
ദൈവത്തിനപ്പോൾ എൻ.എഫ്. വർഗീസിന്റെ സ്വരമായിരുന്നു
ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ദൈവത്തിന്റെ നോട്ടവും സ്വരവുമായാണ്. വാടിവീഴാറായ ജീവിതത്തിന് അവർ ജീവന്റെ ജലം പകരും. ഇത് ലേഖകന്റെ അത്തരമൊരു വ്യക്ത്യനുഭവമാണ്
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിമൂന്നിന്റെ ഉച്ചപ്പകൽ. ഒരു കൊലപാതകിയുടെ ക്രൂരതയോടെ വെയിൽ ആഞ്ഞുകുത്തുന്നു. വെറും വയർ. പോക്കറ്റ് കാലിയാണെങ്കിൽ വിശപ്പേറുമെന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്ന് തെളിയിക്കേണ്ട ബാധ്യത പഴഞ്ചൊല്ലിനുണ്ടെന്ന ഉത്തരവാദിത്വം കാലിവയറിൽ ഭംഗിയായി നിറവേറുന്നു. പോക്കറ്റ് പൂർണമായും കാലിയാണെന്ന് പറയാനാവില്ല. രണ്ടുവർഷത്തെ പഠനാവശ്യങ്ങൾക്കായി ചേട്ടന്റെ സുഹൃത്ത് നാസർ ജാമ്യംനിന്നെടുത്തുതന്ന ബാങ്ക് വായ്പയായ അയ്യായിരം രൂപയുടെ ഏതാനും അംശം ബാക്കിയുണ്ട്. എം.ഫിൽ പഠനത്തിന്റെ അവശേഷിപ്പുപോലെ അത് വിയർപ്പിൽ നനഞ്ഞ പോക്കറ്റിൽ കുതിരുന്നു. എം.ഫിൽ പ്രബന്ധത്തിന്റെ ടൈപ്പുചെയ്ത കടലാസുകളുടെ കെട്ട് ഒരു ടെക്സ്റ്റൈൽസ് ഷോപ്പിന്റെ മുദ്ര നെഞ്ചിലണിഞ്ഞ പ്ലാസ്റ്റിക് കവറിൽ കിടന്ന് കിതയ്ക്കുന്നു.
പൈസയില്ലെങ്കിൽ വിശപ്പുമാത്രമല്ല, ദാഹവുമേറും. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലെ ഏക മുറുക്കാൻ കടയുടെ മുൻവരിയിൽ നിരന്ന ചില്ലുകുപ്പികളിൽ സോഡ നുരയുന്നു. അവശേഷിക്കുന്ന പൈസത്തുണ്ടുകളിൽനിന്നെടുത്ത് എന്തെങ്കിലും കഴിക്കാനുള്ള ധൈര്യമില്ല. കാരണം കൈയിലിരിക്കുന്ന കടലാസുകെട്ട് പ്രബന്ധരൂപത്തിൽ, അച്ചടക്കമുള്ള പുസ്തകമാക്കണമെങ്കിൽ പണം വേണം. ബോണ്ട് പേപ്പറിൽ ഫോട്ടോസ്റ്റാറ്റ് എടുക്കണം, പ്രബന്ധത്തിന്റെ നാല് സെറ്റുണ്ടാക്കണം. അത് പുസ്തകമായി ബൈൻഡ് ചെയ്യണം. മൂന്ന് കോപ്പി സർവകലാശാലയ്ക്ക്, ഒരു കോപ്പി വിദ്യാർഥിക്ക് എന്നാണ് ചട്ടം.
കോട്ടയത്തെ അന്നത്തെ കണക്കനുസരിച്ചാണെങ്കിൽ ആയിരം രൂപയിലേറെ വേണം നാല് കോപ്പികൾ തയ്യാറാകാൻ (അന്നത്തെ ആയിരം രൂപ ഇന്നത്തെ പതിനായിരം രൂപയുടെ പകരക്കാരൻ). തലേദിവസം കോട്ടയം മുഴുവൻ അലഞ്ഞ് താരതമ്യേന നിരക്കുകുറഞ്ഞ ഒരു ടെപ്പിങ് കേന്ദ്രത്തിൽനിന്ന് മലയാളം ടൈപ്പ് ചെയ്ത് വാങ്ങിയതോടെ അവശേഷിച്ച പൈസയിലെ പ്രധാനഭാഗം തീർന്നു. മുന്നൂറോ നാന്നൂറോ നീക്കിയിരിപ്പിന്റെ ചുളുങ്ങിയ നോട്ടുകളാണ് പോക്കറ്റിൽ കിടന്ന് കുതിരുന്നത്. ആത്മാഭിമാനത്തിന്റെ അലക്കിത്തേച്ച തുണി പുരപ്പുറത്ത് വിരിച്ചതിനാൽ ദാരിദ്ര്യം ആരോടും പറയാനുമാകില്ല.
എം.ജി. സർവകലാശാലയുടെ കീഴിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിലായിരുന്നു പഠനം. അതിരമ്പുഴയ്ക്കടുത്ത് മറ്റം കവലയിലെ പ്രാമാണികപ്പഴമയുള്ള വീട്ടിലെ താത്കാലിക കാമ്പസിൽ പ്രൊഫ. നരേന്ദ്രപ്രസാദും ഡി. വിനയചന്ദ്രനും പി.പി. രവീന്ദ്രനും വി.സി. ഹാരിസും ഡോ. എൻ.എൻ. മൂസതും ഡോ. കുര്യാക്കോസ് കുമ്പളക്കുഴിയും ഡോ. ഗീതയും കെ.എം. കൃഷ്ണനും അടങ്ങുന്ന അധ്യാപകനിരയുടെ വിദ്യാർഥിനിരകളിലൊരാൾ. ആഫ്രിക്കൻ കഥകളുടെ വിവർത്തനവും പഠനവുമായിരുന്നു പഠനാവസാനം നൽകേണ്ട പ്രബന്ധവിഷയം.
പരീക്ഷ കഴിഞ്ഞ് പ്രബന്ധം സമർപ്പിക്കാനുള്ള അവസാന തീയതിയെത്തിയപ്പോഴായിരുന്നു പരക്കംപാച്ചിൽ. ഇന്റർനെറ്റും ഗൂഗിളും ഇംഗ്ലീഷ് പുസ്തകശാലകളുടെ എണ്ണപ്പെരുപ്പമില്ലാത്ത നാളുകളിൽ പഠനത്തിനായി ആഫ്രിക്കൻ കഥകൾ കണ്ടെത്തിയതുതന്നെ അതിസാഹസം. ഡോ. ഗീതടീച്ചറുടെ ശൂപാർശക്കത്തുമായി മൈസൂർ സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ സി.ഡി. നരസിംഹയ്യയെ മാനസഗംഗോത്രിയെന്ന മനോഹരപ്രദേശത്തുള്ള വീട്ടിൽ പോയി കണ്ടതും രണ്ടു പകലും ഒരു രാത്രിയും വീട്ടുവളപ്പിലെ അതിഥിമന്ദിരത്തിൽ തങ്ങിയതും വിപുലമായ ഗ്രന്ഥപ്പുരയിൽനിന്ന് പുസ്തകങ്ങൾ തേടിപ്പിടിച്ചതും കോപ്പിയെടുത്ത് മടങ്ങിയതും ഇന്നലെ വായിച്ച കഥപോലെ.
കഥകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും ദീർഘകാല സഹസഞ്ചാരിയായിരുന്ന ഇംഗ്ലീഷ് നിഘണ്ടുവുമായി ഏറ്റുമാനൂരമ്പലത്തിനടുത്തുള്ള ചെറിയ കുടുസ്സുമുറിയിൽ ചേക്കേറി. ഒരാഴ്ചകൊണ്ട് ഏഴു കഥകളുടെ വിവർത്തനവും പഠനവും പൂർത്തിയാക്കി. ഗൈഡായിരുന്ന ഡോ. എൻ.എൻ. മൂസതിനെ കാണിച്ച് പരിശോധന നടത്തി. തുടർന്നാണ് പ്രബന്ധനിർമാണശ്രമവുമായി പുറത്തിറങ്ങിയത്. കൈയിൽ ബാക്കിയുള്ള പൈസകൊണ്ട് കോട്ടയത്ത് പ്രബന്ധം പുസ്തകമാക്കാനാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പഴയ പരിചയപ്രദേശമായ എറണാകുളത്തുപോയി ഒരു ശ്രമം നടത്താമെന്ന ആലോചനയിലാണ് വണ്ടികയറാൻ ഏറ്റുമാനൂർ ബസ് സ്റ്റാൻഡിലെത്തിയത്.
കാറ്റിനെ ചുട്ടുപഴിപ്പിച്ച് നട്ടുച്ച അടുപ്പുകൂട്ടാൻ തുടങ്ങിയപ്പോൾ നരച്ച് നിറം മങ്ങിയ, ചെളികൊണ്ട് കുറിതൊട്ട കെ.എസ്.ആർ.ടി.സി. ബസ് എത്തി. ഭാഗ്യം, തിരക്കുണ്ടായിരുന്നില്ല. ഇരിപ്പിടം കിട്ടി. ബസ് ഏറ്റുമാനൂർ കവലയിലെത്തി ഒന്ന് മൂരിനിവർന്നശേഷം കുനിഞ്ഞ് താഴോട്ടിറങ്ങുമ്പോൾ, വഴിനീളെ ചുവരുകളിൽ പുതിയ സിനിമകളുടെ പോസ്റ്ററുകൾ. യാത്രകളിലെ നിത്യകൗതുകമായിരുന്നു സിനിമാ പോസ്റ്ററുകൾ. കുട്ടിക്കാലത്ത് സിനിമാ നോട്ടീസുകൾ ശേഖരിച്ച് സമ്പാദിച്ച താത്പര്യം. കേരളത്തിലെ സിനിമാക്കൊട്ടകകളുടെ പേരുകൾ കാണാപ്പാഠമായിരുന്നു. ആരെങ്കിലും സ്ഥലപ്പേര് പറഞ്ഞാൽ അവിടത്തെ സിനിമാക്കൊട്ടകകളുടെ പേരുപറഞ്ഞ് അദ്ഭുതപ്പെടുത്താനുള്ള സാമർഥ്യമുണ്ടായിരുന്നു കുട്ടിക്കാലത്ത്. ചുവർ നിറയെ ‘ആകാശദൂതി’ന്റെ പോസ്റ്ററുകൾ.
കോട്ടയം അനുപമയിൽ ആകാശദൂത്. പോസ്റ്ററുകളിൽ മുരളിയും മാധവിയും. വണ്ടി കൊടുംചൂടിന്റെ നടവരമ്പിലൂടെ ഇരമ്പിയും തുമ്മിയും കിതച്ചും ഇഴഞ്ഞും ഓടിയും പോകുന്നതിനിടയിൽ ക്ഷീണംകൊണ്ട് മയങ്ങിപ്പോയി. ഇടയ്ക്കിടെ മയക്കത്തിൽനിന്ന് തെറിച്ചുവീഴുമ്പോഴും പുറത്തെ ചുവരുകളിൽ ഓരോന്ന് പരതിക്കൊണ്ടിരുന്നു. അപ്പോൾ ആകാശദൂതിന്റെ പോസ്റ്ററിൽ ജീപ്പോടിക്കുന്ന മുരളിയും കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ച മാധവിയും...
മൂന്നുമണിയോടെ ബസ് എറണാകുളം ബസ് സ്റ്റാൻഡിലെത്തി. മുഖമില്ലാത്ത തിരക്കുകൾ. പരിചയക്കാർ ആരും മുന്നിൽ വരരുതെന്നായിരുന്നു പ്രാർഥന. കൈയിലെ പ്ലാസ്റ്റിക് പൊതിയും മുറുകെപ്പിടിച്ച് ഫോട്ടോസ്റ്റാറ്റ് കടകൾ കയറിയിറങ്ങി. ബസ് സ്റ്റാൻഡിനടുത്ത് രണ്ടുമൂന്നെണ്ണമുണ്ടായിരുന്നു. ഒരിടത്ത് തിരക്ക്. മറ്റൊരിടത്ത് വലിയ വിലയുടെ വിലക്ക്. മൂന്നാമതിടത്ത് ആവശ്യം കേൾക്കാൻപോലും തയ്യാറില്ല. വിശപ്പപ്പോൾ അസ്തമയത്തിലായിരുന്നതിനാൽ ഉടലിൽ തളർച്ചമാത്രം. രക്തം വാർന്ന് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള അനുഭവമാണ് ഭക്ഷണം കഴിക്കാതെ തന്നെ വിശപ്പ് സ്വയം തോർന്നുതുടങ്ങുന്ന സമയം. ഈ ലോകത്തും പരലോകത്തുമല്ലെന്ന് തോന്നുന്ന അവസ്ഥ.
നടന്നുതളർന്ന് ഷേണായീസ് തിയേറ്ററിനടുത്തെത്തി (അതോ പദ്മ തിയേറ്ററോ? ഓർമ തെളിയുന്നില്ല). ഒറ്റപ്പെട്ടുനിൽക്കുന്ന ചെറു കടമുറിയിൽ ഒരു ഫോട്ടോസ്റ്റാറ്റ് കട. ഒരു ശ്രമംകൂടി നടത്താം. കടയിലേക്ക് കയറിയപ്പോൾ വാർധക്യപ്പകുതിയിലെത്തിയ ഒരാൾ. വന്നുകയറിയ ക്ഷീണിതരൂപത്തെ കടക്കാരൻചേട്ടൻ കസേരയ്ക്ക് കാട്ടിക്കൊടുത്തു. കസേര അയാളെ മടിയിലിരുത്തി. ചേട്ടൻ നീട്ടിയ ഒരു ഗ്ലാസ് വെള്ളം ഒറ്റവീർപ്പിന് ഉൾക്കുഴലുകളിലൂടെ പാഞ്ഞു. കാര്യം പറഞ്ഞു. കൈയിലിത്രയേ ഉള്ളൂ... പോക്കറ്റിലെ നനഞ്ഞ കടലാസുകൾ വിടർത്തിക്കാട്ടി. ‘‘സാരമില്ല. നമുക്ക് നോക്കാം...’’ -അയാൾ പറഞ്ഞു. അന്നത്തെ ദിവസം ആദ്യമായിക്കേട്ട നല്ലവാക്കുകളുടെ കുടക്കീഴ്. ആശ്വാസത്തിന്റെ വേനൽമഴ. ഈ കടയുടെ ഒടമ നല്ലയൊരാളാണ്. ഒന്ന് പറഞ്ഞുനോക്കാം. വിഷമിക്കണ്ട... പറഞ്ഞുകഴിഞ്ഞ് ചേട്ടൻ, കറുത്ത അലുവ മുറിച്ചുെവച്ചതുപോലെയുള്ള പഴയ കറുത്ത കറക്കുഫോണിൽ നമ്പർ ചേർത്ത് കറക്കി ചെവിചേർത്തു. മറുതലയ്ക്കലെ ശബ്ദത്തോട് എന്തൊക്കെയോ മന്ത്രിച്ചു. എന്നിട്ട്, ‘‘മോനേ... നിന്നെ വിളിക്കുന്നു, സംസാരിക്ക്...’’ ഫോൺ എന്റെനേരെ നീട്ടി.
‘‘ഹലോ...’’ ഉറച്ച ശബ്ദം അപ്പുറത്ത്. വിറയൽ ഇപ്പുറത്ത്. ‘‘എന്താ മോന്റെ പേര്?’’ പേര് ചോദിക്കുന്ന ശബ്ദം എവിടെയോ കേട്ടമാതിരി. പേര് പറഞ്ഞു. കാര്യങ്ങൾ കടയിലെ ചേട്ടൻ പറഞ്ഞു. ‘‘സാരമില്ല. എല്ലാം ശരിയാക്കിത്തരും. നിന്റെ കൈയിൽ ഉള്ളത് എന്താണോ അത് മാത്രം കൊടുത്താൽ മതി. പക്ഷേ, ഒരു കാര്യം, നന്നായി പഠിക്കണം കേട്ടോ... നല്ല മാർക്ക് മേടിക്കണം...’’ മറുപടിക്കായി വാക്കുകൾ തിരയുന്നതിനിടയിൽ അപ്പുറത്ത് ഫോൺ വെച്ചു. ഒരുപാട് പരിചിതമായ ശബ്ദം. പക്ഷേ, ആരുടേതെന്ന് തിരിച്ചറിയാനാകാത്ത മാനസികാവസ്ഥയിലായിപ്പോയതിനാൽ പിടികിട്ടുന്നില്ല. പക്ഷേ, വിയർപ്പിന്റെ നനവിന് കട്ടികൂടിയത് കണ്ണുകൾ ചോർന്നതുകൊണ്ടാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞു...
‘‘ചേട്ടാ, ആരാണാ സാർ... ശബ്ദം കേട്ടിട്ടുള്ളതുപോലെ’’ -കടക്കാരൻചേട്ടനോട് പരവേശത്തോടെ ചോദിച്ചു. ‘‘അതാണ് സിനിമേലൊക്കെ അഭിനയിക്കുന്ന എൻ.എഫ്. വർഗീസ്. പുള്ളിക്കാരന്റെ കടയാണിത്.’’ ക്ഷീണത്തിലും തരിച്ചിരുന്നുപോയി. ദൈവത്തിനപ്പോൾ എൻ.എഫ്. വർഗീസിന്റെ സ്വരമായിരുന്നു. പിന്നെ പ്രബന്ധം ബോണ്ട് പേപ്പറിലേക്ക് പകർന്നതും തൊട്ടപ്പുറത്തെ പ്രസിൽ കൊണ്ടുപോയി അത് ബയിന്റ്ചെയ്ത് പുസ്തകമായതും ചേട്ടൻ അതേ, പ്ലാസ്റ്റിക് കവറിൽ തിരികെത്തന്നതും ബോധാബോധങ്ങളുടെ നിഴൽപ്പെരുക്കങ്ങളിൽ മുങ്ങിയും പൊങ്ങിയും അറിഞ്ഞും അറിയാതെയും കഴിഞ്ഞ മണിക്കൂറുകൾ.
ഇറങ്ങാൻനേരം, പോക്കറ്റിൽനിന്ന് നോട്ടുകളെടുത്ത് നീട്ടി. അതിൽനിന്ന് കുറച്ചു പണം മാത്രമെടുത്ത് ബാക്കി ചേട്ടൻ കൈകൾക്കുള്ളിൽ തിരികെെവച്ചു. ‘‘എന്തേലും കഴിക്കണ്ടേ? തിരികെപ്പോകാൻ വണ്ടിക്കാശ് വേണ്ടേ?...’’ ചേട്ടനും മറ്റൊരു ദൈവം. പുറത്ത് ചിരിച്ചും ഉള്ളിൽ കരഞ്ഞും പുറത്തിറങ്ങുമ്പോൾ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ പുറംചുവരുകളിൽ ആകാശദൂതിന്റെ പുതിയ പോസ്റ്റർ. അതിൽ മുരളിക്കും മാധവിക്കുമൊപ്പം പാൽക്കാരൻ കേശവന്റെ ദൈവത്തിന്റെ തലയും. കൊടുത്തവാക്ക് പാലിച്ചു. എം.ഫിൽ നല്ലനിലയിൽ പാസ്സായി. പക്ഷേ, ഒരിക്കൽപ്പോലും ദൈവത്തെ നേരിൽ കാണാനായില്ല എന്ന ഖേദം വീട്ടാക്കടമായി. 2002 ജൂൺ 19-ന് മരണം അതിനുള്ള സാധ്യത പൂർണമായും അടച്ചു. എന്നോട് ക്ഷമിക്കണം.
ജൂൺ 19- എൻ.എഫ് വർഗീസ് വിടവാങ്ങി 18 വർഷങ്ങൾ തികയുന്നു.
Content Highlights: Remembering NF Varghese malayalam actor on his 18th death anniversary, NF Varghese Movies, Famous Villain roles, character
Published: 21 Jun 2020, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented