മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റ് ’ എന്ന ചിത്രത്തിന്റെ പ്രതീക്ഷ പങ്കുവെക്കുകയാണ് സംവിധായകൻ ജോഫിൻ ടി. ചാക്കോ

മലയാള സിനിമ ഏറെനാളായി കാത്തിരിക്കുന്ന കൂട്ടുകെട്ട്, പലതവണ പലരും ശ്രമിച്ചിട്ടും നടക്കാതെ പോയ ഒത്തുച്ചേരൽ, മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അവർ ആദ്യമായി ഒന്നിക്കുകയാണ്, ദി പ്രീസ്റ്റിലൂടെ. നവാഗതനായ ജോഫിൻ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ആ ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. കോവിഡ് കാലം തീർത്ത നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററിലെത്തുന്ന ഈ ബിഗ്ബജറ്റ് മെഗാസ്റ്റാർ ചിത്രത്തിൽ പ്രേക്ഷകരിൽ ആവേശം നിറയ്ക്കാനുള്ള ഘടകങ്ങളെല്ലാം കോർത്തിണക്കിയിട്ടുണ്ട്. ഒരു മിസ്റ്റീരിയസ് ത്രില്ലറാണ് ദി പ്രീസ്റ്റ് എന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ വൈദികന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ മുന്നോടിയായി പുറത്തിറക്കിയ, ഹോളിവുഡ് സ്റ്റൈൽ സ്യൂട്ടും വട്ടക്കണ്ണടയും നീളൻ തൊപ്പിയും ധരിച്ചുള്ള മമ്മൂട്ടിയുടെ ഡിജിറ്റൽ പോസ്റ്റർ ഇതിനകം ആരാധകർ ആവേശത്തോടെ ഏറ്റെടുത്തുകഴിഞ്ഞു.

നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി. രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ.ഡി. ഇലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വി.എൻ. ബാബുവും ചേർന്ന് നിർമിച്ച ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. അരങ്ങേറ്റ ചിത്രത്തിന്റെ പ്രതീക്ഷകൾ പങ്കു വെക്കുകയാണ് സംവിധായകൻ ജോഫിൻ ടി. ചാക്കോ.

ആദ്യ ചിത്രത്തിൽ നായകൻ മെഗാസ്റ്റാർ മമ്മൂട്ടിയും നായിക ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും... ആ മോഹിപ്പിക്കുന്ന കൂട്ടുകെട്ടിലേക്ക് എത്താൻ എളുപ്പമായിരുന്നോ?

അഞ്ചു വർഷമായി ഞാൻ ഈ കഥയും മനസ്സിലിട്ട് നടക്കുന്നു, അത് പലരോടും പറഞ്ഞിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് നിർമാതാവ് ആന്റോ ജോസഫിനോട് കഥ പറഞ്ഞത്. അതിനുശേഷം സംവിധായകൻ ബി. ഉണ്ണികൃഷ്ണനും കഥ കേട്ടു. അവർക്കത് ഇഷ്ടമായതോടെ എല്ലാം എളുപ്പമായി. അങ്ങനെ ബൈൻഡ് ചെയ്ത തിരക്കഥയുമായി ഞാൻ മമ്മൂക്കയുടെ മുന്നിലെത്തി. ഒരുപാട് തവണ പലരോടും ആവർത്തിച്ചതിനാൽ എനിക്ക് തിരക്കഥ മനഃപാഠമായിരുന്നു. മമ്മൂക്ക മൂന്നുമണിക്കൂർ എന്റെ മുന്നിൽ കഥ കേൾക്കാൻ ഇരുന്നു. അദ്ദേഹം കഥയിൽ ലയിച്ചപ്പോൾ എനിക്ക്‌ ആവേശമായി. അദ്ദേഹവും കഥ ഇഷ്ടപ്പെട്ട് ഓക്കെ പറഞ്ഞതോടെ വലിയ കോൺഫിഡൻസായി. ചിത്രീകരണവേളയിൽ, തുടക്കക്കാരനായ ഡയറക്ടർ എന്ന നിലയിൽ എന്നെ കംഫർട്ടായി നിർത്താൻ മമ്മൂക്ക ശ്രമിച്ചിരുന്നു. എന്റെ ആഗ്രഹങ്ങൾക്കൊപ്പം അദ്ദേഹം ചേർന്നുനിന്നു.

പ്രീസ്റ്റിന്റെ കഥ മനസ്സിൽ എത്തിയത് എവിടെ നിന്നാണ്?

ഒട്ടേറെ കൗതുകങ്ങളും നിഗൂഢതകളും നിറഞ്ഞ ജീവിതം. വർഷങ്ങൾക്ക് മുൻപ് വായിച്ച ഒരു പത്രവാർത്തയിൽ നിന്നാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ എനിക്ക് കിട്ടിയത്. ഡൽഹിക്കടുത്തുള്ള മഥുരയിൽ നടന്ന സംഭവമാണ് ഈ സിനിമയ്ക്ക് ആധാരം. പിന്നീട് സിനിമയ്ക്കുവേണ്ടി അത് വികസിപ്പിക്കുകയായിരുന്നു.

പ്രേക്ഷകരിൽ വലിയ ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ് ചിത്രം തിയേറ്ററിലെത്തുന്നത്?

അതെ, പ്രേക്ഷകരെ രസിപ്പിക്കുന്ന മിസ്റ്റീരിയസ് ത്രില്ലർ ചിത്രമായിരിക്കും ദി പ്രീസ്റ്റ്. രചനയിലും അവതരണത്തിനുമൊപ്പം പശ്ചാത്തല സംഗീതത്തിലും വിഷ്വൽസിനും ഏറെ പ്രാധാന്യമുണ്ടിതിൽ. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കത് നല്ലൊരു തിയേറ്റർ എക്പീരിയൻസായിരിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരും തിയേറ്ററിൽ പോയി ചിത്രം ആസ്വദിക്കാനാണ് അപേക്ഷ.

നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോയുടെ സിനിമായാത്രകൾ..

അതിയായ സിനിമാമോഹവുമായി ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരനാണ് ഞാൻ. എന്റെ കുടുംബത്തിൽ സിനിമയുമായി ബന്ധമുള്ളവരാരുമില്ല. അങ്ങനെയൊരു മോഹം മനസ്സിൽ വെക്കുന്നത് തന്നെ പാപമായി കണക്കാക്കിയവരാണ് കുടുംബക്കാർ. എന്നാലും ഡിഗ്രി കഴിഞ്ഞ് ഞാൻ കൊച്ചിയിലെ വെസ്റ്റ് ഫോർഡ് ഫിലിം സ്‌കൂളിൽ ചേർന്നു. അത് കഴിഞ്ഞ് മുയൽ മീഡിയ എന്ന പേരിൽ ഓൺലൈൻ സിനിമ മാർക്കറ്റിങ് കമ്പനി തുടങ്ങി. ആ രംഗത്തെ ആദ്യത്തെ സംരംഭമായതിനാൽ അത് വിജയിച്ചു. സിനിമാ മാർക്കറ്റിങ് കമ്പനിയാണെങ്കിലും അത് വഴി സിനിമാക്കാരെ പരിചയപ്പെട്ട് സിനിമയിലെത്തുക എന്നതായിരുന്നു പരിപാടി. കമ്പനി വിജയമായതിനുശേഷം ഞാൻ സംവിധായകൻ ജിസ് ജോയിക്കൊപ്പം സിനിമകളുടെയും കുറെ പരസ്യചിത്രങ്ങളുടെയും സംവിധാനസഹായിയായി. അത്രയുമാണ് ഈ മേഖലയുമായുള്ള മുൻ പരിചയം. അതിയായി ആഗ്രഹിച്ചാൽ ലക്ഷ്യത്തിലെത്താം എന്നെന്റെ ജീവിതം കാണിച്ചു തന്നു, അങ്ങനെ സംഭവിച്ചതാണിതെല്ലാം.

ആദ്യചിത്രം നൽകുന്ന പ്രതീക്ഷകൾ

മലയാളത്തിലെ വലിയതാരങ്ങളായ മമ്മൂട്ടിയെയും മഞ്ജുവാര്യരെയും ഒന്നിച്ചു ക്യാമറയ്ക്കുമുന്നിൽ നിർത്താൻ കഴിഞ്ഞു എന്നതുതന്നെയാണ് പ്രീസ്റ്റ് നൽകുന്ന വലിയ സന്തോഷം. മമ്മൂക്കയെപോലെത്തന്നെ കഥ പൂർണമായും കേട്ട് ഇഷ്ടമായാണ് മഞ്ജു ചേച്ചി അഭിനയിക്കാൻ സമ്മതം മൂളിയത്, ഏറെ കരുത്തുള്ള, അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം കൂടിയാണിത്. കഥയും കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പുതിയൊരനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ.

ദീപുപ്രദീപും ശ്യാം മേനോനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അഖിൽ ജോർജിന്റേതാണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദാണ് എഡിറ്റർ. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയത് രാഹുൽ രാജാണ്. ആദ്യഗാനം ഇതിനോടകം പുറത്തിറങ്ങിക്കഴിഞ്ഞു. മാഫിയ ശശിയും സുപ്രീം സുന്ദറും ചേർന്നാണ് സംഘട്ടനസംവിധാനം. ഏറെ പ്രതിസന്ധികൾ തരണംചെയ്ത് തിയേറ്ററിലെത്തുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: Malayalam Movie The Priest Mammootty Manju Warrier Jofin T Chacko