
പ്രജേഷ് സെൻ-ജയസൂര്യ-മഞ്ജുവാരിയർ ടീമിന്റെ പുതിയ ചിത്രമാണ് മേരി ആവാസ് സുനോ. പുതിയ ചിത്രത്തെയും വിജയത്തിന്റെ രസതന്ത്രത്തെയും കുറിച്ചാണ് ജയസൂര്യ സംസാരിക്കുന്നത്
പ്രജേഷ് സെന്നുമായുള്ള മൂന്നാമത്തെ സിനിമയാണ്. എന്താണ് മേരി ആവാസ് സുനോ
ഒരുപാടാളുകൾക്ക് പ്രചോദനമാകുന്ന ഒരു ആർ.ജെ.യുടെ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു പ്രശ്നവും തുടർന്ന് അയാൾക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് മേരി ആവാസ് സുനോ. പ്രജേഷ് സെന്നിന്റെ മുൻചിത്രങ്ങളിലേതുപോലെ അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം തന്നെയാണ് ഇതിലും. അതുകൊണ്ടുതന്നെ ഏറെ ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞു. വളരെ പെട്ടെന്ന് ചെയ്യാൻ തീരുമാനിച്ച ഒരു സിനിമയായിരുന്നു ഇത്. വെള്ളം സിനിമ റിലീസായ ഉടനെത്തന്നെ ഞങ്ങൾ മേരി ആവാസ് സുനോയുടെ ജോലിയിലേക്ക് കടന്നു. പ്രജേഷിനൊപ്പം സിനിമ ചെയ്യുക വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ഏറെ കാലമായുള്ള സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും തുടർച്ചയായിട്ടാണ് ഞങ്ങളുടെ ഓരോ സിനിമയും പിറക്കുന്നത്. ഈ സിനിമയും അങ്ങനെയാണ്. സംവിധായകൻ-നടൻ എന്നതിനപ്പുറത്തേക്ക് ഞങ്ങൾ കാത്തുസൂക്ഷിക്കുന്ന സൗഹൃദമുണ്ട്. വിമർശനങ്ങളെ ഉൾക്കൊള്ളാനും അഭിപ്രായങ്ങൾ സ്വതന്ത്രമായി പങ്കുവെക്കാനുമൊക്കെയുള്ള ഒരു സ്പേസ് ഞങ്ങൾക്കിടയിലുണ്ട്. സിനിമയുടെ ചർച്ചകളിലെല്ലാം എന്നെയും പങ്കെടുപ്പിക്കുകയും എന്റെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറായതുമൊക്കെ വലിയ ഭാഗ്യമായി ഈ ഘട്ടത്തിൽ കാണുന്നു.
മഞ്ജു വാരിയരുമായുള്ള ചിത്രീകരണ അനുഭവം, വിശേഷങ്ങൾ
വർഷങ്ങൾക്കുമുമ്പ് പത്രം എന്ന സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വേഷംചെയ്യാൻ ഭാഗ്യം ലഭിച്ചിരുന്നു. ആ വേഷത്തിനായി ദിവസങ്ങളോളം ഞാൻ സിനിമയുടെ സെറ്റിൽ എത്തിയിട്ടുണ്ട്. അവിടെവെച്ചാണ് ഞാൻ ആദ്യമായി മഞ്ജുവാരിയരെ കാണുന്നത്. അന്നുമുതൽ അവരുടെ കടുത്ത ആരാധകനായിരുന്നു ഞാൻ. വർഷങ്ങൾക്കുശേഷം മഞ്ജുവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായിത്തന്നെ കാണുന്നു. എന്നും ചിരിച്ച മുഖത്തോടെയാണ് ഞാൻ മഞ്ജുവിനെ കണ്ടിട്ടുള്ളത്. ഈ സിനിമയുടെ സെറ്റിൽ വന്നപ്പോഴും മഞ്ജു വളരെ പോസിറ്റീവ് ആയിട്ടാണ് ഓരോരുത്തരോടും ഇടപെട്ടത്. ഒരു സീനിയർ ആക്ടർ എന്ന ചിന്തയെല്ലാം മാറ്റിവെച്ച് സംവിധായകന്റെ ഓരോ നിർദേശത്തെയും ഉൾക്കൊണ്ട് അതിനനുസരിച്ച് അഭിനയിക്കുന്ന മഞ്ജുവിനെയാണ് ഞാൻ കണ്ടത്. ഓരോ സീനിലും അവർ അഭിനയിക്കുന്നത് കാണാൻതന്നെ ഭയങ്കര രസമാണ്. ഓരോ സീനും വളരെ നാച്വറലായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഒരേസമയം എന്നെ പ്രചോദിപ്പിക്കുകയും അദ്‌ഭുതപ്പെടുത്തുകയും ചെയ്തു. മഞ്ജുവിനൊപ്പം അഭിനയിച്ചത് എന്റെ കരിയറിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമായി കാണുന്നു. സിനിമയുടെ സെറ്റിൽവെച്ച് പഴയ കാര്യങ്ങളൊക്കെ ഞങ്ങൾ സംസാരിച്ചു. കാലത്തിനനുസരിച്ച് തന്റെ അഭിനയരീതികളിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു നടിയാണ് മഞ്ജുവാരിയർ. എല്ലാ ഈഗോയും മാറ്റിവെച്ച് തന്നിലെ അഭിനേത്രിയെ പുതുക്കിക്കൊണ്ടിരിക്കാനുള്ള താത്‌പര്യം അവരിലുണ്ട്.
രഞ്ജിത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ടിൽനിന്ന് പ്രജേഷ് സെന്നിലേക്ക് എത്തിയിരിക്കുന്നു. കൂട്ടുകെട്ടുകൾ ബോധപൂർവം സംഭവിക്കുന്നതാണോ
ഒരിക്കലുമല്ല. ഒരു സംവിധായകനുമായി സിനിമ ചെയ്യുമ്പോൾ അയാൾ തന്റെ സിനിമയ്ക്കുവേണ്ടി എടുക്കുന്ന എഫർട്ട് നമ്മൾ കാണുന്നുണ്ട്. സിനിമയുടെ റിസൾട്ട് എന്താകുമെന്നതിനപ്പുറത്ത് സംവിധായകന്റെ എഫർട്ടാണ് ഞാൻ ആദ്യം ശ്രദ്ധിക്കുക. സിനിമ പരാജയപ്പെട്ടാൽപ്പോലും ആ സംവിധായകനൊപ്പം തുടർന്നും വർക്ക്ചെയ്യാൻ ഞാൻ തയ്യാറാകുന്നത് അദ്ദേഹത്തിന്റെ എഫർട്ട് കണ്ടാണ്. ഒരു സംവിധായകൻ സിനിമയ്ക്കായി സമീപിക്കുമ്പോൾ അയാൾ എന്നിൽ അർപ്പിച്ചിട്ടുള്ള വിശ്വാസമുണ്ട്. ആ കഥാപാത്രത്തെ മികച്ചതാക്കാൻ ഞാൻ കഠിനമായി പരിശ്രമിക്കുമെന്ന തിരിച്ചറിവാണ് അവരെ എന്റെ അടുത്തേക്കെത്തിക്കുന്നത്. സ്നേഹത്തിനും സൗഹൃദത്തിനുമൊക്ക അപ്പുറമാണത്. സെറ്റിൽ കൃത്യസമയത്ത് എത്തുകയും കഥാപാത്രത്തെ മനസ്സിലാക്കി അവതരിപ്പിക്കുകയും ചെയ്തെങ്കിൽ മാത്രമേ അവർക്ക് എന്നിലുള്ള വിശ്വാസത്തിന് പൂർണത വരുകയുള്ളൂ. രഞ്ജിത് ശങ്കറുമായി എട്ടു സിനിമകൾ ഞാൻചെയ്തു. പരസ്പരമുള്ള വിശ്വാസവും സിനിമയോടുള്ള അദ്ദേഹത്തിന്റെ സമീപനവും തന്നെയാണ് അത്രയും സിനിമകൾ പിറക്കാൻ കാരണമായത്. പ്രജേഷ്‌സെന്നുമായും അത്തരമൊരു കെമിസ്ട്രി വർക്കൗട്ട് ആയതുകൊണ്ടാണ് മൂന്നാമത്തെ സിനിമ പിറന്നത്. സൗഹൃദത്തിനൊക്കെയപ്പുറത്ത് പ്രേക്ഷകർക്ക് നല്ല സിനിമ കൊടുക്കുക എന്നതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ട് ഈ കൂട്ടുകെട്ടുകൾ ഇനിയും ആവർത്തിച്ചേക്കാം.
ജയസൂര്യയിൽനിന്ന് തമാശച്ചിത്രങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്
സീരിയസ് വേഷങ്ങൾക്കൊപ്പം തന്നെ ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നാണ് കോമഡി വേഷങ്ങൾ. നിർഭാഗ്യവശാൽ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന അത്തരം കഥാപാത്രങ്ങൾ ലഭിക്കാറില്ല. മുഴുനീള കോമഡി സിനിമകൾ ഇപ്പോൾ അപൂർവമായേ മലയാളത്തിൽ സംഭവിക്കാറുള്ളൂ. അടുത്തിടെ ഞാൻ ഏറെ ആസ്വദിച്ചു കണ്ട ഒരു സിനിമ ‘ജാനേ മൻ’ ആണ്. ഇപ്പോൾ കൂടുതലും റിയലിസ്റ്റിക് സിനിമകളാണ് വരുന്നത്. അതിനൊപ്പം ചേർന്നുപോകുന്ന തമാശകളാണ് സൃഷ്ടിക്കപ്പെടുന്നത്. ട്രെൻഡുകൾക്കു പിന്നാലെ പോകുന്ന ഒരു പ്രവണതയാണ് ഇന്നുള്ളത്. മികച്ച കോമഡി എഴുതാൻ കഴിവുള്ള ഒട്ടേറെ സംവിധായകർ ഇവിടെയുണ്ട്. ത്രില്ലർ സിനിമകൾക്കൊപ്പംതന്നെ കോമഡി സിനിമകളും കൂടുതലായി ഇവിടെ സംഭവിക്കേണ്ടതുണ്ട്. നല്ല കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യും. ‘അമർ, അക്ബർ, അന്തോണി’യിലൊക്കെ ചെയ്ത പോലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇപ്പോഴും ആഗ്രഹമുണ്ട്. ഇപ്പോൾ എന്നെ തേടിയെത്തുന്നത് കൂടുതലും സീരിയസ് കഥാപാത്രങ്ങളാണ്. അത് ബോധപൂർവം തിരഞ്ഞെടുക്കുന്നതല്ല. ആഴമുള്ള കഥാപാത്രങ്ങൾ ഇനിയും ചെയ്യും. ഒപ്പം കോമഡി വേഷങ്ങൾ ചെയ്യണമെന്നും ആഗ്രഹമുണ്ട്.
പുതിയ സിനിമകളെപ്പറ്റി
നവാഗത സംവിധായകനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ജോൺ ലൂതർ പ്രദർശനത്തിനൊരുങ്ങി. നാദിർഷയുടെ സംവിധാനത്തിലൊരുങ്ങിയ ഈശോ, റോജിൻ തോമസിന്റെ കത്തനാർ എന്നിവയാണ് പുതിയ സിനിമകൾ.
Content Highlights: Meri Awaz suno, Jayasurya Interview, Manju Warrier, Prajesh sen Movie
Published: 15 May 2022, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented