മമ്മൂട്ടി | photo: facebook/mammootty
ഉറക്കം മരണംപോലെ, ഉണരുന്നത് ജനനവും' -തിരുക്കുറളിന്റെ സന്ദേശത്തോടുകൂടി തുടങ്ങുന്ന ഒരു സിനിമയിലേക്ക് യാത്ര തുടങ്ങുമ്പോള്‍ മമ്മൂട്ടി എന്ന സൂപ്പര്‍താരത്തെ ആരും പ്രതീക്ഷിക്കുന്നില്ല. ജയിംസിന്റെയും സുന്ദരത്തിന്റെയും നന്‍പകല്‍ നേരത്തെ മയക്കങ്ങള്ക്കിടയിലെ 24 മണിക്കൂര്‍ ദൂരം. മറ്റൊരുതലത്തില്‍ ചിന്തിച്ചാല്‍ സുന്ദരത്തിന്റെ പുനര്‍ജന്മത്തിലെ 24 മണിക്കൂര്‍. ഇവര്‍ രണ്ടുപേരുടെയും ആത്മസംഘര്‍ഷങ്ങള്‍ ലളിതവും സൂക്ഷ്മവുമായ അഭിനയമുഹൂര്ത്തങ്ങളിലൂടെ മമ്മൂട്ടി പ്രേക്ഷകരിലേക്കെത്തിക്കുമ്പോള് നമുക്ക് ഉറപ്പിച്ചുപറയാം, ഇത് അതുല്യനടനത്തിന്റെ നന്‍പകല്‍ നേരം. മമ്മൂട്ടി കമ്പനി നിര്‍മിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലുകളില്‍ ഒന്നുതന്നെയാണ്. മമ്മൂട്ടിയുടെ വാക്കുകളില്‍ ഈ സിനിമയുടെ അനുഭവങ്ങളുടെ ആഴം തെളിയുന്നുണ്ട്.
മനസ്സിലേക്കുവന്ന സിനിമ
ഞാനും ലിജോയും കുറെ സിനിമകളുടെ കഥകള്‍ സംസാരിച്ചിട്ടുണ്ട്. അതില്‍ ഉടനെ ചെയ്യണമെന്ന് താത്പര്യംതോന്നിയ ഒരു സിനിമയാണിത്. തമിഴ്നാട്ടില്‍ മലയാളികള്‍ക്ക് സംഭവിക്കുന്ന ഒരു കഥയാണ് ഈ സിനിമ പറയുന്നത്. മനസ്സിലേക്കുവന്ന കഥയായതുകൊണ്ടാണ് ഈ സിനിമ ഞാന്‍ ചെയ്തത്. അഭിനയപ്രാധാന്യവും കഥയുടെ പുതുമയും കണ്ടാണ് ഈ സിനിമ മറ്റാരും ചെയ്തില്ലെങ്കില്‍ ഞാന്‍തന്നെ ചെയ്യാമെന്ന് വിചാരിച്ചത്. എല്ലാവരും നല്ലവരല്ലാത്ത, എല്ലാവരും ചീത്തയല്ലാത്ത, എല്ലാവരും സാധാരണമനുഷ്യരായ കഥയാണ് ഈ സിനിമ പറയുന്നത്.
മറക്കാനാകാത്ത ഗ്രാമത്തില്‍
പഴനിയിലെ ഒരു ഉള്‍ഗ്രാമത്തിലാണ് ഈ സിനിമ ചിത്രീകരിച്ചത്. 45 ദിവസത്തെ ഷൂട്ടിങ് പ്ലാന്‍ചെയ്ത സിനിമ പക്ഷേ, അതില്‍ കുറഞ്ഞ ദിവസംകൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. യൂണിറ്റിന്റെ മിടുക്കിനൊപ്പം ആ ഗ്രാമവാസികളുടെ അകമഴിഞ്ഞ സഹകരണവും അതില്‍ പ്രധാനമായിരുന്നു. ഞങ്ങള്‍ ആ ഗ്രാമത്തിലെ ആളുകളായി മാറി.
അവര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. വളരെ രസകരമായ അനുഭവങ്ങളുമായി മറക്കാനാകാത്ത ദിനങ്ങളാണ് ആ ഗ്രാമം ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ഷൂട്ടിങ്ങില്‍ ഒരു ദിവസംപോലും ബോറടിപ്പിക്കാതെ ആസ്വദിച്ചുചെയ്ത ഒരു സിനിമതന്നെയാണിത്.
നടനെ ചവിട്ടിത്തേക്കാറില്ല
താരപദവി എന്നത് ഒരു ദിവസം രാവിലെ പെട്ടെന്ന് കിട്ടുന്നതല്ലല്ലോ. താരം എന്നത് അഭിനയിച്ച് അഭിനയിച്ച് വരുമ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടം കൂടിവന്ന് സംഭവിക്കുന്ന ഒരവസ്ഥയാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്നിലെ നടനെ ഞാന്‍ ഒരിക്കലും നിരാശപ്പെടുത്താറില്ല, ചവിട്ടിത്തേക്കാറില്ല. എന്റെയുള്ളിലെ നടനുവേണ്ടി പരമാവധി സൗകര്യമൊക്കെ ചെയ്തുകൊടുക്കാറുണ്ട്. അതിനുകിട്ടുന്ന അവസരങ്ങളൊന്നും നഷ്ടപ്പെടുത്താറില്ല. അങ്ങനെത്തന്നെയാണ് ഈ സിനിമയും സംഭവിച്ചത്.
കഥാപാത്രങ്ങള്‍ക്ക് താരതമ്യമില്ല
'തനിയാവര്‍ത്തനം' എന്ന സിനിമയിലെ ബാലന് മാഷുമായോ ഭൂതക്കണ്ണാടി എന്ന സിനിമയിലെ വിദ്യാധരനുമായോ ഈ സിനിമയിലെ കഥാപാത്രത്തെ താരതമ്യം ചെയ്യാനാകുമെന്ന് ഞാന്‍ കരുതുന്നില്ല. ബാലനും വിദ്യാധരനും മാനസികവിഭ്രാന്തി ആരോപിക്കപ്പെടുകയും അതിലൂടെ കടന്നുപോകുന്നവരുമാണ്. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ഈ സിനിമയില്‍ ചെയ്യാനുണ്ടായിരുന്നത്. അത്തരം സാധ്യതകള്‍ നമ്മള് ഒരിക്കലും തള്ളിക്കളയരുത്. പ്രതിഫലമൊന്നും കിട്ടിയില്ലെങ്കിലും ഈ സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു. എനിക്ക് ഏറ്റവും സന്തോഷമുള്ളതും ആനന്ദമുള്ളതും ഈ ജോലിചെയ്യുമ്പോഴാണ്.
രസകരമായ കഥാപരിസരം
വളരെ രസകരമായ അന്തരീക്ഷത്തില്‍ ചെയ്ത സിനിമയാണിത്. ഞങ്ങള്‍ കുറെ അഭിനേതാക്കളും ആ ഗ്രാമത്തിലെ കുറെ ആളുകളും ആ സിനിമയിലുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്തോറും അഭിനേതാക്കള്‍ ഏതാണ് നാട്ടുകാര്‍ ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം ഞങ്ങളെല്ലാം ഇഴുകിച്ചേര്‍ന്നിരുന്നു. ചായക്കടയിലൊക്കെ ഞാന്‍ വെറുതേയിരിക്കുമ്പോള്‍ ചായ കുടിക്കാന്‍ വന്ന ഒരാളായിട്ടേ എന്നെയും നാട്ടുകാര്‍ കണ്ടിട്ടുള്ളൂ. അത്രമേല്‍ എല്ലാവര്ക്കും ഇഴുകിച്ചേരാന്‍ കഴിഞ്ഞതുതന്നെയാണ് ഈ സിനിമയുടെ കഥാപരിസരത്തിന്റെ സവിശേഷത.
Content Highlights: mammootty about lijo jose pellishery film nanpakal nerath mayakkam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..