാവേശം എനിക്കാവേശം...'(നാടന്‍പാട്ടിന്റെ). ഈ പാട്ടില്‍ 'നീയൊരു നവവധു നമുക്കെന്നും മധുവിധു' എന്ന പ്രയോഗം തന്നെക്കുറിച്ചു തന്നെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് അധികനാളായിരുന്നില്ല. ഭാര്യ നാട്ടിലും അദ്ദേഹം മദ്രാസിലും. ഇതാണ് വരികളില്‍ പ്രതിഫലിച്ചത്.

രവീന്ദ്ര ജയിന്‍ എന്ന വിഖ്യാത സംഗീതസംവിധായകന്‍ ആദ്യമായി മലയാളത്തില്‍ എത്തിയപ്പോള്‍ കൈകോര്‍ത്തത് ഗോപാലകൃഷ്ണനുമായാണ്. സുജാത എന്ന ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു ഇതില്‍. കാളിദാസന്റെ കാവ്യഭാവനയെ, താലിപ്പൂ പീലിപ്പൂ, സ്വയംവരശുഭദിന മംഗളങ്ങള്‍ എന്നിവ ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാകില്ല.

നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തില്‍ കണ്ണൂര്‍ രാജനുമായി ഒന്നിച്ചപ്പോള്‍ പിറന്നത് സൂപ്പര്‍ഹിറ്റുകള്‍ മാത്രം. ഇളംമഞ്ഞിന്‍ കുളിരുമായൊരു, നാദങ്ങളായി നീ വരൂ, തുമ്പപ്പൂക്കാറ്റില്‍ തുടങ്ങിയവ തലമുറകള്‍ ഏറ്റുപാടുന്ന ഗാനങ്ങളാണ്. തനിക്കു പരിചിതമായ ഭൂമികയും കടലുമൊക്കെ വരുന്ന ഗാനമാണ് 'അവള്‍ക്കു മരണമില്ല' എന്ന സിനിമയില്‍ ദേവരാജനുമായി ചേര്‍ന്ന് അദ്ദേഹം സൃഷ്ടിച്ചത്.

'ആലിലത്തോണിയില്‍ മുത്തിനുപോയിവരും, നീലക്കടല്‍ക്കരപ്പക്ഷീ...'എന്നു തുടങ്ങുന്ന വരികള്‍ 'നൃത്തമിട്ടെത്തിയ നിന്‍ നഗ്‌നപാദങ്ങളില്‍ മുത്തിയതൊക്കെയും പവിഴമുത്ത്' എന്ന മനോഹരവരികളിലേക്കാണ് തുടരുന്നത്. തോണിക്കാരനെയും പൗര്‍ണമിരാവിനെയും അദ്ദേഹം മറ്റൊരു ഗാനത്തിലും കൊണ്ടുവരുന്നുണ്ട്. ദേവരാജനായിരുന്നു ഇതിന്റെയും ശില്‍പി. 'ഇനിയെത്ര സന്ധ്യകള്‍' എന്ന സിനിമയ്ക്കു വേണ്ടിയാണ് ഈ മനോഹരഗാനം പിറന്നത്.

'പാലരുവീ നടുവില്‍ പണ്ടൊരു പൗര്‍ണമസീരാവില്‍ തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവന്‍ കാമിച്ചു....'എം.കെ. അര്‍ജുനനുമായി ചേര്‍ന്ന് സൃഷ്ടിച്ച പുഷ്യരാഗം പൊഴിക്കുന്ന സന്ധ്യേ, രഘുകുമാറുമായി ചേര്‍ന്ന ഒരു പുന്നാരം കിന്നാരം എന്നീ ഗാനങ്ങളും ഇപ്പോഴും ആളുകളുടെ ചുണ്ടില്‍ ആവര്‍ത്തിച്ചുവരുന്നതാണ്.

ബാഹുബലി ഉള്‍പ്പെടെയുള്ള അന്യഭാഷാസിനിമകളിലെ പാട്ടുകളുടെ തര്‍ജമക്കാരന്‍ എന്നാവും പുതുതലമുറ ഒരുപക്ഷേ, അദ്ദേഹത്തെ അറിയുക. അതിനും എത്രയോ മുന്‍പേ കാലംമായ്ക്കാത്ത എത്രയോ അനശ്വരഗാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു.