ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിച്ചട്ടമ്പി'യിലെ ആദ്യസിംഗിൾ ഫെബ്രുവരി 12-ന് പുറത്തിറങ്ങും. ജേക്‌സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ സൂപ്പർഹിറ്റ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന 'കാട്ടുചെമ്പകം' എന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങുന്നത്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നു.

To advertise here,

ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റേതാണ്. 2025-ലെ സൂപ്പർഹിറ്റ് ഗാനമായ 'മിന്നൽവള'യ്ക്ക് ശേഷം ജേക്‌സ് ബിജോയിയും കൈതപ്രവും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ഗാനമെന്ന പ്രത്യേകതയും 'കാട്ടുചെമ്പക'ത്തിനുണ്ട്.

ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഒരുപോലെ ശ്രദ്ധനേടുന്ന ഗായകനായ വിശാൽ മിശ്ര, റിലീസിന് തയ്യാറെടുക്കുന്ന വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'ജനനായകനി'ലെ 'ഒരു പേരെ വരലാർ' എന്ന സൂപ്പർഹിറ്റ് ഗാനവും ആലപിച്ചിട്ടുണ്ട്. സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്‌സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'പള്ളിച്ചട്ടമ്പി'. 'ക്വീൻ', 'ജന ഗണ മന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ മൂന്നു മുൻചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

തുടർച്ചയായി ഹിറ്റ് ട്രാക്കുകൾ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന സംഗീതസംവിധായകനാണ് ജേക്‌സ് ബിജോയ്. അടുത്തിടെ ആരാധകരുമായി സംവദിക്കുന്നതിനടയിൽ ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂറും ജേക്‌സ് ബിജോയിയുടെ 'ലോക'യിലെ മ്യൂസിക്കിനെക്കുറിച്ച് പ്രത്യേകം സംസാരിച്ചിരുന്നു.

എസ്. സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഛായാഗ്രഹണം. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന 'പള്ളിച്ചട്ടമ്പി' ഏപ്രിൽ ഒൻപതിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.