ബാങ്കിങ്ങും സംഗീതവും; രണ്ട് തലങ്ങളില്‍ നില്‍ക്കുന്ന യാതൊരു ബന്ധവുമില്ലാത്ത മേഖലകള്‍. ഇത് രണ്ടും ഒരുമിച്ച്, ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ കൊണ്ടുപോവുകയാണ് ആലപ്പുഴ സ്വദേശി ശ്രീനേഷ് ലക്ഷ്മണ്‍ പ്രഭു. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പതിനഞ്ചിലേറെ ആല്‍ബങ്ങള്‍ സംഗീതംചെയ്ത് പുറത്തിറക്കിക്കഴിഞ്ഞു ഇദ്ദേഹം. ചെയ്തതില്‍ ഭൂരിഭാഗത്തിനും വരികളുമെഴുതിയത് ശ്രീനേഷ് തന്നെ. ബാങ്കിങ് മേഖലയിലാണ് ജോലിയെങ്കിലും അച്ഛനും അമ്മയും വഴി ലഭിച്ച സംഗീതസിദ്ധി സമൂഹത്തിന് ഏതെങ്കിലുംവിധത്തില്‍ ഉപകരിക്കട്ടേ എന്നാണ് ശ്രീനേഷിന്റെ പക്ഷം.

To advertise here,

ഒരു പ്രത്യേക സ്ഥലത്തിരുന്ന്, ഏറെനേരം ആലോചിച്ചല്ല ശ്രീനേഷ് ഗാനങ്ങളൊരുക്കുന്നത്. ജോലി സ്ഥലത്തുനിന്നും തിരിച്ചുമുള്ള യാത്രയ്ക്കിടെ വാഹനത്തില്‍ വെച്ചായിരിക്കും പുതിയ ട്യൂണ്‍ കിട്ടുക. വാഹനമൊതുക്കി അത് ഫോണില്‍ റെക്കോര്‍ഡ് ചെയ്യും. പിന്നീടത് മിനുക്കിയെടുക്കുകയാണ് ചെയ്യുന്നത്. വരികളും ഇങ്ങനെയാണ് എഴുതുന്നത്. സാവധാനം പൂര്‍ണമായി ഗാനമാക്കിയെടുക്കും. ആലപ്പുഴയിലും എറണാകുളത്തും സുഹത്തുക്കളുമൊത്ത് സ്റ്റുഡിയോ ഉണ്ട്. അവിടെയാണ് റെക്കോര്‍ഡിങ്.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഇതുവരെയും ഗാനമാക്കിയിട്ടുള്ളത്. സംഗീതത്തെ വാണിജ്യപരമായി കാണുന്നയാളല്ല താനെന്ന് ശ്രീനേഷ് പറയുന്നു. കലാപരമായുള്ള കഴിവുണ്ടെങ്കില്‍ അതുപയോഗിച്ച് സാമൂഹിക പ്രസക്തമായ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കണം എന്ന ചിന്താഗതിക്കാരനാണ് ഈ സംഗീതജ്ഞന്‍. പ്രളയവുമായി ബന്ധപ്പെട്ടാണ് പുറത്തിറങ്ങുന്ന ആദ്യഗാനം. അതിന് കാരണമായത് സഹോദരന്‍ ഗണേഷ് പ്രഭുവാണ്. പലപ്പോഴും സിനിമകളിലോ, അല്ലെങ്കില്‍ മഴക്കാലത്ത് തൊട്ടടുത്ത നാടായ കുട്ടനാട്ടിലോ മാത്രം കണ്ടുവന്നിരുന്ന പ്രളയം കേരളം മൊത്തം വ്യാപിക്കുന്നതിന്റെ ഞെട്ടലായിരുന്നു ആ ഗാനം പുറത്തിറക്കാന്‍ പ്രേരിതമായത്. 

'ഹത കുഞ്ചര' എന്ന ആല്‍ബം വനനശീകരണത്തിനെതിരെയായിരുന്നു. കൂട്ടുകാരന്‍ അനൂപ് കുമാര്‍ പാടിയ 'വിസ്മയകേരളം', പ്രശസ്ത പിന്നണി ഗായകന്‍ സുദീപ് കുമാര്‍ പാടിയ ഗാനം 'അമ്മ', വിക്ടിം തീം മ്യൂസിക് 'നിര്‍ഭയ',  ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി പോസ്റ്റര്‍ റിലീസ് ചെയ്ത 'വൈറ്റ് ഡോവ് ആന്‍ഡ് ബ്ലാക്ക് ബെറിസ്' ജാസി ഗിഫ്റ്റ് പാടിയ 'അരമതിലിലെ കൂനനുറുമ്പ്' എന്നിവയാണ് ചെയ്തതില്‍ പ്രേക്ഷക-മാധ്യമ ശ്രദ്ധ നേടിയവ. 

മനസില്‍ത്തട്ടിക്കഴിഞ്ഞാല്‍ അത് പാട്ടായി മാറുമെന്ന് ശ്രീനേഷ് പറയുന്നു. ഓരോ ഗാനത്തിനും ഓരോ ഭാഷയാണ് ശ്രീനേഷ് തിരഞ്ഞെടുക്കാറ്. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളൂയിഡിന്റെ മരണം ആസ്പദമാക്കിയുള്ള വെറ്റ് ഡോവ് ആന്‍ഡ് ബ്ലാക്ക് ബെറീസ് ഇംഗ്ലീഷിലാണ് പുറത്തിറക്കിയത്. അമ്മ എന്ന ആല്‍ബം തമിഴിലും വിസ്മയകേരളം മലയാളത്തിലും പുറത്തെത്തി. ഹത കുഞ്ജരയാകട്ടെ സംസ്‌കൃതത്തിലാണ് ചെയ്തത്. ഒരു ആനയെ കേന്ദ്ര കഥാപാത്രമാക്കി ആനിമേറ്റഡ് ആയാണ് ആ ഗാനം അവതരിപ്പിച്ചത്. അത് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

'ചെറുപ്പത്തില്‍ അച്ഛന്‍ കേള്‍പ്പിച്ചുതന്ന ഇളയരാജാ ഗാനങ്ങളാണ് തമിഴ് ഗാനങ്ങള്‍ ഇഷ്ടപ്പെടാന്‍ കാരണം. സ്‌നേഹം പ്രകടപ്പിക്കാന്‍ ഏറ്റവും നല്ല ഭാഷ തമിഴാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് അപ്പാ എന്ന പേരിലും ഗാനമിറക്കി.' ശ്രീനേഷ് ചൂണ്ടിക്കാട്ടി. പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളായിരിക്കും പാട്ടിന് വിഷയമാവുക. പകല്‍ പരുന്ത് ഇര എന്ന ഗാനം ചെയ്തത് മയക്കുമരുന്ന് ഉപഭോഗത്തിനെതിരെയാണ്. സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ ജോയ് തമലമാണ് ഇതിന് വരികളെഴുതിയത്.

കഥകളി ആസ്പദമാക്കി ഒരു ഗാനം ചെയ്യാന്‍ മുമ്പ് ഉദ്ദേശിച്ചിരുന്നെങ്കിലും നടന്നില്ല. രൗദ്രഭീമന്‍ എന്ന ആ ഗാനം അടുത്തവര്‍ഷത്തോടെ നടക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീനേഷ്. ആദ്യമൊന്നും ചിന്തയില്‍ ഉണ്ടായിരുന്നില്ലെങ്കിലും സിനിമ ഇദ്ദേഹത്തിന്റെ മനസിലിപ്പോള്‍ ചെറുതായി തലപൊക്കിനോക്കുന്നുണ്ട്. എ.ആര്‍ റഹ്‌മാനെ നേരിട്ടുകാണണമെന്നതാണ് ഈ യുവസംഗീതജ്ഞന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനുവേണ്ടി ശ്രമിക്കുന്നുണ്ട്, അത് സാധിക്കുമെന്നാണ് ശ്രീനേഷിന്റെ പ്രതീക്ഷ. 

അച്ഛന്‍ ലക്ഷ്മണ പ്രഭു, അമ്മ ജയശ്രീ, ഭാര്യ സ്‌നേഹപ്രഭ എന്നിവരെല്ലാം പാടുന്നവരാണ്. മകള്‍ നാല് വയസുകാരി സാന്‍വിക സംഗീതം പഠിക്കുന്നുമുണ്ട്. എല്ലാത്തിനുംപുറമേ അനുജന്‍ ഗണേഷ് പ്രഭുവും അകമഴിഞ്ഞ പിന്തുണയാണ് ശ്രീനേഷിന് നല്‍കുന്നത്.