
പ്രായമേറി വരുന്നതുകൊണ്ടാവുമോ? അതോ കാണുന്ന പടങ്ങളുടെ എണ്ണം കൂടിവരുന്നതുകൊണ്ടോ? പല സമീപകാല സിനിമകളിലേയും രംഗങ്ങൾ ഓർമ്മയിൽ തങ്ങിനിൽക്കുന്നില്ല. ഓർമ്മ വന്നാൽ തന്നെ അവ ഏത് സിനിമയിലായിരുന്നുവെന്ന് നിശ്ചയിക്കാനാവാത്ത അവസ്ഥ. ‘ഓട്ടിട്ടി’ക്കാലമല്ലേ? സ്വാഭാവികം. പടങ്ങളുടെ പേരുകളിലുമുണ്ട് അതേ കൺഫ്യൂഷൻ. ഗൂഗിളമ്മാവൻ ഇല്ലായിരുന്നെങ്കിൽ ശരിക്കും വെട്ടിലായേനെ... പോട്ടെ. കാലക്രമേണ ശരിയാകുമായിരിക്കും.
അത്ഭുതം അതല്ല. പഴയ ചില സിനിമകളിലെ ചില പ്രത്യേക രംഗങ്ങൾ മനസ്സിൽനിന്ന് ഇറങ്ങിപ്പോകുന്നേയില്ല. ടെലിവിഷനിലും യുട്യൂബിലും ഫേസ് ബുക്കിലും ഇൻസ്റ്റാ റീൽസിലുമൊക്കെയായി ആയിരം തവണയെങ്കിലും കണ്ടിരിക്കും ആ രംഗം. എങ്കിലെന്ത്? വെറുതേയിരിക്കുമ്പോൾ അതെങ്ങാനും ഓർമ്മ വന്നാൽ പെട്ടു. ഒരിക്കൽ കൂടി കാണാതെ വെറുതെയിരിക്കില്ല മനസ്സ്. പിന്നെ മൊബൈൽ ഫോണിനെ ആശ്രയിച്ചേ പറ്റൂ.
അങ്ങനെ ആവർത്തിച്ച് കാണുന്ന ഒന്നാണ് ‘മൂക്കില്ലാ രാജ്യ’ത്തെ തിലകന്റെ പ്രസംഗം. വല്ല ടെൻഷനോ ഡിപ്രഷനോ ഉള്ള സമയമെങ്കിൽ ശരിക്കും ഒരു ‘മാനസമിത്ര’ ഗുളികയുടെ ഫലം ചെയ്യുന്ന സീൻ. മുപ്പത്തഞ്ചു വർഷം മുൻപിറങ്ങിയ പടമാണതെന്ന് കൂടി ഓർക്കണം.
മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോന്നിരിക്കുയാണ് തിലകന്റെ മൊട്ടത്തലയൻ കേശവൻ. ആരോ കയ്യിലേൽപ്പിച്ച ബൊക്കെയുമായി സ്റ്റേജിൽ ചെന്നുകയറിയ ശേഷം തൊണ്ട ക്ലിയറാക്കി നേരെ പ്രസംഗത്തിലേക്ക് കടക്കുന്നു അദ്ദേഹം.
സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് തുടക്കം: ‘ഞാൻ ഒരു കോടീശ്വരനാണ്. ഒരു ദിവസം എന്റെ വരുമാനം എന്നു പറയുന്നത് വെറും രണ്ടു ലക്ഷത്തി മുപ്പത്തയ്യായിരം രൂപാ 49 പൈസ. ലാഭം എനിക്കാവശ്യമില്ല. അനാഥാലയത്തിനും അന്ധവിദ്യാലയത്തിനും ലക്ഷങ്ങൾ ഞാൻ സംഭാവന നൽകുന്നുണ്ട്. പത്രത്തിൽ പേര് വരുന്നത് എനിക്കിഷ്ടമില്ല. ഇത്രയൊക്കെ പണമുണ്ടായിട്ടും എനിക്ക് ഇതേ വരെ വിദേശ വസ്ത്രങ്ങളോട് കമ്പം തോന്നിയിട്ടില്ല. എന്റെ പണം എന്റെ നാടിന് വേണ്ടി ചെലവാക്കണം എന്നാണ് ആഗ്രഹം.’ (സദസ്സിന് രോമാഞ്ചം, നിലക്കാത്ത കൈയടി)
തിലകൻ തുടരുന്നു: ‘ബിസിനസ്സ് സംബന്ധമായ യോഗങ്ങൾക്ക് പോകുമ്പോൾ സഫാരി സൂട്ടണിഞ്ഞു ഞാൻ പോകാറില്ല. എന്റെ കൈകൊണ്ട് എന്റെ വീട്ടിലിരുന്ന് എന്റെ ചർക്കയിൽ നൂലു നൂറ്റ് അതുകൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളാണ് ഞാൻ ധരിക്കാറുള്ളത്. അപ്പോൾ നിങ്ങൾ ചോദിക്കും ഈ ഷർട്ട് അങ്ങനെ ഉണ്ടാക്കിയതാണോ എന്ന്. അല്ല. ഇത് വിദേശിയാണ്. നിങ്ങളെ സാക്ഷി നിർത്തി ഇത് ഞാൻ ബഹിഷ്കരിക്കുകയാണ്...ഇനി വിദേശ വസ്ത്രം എനിക്ക് ആവശ്യമില്ല.’ (ഷർട്ട് ഊരി വലിച്ചെറിയുന്നു, സദസ്സിന് വീണ്ടും രോമാഞ്ചം)
തിലകൻ: ‘ഈ പാന്റ്, ഇതും എനിക്കാവശ്യമില്ല. നിങ്ങളുടെ മുൻപിൽ വെറുതെ പച്ച മനുഷ്യനായി നിൽക്കാനാണ് എനിക്കാഗ്രഹം. മഹാന്മാരുടെ ആദർശങ്ങൾ പറഞ്ഞുനടക്കുന്നവനല്ല, അത് പകർത്തിക്കാണിക്കുന്നവനാണ് മഹാൻ.’ (ധരിച്ചിരിക്കുന്ന പാന്റ്സിനും മോചനം. അടിവസ്ത്രം മാത്രം ബാക്കി. അന്തം വിട്ടു നോക്കിയിരിക്കുന്നു സദസ്സ്. ഇനിയെന്ത്?)
ഇനിയാണ് ക്ലൈമാക്സ്: ‘തുടർന്നും ഈ ബഹിഷ്കരണം നടത്താൻ എനിക്ക് മടിയില്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അടിവസ്ത്രവും ഊരിമാറ്റാൻ തുടങ്ങുന്നു തിലകൻ. ഉടൻ പിൻനിരയിൽ നിന്നൊരു നിലവിളി: ‘അയ്യോ അയാൾക്ക് ഭ്രാന്താണേ..’
കഷ്ടിച്ച് രണ്ടു മിനിറ്റ് നീളുന്ന രംഗം. പക്ഷേ, അതിലെ ഓരോ ഡയലോഗും ഭാവപ്പകർച്ചയും കാണാപ്പാഠമാണെനിക്ക്, എനിക്ക് മാത്രമല്ല സുഹൃത്തുക്കളിൽ പലർക്കും.
എന്താണതിന്റെ ഗുട്ടൻസ് എന്ന് പ്രിയസുഹൃത്ത് ബി. ജയചന്ദ്രനോട് ചോദിക്കണമെന്നുണ്ടായിരുന്നു. അശോകൻ - താഹ സംവിധാനം ചെയ്ത ‘മൂക്കില്ലാ രാജ്യത്ത്’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് മൂപ്പരാണല്ലോ. വർഷങ്ങളോളം ഒപ്പം ജോലി ചെയ്തിട്ടും ബിജെയോട് ആ രഹസ്യം ചോദിച്ചറിയാനായില്ല എന്നത് വ്യക്തിപരമായ ദുഃഖം. സാരമില്ല. സമയമുണ്ടല്ലോ.
ഒരു സന്തോഷവാർത്ത കൂടിയുണ്ട്. ദീർഘകാലത്തെ ഇടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തുകയാണ് ജയചന്ദ്രൻ. വേണുനായരുടെ ‘ഇഴകൾക്കപ്പുറം’ എന്ന പടത്തിലൂടെ. പിറന്നാൾക്കുട്ടിയായ ജയചന്ദ്രന് എല്ലാ ആശംസകളും. തിരിച്ചുവരവ് ഗംഭീരമാവട്ടെ.
Content Highlights: Scriptwriter B. Jayachandran, the brain behind Thilakan's iconic, unforgettable comedy speech in the classic movie 'Mookilla Rajyathu', is making a grand comeback to cinema through Venu Nair's upcoming film 'Izhagalkkappuram'.
Published: 16 May 2026, 03:14 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented