നീഷ് ​​ഗോപാൽ എന്ന പേര് മലയാളികൾക്ക് അത്ര സുപരിചതമല്ല. എന്നാൽ തീവണ്ടിയിലെ സഫറിനെയും അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ സുനിമോനെയും  മറന്നിട്ടുമുണ്ടാകില്ല. മലപ്പുറം ജില്ലയിലെ ചീക്കോട് എന്ന ​ഗ്രാമത്തിൽ നിന്നും മലയാള സിനിമയിലേക്കുള്ള എൻട്രി അനീഷിനെ സംബന്ധിച്ച് സ്വപ്നസാക്ഷാത്കാരമാണ്. 2012 ൽ പുറത്തിറങ്ങിയ 'സെക്കൻഡ് ഷോ' മുതൽ അടുത്തിടെ ഓടിടി റിലീസായി പുറത്തിറങ്ങിയ 'ഭ്രമം' വരെ മുപ്പതോളം ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളുമായി സിനിമയെ ചേർത്തുപിടിക്കുകയാണ് അനീഷ്. അതൊടൊപ്പം നൂറ്റമ്പതോളം ചിത്രങ്ങൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്തതും അനീഷിന്റെ 'യെല്ലോ ടൂത്ത്സ്' എന്ന കമ്പനിയാണ്. 'ഭ്രമ'വും അതിലെ ഓട്ടോക്കാരൻ ലോപ്പസിനെയും പ്രേക്ഷകർ ഏറ്റെടുത്ത വേളയിൽ സിനിമാ സ്വപ്നങ്ങളുമായി അനീഷ് മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.

വീണ്ടും രാജുവേട്ടനൊപ്പം

തീവണ്ടിക്ക് ശേഷം എനിക്ക് ഇത്രയധികം മെസേജുകളും കോളുകളും വരുന്നത് ഇപ്പോഴാണ്. നല്ല പ്രതികരണമാണ് ഭ്രമത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിർമാതാവ് സാരഥി ചേട്ടനാണ് ഭ്രമത്തിലേക്ക് എന്നെ വിളിക്കുന്നത്. നന്നായി ചെയ്യാൻ പറ്റിയെന്ന് തന്നെയാണ് വിശ്വാസം.

രാജുവേട്ടന്റെ കൂടെ രണ്ടാം തവണയാണ്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ ഏതാണ്ട് 90 ദിവസത്തോളം രാജുവേട്ടനൊപ്പം ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ആ ചിത്രം നോക്കിയാൽ എന്നെ കാണാൻ കിട്ടില്ല. പല രംഗങ്ങളും എഡിറ്റ് ചെയ്തു പോയി. പരിഷ്കാരി എന്ന ലെങ്ത്തുള്ള കഥാപാത്രമായിരുന്നു. സിനിമ വന്നപ്പോൾ‌ ജൂനിയർ ആർട്ടിസ്റ്റിന്റെ റോൾ പോലെ ആയി. അന്നതിൽ വലിയ സങ്കടമായിരുന്നു. പിന്നീട് രാജുവേട്ടന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു അത് സംഭവിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ കഥാപാത്രത്തിലേക്ക് എത്തിപ്പെട്ടത്. രാജുവേട്ടന്റെ പിന്തുണ നല്ല പോലെയുണ്ടായിരുന്നു ചിത്രീകരണസമയത്തെല്ലാം.

ഞാൻ സീരിയസാണ്

നാടകത്തിലും മറ്റും അഭിനയിച്ച പരിചയം കൊണ്ടാണ് സിനിമയിലെത്തുന്നത്. പല സീരിയസ് വേഷങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ സിനിമയിൽ ആദ്യം മുതലേ എന്നെ തേടി വന്നത് എല്ലാം കോമഡി വേഷങ്ങളാണ്. എന്റെ ലുക്കും അതിന് കാരണമാണോ എന്നറിയില്ല. കിട്ടുന്ന വേഷങ്ങൾ വൃത്തിയായി ചെയ്യാൻ നോക്കും . എങ്കിലും സീരിയസ് വേഷങ്ങൾ ചെയ്യാനാണ് കൂടുതലിഷ്ടം. കാരണം ഞാൻ ഇത്തിരി സീരിയസായ, ഭയങ്കര ഇമോഷണലായ ഒരു വ്യക്തിയാണ്. പക്ഷേ വന്ന് ചേർന്നതെല്ലാം ഹാസ്യ വേഷങ്ങളാണെന്ന് മാത്രം.

'സഫർ' ജീവിതം മാറ്റി മറിച്ചു

എന്റെ ജീവിതം മാറ്റി മറിച്ച കഥാപാത്രമാണ് തീവണ്ടിയിലെ സഫർ. എന്റെ സുഹൃത്തായ വിനി വിശ്വ ലാൽ ആണ് തീവണ്ടിയുടെ എഴുത്തുകാരൻ. അന്ന് വിനിയോട് ചോദിച്ചിരുന്നു ഇത് ചെറിയ കഥാപാത്രമാണല്ലോ എന്ന്. പണ്ട് മുതലേ എന്റെ കഥാപാത്രങ്ങൾക്ക് ഞാൻ തന്നെ ഒരു തിരക്കഥ ഉണ്ടാക്കാറുണ്ട്. അധികം റോൾ ഇല്ലെങ്കിലും തിരക്കഥ ഇല്ലെങ്കിലും  ആ കഥാപാത്രത്തിനെ സംബന്ധിക്കുന്ന എല്ലാം സ്ക്രിപ്റ്റ് പോലെ തയ്യാറാക്കാറുണ്ട്. അതുകൊണ്ട് വേഷങ്ങൾ ചെയ്യാൻ എളുപ്പമാണ്. പലർക്കും ഇപ്പോഴും എന്റെ പേര് പോലും അറിയില്ല. വളരെ കോമണായ പേരാണ് അനീഷ് എന്നുള്ളത്. അത് സഫർ എന്നാക്കിയാലോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. അതുപോലെ ആളുകൾ തിരിച്ചറിയുന്ന കഥാപാത്രങ്ങളാണ് കൂതറയിലേതും അർജന്റീന ഫാൻസിലേതും. സുനിമോൻ ആറാട്ടുകുഴി എന്ന അർജന്റീന ഫാൻസിലെ കഥാപാത്രം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. പക്ഷേ, സിനിമ വിജയിച്ചില്ല. സിനിമ ഹിറ്റാണെങ്കിലേ അതിലെ കഥാപാത്രങ്ങൾ ചെയ്തവരും ശ്രദ്ധിക്കപ്പെടുകയുള്ളൂ. 

Aneesh gopal
'തീവണ്ടി'യിൽ ടൊവിനോയ്ക്കും സംയുക്ത മേനോനും ഒപ്പം അനീഷ്

ചീക്കോടിൽ നിന്ന് സിനിമയിലേക്ക്

മലപ്പുറം ജില്ലയിലെ ചീക്കോട് എന്ന ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്., കലാകാരന്മാർ വളരെ കുറവാണ് അവിടെ. മത്സരിക്കാൻ ആള് കുറവായത് കൊണ്ട് തന്നെ സ്കൂളിൽ പഠിക്കുന്ന സമയത്ത് നാടകം മോണോ ആക്ട് തുടങ്ങിയവയിലൊക്കെ എനിക്ക് സമ്മാനം ഫസ്റ്റ് അടിക്കാറുണ്ട്. പക്ഷേ സിനിമയിലെത്തിപ്പെടുമെന്ന് ചിന്തിച്ചിട്ടേയില്ല. പിന്നീട് ചെന്നൈയിൽ ജോലിക്ക് പോയി. അന്നൊക്കെ സിനിമാ പോസ്റ്ററുകൾ കാണുമ്പോൾ എന്നാണ് അങ്ങനെയൊരു ഭാഗ്യം കിട്ടുക എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്.  സംവിധായകൻ വന്ന് കഥ പറയുന്നതും ഞാൻ നടനാവുന്നതുമെല്ലാം  സ്വപ്നം കണ്ടുകൊണ്ടേയിരിക്കും. ആ സ്വപ്നങ്ങളെല്ലാം നടന്നു എന്നതാണ് വലിയ സന്തോഷം. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

എറണാകുളത്ത് ഒരു ഡിസൈനർ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞാൻ ആ സമയം. അവിടെ വച്ചുള്ള സൗഹൃദമാണ് വിനി, ശ്രീനാഥ് രാജേന്ദ്രൻ, സണ്ണി വെയ്ൻ എന്നിവരുമായി. ആ സൗഹൃദമാണ് ആദ്യ സിനിമയിലെത്തിക്കുന്നതും. അതിന്റെ പോസ്റ്റർ ഡിസൈൻ ഞാൻ ചെയ്തിരുന്നു. പിന്നീട് എനിക്ക് വന്നത് വേഷങ്ങളേക്കാൾ അധികം പോസ്റ്റർ ഡിസൈൻ ചെയ്യാനുള്ള അവസരങ്ങളാണ്. അന്നും സിനിമ ഉള്ളിലുണ്ട്. അങ്ങനെയാണ് തീവണ്ടിയെത്തുന്നതും സ്വപ്നം യാഥാർഥ്യമാവുന്നതും. പുറത്തിറക്കാനുള്ളതടക്കം പത്തുമുപ്പത് ചിത്രങ്ങളായി. എല്ലാം നല്ല പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. 

Aneesh gopal
'ഭ്രമ'ത്തിൽ ജ​ഗദീഷിനൊപ്പം

പോസ്റ്റർ ഡിസൈനിങ്ങ്

'യെല്ലോ ടൂത്ത്സ്' എന്നാണ് കമ്പനിയുടെ പേര്.  അന്ന് ഓഫിസ് ഒന്നുമില്ല. ഒരു കമ്പ്യൂട്ടറുമായി ഞാൻ എവിടെപ്പോകുന്നോ അവിടെയായിരുന്നു കമ്പനിയുടെ ഓഫീസ്.   ഇപ്പോൾ അങ്ങനെയല്ല. ഒരു ഓഫീസായി, നല്ല നല്ല ആർടിസ്റ്റുകൾ വന്നു അവരാണ് ഇപ്പോൾ കമ്പനി നോക്കുന്നത്. ഞാൻ പൂർണമായും അഭിനയത്തിലേക്ക് മാറി.ഇപ്പോൾ അതിന്റെ ക്രിയേറ്റീവ് ഹെഡ് ആണ് ഞാൻ.  നൂറ്റമ്പതോളം ചിത്രങ്ങൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുണ്ട് ഇതുവരെ, ഓപ്പറേഷൻ ജാവ, നിഴൽ, ഹലാൽ ലവ് സ്റ്റോറി, ജോജി, ഹോം എന്നീ പുതിയ ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈൻ ചെയ്തതും നമ്മളാണ്. ഇതിനെല്ലാം പുറമേ പുതിയൊരു സിനിമാ സ്വപ്നവുമുണ്ട്. അത് വഴിയെ പറയാം....

Content Highlights : Actor Aneesh Gopal Interview Bhramam Theevandi Movies Yellow Tooths