അന്തരിച്ച കലാസംവിധായകൻ സുനിൽ ബാബു
വരച്ചു തീർക്കുംമുമ്പേ പൊടുന്നനെ മാഞ്ഞുപോയ ചായക്കൂട്ടുപോലെ സുനിൽ ബാബു (50) എന്ന കലാ സംവിധായകൻ വിടവാങ്ങുമ്പോൾ വലിയ നൊമ്പരത്തിലാണ് സിനിമാ ലോകം. അതുല്യ കലാകാരനായിരുന്നിട്ടും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് അധികമൊന്നും വരാതെ മാറി സഞ്ചരിക്കാനായിരുന്നു സുനിലിന് ഇഷ്ടം. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിലായിരുന്നു സുനിലിന്റെ അന്ത്യം. മല്ലപ്പള്ളി കുന്നന്താനം സ്വദേശിയാണ്.
‘അനന്തഭദ്രം’ എന്ന സിനിമയ്ക്കായി ഒരുക്കിയ ജീവൻ തുളുമ്പുന്ന സെറ്റുകളാണ് സുനിൽ ബാബുവിന്റെ കലാസംവിധാന മികവിനുള്ള സാക്ഷ്യപത്രമായി ആദ്യം തെളിയുന്നത്. ആ ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് ശിവനും കഥാകൃത്ത് സുനിൽ പരമേശ്വരനും ഒരു നിയോഗം പോലെയാണ് അന്ന് സുനിലിലേക്കെത്തിയത്.
“അനന്തഭദ്രം ചിത്രീകരണം തുടങ്ങുമ്പോൾ കലാ സംവിധായകൻ സാബു സിറിളാണ് ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ അദ്ദേഹത്തിന് വലിയ തിരക്കായതുകൊണ്ട് ഞങ്ങൾക്കൊപ്പം ചേരാൻ കഴിഞ്ഞില്ല. അനന്തഭദ്രം പോലെയുള്ള ഒരു സിനിമയുടെ കലാ സംവിധായകൻ മികച്ച ഒരാളായിരിക്കണമെന്ന നിർബന്ധത്തിൽ ഞങ്ങൾ നടത്തിയ അന്വേഷണമാണ് സുനിലിലെത്തിയത്. തിരക്കഥ പലവട്ടം വായിച്ച ശേഷമാണ് സുനിൽ സെറ്റ് ഒരുക്കിയത്. ഷൂട്ട് ചെയ്യുന്ന ഒരു രംഗത്തെപ്പറ്റി പറഞ്ഞാൽ സുനിൽ അതിവേഗം അത് വരച്ചു തരുമായിരുന്നു. ആ സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ദിഗംബരന്റെ ഗുഹ സുനിൽ ഒരുക്കിയത് ഞങ്ങളെയെല്ലാം ഞെട്ടിക്കുന്ന രീതിയിലായിരുന്നു. ഷൊർണൂരിലെ ഒരു തീപ്പെട്ടിക്കമ്പനിയിലാണ് അന്ന് ഗുഹയുടെ സെറ്റിട്ടത്. ശരിക്കും ഗുഹയായിരുന്നോ അതെന്ന് പിന്നീട് എത്രയോ പേർ ചോദിച്ചിരുന്നു”. സുനിൽ പരമേശ്വരന്റെ വാക്കുകളിൽ സുനിൽ ബാബു എന്ന കലാകാരന്റെ മികവിന്റെ ചിത്രം തെളിയുന്നു. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
പിന്നാലെ വന്ന ഉറുമിയും പഴശ്ശിരാജയും കായംകുളം കൊച്ചുണ്ണിയും പോലെയുള്ള ചരിത്ര സിനിമകളിലും ബാംഗ്ലൂർ ഡേയ്സും പ്രേമവും ഭീഷ്മപർവവും പോലെയുള്ള ജനപ്രിയ ഹിറ്റുകളിലും ഒരുപോലെ കലാ സംവിധാന മികവ് ചാർത്താൻ സുനിലിന് കഴിഞ്ഞു.
മൈസൂർ ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വൽ ആർട്സിൽനിന്ന് ഫൈൻ ആർട്സിൽ ബിരുദമെടുത്ത ശേഷം ചെന്നൈയിലേക്ക് ചേക്കേറിയ സുനിൽ അവിടെ വെച്ചാണ് സിനിമാ ലോകത്തേക്കെത്തുന്നത്. സാബു സിറിളിന്റെ സഹായിയായിട്ടാണ് തുടക്കം. മലയാളം കടന്ന് തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടെയുള്ള സിനിമകളിലേക്ക് സുനിലിന്റെ കലാവിരുത് പടർന്നുകയറി. സൂപ്പർ താരം വിജയ് നായകനായെത്തുന്ന ‘വാരിസ്’ റിലീസിന് തയ്യാറെടുക്കുമ്പോഴാണ് അതിന്റെ കലാ സംവിധാനത്തിലും കൈയൊപ്പിട്ട സുനിൽ വിടചൊല്ലുന്നത്.
Content Highlights: art director sunil babu passed away, movies of sunil babu, ananthabhadram movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..