ക്കഴിഞ്ഞ ജനുവരിയിലാണ് മമ്മൂട്ടി പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ഒരു പോസ്റ്റർ പുറത്തിറങ്ങിയത്. നവാ​ഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന "ദി പ്രീസ്റ്റ്" എന്ന ചിത്രത്തിന്റെ നി​ഗൂഢത നിറഞ്ഞ പോസ്റ്റർ ചർച്ചയായത് പല കാരണങ്ങൾ കൊണ്ടാണ്. കത്തനാരുടെ വേഷത്തിലുള്ള മമ്മൂട്ടിയുടെ ചിത്രമായിരുന്നു പോസ്റ്ററിൽ എന്നത് ആദ്യ കാരണം. മമ്മൂക്ക വൈദികനായാണോ ചിത്രത്തിൽ എത്തുന്നത് എന്ന ചർച്ചകൾ അതോടെ പൊടിപൊടിച്ചു.

അത് കൂടാതെ മലയാളികൾ ഏറെ കാത്തിരുന്ന ഒരു താര കോമ്പോ ഒന്നിക്കുന്നു എന്ന മറ്റൊരു വലിയ പ്രത്യേകതയും ആരാധകർ ആഘോഷമാക്കി. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റിന്റെ വിശേഷങ്ങൾ പങ്കുവച്ച് ജോഫിൻ മാതൃഭൂമി ഡോട് കോമിനൊപ്പം

ദി പ്രീസ്റ്റ് എന്ന മിസ്റ്ററി ത്രില്ലർ

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രമേ നമ്മൾ പുറത്ത് വിട്ടിട്ടുള്ളു. അതുകൊണ്ട് സിനിമയെ കുറിച്ച് ഒരുപാട് വിവരങ്ങൾ പുറത്ത് വിടാറായിട്ടില്ല. ഒരു മിസ്റ്ററി ത്രില്ലർ ആണെന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ.

ആ താരകോമ്പോയെ ഒന്നിപ്പിക്കാൻ കഴിഞ്ഞത് എന്റെ ഭാ​ഗ്യം

ഈ കഥയുടെ ചിന്ത വന്ന സമയത്ത് തന്നെ ഈ കഥാപാത്രം മമ്മൂക്കയെ പോലുള്ള ഒരാൾ ചെയ്താലേ ശരിയാകൂ എന്നത് ഉറപ്പായിരുന്നു . തിരക്കഥ ആയ സമയത്ത് ആന്റോ ജോസഫ് ചേട്ടനുമായി സംസാരിച്ചു. ആന്റോ ചേട്ടനാണ് പറയുന്നത് ബി ഉണ്ണികൃഷ്ണൻ സാറുമായി ചേർന്ന് ഒരു കമ്പനി തുടങ്ങുന്നുണ്ടെന്നും അദ്ദേഹത്തോട് സംസാരിക്കാനും. അങ്ങനെ ഉണ്ണി സാറിനെ കണ്ടു സംസാരിച്ചു. അദ്ദേഹമാണ് നമുക്ക് മമ്മൂക്കയെ കാണാമെന്നു പറയുന്നത്..ഏകദേശം മൂന്ന് മണിക്കൂർ സമയമെടുത്താണ് മമ്മൂക്കയോട് കഥ പറയുന്നത്. കൊള്ളാം എന്നായിരുന്നു മമ്മൂക്കയുടെ അഭിപ്രായം. മമ്മൂക്ക ഈ സിനിമയോട് ഓക്കേ പറഞ്ഞ ശേഷമാണ് മഞ്ജു ചേച്ചിയിലേക്കെത്തുന്നത്..

അവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇത്രയും വലിയ താരങ്ങളെ വച്ചു ആദ്യ സിനിമ എന്നത് ഏതൊരാളും സ്വപ്നം കാണുന്ന കാര്യമാണ്. ഒരുപാട് പേര് ശ്രമിച്ചിട്ടും മറ്റും എന്തുകൊണ്ടോ നടക്കാതെ പോയ കോമ്പിനേഷൻ ആണ് ഇവരുടേത്. അതിനെനിക്ക് സാധിച്ചത് ഭാഗ്യമായി കാണുന്നു.. ആ ഭാഗ്യം എനിക്ക് ലഭിക്കാനുള്ള കാരണം ആന്റോ ചേട്ടനും ഉണ്ണികൃഷ്ണൻ സാറുമാണ്.

2012 മുതൽ സിനിമയ്ക്കൊപ്പം​

എൻജിനീയറിങ് കഴിഞ്ഞ ശേഷമാണ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ നിന്ന് ഞാൻ ഫിലിം മേക്കിങ് പഠിക്കുന്നത്. 2012 മുതൽ ഞാൻ സിനിമയിൽ ഉണ്ട്. ഒരു മാർക്കറ്റിങ് കമ്പനിയുമുണ്ട്. ഫിലിം മേക്കിങ് പഠിച്ച ശേഷമാണ് ജിസ് ജോയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നത്. ഒരു സ്വതന്ത്ര സംവിധായകനായി സിനിമ ചെയ്യാൻ ഞാൻ തിടുക്കം കാണിച്ചിരുന്നില്ല. ഏതാണ്ട് 2015 ലാണ് ഈ കഥയുടെ ത്രെഡ് എനിക്ക് കിട്ടുന്നത്..കുറച്ചധികം സമയം എടുത്താണ് അത് ഡെവലപ് ചെയ്തത്..

തിരക്കഥയുടെ രൂപത്തിലായ ശേഷമാണ് ആന്റോ ചേട്ടനെ കാണുന്നതും കഥ പറയുന്നതും. ചേട്ടനെ എനിക്ക് നേരത്തെ പരിചയവും ഉണ്ടായിരുന്നു... അതുകൊണ്ട് തന്നെ വലിയ അധികം കഷ്ടപ്പാടുകൾ ഒന്നും നേരിടേണ്ടി വന്നിരുന്നില്ല.. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമയിൽ തന്നെ ഉണ്ടായിരുന്നു.. അക്കൂട്ടത്തിൽ നമ്മുടെ സിനിമയ്ക്ക് വേണ്ട ഗവേഷണവും മറ്റും നടത്തിയിരുന്നു.. രണ്ട് തിരക്കഥാകൃത്തുക്കളാണ് സിനിമയിൽ , ശ്യാം മേനോനും ദീപു പ്രദീപും.

 മമ്മൂക്കയ്ക്കും മഞ്ജു ചേച്ചിക്കും പുറമേ നിഖില വിമൽ, കൈദിയിൽ കാർത്തിയുടെ മകളായെത്തിയ ബേബി മോണിക്ക എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ഫോറൻസികിന് ശേഷം അഖിൽ ജോർജ് ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. രാഹുൽ രാജാണ് സം​ഗീത സംവിധാനം.

കോവിഡ് നൽകിയ പ്രതിസന്ധി

ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവിടെ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട് ചെയ്തത്.ആ സമയത്ത് നമ്മൾ ചിത്രീകരണവും നിർത്തി വച്ചിരുന്നു.. ഇനി ഒരു 10 ദിവസത്തെ ഷൂട്ട് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ..ഇൻഡോർ ചിത്രീകരണത്തിന് മാത്രമല്ലെ ഇപ്പോൾ അനുമതി ഉള്ളൂ. നമുക്ക് ഉള്ളത് ഔട്ഡോർ ഷൂട്ടിംഗ് ആണ്. അതുകൊണ്ട് ചിത്രീകരണം പുനരാരംഭിച്ചിട്ടില്ല.

സിനിമയ്ക്ക് വേണ്ടി ഇട്ട സെറ്റ് ഇപ്പോഴും അവിടെ കിടക്കുകയാണ് . ആ സെറ്റ് ഇനിയും ആവശ്യമുള്ളതിനാൽ അത് സംരക്ഷിച്ചു വരുന്നു. ഒരു നിർമാതാവിനെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്.. മറ്റൊന്ന് കണ്ടിന്യൂറ്റി എന്നതാണ്.. അത് അഭിനേതാക്കളുടെ ആയാലും മറ്റും നമുക്ക് ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ്..അത്തരം ആകുലതകൾ നല്ലപോലെ അലട്ടുന്നുണ്ട്.

നാലഞ്ചു വർഷത്തെ പരിശ്രമമാണ്.. അത് തിയേറ്ററിൽ തന്നെ പ്രേക്ഷകർ കാണണം എന്നാണ് എന്റെ ആഗ്രഹവും. ഒടിടി റിലീസ് എന്നഓപ്ഷൻ എന്റെ മുന്നിൽ ഇല്ല.. തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കണം എന്ന് തന്നെ ആണ് എന്റെ നിർമാതാക്കളും താത്‌പര്യപ്പെടുന്നത് എന്ന് തോന്നുന്നു.. അങ്ങനെ തന്നെ നടക്കട്ടെ എന്നാണ് ഞാനും ആ​ഗ്രഹിക്കുന്നത്.

Content Highlights : The Priest Movie Director Joffin T Chacko Interview Mammootty Manju Warrier