
മലയാള സിനിമയിലെ 'അരാഷ്ട്രീയവാദി' എന്നാണ് ശ്രീനിവാസൻ ചിലർക്കെങ്കിലും അറിയപ്പെട്ടിരുന്നത്. അതിന് ഇടയാക്കിയതാകട്ടെ ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന മലയാളത്തിലെ എക്കാലത്തെയും 'രാഷ്ട്രീയ' ചിത്രവും. ഈ ഒരൊറ്റ സിനിമയുടെ പേരിൽ ജീവിതകാലം മുഴുവൻ ശ്രീനിവാസൻ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശത്രുസ്ഥാനത്ത് നിന്നു. അത് വെറുതെയല്ല എന്നാണ് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നത്, പ്രത്യേകിച്ച് ഇന്നത്തെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തിൽ.
കേരള രാഷ്ട്രീയത്തെ, പ്രത്യേകിച്ച് ഇടതുപക്ഷത്തെ അതിന്റെ മടയിൽച്ചെന്ന് നേരിടുന്ന അതിതീവ്രമായ രാഷ്ട്രീയവിമർശനത്തിന്റെ, പരിഹാസത്തിന്റെ തീവ്രത സഹിക്കാൻ കേരളത്തിലെ സോ കോൾഡ് ഇടതുപക്ഷത്തിനും പ്രൊഫഷണൽ രാഷ്ട്രീയക്കാർക്കും കഴിഞ്ഞില്ല. പരിഹാസങ്ങളെയും വിമർശനങ്ങളെയും സഹിക്കാനോ ആസ്വദിക്കാനോ ശേഷിയില്ലെന്ന് വീണ്ടുംവീണ്ടും അവർ തെളിയിച്ചുകൊണ്ടുമിരിക്കുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പുറമേ, പാരഡിയുടെ പേരിലും തിരിച്ചടി നേരിടുന്ന ഇടതുപക്ഷം ഒരു മുഴുത്ത നർമമായി നിൽക്കുന്നതിനിടെയാണ് സന്ദേശത്തേക്കുറിച്ചും ശ്രീനിവാസനേക്കുറിച്ചും തിരിഞ്ഞുനോക്കുന്നത് എന്നത് ഒരു യാദൃച്ഛികത മാത്രം.
1991-ൽ കേരള രാഷ്ട്രീയം ഇത്രയേറെ ജീർണിച്ചിട്ടില്ലാത്ത കാലത്താണ് സന്ദേശം പുറത്തിറങ്ങിയത്. കേരളത്തിലെ സിപിഎമ്മിലെയും കോൺഗ്രസ് പാർട്ടിയിലെയും പ്രത്യയശാസ്ത്ര വ്യതിയാനങ്ങളെ, വൈരുദ്ധ്യങ്ങളെ, കാപട്യങ്ങളെ, സ്വജനപക്ഷപാതങ്ങളെ, അഴിമതിയെ ഒക്കെ ഒരേനിലയിൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്, സന്ദേശം. പക്ഷേ, കേരളത്തിലെ ഇടതുപക്ഷം മാത്രമാണ് രൂക്ഷവിമർശനവുമായി ശ്രീനിവാസനെതിരേ തിരിഞ്ഞത്. എന്തുകൊണ്ടായിരിക്കും അത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ ശ്രീനിവാസൻ എന്ന സിനിമാക്കാരന്റെ, രാഷ്ട്രീയവിമർശകന്റെ പ്രതിഭയുടെ ആഴം തെളിയുന്നുണ്ട്.
വിമർശിച്ചവർ പോലും സന്ദേശത്തിലെ തമാശകളെ നന്നായി ആസ്വദിച്ചിരുന്നു എന്നതാണ് സത്യം. ഒരുപക്ഷേ, ഇടതുപക്ഷ സഹായത്രികരായിരിക്കും അത് ഏറ്റവുമധികം ആസ്വദിച്ചത്. കാരണം, പ്രഭാകരൻ കോട്ടപ്പള്ളി എന്ന ശ്രീനിവാസൻ കഥാപാത്രത്തെ, അതിന്റെ പരിഹാസ്യമായ ആന്തരിക വൈരുദ്ധ്യങ്ങളെ ഏറ്റവുമധികം തിരിച്ചറിയാനും അനുഭവിക്കാനും അവർക്കേ കഴിയൂ. തൊണ്ണൂറുകളിൽനിന്നിങ്ങോട്ടുള്ള, 35 വർഷം പിന്നിട്ടുള്ള കാലപ്രവാഹത്തിൽ ആ വൈരുധ്യങ്ങൾ പ്രതിദിനം ഏറിവരികയായിരുന്നു. ഈ പരിണാമം സന്ദേശം എന്ന ചിത്രത്തിന്റെ പ്രസക്തിയും രാഷ്ട്രീയതീവ്രതയും ഏറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടായിരിക്കാം, ഇക്കാലയളവിൽ മലയാളിയുടെ ഓരോ ദിവസവും സന്ദേശത്തിലെ സന്ദർഭങ്ങൾക്കൊണ്ടോ സംഭാഷണ ഭാഗങ്ങൾക്കൊണ്ടോ നിറഞ്ഞത്.
ശങ്കരാടി നടത്തുന്ന ‘കട്ടൻചായയും പരിപ്പുവടയും’ പ്രയോഗം കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഇത്തരം വൈരുദ്ധ്യത്തെ ചൂണ്ടിയാണ് പരിഹാസമുതിർക്കുന്നത്. ‘ഈ മൃതദേഹം മറ്റാരുടേതുമല്ല, മരിച്ചയാളുടേതാണെ’ന്ന് നമുക്ക് ഇടയ്ക്കിടെ പലരെയും ഓർമിപ്പിക്കേണ്ടിവരുന്നുണ്ട്. തിരഞ്ഞെടുപ്പ് വിലയിരുത്തിക്കൊണ്ടുള്ള പത്രസമ്മേളനങ്ങളൊക്കെ ‘താത്വികമായ അവലോകന’ങ്ങളാകുന്നതും ദിനംപ്രതി കാണുന്നു. പറയുന്നതെല്ലാം ‘പോളണ്ടിനേക്കുറിച്ചാ’കുന്ന വൈരുദ്ധ്യവും സംഭവിക്കുന്നു. ‘പ്രഥമദൃഷ്ട്യാ അകൽച്ചയിൽ കഴിയുന്നവർ തമ്മിലുള്ള അന്തർധാരകൾ’ സമകാലിക രാഷ്ട്രീയത്തിന്റെ ടാഗ്ലൈനാകുന്നു. ‘തൃച്ഛംബരം അമ്പലത്തിൽ രഹസ്യമായി പോകുന്ന’ താത്വികാചാര്യർ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു കോമഡിയേ അല്ലാതായി. ഇങ്ങനെ സ്വന്തം നഗ്നത വെളിവാകുന്നത് കണ്ട് സഹിക്കാനാകാതെയാണ് ചിലരെകൊണ്ട് സന്ദേശത്തെ മലയാളത്തിലെ ‘അശ്ലീലചിത്രം’ എന്ന് പറയിച്ചത്.
മലയാളത്തിൽ മറ്റൊരു സിനിമാക്കാരനും സാധിക്കാത്ത വിധത്തിൽ മൂർച്ചയേറിയ രാഷ്ട്രീയവിമർശനം ഈ സിനിമയിൽ ശ്രീനിവാസന് സാധിച്ചത് എന്തുകൊണ്ടാണ്? മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തേക്കുറിച്ചുള്ള ആഴമേറിയ ധാരണയും, അതിനു മേലെനിൽക്കുന്ന മാനവിക ബോധവുംതന്നെയാകാം അതിൽ പ്രധാനം. പിന്നെ, ജന്മസിദ്ധമായ, മൂർച്ചയേറിയ സാഹസ്യവും. ഒരുപക്ഷേ, കുഞ്ചൻ നമ്പ്യാർക്കുശേഷം ഹാസ്യത്തെ ഇത്രയും രാഷ്ട്രീയ-സാമൂഹ്യവിമർശനത്തിന്‍റെ ഉപകരണമാക്കിയ, ഇത്രയും ജനകീയനായ മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടാകില്ല. വിശാലമായ ഒരു മാനവികതയിൽ നിലയുറപ്പിച്ചുകൊണ്ട്, മലയാളിയുടെ ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പരിമിതികളെ/വേലിക്കെട്ടുകളെ പൊളിക്കാൻ ശ്രീനിവാസന് ശ്രമിച്ചു. സ്വയം പരിഹസിക്കാനുള്ള ഈ ശേഷിയാണ് മലയാളി എന്ന സ്വത്വത്തെ വിമർശിക്കാനും പരിഹസിക്കാനും ശ്രീനിവാസന് കെൽപ്പുനൽകിയത്. അതുതന്നെയാണ് ഇടപക്ഷ സ്വത്വമുള്ള ശ്രീനിവാസനിലെ ചലച്ചിത്രകാരന് ഇടതുപക്ഷത്തെ വിമർശിക്കാനുള്ള കരുത്തും നൽകിയത്.
Published: 20 Dec 2025, 11:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented