
'ഈച്ച' എന്ന എസ്.എസ്. രാജമൗലി ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് കിച്ച സുദീപ്. കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ ആയ കിച്ച സുദീപിന്റെ മകൾ സാൻവി സുദീപ് ഗായികയായി അരങ്ങേറ്റം കുറിച്ചു.
സുദീപ് തന്നെ നായകനാകുന്ന പുതിയ ചിത്രമായ 'മാർക്കി'ലെ ഫെസ്റ്റിവൽ മൂഡ് ഗാനമായ 'മാസ്റ്റ് മലൈക്ക' എന്ന ഗാനമാണ് സാൻവി പാടിയിരിക്കുന്നത്. പാട്ടിനും ഗായികയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാൻവിക്കൊപ്പം പ്രശസ്ത ഗായകൻ നകാശ് അസീസിന്റെ ശബ്ദവും ചേർന്നപ്പോൾ, കൊറിയോഗ്രാഫർ ഷോഭി പോൾരാജ് ഒരുക്കിയ ഹൈ-വോൾട്ടേജ് നൃത്തചുവടുകളുമായി സുദീപും നിഷ്വിക നായിഡുവും ചേർന്ന് തട്ടുപൊളിപ്പൻ വിഷ്വൽ ട്രീറ്റ് തന്നെ സ്ക്രീനിൽ സൃഷ്ടിക്കുന്നു.
ഇതിനുമുമ്പ് 'ജിമ്മി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും തെലുങ്ക് ആക്ഷൻ ത്രില്ലർ 'ഹിറ്റ് 3'-യിലെ തീം സോങ്ങിനും വേണ്ടി തന്റെ ശബ്ദം നൽകിയ സാൻവി തന്റെ ആദ്യ മുഴുനീള കന്നഡ പ്ലേബാക്ക് ഗാനത്തിലൂടെ അച്ഛന്റെ ചിത്രമായ 'മാർക്കി'ലൂടെ തന്നെയാണ് സ്വന്തം 'മാർക്ക്' പതിപ്പിക്കുന്നത്.
'എന്റെ പ്രിയപ്പെട്ട ബാദ്ഷാക്കൾ, സാനുവിന്റെ ആദ്യപാട്ട് നിങ്ങൾക്ക് സമർപ്പിക്കാൻ കഴിയുന്നത് അത്യന്തം സന്തോഷമാണ്. ഇത് എല്ലാവർക്കും അല്പം നേരത്തെയുള്ള ക്രിസ്മസ്, ന്യൂ ഇയർ ഗിഫ്റ്റാണ്', കിച്ച സുദീപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
'എന്റെ വിരൽ പിടിച്ച് നടന്നിരുന്ന സാനു ഇന്ന് മൈക്ക് പിടിച്ച് നിൽക്കുമ്പോഴുള്ള അഭിമാനം വേറെയാണ്', എന്നായിരുന്നു മറ്റൊരു പോസ്റ്റ്. മകളുടെ ബിഗ്സ്ക്രീൻ സംഗീത അരങ്ങേറ്റത്തെ കിച്ച സുദീപിന്റെ കുടുംബവും ഫാൻസും ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു.
സത്യജ്യോതി ഫിലിംസും കിച്ചാ ക്രിയേഷനും ചേർന്നാണ് 'മാർക്ക്' നിർമിച്ചിരിക്കുന്നത്. ടി.ജി. ത്യാഗരാജന്റെ അവതരണത്തിൽ സെന്തിൽ, അർജുൻ ത്യാഗരാജൻ എന്നിവരുടെ നിർമാണത്തിലുമാണ് ചിത്രം എത്തുന്നത്. വിജയ് കർത്തികേയയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ശേഖർ ചന്ദ്രയുടെ ഛായാഗ്രഹണം, എസ്.ആർ. ഗണേഷ് ബാബുവിന്റെ എഡിറ്റിങ്, സ്റ്റണ്ട് സിൽവ ഉൾപ്പെടെയുള്ള സ്റ്റണ്ട് സൂപ്രിം, രവി വർമ, കെവിൻ കുമാർ, വിക്രം മോർ, സുബ്രമണി എന്നിവർ ഒരുക്കുന്ന ആക്ഷൻ സീക്വൻസുകൾ, ശിവകുമാർ ജെയുടെ പ്രൊഡക്ഷൻ ഡിസൈൻ, ഭാരത് സാഗറിന്റെ വസ്ത്രാലങ്കാരം, ആർ. ഹരിഹര സുധന്റെ വിഎഫ്എക്സ് തുടങ്ങിയവയും ചേർന്ന് ഗാനത്തിന്റെ ടെക്നിക്കൽ ക്വാളിറ്റിക്ക് കൂടുതൽ ഭംഗി നൽകുന്നു.
ക്രിസ്മസ് റിലീസായി ഡിസംബർ 25-നാണ് 'മാർക്ക്' തിയേറ്ററുകളിലെത്തുന്നത്. കിച്ചാ സുദീപിനൊപ്പം മലയാളത്തിന്റെ സ്വന്തം ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം നവീൻ ചന്ദ്ര, വിക്രാന്ത്, യോഗി ബാബു, ഗുരു സോമസുന്ദരം, നിഷ്വിക നായിഡു, രോഷ്നി പ്രകാശ്, അർച്ചന കൊട്ടിഗെ, ദീപ്ശിഖ, ഗോപാൽ കൃഷ്ണ ദേശ്പാണ്ഡെ, മഹാന്തേശ് ഹിരേമഠ് എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlights: Sanvi Sudeep makes her mark with her voice in the party track ‘Masth Malaika’
Published: 19 Dec 2025, 01:46 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented