സ്വതന്ത്ര സിനിമാ നിര്‍മാണ പ്രവര്‍ത്തകര്‍ എന്നും സ്വപ്‌നം കാണുന്ന ഒന്നാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്വന്തം സിനിമ പ്രദര്‍ശിപ്പിക്കുന്ന ആ നിമിഷം. എന്നാല്‍, ഈ വരുന്ന രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് എറാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷിജു ബാലഗോപാലന്‍. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് സമര്‍പ്പിച്ചിരുന്ന തന്റെ സിനിമ ഒരു സെക്കന്‍ഡ് പോലും കാണാതെ ജൂറി നിഷ്‌കരുണം തള്ളി എന്നാണ് അദ്ദേഹം തെളിവുസഹിതം വ്യക്തമാക്കിയത്. എന്നാല്‍ സമര്‍പ്പിക്കപ്പെട്ട വിമിയോ പ്ലാറ്റ്‌ഫോം ലിങ്കില്‍ ക്ലിക്ക് ചെയ്തല്ല, മറിച്ച് ഡൗണ്‍ലോഡ് ചെയ്താണ് കണ്ടതെന്ന് ചലച്ചിത്ര അക്കാദമിയും വ്യക്തമാക്കി. ഡൗണ്‍ലോഡ് ഓപ്ഷന്‍ ഓഫ് ആക്കി നല്‍കിയ ലിങ്കുകളില്‍നിന്ന് എങ്ങനെയാണ് ചലച്ചിത്ര അക്കാദമി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തതെന്ന ചോദ്യവുമായി ഷിജു വീണ്ടും രംഗത്തെത്തിയതോടെ വിവാദം മുറുകി. ഷിജു ബാലഗോപാലന്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

To advertise here,

എന്താണ് 'എറാന്‍' സിനിമ?

കുറേ എറാന്‍മൂളികളേക്കുറിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്. അവിചാരിതമെന്നുപറയട്ടേ, ഇപ്പോഴത്തെ സാഹചര്യങ്ങളുമായി യോജിക്കുന്ന പേരായി ഇത്. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയാണ് ഞാന്‍. രാഷ്ട്രീയമെല്ലാം മാറ്റിവെച്ചുകൊണ്ട് പറയട്ടേ നമുക്കൊന്നും ദഹിക്കാന്‍ കഴിയാത്ത പല കാരണങ്ങള്‍കൊണ്ടും പലരും നമുക്ക് ചുറ്റും കൊല്ലപ്പെടുകയാണ്. എന്റെ നാട്ടില്‍ രണ്ട് വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട എനിക്കറിയാവുന്ന രണ്ടുപേര്‍ കൊലചെയ്യപ്പെട്ടവരാണ്. അതിലൊരാള്‍ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പും മറ്റേയാള്‍ അതിനും കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളും അതില്‍ പ്രതിയാക്കപ്പെടുന്നവരുമല്ലാതെ ഒരുപാടുപേര്‍ ഇതുമായി ബന്ധപ്പെട്ട് ബാധിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. കൂടാതെ നിരപരാധികള്‍ പ്രതിയാക്കപ്പെടുന്ന സംഭവങ്ങളുമുണ്ടല്ലോ. രണ്ടായിരാമാണ്ടിന് ശേഷം 200-ഓളം പേര്‍ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണല്ലോ കണക്കുകള്‍ പറയുന്നത്. അതൊരു വലിയ സംഖ്യയാണ്. എന്റെ നാട്ടില്‍ നിന്നൊരു സിനിമയുമായിട്ട് ഞാന്‍ വരുമ്പോള്‍ ഇക്കാര്യം ഒരു സിനിമയാക്കണമെന്ന് കരുതി.

placeholder
എറാൻ സിനിമയുടെ ചിത്രീകരണത്തിനിടെ ഷിജു ബാല​ഗോപാലൻ | ഫോട്ടോ: പ്രിയങ്ക സത്യനാഥൻ

നന്മകള്‍ പൂക്കുന്ന നാട്ടില്‍, മൂവിങ് തിയേറ്റര്‍ എന്ന ആശയം

2014, 2015 വര്‍ഷങ്ങളില്‍ ജനകീയ കൂട്ടായ്മയിലൂടെ സിനിമ നിര്‍മിച്ചാണ് ഈ രംഗത്തെത്തിയത്. നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന ചിത്രം 2014-ല്‍ പുറത്തിറക്കുന്നു. ക്രൗഡ് ഫണ്ടിംഗ് പ്രസ്ഥാനം അത്ര സജീവമല്ലാത്ത കാലത്തായിരുന്നു ഈ നീക്കം. അസിസ്റ്റന്റ് ഡയറക്ടറാവാന്‍ വര്‍ഷങ്ങളോളം ശ്രമിച്ചിട്ടും നടക്കാതിരുന്ന മനുഷ്യനാണ് ഞാന്‍. ഒരാഗ്രഹം ഉള്ളില്‍ വെച്ചിട്ട് അത് നടക്കാതെ പിന്നെന്ത് ജീവിതം എന്നുപറഞ്ഞിട്ട് ഇറങ്ങിത്തിരിച്ചിട്ടാണ് ആ സിനിമ ചെയ്തത്. നാട്ടിലെ ഉദയ കലാസമിതി എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. 20 രൂപയുടെ കൂപ്പണടിച്ച് വിതരണം ചെയ്‌തൊക്കെയാണ് സിനിമ നിര്‍മിക്കാനുള്ള പൈസയുണ്ടാക്കിയത്. സെന്‍സറിംഗ് ഒക്കെ കഴിഞ്ഞപ്പോള്‍ ഈ സിനിമ ഒരിടത്തും പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതായി. ആരും സിനിമ എടുക്കുന്നില്ല. ഒരു വഴിയും ഇല്ലാതിരിക്കുന്ന സമയത്താണ് മൂവിങ് തിയേറ്റര്‍ എന്ന ആശയം മനസിലേക്ക് വരുന്നത്. പഞ്ചായത്ത് ഹാളുകളും മറ്റും കുറഞ്ഞപൈസയ്ക്ക് വാടകയ്‌ക്കെടുത്ത് തിയേറ്റര്‍ പോലെയാക്കിയായിരുന്നു സിനിമാ പ്രദര്‍ശനം. ചില നല്ല മനുഷ്യര്‍ പൈസയൊന്നും ഇതിന് വാങ്ങിയിരുന്നില്ല. കണ്ണൂരിന്റെ ഗ്രാമപ്രദേശങ്ങളിലെല്ലാം സിനിമ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിച്ചു. 20 രൂപ ടിക്കറ്റ് വെച്ച് ദിവസം മൂന്നുപ്രദര്‍ശനം എന്ന രീതിയില്‍. അങ്ങനെ നടക്കുമ്പോഴാണ് അതിലൊരു പ്രദര്‍ശനം കാണാനിടയായ കുമാരന്‍ വയലേരി എന്ന മാഷ് എന്റെ അടുത്ത പടത്തിന് പണം മുടക്കിയത്. അതായിരുന്നു ഇളംവെയില്‍ എന്ന ചിത്രം. അന്താരാഷ്ട്ര മണ്ണ് വര്‍ഷമായ 2015-ല്‍ പുറത്തിറങ്ങിയ സിനിമ പ്രകൃതിയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.

സിനിമാ സങ്കല്പങ്ങള്‍ തിരുത്തിയ ഐ.എഫ്.എഫ്.കെ

'ഇളംവെയില്‍' പുറത്തിറങ്ങിയ ശേഷമാണ് ആദ്യമായി ഐ.എഫ്.എഫ്.കെ കാണാന്‍ പോകുന്നത്. മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് വിചാരിച്ച് പോകാതിരുന്നതായിരുന്നു. പക്ഷേ അവിടെ പോയപ്പോഴാണ് എന്റെ ചിന്താഗതിയും കാഴ്ചപ്പാടുമെല്ലാം മാറുന്നത്. ഇങ്ങനെയൊരു സിനിമാ സംസ്‌കാരമുണ്ടെന്നും എന്റെ സിനിമാ സങ്കല്പം ഇതാണെന്നും മനസിലായത് അന്നാണ്. മേള കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ എങ്ങനെ നല്ല രീതിയില്‍ ചിത്രം ചെയ്യുകയെന്നായിരുന്നു ചിന്ത. ചെലവുകുറച്ച് സിനിമ ചെയ്യണമെങ്കില്‍ സാങ്കേതികവശങ്ങളേക്കുറിച്ച് പഠിക്കണം. പിന്നെയുള്ള വര്‍ഷങ്ങള്‍ പഠനത്തിനുവേണ്ടിയായിരുന്നു. അങ്ങനെയാണ് കഴിഞ്ഞവര്‍ഷം എറാന്‍ എന്ന കഥയിലേക്കെത്തുന്നത്. സിനിമയിലൂടെയാണല്ലോ നമുക്ക് രാഷ്ട്രീയം പറയാന്‍ പറ്റുന്നത്. എറാനെ സംബന്ധിച്ചടത്തോളം അതിന്റെ പ്രമേയം പലരും പറഞ്ഞതായിരിക്കും. പക്ഷേ ആ വിഷയത്തില്‍ എനിക്ക് പറയാനുള്ളതുകൂടി പറയണം എന്നുള്ളതുകൊണ്ടാണ് എറാന്‍ എന്ന കുറേ എറാന്‍മൂളികളുടെ കഥ പറഞ്ഞത്. അടിമകളാക്കപ്പെടുന്നവരുടെ കഥയാണിത്.

placeholder
എറാൻ സിനിമയുടെ ചിത്രീകരണദൃശ്യം | ഫോട്ടോ: പ്രിയങ്ക സത്യനാഥൻ

വിമിയോ അനാലിറ്റിക്‌സില്‍ 'സീറോ വ്യൂ' കാണിച്ചപ്പോള്‍...

തിരഞ്ഞെടുപ്പും അവാര്‍ഡുമെല്ലാം അതാത് ജൂറിയുടെ അന്തിമമായ തീരുമാനമായിരിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. മേളകളേക്കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണയോടുകൂടിയാണ് ഐ.എഫ്.എഫ്.കെ, ഐ.എഫ്.എഫ്.ഐ ഉള്‍പ്പെടെയുള്ളവയിലേക്ക് എറാന്‍ സിനിമ അയച്ചത്. ഒരു ആകാംക്ഷയുടെ പുറത്ത് വിമിയോ അനാലിറ്റിക്‌സ് വെച്ച് മേള അധികൃതര്‍ ഈ സിനിമ കണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കുമായിരുന്നു. പക്ഷേ ആദ്യം അത് കണ്ടിരുന്നില്ല എന്ന് മനസിലാക്കി, പിന്നെ ഞാനത് വിട്ടു. പിന്നെ എന്റെ ജോലിയുടെ തിരക്കുകളിലേക്ക് പോയി. ഈ മാസം പതിനഞ്ചാം തീയതിയാണ് മലയാളം സിനിമാ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പട്ടിക പുറത്തുവിട്ടത്. അപ്പോള്‍ ഞാന്‍ വെറുതേ അനാലിറ്റിക്‌സ് എടുത്തുനോക്കിയപ്പോള്‍ അതില്‍ 'സീറോ വ്യൂ' എന്നുകാണിക്കുന്നു. അപ്പോഴാണ് കാണാതെ എങ്ങനെയാണ് സിനിമ തള്ളുകയെന്ന് ആലോചിക്കുന്നത്. സിനിമ തിരഞ്ഞെടുക്കുന്നതെങ്ങനെയെന്ന് അറിയണമെന്നും തോന്നി. ഒന്നുരണ്ട് പേരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകണമെന്നും ഫെയ്‌സ്ബുക്കിലൂടെ എല്ലാവരേയും അറിയിക്കണമെന്നും പറഞ്ഞു.

placeholder
എറാൻ സിനിമയുടെ സീറോ വ്യൂ കാണിക്കുന്ന വിമിയോ അനാലിറ്റിക്സ് റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് | ഫോട്ടോ: ഷിജു ​ബാല​ഗോപാലൻ

സിനിമ കണ്ടിട്ട് തള്ളുകയാണെങ്കില്‍ ഒരു പ്രശ്‌നവുമില്ല, കാണാതെ തള്ളുന്നത് അനീതി

വിമിയോ ലിങ്ക് വഴിയാണ് സിനിമ സമര്‍പ്പിക്കേണ്ടത്. പക്ഷേ ഇപ്രാവശ്യം കുറേ പേര്‍ ഗൂഗിള്‍ ഡ്രൈവ് വഴി സിനിമ കൊടുത്തിട്ടുണ്ട്. അവര്‍ക്കൊന്നും തങ്ങളുടെ സിനിമ ജൂറി കണ്ടോ ഇല്ലയോ എന്ന് നോക്കാന്‍ ഒരു തെളിവോ മാര്‍ഗമോ ഇല്ല. വിമിയോ എന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ടെടുക്കാന്‍ ഏറ്റവും ബേസിക് ആയ പ്ലാനിന് ഒരു വര്‍ഷത്തേക്ക് പതിമൂവായിരത്തോളം രൂപ വേണ്ടിവരും. അതുകൊണ്ട് തന്നെ പലരും അതിന് മടിക്കും. സെലക്ഷന്‍ കിട്ടിയില്ലെങ്കിലുള്ള നഷ്ടവും ഓര്‍ത്താണിത്. എനിക്ക് എന്റെ പടത്തിന്റെ നിര്‍മാതാവിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ലഭിച്ചിരുന്നു. എന്റെ സുഹൃത്ത് ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തന്‍ എന്ന ചിത്രം കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിന് സമര്‍പ്പിക്കാന്‍ വിമിയോയില്‍ അപ് ലോഡ് ചെയ്തുകൊടുത്തത് ഞാനായിരുന്നു. അന്നേ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പരിചയമുണ്ട്. എറാന്‍ സിനിമയുടെ വിമിയോ വ്യൂ ഞാന്‍ ആ സമയത്തുണ്ടായിരുന്ന ലൊക്കേഷനില്‍ കാണിക്കുന്നുണ്ട്. പിറ്റേദിവസം കൊച്ചിയില്‍ പോയപ്പോള്‍ ആ ലൊക്കേഷനും വിമിയോ അനാലിറ്റിക്‌സില്‍ കാണിക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ മേളയ്ക്കയച്ചത് പരിശോധിച്ചപ്പോള്‍ അവര്‍ നാലുതവണ ആ ചിത്രം കണ്ടതായി വ്യക്തമായി കാണിക്കുന്നുണ്ട്. സിനിമ കണ്ടിട്ട് തള്ളുകയാണെങ്കില്‍ ഒരു പ്രശ്‌നവുമില്ല, കാരണം എന്നേക്കാള്‍ നന്നായി സിനിമയെടുക്കുന്നവരുണ്ട്. കാണാതെ തള്ളുന്നത് അനീതിയല്ലേ?

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി, വിമിയോക്ക് അയച്ച മെയിലും മറുപടിയും

ഒക്ടോബര്‍ പതിനേഴാം തീയതി അനാലിറ്റിക്‌സിന്റെ വിവരങ്ങള്‍ വെച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പത്ത് മിനിട്ടുള്ളില്‍ത്തന്നെ പരാതി സാംസ്‌കാരിക വകുപ്പിന് കൈമാറിയതായി മറുപടി ഇ-മെയില്‍ ലഭിച്ചു. എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാവരുതെന്ന ഉദ്ദേശത്തോടെ വിമിയോ ടീമിനും മെയില്‍ അയച്ചു. കാരണം എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ എന്നെയാണ് അത് പ്രതികൂലമായി ബാധിക്കുക. ഇരുതല മൂര്‍ച്ചയുള്ള വാളാണ് സോഷ്യല്‍ മീഡിയ. അതുകൊണ്ടാണ് വിമിയോയില്‍ നിന്ന് മറുപടി വരുന്നതുവരെ ഫെയ്‌സ്ബുക്കില്‍ ഈ വിഷയം പറയാതെ മാറിനിന്നത്. ക്ലിക്കും ഇംപ്രഷനും എന്താണെന്ന് പറഞ്ഞുകൊണ്ടുള്ള മെയിലാണ് വിമിയോയില്‍ നിന്ന് വന്നത്. ലിങ്ക് തുറന്ന് സൈറ്റിലേക്ക് പ്രവേശിക്കണം. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാസ് വേഡ് കൊടുത്താല്‍ അത് ഇംപ്രഷനായിട്ടാണ് അനാലിറ്റിക്‌സില്‍ കാണിക്കുക. അതിനുള്ളില്‍ക്കയറിയ ശേഷം സിനിമ കാണാനുള്ള പ്ലേയര്‍ ലോഡ് ആയാല്‍ത്തന്നെ വ്യൂ എന്ന് കാണിക്കും. ഇത് വായിച്ചപ്പോള്‍ എനിക്ക് വീണ്ടും സംശയം. അവര്‍ക്ക് ഒരു മെയില്‍ കൂടി അയച്ചു. അനാലിറ്റിക്‌സില്‍ തിരുവനന്തപുരത്ത് 00:00 വ്യൂ ആണ് കാണിക്കുന്നതെന്നും അതിന്റെ അര്‍ത്ഥമെന്താണെന്നും ഇതില്‍ എടുത്തുചോദിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും സിനിമ ഒരു സെക്കന്‍ഡ്‌പോലും കണ്ടിട്ടില്ലെന്നാണ് ഇതിന് ലഭിച്ച മറുപടി. അത് കണ്ടതും വലിയ ഞെട്ടലായി എനിക്ക്. അനാലിറ്റിക്‌സ് നോക്കാത്ത എത്രപേരുണ്ടാവും എന്നാണ് അപ്പോള്‍ ചിന്തിച്ചത്. അന്നാണ് ഫെയ്‌സ്ബുക്കില്‍ ഇതേക്കുറിച്ച് ആദ്യമായി ഒരു പോസ്റ്റിടുന്നത്.

placeholder
1. വിമിയോ അധികൃതർക്ക് ഷിജു ബാല​ഗോപാലൻ അയച്ച മെയിൽ. 2. ഷിജു ബാല​ഗോപാലന് വിമിയോയിൽ നിന്ന് ലഭിച്ച മറുപടി | ഫോട്ടോ: ഷിജു ​ഗോപാലൻ

സിനിമ തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന് പലരും പറഞ്ഞു

ഞെട്ടിക്കുന്ന മറ്റൊരു ഘട്ടം ഇതിനുപിന്നാലെയുണ്ടായി. ഫെയ്‌സ്ബുക്ക് പോസ്റ്റിടുന്നതിനുമുമ്പ് ഐ.എഫ്.എഫ്.കെയിലേക്ക് സിനിമ അയച്ച ഒന്നുരണ്ടുപേരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. അതിലൊരാള്‍ ഒരു തിരക്കഥാകൃത്തായിരുന്നു. തനിക്ക് ഒരു പുതിയ സിനിമ വന്നിട്ടുണ്ടെന്നും പ്രതികരിക്കാന്‍ നിന്നാല്‍ കരിയര്‍ നശിപ്പിച്ചുകളയുമോയെന്ന് പേടിയുണ്ടെന്നുമാണ് അദ്ദേഹം ചെയ്യുന്ന സിനിമയുടെ സംവിധായകൻ ഈ തിരക്കഥാകൃത്തിനോടുപറഞ്ഞത്. ഈ പ്രശ്‌നത്തിന്റെ തീവ്രതയെക്കുറിച്ച് അപ്പോഴാണ് ഞാന്‍ വീണ്ടും ചിന്തിച്ചത്. സിനിമ തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അടുത്തവര്‍ഷം ചലച്ചിത്ര മേളയ്ക്ക് സിനിമ അയക്കണോ വേണ്ടയോ എന്ന് അപ്പോള്‍ മാത്രം ചിന്തിക്കേണ്ട കാര്യമല്ലേ? നാളെ ജീവിച്ചിരിക്കുമോ എന്ന് ഉറപ്പില്ലാത്തവരാണ് മനുഷ്യര്‍. അതുകൂടി കരുതിയിട്ടാണ് ആ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. പ്രതാപ് ജോസഫ് ആണ് അതിന് ആദ്യം പിന്തുണയറിയിച്ചത്. ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേഖലയില്‍ എനിക്ക് ഏറെ ആദരവ് തോന്നിയ ഒരാളാണ് അദ്ദേഹം. വസ്തുതകള്‍ വെച്ചുപറഞ്ഞതിനാല്‍ത്തന്നെ ആളുകള്‍ ആ രീതിയിലെടുത്തു എന്നത് പോസിറ്റീവായിത്തോന്നി. സംവിധായകന്‍ ഡോ.ബിജു ചേട്ടനും വിളിച്ച് പിന്തുണയറിയിച്ചു. ലോകോത്തര മേളകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും വ്യവസ്ഥിതിയോട് കലഹിച്ചതുകൊണ്ടുമാത്രം മലയാളത്തില്‍ വേണ്ടരീതിയില്‍ ശ്രദ്ധകിട്ടാത്ത സംവിധായകനാണ് ഡോ. ബിജു. നമ്മളൊന്നും ലോക സിനിമയിലെ മേളകള്‍ കണ്ടിട്ടില്ല. അത് കണ്ടിട്ടുള്ളതുകൊണ്ടാണ് ഐ.എഫ്.എഫ്.കെയും ആ രീതിയില്‍ പോകണമെന്ന് അദ്ദേഹം പറയുന്നത്.

ചലച്ചിത്ര അക്കാദമി എന്തിനുവേണ്ടിയാണ് രൂപീകരിച്ചതെന്ന് ചിന്തിക്കണം

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ രണ്ടുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഓരോ ലക്ഷം വീതം നിര്‍മാതാവിനും സംവിധായകനും. ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന, ഇന്‍ഡിപെന്‍ഡന്റായി നിര്‍മിച്ച ചിത്രത്തിനാണ് അത് കിട്ടുന്നതെങ്കില്‍ ആ നിര്‍മാതാവിനും സംവിധായകനും എത്ര ആശ്വാസമായിരിക്കും അത്. അവര്‍ക്ക് അടുത്ത സിനിമ ചെയ്യാനുള്ള ഊര്‍ജമായിരിക്കും ഈ തുക. ഓ.ടി.ടിയിലും തിയേറ്ററിലും പ്രദര്‍ശിപ്പിച്ച എത്ര സിനിമകളാണ് ഈ വിഭാഗത്തില്‍ കാണിച്ചിട്ടുള്ളത്? രണ്ടുലക്ഷം എന്നത് നമ്മളേപ്പോലുള്ള സാധാരണക്കാര്‍ക്ക് വലിയൊരു സംഖ്യയും പിന്തുണയുമാണ്. ചലച്ചിത്ര അക്കാദമി എന്തിനുവേണ്ടിയാണ് രൂപീകരിച്ചതെന്ന് ചിന്തിക്കണം. അങ്ങനെയൊക്കെയാണ് നമ്മള്‍ കലയെ വളര്‍ത്തേണ്ടത്. നാളെ ലോകമറിയുന്ന സംവിധായകനാവാം ഇതുവഴി വരുന്നത്. നുള്ളിപ്പെറുക്കിയെടുത്ത പൈസ കൊണ്ടായിരിക്കാം ചിലര്‍ സിനിമ ചെയ്യുന്നത്. ആകെ ഐ.എഫ്.എഫ്.കെയിലായിരിക്കും അയച്ചിട്ടുണ്ടാവുക. കാരണം ഐ.എഫ്.എഫ്.ഐയിലയക്കണമെങ്കില്‍ 20,000 രൂപ ചെലവാണ്. ഐ.എഫ്.എഫ്.കെയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് അവരിരിക്കുന്നത്. സെലക്ഷന്‍ കിട്ടിയില്ലെങ്കില്‍ ആ സിനിമ എവിടെയും ഇല്ലാതെയായിപ്പോവും. മറിച്ച് മേളയില്‍ സിനിമ തിരഞ്ഞെടുക്കപ്പെട്ട് സര്‍ക്കാരില്‍ നിന്ന് പൈസ കിട്ടിക്കഴിഞ്ഞാല്‍ കൂടുതല്‍ മികച്ച സിനിമയുമായി അവന്‍ വരും. ഇങ്ങനെയാണ് പുതിയ തലമുറയെ വളര്‍ത്തിയെടുക്കേണ്ടത്.

placeholder
എറാൻ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ഷിജു ​ബാലഗോപാലൻ | ഫോട്ടോ: പ്രിയങ്ക സത്യനാഥൻ

സിനിമ ഡൗണ്‍ലോഡ് ചെയ്തുകണ്ട ചലച്ചിത്ര അക്കാദമി

രണ്ടുദിവസം മുമ്പ് ചലച്ചിത്ര അക്കാദമി ഒരു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഈ വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്താണ് കണ്ടതെന്ന്. അതുതന്നെ വലിയ അപകടമുണ്ടാക്കുന്ന കാര്യമാണ്. പല സിനിമകളും ഡൗണ്‍ലോഡ് ഓപ്ഷന്‍ ഓഫ് ആക്കിയാണ് ജൂറിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. മാത്രമല്ല എന്റെ എറാന്‍ എന്ന ചിത്രം ഡൗണ്‍ലോഡ് ചെയ്തതായി വിമിയോ അനാലിറ്റിക്‌സില്‍ കാണിക്കുന്നുമില്ല. അപ്പോള്‍ കരുതേണ്ടത് വേറെ ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ഡൗണ്‍ലോഡര്‍ ഉപയോഗിച്ചാവാം ഡൗണ്‍ലോഡിംഗ് നടന്നതെന്നാണ്. അങ്ങനെ ചെയ്യുന്നത് ഗൗരവമുള്ള വിഷയമല്ലേ? പൈറേറ്റഡ് സി.ഡി ഇറക്കുന്ന ആളുകള്‍ ചെയ്യുന്ന അതേകാര്യം ചലച്ചിത്ര അക്കാദമി പോലുള്ള സര്‍ക്കാര്‍ സംവിധാനം ചെയ്യുന്നു എന്നു പറയുന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഭീകരമായൊരു തെറ്റാണ്. പൈറസിക്കെതിരെ സര്‍ക്കാര്‍ പോരാടുന്ന കാലഘട്ടമാണിത്. എന്താണ് സംഭവിച്ചതെന്ന് ചലച്ചിത്ര അക്കാദമി വ്യക്തമാക്കണം. കാരണം വിമിയോയില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ അതുമാത്രമേ വഴിയുള്ളൂ. ഡൗണ്‍ലോഡ് ഓപ്ഷന്‍ നല്‍കാത്തവരുടെ സിനിമകള്‍ അക്കാദമി എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്തത്? അങ്ങനെയെങ്കില്‍ ആ സിനിമകള്‍ കണ്ടിട്ടില്ല എന്നാണോ മനസിലാക്കേണ്ടത്? ഉത്തരംകിട്ടാത്ത കുറേ ചോദ്യങ്ങള്‍ ഇതില്‍ കിടക്കുന്നുണ്ട്. 

ഈ സിനിമകളെല്ലാം അക്കാദമി ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണോ?

ഈ സിനിമകളെല്ലാം അക്കാദമി ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണെങ്കില്‍ അതെവിടെയെങ്കിലും ലീക്കായിട്ടുണ്ടെങ്കില്‍ ആ ഭീകരാവസ്ഥ ഒന്നാലോചിച്ചുനോക്കൂ. സംവിധായകനോ പോസ്റ്റ് പ്രൊഡക്ഷന്‍ ചെയ്ത സ്റ്റുഡിയോയോ അതുമല്ലെങ്കില്‍ എഡിറ്ററോ ആയിരിക്കും. ഡൗണ്‍ലോഡ് ചെയ്തു എന്ന് അക്കാദമി പറഞ്ഞതുകൊണ്ട് നമുക്കിപ്പോളൊരു തെളിവുണ്ട്. പ്രേമം സിനിമ ലീക്കായപ്പോള്‍ അല്‍ഫോണ്‍സ് പുത്രനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നമ്മള്‍ കണ്ടതാണ്.

placeholder
ഫോട്ടോ : പ്രിയങ്ക സത്യനാഥൻ

 

ആദ്യദിവസങ്ങളില്‍ പിന്തുണ തന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു

ഫെയ്‌സ്ബുക്കിലെഴുതിയ ആ മറുപടി മാത്രമാണ് എനിക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുള്ളൂ. ഔദ്യോഗികമായി കൊടുത്ത പരാതിക്ക് ഈ സമയം വരെ മറുപടി വന്നിട്ടില്ല. സിനിമയുടെ പേര് അറംപറ്റിയപോലെയായി ഇപ്പോള്‍. പതിനഞ്ചാം തീയതിയാണ് സിനിമകളുടെ പട്ടിക വന്നത്. അതിന് മുമ്പ് ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. മുംബൈയിലായിരുന്നു. ആ സമയത്താണ് ഈ പട്ടിക വന്നിരുന്നതെങ്കില്‍ ഞാനത് നോക്കുകപോലുമില്ലായിരുന്നു. പതിമൂന്നാം തീയതി വീട്ടിലെത്തി. വെറുതേ ഇരുന്നപ്പോഴാണ് വിമിയോ അനാലിറ്റിക്‌സ് ഒരു കാരണവുമില്ലാതെ നോക്കിയത്. പട്ടിക നോക്കുമ്പോള്‍ നമ്മുടെ ചിത്രമില്ല, ഇഷ്ടപ്പെടാതിരുന്നതുകൊണ്ട് ജൂറി തള്ളി എന്നേ കരുതുമായിരുന്നുള്ളൂ. അത് നോക്കിയതുകൊണ്ട് ഇതിന്റെ പിറകേ പോകാന്‍ പറ്റി. ആദ്യദിവസങ്ങളില്‍ നല്ല പിന്തുണ തന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. നിലനില്‍പ്പുതന്നെയാണ് പ്രശ്‌നം. അവര്‍ക്കും സിനിമ ചെയ്യണ്ടേ? അവരവരുടെ ജീവിതം തന്നെയല്ലേ എല്ലാവര്‍ക്കും പ്രധാനം. നിസ്സഹായരാണ് എല്ലാവരും. അവര്‍ക്ക് ചിലപ്പോള്‍ നിര്‍മാതാക്കള്‍ റെഡിയായി പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരിക്കും. വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടിട്ടായിരിക്കും അവര്‍ക്കൊരു നിര്‍മാതാവിനെ കിട്ടിയിരിക്കുക. അവര്‍ക്ക് വിട്ടുവീഴ്ച ചെയ്‌തേ പറ്റൂ. എല്ലാവരും ഓരോരോ പ്രതിസന്ധിയിലാണ്.

ഈ വിഷയത്തില്‍ പ്രതികരണം തേടി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിന്റെ ജൂറി ചെയര്‍മാനും സംവിധായകനുമായ വി.എം. വിനുവിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ താത്പര്യമില്ല എന്നാണ് അദ്ദേഹം അറിയിച്ചത്.