
കേരളത്തിന്റെ വടക്കേയറ്റത്ത് കിടക്കുന്ന ഒരു വീടും അവിടുത്തെ ഇളയ പെൺകുട്ടിയുടെ വിവാഹനിശ്ചയ തലേന്ന് നടക്കുന്ന കാഴ്ച്ചകളുമാണ് ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച്ച നിശ്ചയമെന്ന കൊച്ചു ചിത്രം ചർച്ച ചെയ്യപ്പെടുമ്പോൾ സിനിമയിലേത് പോലെ ജീവിതത്തിലും കടന്ന് വന്ന യാദൃശ്ചികതകളെക്കുറിച്ച് പറയുകയാണ് ഉണ്ണിമായ നാലപ്പാടം.
കുവൈത്ത് വിജയനെന്ന അച്ഛന്റെ രണ്ട് മക്കളിൽ മൂത്തയാളായ സുരഭിയെന്ന കഥാപാത്രമായാണ് ഉണ്ണിമായ ചിത്രത്തിൽ വേഷമിട്ടത്. അച്ഛന്റെ പ്രതീക്ഷകളെ തകിടം മറിച്ച് ഇഷ്ടപ്പെട്ടയാളെ തന്നെ സ്വന്തമാക്കിയ സ്വന്തമായി അഭിപ്രായവും നിലപാടുമുള്ള സുരഭി. നായികയുടെ ചേച്ചിയുടെ കഥാപാത്രമായിട്ടും പ്രേക്ഷകർ സുരഭിയെ സ്വീകരിച്ച സന്തോഷത്തിലാണ് ഉണ്ണിമായ...
നായികയുടെ ചേച്ചിയെയും സ്വീകരിച്ച ജനം
ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുമുഖങ്ങൾ അഭിനയിച്ച ചിത്രമായതുകൊണ്ട് തന്നെ സിനിമാ രംഗത്ത് നിന്നുള്ള ആരെങ്കിലും ചിത്രം കാണുമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയ്ക്കും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. ഐഎഫ്എഫ്കെയിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ട സമയത്ത് നല്ല അഭിപ്രായങ്ങൾ ഒരുപാട് കിട്ടിയിരുന്നു. പക്ഷേ സംസ്ഥാന പുരസ്കാരം ലഭിക്കുമെന്നോ കുവൈത്ത് വിജയനും കുടുംബവും ഇത്രയധികം ചർച്ചയാവുമെന്നോ കരുതിയില്ല. രണ്ട് ദിവസമായി ഫോൺ താഴെ വയ്ക്കാൻ സമയമില്ല. കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടേയിരിക്കുന്നു. ഭയങ്കര സന്തോഷം തോന്നുന്നു. സുരഭിയ്ക്ക് ഇത്ര സ്വീകാര്യത തീരേ പ്രതീക്ഷിച്ചിരുന്നില്ല, നായികാ കഥാപാത്രമൊന്നും അല്ലല്ലോ. ചിത്രീകരണ സമയത്തൊന്നും മുഴുനീള കഥാപാത്രമാണെന്ന് അറിയില്ലായിരുന്നു. സിനിമ കണ്ടപ്പോൾ ഒരുവിധം എല്ലാം സീനിലും ഞാനുമുണ്ട്. നായികയുടെ ചേച്ചിയെയും പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാട് ഒരുപാട് സന്തോഷം.
കുടുംബം പോലുള്ള സെറ്റ്
കാസ്റ്റിങ്ങ് കോൾ കണ്ടാണ് ഫോട്ടോ അയക്കുന്നത്. സെലക്ടായി, ഓഡിഷൻ കഴിഞ്ഞു അതുകഴിഞ്ഞ് ആക്ടിങ്ങ് വർക്ക്ഷോപ്പും കോസ്റ്റ്യൂം ടെസ്റ്റും കഴിഞ്ഞാണ് സുരഭിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് തന്നെയാണ് എന്റെ നാട്. അതുകൊണ്ട് ഭാഷയൊന്നും പ്രശ്നമായില്ല. പിന്നെ ചിത്രത്തിൽ എന്റെ ഭർത്താവ് സന്തോഷായി വേഷമിട്ട സുനിൽ സൂര്യയെയും അച്ഛനായി വേഷമിട്ട മനോജേട്ടനെയും നേരത്തെ പരിചയമുണ്ട്. ആ സിനിമയിൽ കാണുന്നത് പോലെ തന്നെ ഒരു കുടുംബം പോലെ തന്നെയായിരുന്നു സെറ്റിലും. അഭിനയകളരിയിൽ വച്ച് പരിചയപ്പെട്ടവരായതുകൊണ്ട് തന്നെ ഷൂട്ടിങ്ങ് തുടങ്ങുമ്പോഴേക്കും എല്ലാവരും തമ്മിൽ നല്ലൊരു അടുപ്പം വന്നിരുന്നു. രാവിലെ ഒന്നിച്ച് സെറ്റിൽ പോകുന്നു, വരുന്നു അങ്ങനെ ശരിക്കും എല്ലാവരും കുടുംബാംഗങ്ങളായി മാറി.
എല്ലാവരും പുതുമുഖങ്ങളായത് കൊണ്ട് തന്നെ ആർക്കും സിനിമാ ചിത്രീകരണത്തെ പറ്റിയൊന്നും വലിയ ധാരണയുണ്ടായിരുന്നില്ല. സെറ്റിലെ ആളുകളെ എന്ത് വിളിക്കണമെന്ന് പോലും അറിയുന്നുണ്ടായരുന്നില്ല. എല്ലാവരെയും ചാടിക്കേറി ചേട്ടാ എന്നൊക്കെ വിളിച്ച് സംസാരിച്ചു തുടങ്ങിയതോടെ ഊഷ്മളമായ ഒരു ബന്ധം മുന്നോട്ട് കൊണ്ട് പോകാനും ഒരു കുടുംബം എന്ന ഫീൽ ലഭിക്കാനും സാധിച്ചു. ചിത്രീകരണമൊക്കെ കഴിഞ്ഞ് ഏതാണ്ട് രണ്ട് വർഷത്തോളമായി, ഇപ്പോഴും എല്ലാവരുമായും നല്ലൊരു സൗഹൃദമുണ്ട്.
യാദൃശ്ചികതകളേറെയുള്ള സുരഭിയും ഉണ്ണിമായയും
സുരഭിയും ഉണ്ണിമായയും ഏതാണ്ട് ഒരുപോലെ തന്നെയാണ്. അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ആള് തന്നെയാണ് ഞാനും. സുരഭിയുടെ ജീവിതത്തിലേത് പോലെ എനിക്കും ഒരു അനിയത്തിയാണ് എന്നുള്ളതും സുരഭിയെ പോലെ ഞാനും ഇപ്പോൾ ഒരു കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് എന്നുള്ളതും തികച്ചും യാദൃശ്ചികമാണ്. സുരഭിയുടേത് പോലെ എന്റേതും പ്രണയവിവാഹമായിരുന്നു. വർഷങ്ങളായി എനിക്ക് അറിയാവുന്ന എന്റെ അടുത്ത സുഹൃത്തിനെ തന്നെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്. പിന്നെ വ്യത്യാസം എന്തെന്നാൽ കല്യാണക്കാര്യത്തിൽ എന്റെ വീട്ടിൽ നിന്നും എതിർപ്പുകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്നതാണ്. മക്കളുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും സ്വാതന്ത്രൃത്തിനും വില കൽപിക്കുന്ന കുടുംബമാണ് എന്റേത്.
ടീച്ചർ ജോലി പോയി, കോച്ചിങ്ങ് സെന്റർ ക്ലിക്കായി
ഞാൻ ടീച്ചറാണ്. ഹയർ സെക്കൻഡറി ടീച്ചറായി ജോലി നോക്കുന്ന സമയത്താണ് കോവിഡിന്റെ വരവ്. അങ്ങനെ ജോലി പോയി. ഇപ്പോൾ സെറ്റ് എക്സാമിനും മറ്റും കോച്ചിങ്ങ് കൊടുക്കുന്ന ഒരു സ്ഥാപനം നടത്തി വരികയാണ്. സ്കൂളിൽ പഠിക്കുന്ന സമയത്തേ ഡാൻസിലും നാടകത്തിലുമൊക്കെ ഉണ്ടായിരുന്നു. പിന്നീട് സിനിമകളിൽ ഡബ്ബിങ്ങ് ചെയ്തുതുടങ്ങി. മനോജ് കാന സംവിധാനം ചെയ്ത അമീബയ്ക്ക് വേണ്ടിയാണ് ആദ്യം ഡബ് ചെയ്യുന്നത്. അതിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് ഹ്രസ്വചിത്രങ്ങൾക്കും പരസ്യങ്ങൾക്കുമെല്ലാം വേണ്ടി ഡബ് ചെയ്തിട്ടണ്ട്. എന്റെ ഭർത്താവ് ചരൺ വിനായക് സിനിമയിൽ സൗണ്ട് എഞ്ചിനീയറാണ്. എന്റെ ആഗ്രഹങ്ങൾക്ക് നല്ല പിന്തുണയുമായി അദ്ദേഹവും കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് തിങ്കളാഴ്ച്ച നിശ്ചയത്തിന്റെ ഓഡിഷന് വേണ്ടി ഫോട്ടോ അയക്കുന്നത്.
നല്ല സിനിമകളുടെ ഭാഗമാവണം എന്ന് തന്നെയാണ് ആഗ്രഹം. നായികയാകണം, വലിയ വലിയ ചിത്രങ്ങൾ ചെയ്യണം എന്നൊന്നുമില്ല.അഭിനയിക്കാൻ ഇഷ്ടമാണ് അതുകൊണ്ട് നല്ല അവസരങ്ങൾ വന്നാൽ ഇനിയും സിനിമകൾ ചെയ്യണം. പാഷനും പ്രൊഫഷനും ഒന്നിച്ച് കൊണ്ടുപോകാനാണ് ആഗ്രഹം.
സാഹിത്യകാരൻ നാലപ്പാടം പദ്മനാഭൻറെയും മുൻ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ശൈലജ മഠത്തിൽ വളപ്പിലിൻറേയും മകളാണ് ഉണ്ണിമായ. പത്മപ്രിയയാണ് സഹോദരി
content highlights : thinkalazhcha nishchayam actress unnimaya nalappadam interview, senna hegde new malayalam movie
Published: 02 Nov 2021, 03:59 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented