
സിനിമകളിൽ നെഗറ്റീവ് വേഷങ്ങളിലാണ് ഉഷറാണിയെ പുതിയ തലമുറയ്ക്ക് ഏറെ പരിചയം. അമ്മ അമ്മായിയമ്മ എന്ന ചിത്രത്തിലെ ദാക്ഷായണിയും ഏകലവ്യനിലെ സന്യാസിനിയുമായി ഉഷറാണി പ്രേക്ഷകർക്ക് മുന്നിലെത്തി... എന്നാൽ ജീവിതത്തിൽ ഉഷ വ്യത്യസ്തയായിരുന്നു. സിനിമയിൽ അഭിനയിക്കുന്ന കാലത്ത് ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത നടി സാധനയുടെ ദുരവസ്ഥയറിഞ്ഞ് ഓടിയെത്തിയവരിൽ അവരെ സഹായിക്കാൻ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു ഉഷ റാണി.
ജയ ഭാരതി, സുരേഷ് ഗോപി തുടങ്ങിയവർ സഹായവുമായി രംഗത്ത് വന്നപ്പോൾ ആ തുക സമാഹരിച്ച് സാധനയെ ഏൽപ്പിച്ചതു ഉഷ റാണിയായിരുന്നു. താരസംഘടനയായ അമ്മ പ്രതിമാസം 5000 രൂപവീതം സാധനയ്ക്ക് നൽകിയിരുന്നു. മറ്റൊരാളുടെകൂടെ സഹായത്തോടെ ഉഷാറാണിയും പ്രതിമാസം 5000 രൂപ നല്‍കിയിരുന്നു.
നടി സാധനയെ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടായിരിക്കില്ല. എന്നാൽ പഴയ തലമുറയ്ക്ക് അറിയാം. ഒരൊറ്റ ഗാനരംഗം കൊണ്ട് മലയാളത്തിന്റെ മനസ്സ് കീഴടക്കിയ താരമായിരുന്ന സാധന. ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റിലെ ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ എന്ന ഗാനരംഗത്തില്‍ പ്രേംനസീറിനൊപ്പം അഭിനയിച്ച സാധന എഴുപതുകളിലും എണ്‍പതുകളിലും തെന്നിന്ത്യന്‍ സിനിമയില്‍ മാദക റാണിയായി അരങ്ങുവാണ താരമായിരുന്നു.
എന്നാല്‍ സാധനയെ ജീവിതത്തിൽ കാത്തിരുന്നത് വലിയ ദുരിതമായിരുന്നു. കൊടിയ ദാരിദ്ര്യവും രോഗപീഡയുമായി ചെന്നൈയ്ക്ക് സമീപത്തെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന സാധന ഇടയ്ക്ക് ചാനലുകളിലെയും പത്രങ്ങളിലെയും കണ്ണീര്‍വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. പതിവു പോലെ സാധനയും ക്രമേണ മറവിയിൽ മാഞ്ഞു. ആ ജീവിതത്തിൽ പഴയ ദുരിതവും പീഡനവും തന്നെ ബാക്കിയായി. സിനിമാ പ്രവർത്തകർ അയച്ച പണമൊന്നും കിട്ടിയില്ല. ചികിത്സ കിട്ടാതെ കിടക്കയിൽ മലമൂത്ര വിസർജനം നടത്തിയ സാധനയെ ഭർത്താവ് റാം എവിടെയൊ കൊണ്ടുപോയി ഉപേക്ഷിച്ചുവെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ.
''സാധന എവിടെയോ പോയി,..... മരിച്ചുവെന്നാണ് അറിയുന്നത്''- കഴിഞ്ഞ മാസം പോലും ഈ വാക്കുകൾ ഏറെ ദുഖത്തോടെയാണ് ഉഷറാണി പറഞ്ഞത്.
നാലഞ്ചുമാസമായി പണം വാങ്ങാന്‍ ആരും എത്താത്തതിനെത്തുടര്‍ന്നാണ് ഉഷാറാണി സാധനയുടെ താമസസ്ഥലത്ത് നേരിട്ട് പോയി അന്വേഷിച്ചത്. അപ്പോഴാണ് സാധന തിരുപ്പതിയിലേക്ക് ഭർത്താവിനൊപ്പം പോയെന്നും പിന്നീട് അവിടെ വച്ച് മരിച്ചുവെന്നും നാട്ടുകാരില്‍ നിന്ന് അറിയുന്നത്. ഉഷയും മറ്റു സിനിമാപ്രവർത്തകരും നൽകിയ തുക സാധനയ്ക്ക് ലഭിച്ചിരുന്നില്ല. ഭർത്താവ് മദ്യപാനത്തിനും മറ്റു കാര്യങ്ങൾക്കുമായി ആ പണം ഉപയോഗിക്കുന്നുവെന്നറിഞ്ഞപ്പോൾ പലരും സഹായം നിർത്തി. തിരുപ്പതിയിൽ നിന്നും തിരിച്ചെത്തിയ റാമിനെ ഉഷറാണി ഒരിക്കൽ കണ്ടിരുന്നു അന്ന് സാധനയുടെ മരണത്തെക്കുറിച്ച് റാം ഉഷറാണിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
''തിരുപ്പതിയില്‍ എത്തിയശേഷം ഇരുവരും ലോഡ്ജില്‍ മുറിയെടുത്തു. മഴനനഞ്ഞ് പനിപിടിച്ചതോടെ സാധനയെ അവിടെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് അവര്‍ മരിച്ചു. ശവസംസ്‌കാരവും നടത്തി. എന്നാല്‍, തിരുപ്പതിയിലെ അവരുടെ ലോഡ്ജിന് സമീപത്തായി ജോലി ചെയ്തിരുന്ന മറ്റൊരാൾ പറഞ്ഞത് വേറെ കഥയായിരുന്നു. ലോഡ്ജില്‍ വെച്ച സാധനയെ റാം മര്‍ദിച്ചു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ കൈയേറ്റംചെയ്തു. സാധനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ സാധന മരിച്ചു. സ്വീകരിക്കാന്‍ ഭർത്താവ് പോലും വരാത്തതിനാല്‍ അനാഥ മൃതദേഹങ്ങളുടെ കൂട്ടത്തില്‍ മറവുചെയ്തു.
തിരുപ്പതിയില്‍നിന്ന് തിരിച്ചുവന്ന റാം വാടകവീട് ഒഴിഞ്ഞു. അവിടെയുണ്ടായിരുന്ന സാധനങ്ങള്‍ പലതും ഇയാള്‍ വിറ്റു. മാനസികവിഭ്രാന്തി പ്രകടിപ്പിച്ച റാമിനെ പിന്നീട് ആരും അവിടെ കണ്ടിട്ടില്ല. ചെന്നെെ സെൻട്രൽ റെയിൽ വേ സ്റ്റേഷനിൽ റാം അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടിരുന്നുവെന്ന് എന്നോടൊരിക്കൽ ഒരാൾ പറഞ്ഞിരുന്നു. അതിന്റെ സത്യാവസ്ഥയും അറിയില്ല- ഉഷ റാണി കൂട്ടിച്ചേർത്തു.
സാധനയുടെ അവസ്ഥയിൽ ഞാൻ ഒരുപാട് വേദനിച്ചിരുന്നു. ''ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടും ഒന്നും ആകാതെ എവിടെയോ പോയ് മറഞ്ഞു. തിരുപ്പതിയിൽ അന്വേഷിച്ചിട്ടും മരിച്ചു എന്നു തന്നെയാണ് കേട്ടത്. സാധനയുടെ ഭർത്താവിന്റെ സ്വഭാവം അറിഞ്ഞിട്ടും എന്നെക്കൊണ്ടാകുന്നത് ഞാൻ ചെയ്തു. സഹായം ചോദിച്ചുവരുന്നവരെ വെറും കയ്യോടെ മടക്കി വിടാൻ അമ്മ പഠിപ്പിച്ചിട്ടില്ല. കാരണം പ്രതിസന്ധഘട്ടങ്ങളിൽ ചോദിക്കാതെ തന്നെ എന്നെയും പലരും സഹായിച്ചിട്ടുണ്ട്.''
ആരോടും പങ്കുവയ്ക്കാത്ത, പറയാൻ ബാക്കി വച്ച ഒരുപിടി കഥകളുമായാണ് ഈ അഭിനേത്രി മടങ്ങിയത്. ഉഷാറാണിക്ക് ആദരാഞ്ജലികൾ...
Content Highlights: Usharani demise, yesteryear actress sadhana death, malayalam Cinema
Published: 21 Jun 2020, 03:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented