2024-ന്റെ ആദ്യ മൂന്നുമാസത്തിനിടെ തുടര്‍ച്ചയായി നാലു മരണങ്ങള്‍. ഒരാള്‍ മരണത്തോടു മല്ലിട്ട് അത്യാസന്നനിലയില്‍ ആശുപത്രിയില്‍. വാര്‍ത്ത വരുന്നത് രതിച്ചിത്ര ലോകത്തുനിന്നാണ്. മരണമടഞ്ഞവരെല്ലാം 45 വയസിന് താഴെ മാത്രം പ്രായമുള്ള നടികൾ. തൈന ഫീല്‍ഡ്‌സ്, ജെസ്സീ ജെയ്ന്‍, കാഗ്നി ലിന്‍ കാര്‍ട്ടര്‍, സോഫിയാ ലിയോണ്‍ എന്നിവരാണ് ജനുവരി മുതല്‍ മാര്‍ച്ചുവരെ മരണമടഞ്ഞ രതിച്ചിത്ര നടിമാര്‍. ഇതേരംഗത്ത് പ്രവര്‍ത്തിക്കുന്ന എമിലി വില്ലിസ് ആശുപത്രിയില്‍ ചികിത്സയിലും. ഒരേ മേഖലയില്‍ നിന്നുള്ളവരുടെ തുടര്‍ച്ചയായുള്ള മരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം എന്തായിരിക്കും? ഓരോ ജീവിതങ്ങളിലൂടെയും, ഓരോ മരണങ്ങളിലൂടെയും പരിശോധിക്കാം.

To advertise here,

മരണ പരമ്പര തുടങ്ങുന്നു

ഈ വര്‍ഷം ജനുവരി 12-നാണ് മരണപരമ്പരയുടെ തുടക്കം. പെറുവിലെ പോണ്‍ ചലച്ചിത്ര താരം തായിന ഫീല്‍ഡ്‌സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് 24-കാരിയായ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. ഒരു സ്ത്രീയാകുകയും പോണ്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് അവര്‍ വെളിപ്പെടുത്തിയിരുന്നത്. നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നും ജോലിക്കെടുത്താല്‍ തന്നെക്കൊണ്ട് അവര്‍ക്കിഷ്ടമുള്ളത് ചെയ്യിക്കാമെന്നാണ് പലരും കരുതിയിരുന്നതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. വീട്ടിലെത്തിയതിനുശേഷം താന്‍ ഏറെനേരം കരയാറുണ്ടായിരുന്നുവെന്നും ഇത് പലതവണ ആവര്‍ത്തിച്ചുവെന്നും തായിന പറഞ്ഞിരുന്നു.

placeholder
തായിന ഫീല്‍ഡ്‌സ്

ജനുവരി 25-നാണ് പോണ്‍ ഇന്‍ഡസ്ട്രിയെ പിടിച്ചുകുലുക്കിയ അടുത്ത മരണം നടന്നത്. 2000 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെസ്സി ജെയ്ന്‍ ആയിരുന്നു അത്. മൂറിലെ വസതിയില്‍ കാമുകനായ ബ്രെറ്റ് ഹെയ്‌സന്‍മുള്ളര്‍ക്കൊപ്പം മരിച്ചനിലയില്‍ അവരെ കണ്ടെത്തുകയായിരുന്നു. പൈറേറ്റ്‌സ് പോലുള്ള അഡള്‍ട്ട് ചിത്രങ്ങളിലും സ്റ്റാര്‍സ്‌കൈ ആന്‍ഡ് ഹച്ച്, എന്‍ടൂറേജ് പോലുള്ള മുഖ്യധാരാ സിനിമകളിലും സാന്നിധ്യമറിയിച്ച നടിയായിരുന്നു ജെസ്സി. അവാര്‍ഡ് നിശകളില്‍ അവതാരകയായി. മരിക്കുമ്പോള്‍ 43 വയസായിരുന്നു ജെസ്സിക്ക്. കൃത്യമായ കാരണം അറിയില്ലെങ്കിലും മയക്കുമരുന്നിന്റെ അമിതോപയോഗമാവാം ജെസ്സിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

placeholder
ജെസ്സി ജെയ്ന്‍

കാഗ്നി ലിന്‍ കാര്‍ട്ടറായിരുന്നു അടുത്തത്. 36-ാം വയസിലാണ് മരണം അവരെ കവര്‍ന്നെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഹായോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നടിയുടേത് മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസ് അറിയിച്ചത്. വ്യാഴാഴ്ച ഒഹിയോയിലെ കുയാഹോഗാ കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസ് കാഗ്‌നിയുടെ മൃതശരീരം ഏറ്റുവാങ്ങി. കാഗ്‌നിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള പണം സ്വരൂപിക്കുന്നതിനായി ഫിറ്റ്‌നസ് സ്റ്റുഡിയോ ഉടമകളായ രണ്ട് സ്ത്രീകള്‍ചേര്‍ന്ന് ഒരു വെബ് പേജ് തുടങ്ങിയിരുന്നു. താരത്തിന്റെ മുന്‍ പോള്‍ പരിശീലകര്‍കൂടിയാണ്. ശ്രദ്ധേയമായ നിരവധി നേട്ടങ്ങളും കഴിവുകളും ഉണ്ടായിരുന്നിട്ടും, വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ കാഗ്‌നി മാനസികാരോഗ്യ പ്രശ്നങ്ങളുമായി പോരാടുകയായിരുന്നെന്നാണ് ഈ ധനസമാഹരണ പേജ് ചൂണ്ടിക്കാട്ടിയത്. 2000ത്തിന്റെ മധ്യത്തിലാണ് കാഗ്‌നി അഡല്‍ട്ട് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചത്. അടുത്തിടെ നാടായ ഒഹിയോയിലേക്ക് തിരിച്ചെത്തിയ അവര്‍ ഒരു പോള്‍ ഫിറ്റ്‌നസ് സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു.

placeholder
കാ​ഗ്നി ലിൻ കാർട്ടർ

സോഫിയ ലിയോണാണ് ഈ പട്ടികയിലെ അടുത്തയാള്‍. 26 വയസായിരുന്നു മരണമടയുമ്പോള്‍ സോഫിയയുടെ പ്രായം. നടിയെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സോഫിയയുടെ കുടുംബത്തിന് അവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സോഫിയയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് ഒന്നിനാണ് കുടുംബാംഗങ്ങള്‍ അവസാനമായി സോഫിയയോട് സംസാരിച്ചത്. 1997 ജൂണ്‍ പത്തിന് മയാമിയിലായിരുന്നു സോഫിയാ ലിയോണിന്റെ ജനനം. 18-ാം വയസിലാണ് സോഫിയ രതിചിത്ര മേഖലയിലേക്ക് കടന്നുവന്നത്. ഒരു മില്ല്യണ്‍ ഡോളറായിരുന്നു (8.24 കോടി രൂപ) അവരുടെ പ്രതിഫലം.

placeholder
സോഫിയാ ലിയോൺ

ഈ മരണങ്ങളുടെ ചൂടാറുംമുമ്പേയാണ് നടി എമിലി വില്ലിസിനെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത പുറത്തുവന്നത്. മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് കാരണം. മാലിബുവിലെ സെലിബ്രിറ്റി റീഹാബ് സെന്ററില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് മോചനം നേടാനായി ഈ കേന്ദ്രത്തില്‍ നടി കുറച്ചുനാളായി താമസിച്ചുവരികയായിരുന്നു. 2017-ല്‍ ഈ രംഗത്തെത്തിയ എമിലിക്ക് കരിയറിന്റെ അകമ്പടിയായി വിവാദങ്ങളുമുണ്ടായിരുന്നു. 700 ചിത്രങ്ങളില്‍ അഭിനയിച്ചു. പോണ്‍ ബ്രാന്‍ഡുകളായ റിയാലിറ്റി കിംഗും ഈവിള്‍ ഏഞ്ചലുമായും സഹകരിച്ച അവര്‍ പെന്റാഹൗസ് മാസികയിലും ഇടംപിടിച്ചു. രതിച്ചിത്ര മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന എ.വി.എന്‍ പുരസ്‌കാരം 2021-ല്‍ നേടുകയും ചെയ്തു അവര്‍.

placeholder
എമിലി വില്ലിസ്

കാര്യങ്ങള്‍ ഇത്രയും എത്തിയ സാഹചര്യത്തിലാണ് രതിച്ചിത്ര മേഖലയില്‍നടക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ആളുകള്‍ ചോദിച്ചുതുടങ്ങുന്നത്. അതിന് ഉത്തരം കിട്ടണമെങ്കില്‍ എന്താണ് പോണ്‍ ചലച്ചിത്ര മേഖലയെന്നും അവിടെയെന്താണ് നടക്കുന്നതെന്നും മനസിലാക്കണം.

രതിച്ചിത്ര മേഖലയുടെ ഉള്ളുകള്ളികളിലേക്ക്

സൗജന്യമായാണ് ഓണ്‍ലൈന്‍ പോണോഗ്രഫിയുടെ നല്ലൊരു പങ്കും കാഴ്ചക്കാര്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ സബ്‌സ്‌ക്രിപ്ഷനോടുകൂടി ഇത്തരം വീഡിയോകള്‍ കാണിക്കുന്ന വെബ്‌സൈറ്റുകളുമുണ്ട്. പോണോഗ്രഫി മേഖലയിലേക്കുവരുന്ന പുതിയ നടിമാര്‍ക്ക് ആഴ്ചയില്‍ മൂന്നുമുതല്‍ അഞ്ച് രംഗങ്ങള്‍ വരെയാണ് ചിത്രീകരിക്കേണ്ടിവരിക എന്നാണ് കണക്കുകള്‍ പറയുന്നത്. ഓരോ രംഗങ്ങള്‍ക്കും പ്രതിഫലമായി ലഭിക്കുന്നതാകട്ടെ 800 അമേരിക്കന്‍ ഡോളറും (ഏകദേശം 66,411 രൂപ). ട്വിറ്ററായിരുന്നു പോണ്‍ താരങ്ങള്‍ അവരുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിച്ചിരുന്ന സോഷ്യല്‍ മീഡിയ. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍നിന്ന് വ്യത്യസ്തമായി പോണോഗ്രാഫിക് ഉള്ളടക്കങ്ങളെ സെന്‍സര്‍ ചെയ്യില്ല എന്നതാണ് ഇതിന് കാരണം. 13 വയസുമതി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങാന്‍.

പ്രമുഖ അമേച്വര്‍ പോണ്‍ കമ്പനികള്‍ സാധാരണയായി ഒരു പുതിയ നടിക്ക് രണ്ട് അല്ലെങ്കില്‍ മൂന്ന് തവണ അവസരം നല്‍കുന്നു. പിടിച്ചുനില്‍ക്കുകയും വിജയിക്കുകയും ചെയ്തില്ലെങ്കില്‍ ഇന്‍ഡസ്ട്രിക്ക് പുറത്തായിരിക്കും സ്ഥാനം. ജീവിക്കാന്‍ മറ്റ് ജോലികള്‍ സ്വീകരിക്കേണ്ടി വരും. രതിച്ചിത്ര മേഖലയിലേക്ക് വരുന്നവര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം എന്നതൊഴിച്ചുനിര്‍ത്തിയാല്‍ മറ്റ് നിബന്ധനകളൊന്നുമില്ല എന്നാണ് 2015-ല്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ ഹോട്ട് ഗേള്‍സ് വാണ്ടഡ് എന്ന ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നത്. കൗമാരം എന്നതാണത്രേ ഇന്റര്‍നെറ്റ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട് ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്. ഓണ്‍ലൈന്‍ പോണോഗ്രാഫിയില്‍ 40 ശതമാനവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചിത്രീകരിക്കുന്നതായി അക്കാലത്ത് ഈ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കിയിരുന്നു.

യാതൊരു സുരക്ഷാ മാര്‍ഗങ്ങളും ഉപയോഗിക്കാത്ത അഡള്‍ട്ട് ചിത്രങ്ങള്‍ക്കായിരുന്നു കൂടുതല്‍ ആരാധകര്‍. ഇക്കാരണത്താല്‍ 2014-ല്‍ കാലിഫോര്‍ണിയ അസംബ്ലി ഒരു നിയമം പാസാക്കാനൊരുങ്ങിയിരുന്നു. കാലിഫോര്‍ണിയയില്‍ ചിത്രീകരിക്കുന്ന രതിച്ചിത്രങ്ങളിലെ നടീനടന്മാര്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചിരിക്കണമെന്നായിരുന്നു അത്. ലൈംഗികരോഗങ്ങള്‍ പകരുന്നത് തടയാന്‍ തൊഴിലുടമകള്‍ അഭിനേതാക്കളെ സ്ഥിരമായി പരിശോധിക്കാനുള്ള സജ്ജീകരണമൊരുക്കണമെന്നും നിര്‍ദേശങ്ങളിലുണ്ടായിരുന്നു. എന്നാല്‍, ഈ നീക്കം പിന്നീട് തള്ളപ്പെട്ടു. നൂറോളം നടന്മാരും നിര്‍മാതാക്കളുമടക്കം പങ്കെടുത്ത വോട്ടെടുപ്പില്‍ മതിയായ പിന്തുണ ലഭിക്കാതിരുന്നതാണ് ഇതിന് കാരണം. ബാലറ്റ് ബോക്‌സില്‍ത്തന്നെ അകാലചരമമടയാനായിരുന്നു ഈ നിയമത്തിന്റെ വിധി.

placeholder
പ്രതീകാത്മകചിത്രം

താരമരണങ്ങള്‍ മുമ്പും

രതിച്ചിത്ര മേഖലയിലെ താരങ്ങളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. 2023-ലായിരുന്നു ബ്രിട്ടീഷ് താരം സോഫി ആന്‍ഡേഴ്‌സണ്‍ മരിച്ചത്. കാമുകനും മുന്‍ ക്രിസ്റ്റല്‍ പാലസ് ഫുട്‌ബോള്‍ ടീമംഗവുമായിരുന്ന ഒലിവര്‍ സ്‌പെഡ്ഡിങ് മരിച്ചതിന്റെ രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു സോഫിയും ഈ ലോകത്തോട് വിടുപറഞ്ഞത്. മരിക്കുമ്പോള്‍ സോഫിക്ക് 36-ഉം സ്‌പെഡ്ഡിങ്ങിന് 34-ഉം ആയിരുന്നു പ്രായം. ഒരു അഡള്‍ട്ട് സിനിമാ സെറ്റില്‍വെച്ചായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. സോഫിയുടെ മരണത്തിന് കാരണമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

placeholder
സോഫി ആന്‍ഡേഴ്‌സണ്‍

ട്രാന്‍സ്‌ജെന്‍ഡര്‍ പോണ്‍ താരമായ ആഞ്ചലീന പ്ലീസിന്റെ മരണം 2022-ലായിരുന്നു. അതും 24-ാം വയസില്‍. ഫ്രാന്‍സെസ്‌ക മൊണ്ടല്‍ബനോ എന്നാണ് യഥാര്‍ഥ പേര്. ലാസ് വേഗാസിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാണാനില്ലെന്ന റിപ്പോര്‍ട്ടിനു പിന്നാലെയായിരുന്നു സംഭവം. അമിതമായി കൊക്കെയ്ന്‍ ഉപയോഗിച്ചതാണ് മരണത്തിന് കാരണമെന്ന് പിന്നീട് കണ്ടെത്തി.

പോണ്‍ സിനിമാ വ്യവസായത്തെ ഞെട്ടിച്ച മറ്റൊരു മരണം നടന്നത് 2021-ലാണ്. ഡക്കോട്ട സ്‌കൈ ആയിരുന്നു ആ നടി. ലോസ് ആഞ്ചലിസിലെ ഒരു മോട്ടോര്‍ഹോമില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. മരണമടയുമ്പോള്‍ 27 വയസായിരുന്നു അവര്‍ക്ക്. അമ്മ മരിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോഴായിരുന്നു ഡക്കോട്ടയുടേയും മരണം. 2013 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ 300-ലേറെ രതി ചിത്രങ്ങളിലാണ് ലോറന്‍ സ്‌കോട്ട് എന്ന ഡക്കോട്ട സ്‌കൈ അഭിനയിച്ചത്. അത്ര സുഖകരമല്ലാത്ത ഒരു ഭൂതകാലവും അവര്‍ക്കുണ്ടായിരുന്നു. മുന്‍ കാമുകനായ റോബര്‍ട്ട് ആന്‍ഡേഴ്‌സണെ മര്‍ദിച്ചതിന് ഡക്കോട്ട 2017-ല്‍ അറസ്റ്റിലായിരുന്നു. ഡക്കോട്ട രതിച്ചിത്ര മേഖലയിലേക്ക് വന്നതിനെ ദുരന്തമെന്നാണ് മുമ്പ് അവരുടെ ബന്ധുവായ ലിന്‍ഡാ ആര്‍ഡെന്‍ അന്ന് പ്രതികരിച്ചത്.

placeholder
ഡക്കോട്ട സ്‌കൈ

23-കാരി ഒലിവിയാ ലുവയെ വെസ്റ്റ് ഹോളിവുഡിലെ പുനരധിവാസ കേന്ദ്രത്തില്‍ 2018 ജനുവരിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അമിതമായ മയക്കമരുന്ന് ഉപയോഗത്തിന് ചികിത്സ തേടുന്നതിനിടെയായിരുന്നു ലുവയുടെ മരണം. ഒലിവിയാ വോള്‍ട്ടയര്‍ എന്നായിരുന്നു ലുവയുടെ യഥാര്‍ഥ പേര്. മരിക്കുന്നതിന് ഒരാഴ്ചമുമ്പ് തന്റെ പ്രതീക്ഷ മുഴുവന്‍ അവസാനിച്ചെന്ന് ലുവ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. 

2021 ജൂണിലാണ് രതിച്ചിത്ര നടി ഡാലിയാ സ്‌കൈയെ (31) കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയില്‍ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍ വെടിയേറ്റായിരുന്നു അവരുടെ മരണം. ഡാലിയയുടേത് ആത്മഹത്യയാണെന്ന് ലോസ് ആഞ്ജലീസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് പിന്നീട് സ്ഥിരീകരിച്ചു. 32-ാം പിറന്നാളിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേയായിരുന്നു ഡാലിയയുടെ മരണം. നേരത്തേ സ്തനാര്‍ബുദം നാലാം ഘട്ടത്തിലെത്തിയിരുന്ന ഡാലിയയെ വിഷാദരോഗവും പിടികൂടി. വീടുപോലുമില്ലാതിരുന്ന ഡാലിയ കാറിലായിരുന്നു അവസാനനാളുകള്‍ ചെലവഴിച്ചിരുന്നത്.

placeholder
ഡാലിയാ സ്‌കൈ

2018-ലായിരുന്നു മറ്റൊരു പോണ്‍ താരമായിരുന്ന ഒലിവിയ നോവ എന്ന ലെക്‌സി ഫോര്‍ഡിയുടെ മരണം. മൂത്രനാളിയിലെ അണുബാധ വൃക്കകളിലേക്ക് വ്യാപിക്കുകയും സെപ്സിസ് എന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തതാണ് മരണകാരണം. സ്വന്തം ബെഡ്‌റൂമില്‍ മരിച്ച് കിടക്കുമ്പോള്‍ 20 വയസുമാത്രമായിരുന്നു ഒലിവിയയുടെ പ്രായം. മരിച്ച് 12 മണിക്കൂറിന് ശേഷമാണ് അവരെ കണ്ടെത്തുന്നത്. കിഡ്‌നി അണുബാധയ്ക്കും യു.ഡി.ഐക്കുമുള്ള മരുന്നുകളായിരുന്നു മുറി നിറയെ. 2017-ല്‍ കാമുകനായ നോളന്‍ മയക്കുമരുന്ന് അമിതോപയോഗത്തേത്തുടര്‍ന്ന് മരിച്ചശേഷം മദ്യപാനത്തിലേക്ക് തിരിഞ്ഞിരുന്നു അവര്‍. ഇതില്‍നിന്ന് മോചിതയാകാനും പിന്നീടവര്‍ ശ്രമിച്ചിരുന്നു.

നടിമാര്‍ മാത്രമല്ല, പോണ്‍ രംഗത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരു നടനും അകാല ചരമമടഞ്ഞിട്ടുണ്ട്. 2018-ല്‍ മരണത്തിന് കീഴടങ്ങിയ അദ്ദേഹമാണ് അമേരിക്കന്‍ നടനായ  ബില്‍ ബെയ്‌ലി. ഒരപകടത്തിലാണ് 2000-ലേറെ അഡള്‍ട്ട് ചിത്രങ്ങളിലഭിനയിച്ച താരത്തിന്റെ അന്ത്യം. മെക്‌സിക്കോ സിറ്റിയിലെ റിയോയിലെ പ്ലാഷ് ഹോട്ടല്‍ ഗ്രാന്‍ഡ് പ്രിക്‌സിലെ ഗോവണിപ്പടിയില്‍ റെയിലിംഗിന് മുകളില്‍ വീണായിരുന്നു മരണം. ഇതിന് തൊട്ടുമുമ്പ് നന്നായി മദ്യപിച്ചിരുന്നു ഇദ്ദേഹം. പോണ്‍ മേഖലയിലേക്ക് വരുന്നതിന് മുമ്പ് ഇറാഖില്‍ ജോലി ചെയ്തിരുന്നു ഇയാള്‍.

placeholder
ബില്‍ ബെയ്‌ലി

ഡാലിയയേപ്പോലെ സ്വയം ജീവനൊടുക്കിയ മറ്റൊരു പോണ്‍ താരമായിരുന്നു കാനഡ സ്വദേശിയായ ഓഗസ്റ്റ് അമി. മെഴ്‌സിഡസ് ഗ്രാബോസ്‌കി എന്നാണ് യഥാര്‍ഥ പേര്. സൈബര്‍ ബുള്ളിയിങ്, ഹോമോഫോബിയ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കേ 2017 ഡിസംബറിലായിരുന്നു ഈ 23-കാരിയുടെ മരണം. നാലുവര്‍ഷമാണ് ഓഗസ്റ്റ് പോണ്‍ സിനിമാ മേഖലയിലുണ്ടായിരുന്നത്. ആറുലക്ഷമായിരുന്നു അവരുടെ ട്വിറ്റര്‍ ഫോളോവര്‍മാരുടെ എണ്ണം. സുരക്ഷിതമല്ലാത്ത രീതിയില്‍ സെക്‌സ് രംഗങ്ങള്‍ ചെയ്യുന്ന ഒരു നടനൊപ്പം അഭിനയിക്കുന്നതിന് വിസമ്മതിച്ചതിന് ക്രൂരമായി സൈബര്‍ ആക്രമണം നേരിട്ടതിന് രണ്ടുദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു ഓഗസ്റ്റിന്റെ മരണം. അഡള്‍ട്ട് ചിത്ര സംവിധായകനായ കെവിന്‍ മൂര്‍ ആയിരുന്നു ഓഗസ്റ്റിന്റെ ഭര്‍ത്താവ്.

അഡള്‍ട്ട് സിനിമാലോകത്തുനിന്ന് പുറത്തുകടന്ന് താരമായവര്‍

ഇത്രയും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും രതിച്ചിത്ര മേഖലയില്‍നിന്ന് പുറത്തുവന്ന് മുഖ്യധാരാ സിനിമകളില്‍ സ്ഥാനമുറപ്പിച്ച താരങ്ങളെ വിസ്മരിക്കുകയുമരുത്. ഇവരില്‍ മിക്കവരും മുഖ്യധാരാ സിനിമകളില്‍ ശ്രദ്ധകൊടുക്കുകയും നിലയുറപ്പിക്കുകയും ചെയ്തശേഷമാണ് അഡള്‍ട്ട് സിനിമാ മേഖല പാടേ ഉപേക്ഷിച്ചത്. അതില്‍പ്പെട്ട മൂന്നുപേരാണ് ആക്ഷന്‍ സിനിമാ പ്രേമികള്‍ ഇന്നും ഇതിഹാസങ്ങള്‍ എന്നൊക്കെ വിശഷിപ്പിച്ച് മനസില്‍ കൊണ്ടുനടക്കുന്ന ജാക്കിചാന്‍, അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍, സില്‍വസ്റ്റര്‍ സ്റ്റാലണ്‍ എന്നിവര്‍.

70-കളുടെ മധ്യത്തില്‍ ഓള്‍ ഇന്‍ ദ ഫാമിലി എന്ന ചിത്രത്തില്‍ ജാക്കി ചാന്‍ അഭിനയിച്ചിരുന്നു. ഹോങ് കോങ്ങില്‍ നിര്‍മിച്ച പോണോ - കോമഡി ചിത്രമായിരുന്നു ഇത്. ഒരു റിക്ഷാഡ്രൈവറുടെ വേഷമായിരുന്നു ജാക്കി ചാന് ഇതില്‍. എഴുപതുകളില്‍ത്തന്നെയായിരുന്നു അഡള്‍ട്ട് ചിത്ര മേഖലയിലേക്കുള്ള അര്‍നോള്‍ഡിന്റെ വരവ്. 1970-ല്‍ മിസ്റ്റര്‍ ഒളിമ്പിയ ഓസ്ട്രിയന്‍ ജേതാവായിരന്ന അര്‍നോള്‍ഡ് അക്കാലത്ത് ഒരു ഗേ മാസികയ്ക്കുവേണ്ടി ഒട്ടേറെ പോണോഗ്രഫി ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നീടദ്ദേഹം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരുള്ള താരമായി മാറി. 2003-ല്‍ കാലിഫോര്‍ണിയയുടെ ഗവര്‍ണറായും അദ്ദേഹം സ്ഥാനമേറ്റു. 2011 ജനുവരി അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു.

placeholder
ജാക്കി ചാന്‍

1970-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സോഫ്റ്റ് പോണോഗ്രാഫിക് റൊമാന്റിക് ചിത്രമായിരുന്നു ദ പാര്‍ട്ടി അറ്റ് കിറ്റി ആന്‍ഡ് സ്റ്റഡ്‌സ് (The Party at Kitty and Stud's). ഈ ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത് സാക്ഷാല്‍ സില്‍വസ്റ്റര്‍ സ്റ്റാലണ്‍ ആയിരുന്നു. രണ്ട് ദിവസം മാത്രം ഈ ചിത്രത്തില്‍ അഭിനയിച്ച സ്റ്റാലണ് അന്ന് 200 ഡോളറായിരുന്നു പ്രതിഫലം. 1976-ല്‍ ഈ ചിത്രം ഇറ്റാലിയന്‍ സ്റ്റാലിയണ്‍ എന്ന പേരില്‍ റീ റിലീസ് ചെയ്തു. റോക്കി എന്ന ചിത്രം റിലീസായി വന്‍ ഹിറ്റായതോടെയായിരുന്നു ഇത്. ഹോളിവുഡ്ഡില്‍ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പ് നടിമാരായ കാമറൂണ്‍ ഡയസ്, ഷു ഖി, സാഷാ ഗ്രേ, സിബല്‍ കെകില്ലി എന്നിവരും അഡള്‍ട്ട് ചിത്രങ്ങളില്‍ അഭിനയിച്ചവരാണ്.

placeholder
സില്‍വസ്റ്റര്‍ സ്റ്റാലണ്‍

എന്നാല്‍ ഒരാളെക്കൂടി ഉള്‍പ്പെടുത്താതെ ഈ ലിസ്റ്റ് പൂര്‍ണമാവില്ല. അത് മറ്റാരുമല്ല, സാക്ഷാല്‍ സണ്ണി ലിയോണ്‍. കരണ്‍ജിത്ത് കൗര്‍ വോറ എന്ന പഞ്ചാബ് വേരുകളുള്ള കനേഡിയന്‍-അമേരിക്കന്‍ പെണ്‍കുട്ടിയാണ് പിന്നീട് രതിച്ചിത്രലോകത്തിലെ മൂല്യമേറിയ താരങ്ങളിലൊരാളായി വളര്‍ന്ന സണ്ണി ലിയോണ്‍. പെന്റ്ഹൗസ് മാഗസിന്‍ 2003-ല്‍ സണ്ണിയെ പെന്തോന്‍ പെറ്റ്‌സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോണ്‍ സ്റ്റാറിനുള്ള പല പുരസ്‌ക്കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. 2005 ല്‍ ആദം ആന്റ് ഈവ് തങ്ങളുടെ വെസ്റ്റ് കോസ്റ്റിന്റെ ഇന്റര്‍നെറ്റ് വില്പന പ്രതിനിധിയായും നിയമിച്ചു. വിവിഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിച്ച ചിത്രങ്ങളിലായിരുന്നു അവര്‍ ആദ്യം അഭിനയിച്ചിരുന്നത്. 2009-ല്‍ ജീവിതപങ്കാളിയായ ഡാനിയല്‍ വെബ്ബറുമായി ചേര്‍ന്ന് സ്വന്തം സ്റ്റുഡിയോ ആരംഭിച്ചു. 2011 ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍കൂടി ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമാ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

placeholder
സണ്ണി ലിയോണ്‍

2012-ല്‍ പൂജ ബട്ടിന്റെ ജിസം-2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ലിയോണിന്റെ ബോളിവുഡ് പ്രവേശനം. പിന്നീട്  ജാക്പോട്ട്, രാഗിണി എം.എം.എസ്-2, 2015 ല്‍ ഏക് പെഹേലി ലീല തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വടകുറി എന്ന തമിഴ് ചിത്രത്തിലും പി.എസ്.വി ഗരുഡവേഗ എന്ന തെലുങ്ക് ചിത്രത്തിലും മധുരരാജ, മൃദുഭാവേ ദൃഢകൃത്യേ എന്നീ മലയാളചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. ഇതില്‍ ഗരുഡവേഗയിലേയും മധുരരാജയിലേും ഗാനങ്ങള്‍ക്ക് ഇപ്പോഴും ആരാധകരുണ്ട്. പോണ്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായും അവരിപ്പോള്‍ സമയംകണ്ടെത്തുന്നുണ്ട്. മാറ്റിവെച്ചു. ലോസ് ആഞ്ചലോസില്‍ നടത്തിയ റോക്-അന്‍-റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി. അതിനുപുറമേ വളർത്തുമൃ​ഗങ്ങളെ പരിപാലിക്കുന്ന കാമ്പയ്‌നും മറ്റും നേതൃത്വവും നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.