സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ പി.ജി പ്രേംലാൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പഞ്ചവത്സര പദ്ധതി. ശക്തമായൊരു പ്രമേയവുമായാണ് സിജു വിൽസൻ നായകനായെത്തിയ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. സജീവ് പാഴൂർ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ കൃഷ്ണേന്ദു എ. മേനോൻ, പി.പി. കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. തന്റെ സിനിമാ വിശേഷങ്ങൾപങ്കുവെക്കുകയാണ് സംവിധായകൻ പ്രേംലാൽ.

To advertise here,

മലയാളി കാണേണ്ട സിനിമയാണിതെന്ന് ഒരു നടൻ തീരുമാനിക്കുന്നത് ശക്തമായ നിലപാടാണ്

യാദൃച്ഛികമായാണ് സജീവ് പാഴൂർ 'പഞ്ചവത്സര പദ്ധതി'യുടെ കഥ എന്നോട് പറയുന്നത്. ഇന്നത്തെ സമകാലിക ഇന്ത്യയിൽ പറയേണ്ട സിനിമയാണിതെന്നും ഇതിലെ സാമൂഹിക-രാഷ്ട്രീയ അവസ്ഥകൾ ഒക്കെ ചുറ്റുമുള്ള മനുഷ്യർക്ക് പെട്ടെന്ന് തിരിച്ചറിയാനാകുന്നതാണെന്നും ബോധ്യമുണ്ടായിരുന്നു. നമുക്ക് പറയേണ്ട കാര്യങ്ങൾ ആക്ഷേപഹാസ്യരൂപേണ, എന്നാൽ യാഥാർഥ്യബോധത്തോടെ അവതരിപ്പിക്കാം എന്നാണ് മനസ്സിലുണ്ടായിരുന്നത്.

തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് തയ്യാറായതിനു ശേഷമാണ് സിജു വിൽസൻ ചിത്രത്തിലെത്തുന്നത്. തിരക്കഥ വായിച്ചു കേട്ട ഉടൻ അദ്ദേഹം ചിത്രം കമ്മിറ്റ് ചെയ്യുകയായിരുന്നു. ഇത്തരമൊരു ചിത്രം ചെയ്യണമെന്ന് ഒരു നടൻ തീരുമാനിക്കുന്നതിൽ പോലും ഒരു രാഷ്ട്രീയമുണ്ടെന്ന് ഞാൻ കരുതുന്നു. മലയാളി കാണേണ്ട സിനിമയാണിതെന്ന് ഒരു നടൻ തീരുമാനിക്കുന്നത് ശക്തമായ ഒരു നിലപാടാണ്. സിജു വിൽസൻ ഈ സിനിമയ്ക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭാവന ആ തീരുമാനം തന്നെയാണ്.എത്തിപ്പെടാൻ തന്നെ അതിവ ദുഷ്‌കരമായ ഒരു മലമ്പ്രദേശത്താണ് സിനിമയുടെ പ്രധാനഭാഗങ്ങൾ ഷൂട്ട് ചെയ്തത്. ലൊക്കേഷനടുത്ത് പുലി ഇറങ്ങിയതിനാൽ ഒരിക്കൽ ചിത്രീകരണം മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ ചിത്രീകരണത്തിന് അനുമതി കിട്ടാനും പ്രയാസപ്പെട്ടു.

കണ്ടുമടുത്ത കഥപറച്ചിലുമല്ല പ്രമേയവുമല്ല

ചിത്രത്തിന്റെ ആർട്ട് വർക്ക് ഒക്കെ സാധാരണയിലും കൂടുതലായി ചെയ്യേണ്ടതുണ്ടായിരുന്നു. 35 അടി ഉയരത്തിലുള്ള പ്രതിമ ഉണ്ടാക്കി മലയുടെ മുകളിൽ സ്ഥാപിക്കണമായിരുന്നു. അതിന് ശേഷമുള്ള ആ പ്രദേശത്തെ മാറ്റങ്ങളൊക്കെ ചിത്രീകരിക്കണമായിരുന്നു. ഇതിനൊക്കെ കൂടെനിൽക്കുന്ന ഒരു നിർമാതാവിനെ ആവശ്യമായിരുന്നു. കഥ കേട്ടപ്പോൾ തന്നെ നമുക്കിത് ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് കെ.ജി. അനിൽകുമാർ എന്ന നിർമാതാവ് ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

മലയാളികൾ കണ്ടുമടുത്ത കഥപറച്ചിലോ പ്രമേയമോ അല്ല പഞ്ചവത്സര പദ്ധതിയുടേത്. സാമൂഹിക വിമർശനവും പൗരൻ എന്ന നിലയിൽ ആത്മവിമർശനപരമായി കാര്യങ്ങളെ നോക്കിക്കാണാനും അതിനെയൊക്കെ സിനിമാറ്റിക്കായി അവതരിപ്പിക്കാനുമുള്ള ശ്രമമാണ് ഈ ചിത്രം. സറ്റയറിക്കലായി കഥ പറയുമ്പോൾ തന്നെ പ്രമേയത്തിന്റെ ഗൗരവം ചോർന്നുപോകാത്ത വിധത്തിലും മലയാളിക്ക് വളരെയെളുപ്പം റിലേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കഥാപരിസരങ്ങളിലൂടെയും സഞ്ചരിക്കാനാണ് ചിത്രം ശ്രമിക്കുന്നത്. ഏറെ സാമൂഹികപ്രസക്തിയുള്ള ഒരു വിഷയത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. റിയലിസ്റ്റിക്കായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ടുപോകുന്നത്. ആക്ഷേപഹാസ്യത്തിന്റെ അംശമുള്ളപ്പോഴും പ്രമേയത്തിന്റെ അകക്കാമ്പുമായി അത് ഇഴചേർന്നു കിടക്കുന്നു. ആക്ഷനും വൈകാരികരംഗങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യമുണ്ട്.

നടൻ ശ്രീനിവാസൻ ചേട്ടൻ പറഞ്ഞത് പോലെ മലയാളികൾ ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയാണിത്. എന്റെ അടുത്ത സുഹൃത്തുകൂടിയായ ശ്രീനിയേട്ടനോട് തുടക്കത്തിലേ ചിത്രത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. കൃത്യമായും സംഭവിക്കേണ്ട ചിത്രമാണ് ഇതെന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ശ്രീനിയേട്ടൻ തിരക്കഥയെഴുതുന്ന ചിത്രമാണ് ഇനി ഞാൻ ചെയ്യാൻ പോകുന്നത്. പുതുമലയാളിയുവത്വത്തിന്റെ ചില കാഴ്ചപ്പാടുകളെയും നിലപാടുകളെയും നർമത്തിന്റെ കണ്ണിലൂടെ കാണുന്ന, കുടുംബപശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കുമിത്.

താരമൂല്യമുള്ള സിനിമകൾക്കിടയിൽ ചെറിയ പടങ്ങൾക്ക് ആളുകയറാൻ സമയമെടുക്കും

താരമൂല്യമുള്ള നടന്മാരെ വെച്ച് എന്തും പരീക്ഷിക്കാവുന്ന സാഹചര്യം ഇപ്പോൾ മലയാളസിനിമയിലുണ്ട്. അത്തരം ചിത്രങ്ങൾക്ക് റിലീസിന് മുന്നെ മികച്ച ബുക്കിങ്ങുമുണ്ടാകും. അല്ലാത്തവയ്ക്ക് തിയേറ്ററിൽ അപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റ് സിനിമകളുടെ അവസ്ഥ പരിഗണിയ്‌ക്കേണ്ടിവരും. ആ സിനിമകളുടെ തിരക്കിനിടയ്ക്ക് ചെറിയ പടങ്ങൾക്ക് ആളുകയറാൻ സമയമെടുത്തേക്കാം. മെല്ലെമെല്ലെ അഭിപ്രായങ്ങൾ കേട്ടറിഞ്ഞാകും ആളുകൾ തിയേറ്ററിലേക്ക്‌ എത്തുക.