ജീവിതത്തില്‍ കാലിടറിയ 'അറബിക്കഥയിലെ കോട്ട് നമ്പ്യാര്‍'; അറ്റ്‌ലസ് രാമചന്ദ്രനെ ഓര്‍ക്കുമ്പോള്‍


അറ്റ്‌ലസ് രാമചന്ദ്രൻ അറബിക്കഥയിൽ

നമ്പ്യാര്‍ കോട്ടില്ലാതെ പുറത്തിറങ്ങുകയില്ല, ഗള്‍ഫിലെ ക്യാമ്പില്‍ ഒപ്പം താമസിക്കുന്നവര്‍ അയാളെ പരിഹസിക്കുമായിരുന്നു. ഒരേയൊരു കോട്ടേയുള്ളൂ നമ്പ്യാര്‍ക്ക്. അത് ഉണങ്ങുന്നവരെ അയാള്‍ മുറിയില്‍ തന്നെ കാത്തിരിക്കും. ചിട്ടി നറുക്കെടുപ്പിന് മുറിയുടെ പുറത്തേക്ക് ക്ഷണിക്കുമ്പോള്‍ കോട്ട് നമ്പ്യാര്‍ പറയും, 'കണ്ടില്ല്യേ, എന്റെ കോട്ട് ഉണങ്ങീട്ടില്ല്യാ'. ഒടുവില്‍ കോട്ടില്ലാതെ പുറത്തേക്കു വരുമ്പോള്‍ നഗ്നനായി നില്‍ക്കുന്ന അവസ്ഥയാണ് നമ്പ്യാര്‍ക്ക്. ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ അവതരിപ്പിച്ച ഈ കഥാപാത്രത്തെ ആരും മറക്കാന്‍ ഇടയില്ല.

സഖാവ് ക്യൂബ മുകുന്ദന്റെ കഥ പറയുന്ന ചിത്രത്തില്‍ കോട്ട് നമ്പ്യാരുടെ ഭൂതകാലത്തെക്കുറിച്ച് കാര്യമായി പറയുന്നില്ല. എന്നിരുന്നാലും ഏതോ വലിയ പദവിയില്‍ നിന്ന് തൊഴിലാളി കാമ്പിലെത്തിയ വ്യക്തിയാണ് അയാളെന്ന് പറയാതെ പറയുന്നുണ്ട്. ജീവിതത്തില്‍ അറ്റ്‌ലസ് രാമചന്ദ്രന് കാലിടറിയപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം നമ്പ്യാരുടേതിന് സമാനമായി. ഒന്നുമില്ലാത്തവനായി.''കാര്യമായി ആരും കാണാന്‍ വന്നില്ല. ആരെങ്കിലും സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. സന്ദര്‍ശകരെ കാണണമെന്ന് മോഹിക്കാന്‍ കാരണം ആളുകളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമൊക്കെ കാണാമല്ലോ. ജയിലിനകത്തായിരിക്കുമ്പോഴാണ് കാറ്റും ചൂടും വെളിച്ചവുമെല്ലാം എത്ര മനോഹരമാണെന്ന് തിരിച്ചറിയുക. വല്ലപ്പോഴും ആസ്പത്രിയിലെ വൈദ്യ പരിശോധനയ്ക്കോ കോടതിയിലേക്കോ പോകുമ്പോഴാണ് അതെല്ലാം അനുഭവിക്കാനായത്. അവിടെ കാണാന്‍ വരേണ്ടെന്ന് ഭാര്യയോട് ഞാന്‍ തന്നെ പറഞ്ഞിരുന്നു''- ജയില്‍ ജീവിതത്തെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

മൂന്നര ബില്യന്‍ ദിര്‍ഹം വിറ്റുവരവുണ്ടായിരുന്ന വ്യവസായ വാണിജ്യ സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. മൂന്നര പതിറ്റാണ്ടുമുന്‍പ് കുവൈത്ത് ആസ്ഥാനമാക്കി ആരംഭിച്ച മൂത്തേടത്ത് രാമചന്ദ്രന്‍ എന്ന അറ്റ്ലസ് രാമചന്ദ്രന്റെ സ്വര്‍ണ വ്യാപാരം പിന്നീട് രേഖപ്പെടുത്തിയത് കുതിപ്പിന്റെ സുവര്‍ണ ചരിത്രമായിരുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് സ്വയം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഊട്ടിയുറപ്പിച്ച വിശ്വാസമായിരുന്നു അതിന്റെ അടിത്തറ. ഗള്‍ഫ് രാജ്യങ്ങളില്‍ മിക്കയിടത്തും പടര്‍ന്നുപന്തലിച്ചു. ഒരു സമയത്ത് അറ്റ്ലസ് ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവടങ്ങളിലായി അന്‍പതിലധികം ശാഖകളാണ് ഉണ്ടായിരുന്നത്.

വ്യാപാരാവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ആയിരം കോടി രൂപയോളം (55 കോടി ദിര്‍ഹം) വരുന്ന കടം തിരിച്ചടയ്ക്കാന്‍ സാധിക്കാതെപോയതാണ് അറ്റ്ലസ് രാമചന്ദ്രന്റെ പതനത്തിന് തുടക്കം. അഞ്ചുകോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്നാണ് ആദ്യത്തെ കേസുകള്‍ അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.

വായ്പകള്‍ തിരിച്ചടയ്ക്കാതെവന്നതോടെ അദ്ദേഹം വായ്പയെടുത്ത 15 ബാങ്കുകള്‍ ചേര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ദുബായിയിലെ റിഫ, നായിഫ്, ബര്‍ദുബായി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളാണ് 2015 ഓഗസ്റ്റ് 23ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചത്. 34 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയതിനെ തുടര്‍ന്നായിരുന്നു ദുബായ് പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. മൊത്തം 22 ബാങ്കുകള്‍ക്കും ആറ് വ്യക്തികള്‍ക്കും അറ്റ്ലസ് രാമചന്ദ്രന്‍ കടക്കാരനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ബിസിനസില്‍ പങ്കാളിത്തമുണ്ടായിരുന്ന മകള്‍ മഞ്ജുവും മരുമകന്‍ അരുണും കൂടി ജയിലിലായി. സമാനമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ത്തന്നെയായിരുന്നു ഇവരുടെ പേരിലും ഉണ്ടായിരുന്നത്. പിന്നീട് മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങി.

2015 സപ്തംബര്‍ ഒന്നിന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ജി.സി.സി രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കള്‍ വിറ്റഴിച്ച് 500 ദശലക്ഷം ദിര്‍ഹത്തിന്റെ ( 877 കോടി രൂപയിലേറെ) കടബാധ്യത തീര്‍ക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു. എന്നാല്‍ അക്കാര്യത്തില്‍ പുരോഗതി ഉണ്ടായില്ല. ചെക്കുകേസുകളില്‍ പെട്ട് ദുബായ് കോടതി ഒക്ടോബര്‍ 28 ന് രാമചന്ദ്രനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തതോടെ പതനം പൂര്‍ണ്ണമാവുകയായിരുന്നു. വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 600 ദശലക്ഷം ദിര്‍ഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്.

രാമചന്ദ്രന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് യു.എ.ഇ യിലെ 19 ജ്വല്ലറി ഷോറൂമുകളുടെയും പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. സൗദി, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ ബിസിനസ്സും തകിടം മറിഞ്ഞു. പതിയെ യു.എ.ഇ യിലെ ഷോറൂമുകളെല്ലാം അടഞ്ഞു. അവിടെ ആ സമയത്ത് അമ്പത് ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ്ണ, വജ്രാഭരണങ്ങളുണ്ടായിരുന്നു. തല്‍ക്കാലത്തെ കടം വീട്ടാനായി അവ 15 ലക്ഷം ദിര്‍ഹത്തിന് വില്‍ക്കേണ്ടി വന്നു. വലിയ നഷ്ടം ആ ഇനത്തിലും വന്നു. ജീവനക്കാരില്‍ കുറെപ്പേര്‍ വീട്ടിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. ആ പണം കൊണ്ട് എല്ലാവരുടെയും ആനുകൂല്യങ്ങള്‍ നല്‍കി. .

ഇക്കാലത്തിനിടയില്‍ പല വട്ടം ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ നടക്കുകയും ചില കേസുകളില്‍ ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരുമെല്ലാം രാമചന്ദ്രന്റെ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മോചനം അനിശ്ചിതമായി നീളുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ ബിജെപി കേരള ഘടകം വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കേന്ദ്രമന്ത്രി സുഷമാസ്വരാജും ഒ. രാജഗോപാല്‍ എം.എല്‍.എ.യും ഇക്കാര്യത്തില്‍ ഇടപെട്ടു. പിന്നീട്‌ രാമചന്ദ്രന്റെ മോചനശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബി.ജെ.പി. എന്‍.ആര്‍.ഐ. സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍. ഹരികുമാര്‍ നേതൃത്വത്തിലുള്ള സംഘമായിരുന്നു

പിന്നീട് ബങ്കുകളുമായി ഒത്തുതീര്‍പ്പിലെത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം വാങ്ങാന്‍ വായ്പനല്‍കിയ വ്യക്തി നല്‍കിയ കേസ് മാത്രമാണ് ധാരണയാകാനുണ്ടായിരുന്നത്. അതിലും ധാരണയിലെത്തിയതോടെ മോചനം സാധ്യമായതെന്നാണ് വിവരം.

ഭര്‍ത്താവും മകളും മരുമകനും ജയിലിലായതോടെ ഒറ്റക്ക് 68-ാം വയസ്സില്‍ കടബാധ്യതകളോട് യുദ്ധം ചെയ്യുകയായിരുന്നു രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്‍. അതുവരെ ഭര്‍ത്താവിന്റെ ബിസിനസ്സ് കാര്യങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ലാതിരുന്ന ഇന്ദു പിന്നീട് എല്ലാം നേരിടേണ്ട സ്ഥിതിയായി. കടക്കാരെയും അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുടിശ്ശികയുമൊക്കെ കൊടുത്തുതീര്‍ക്കേണ്ട ഉത്തരവാദിത്വം അവരുടെ ചുമലിലാവുകയായിരുന്നു. ദുബായിയിലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുമ്പോഴും രാമചന്ദ്രന്‍ പുറത്തിറങ്ങുന്ന ദിനത്തിനായി കാത്തിരിക്കുകയായിരുന്നു അവര്‍.

ബിസിനസ് രംഗത്തും അതോടൊപ്പം കലാരംഗത്തും തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. ആത്മകഥ എഴുതിയും അക്ഷരശ്ലോകത്തിലൂടെ സന്തോഷം കണ്ടെത്തിയും തന്റെ പ്രയാസങ്ങളെ മറികടക്കാന്‍ ശ്രമിച്ച അദ്ദേഹം ദുബായിലെ പൊതു വേദികളിലും സാംസ്‌കാരിക സദസ്സുകളിലുമെല്ലാം ഏറെ സജീവമായി പങ്കെടുത്തുവരികയായിരുന്നു. പ്രശ്നങ്ങളെല്ലാം തീര്‍ത്ത് എന്നെങ്കിലും തന്റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം.

ഒരു സ്വര്‍ണ വ്യാപാരി എന്നതു മാത്രമല്ല അറ്റ്ലസ് രാമചന്ദ്രനെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്. കച്ചവട സംരംഭങ്ങള്‍ക്കൊപ്പം കലാ സാംസ്‌കാരിക മേഖലയില്‍ തന്റേതായ വ്യക്തിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞ സഹൃദയന്‍ കൂടിയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. ഭരതന്‍ സംവിധാനം ചെയ്ത മനോഹര ചിത്രം 'വൈശാലി' നിര്‍മിച്ചുകൊണ്ടായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്.

ആദ്യചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയം രാമചന്ദ്രന്‍ എന്ന കലാസ്നേഹിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. അതുകൊണ്ടുതന്നെയാണ് മലയാളത്തിലെ മികച്ച ചലച്ചിത്രകാരന്‍മാര്‍ക്കൊപ്പം സിനിമയില്‍ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്. അരവിന്ദന്‍ സംവിധാനം ചെയ്ത 'വാസ്തുഹാര', ഹരികുമാര്‍-എംടി ടീമിന്റെ 'സുകൃതം', സിബിമലയില്‍ സംവിധാനം ചെയ്ത 'ധനം' തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം പിന്നീട് നിര്‍മിച്ചു. നടന്‍ എന്ന നിലയിലും നിരവധി സിനിമകളുടെ ഭാഗമായി. അറബിക്കഥയ്ക്ക് പുറമേ 'ആനന്ദഭൈരവി', 'മലബാര്‍ വെഡ്ഡിങ്', 'ടു ഹരിഹര്‍ നഗര്‍', 'തത്വമസി' തുടങ്ങി നിരവധി ചിത്രങ്ങള്‍..


Content Highlights: Atlas Ramachandran Films, life story struggle, Arabikkatha coat nambiar character


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented