മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരം നേടിയ പ്രിയങ്കാ നായർ ഒരുകൂട്ടം മികച്ച ചിത്രങ്ങളുമായി ബിഗ്സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു. പ്രദർശനത്തിനൊരുങ്ങിയ സിനിമകളിൽ മോഹൻലാൽ, പൃഥ്വിരാജ് ചിത്രങ്ങൾക്കൊപ്പം ഏകകഥാപാത്രത്തെ അവതരിപ്പിച്ച ‘ആമുഖ’വും ഉൾപ്പെടുന്നു. വിഷുക്കൈനീട്ടമായി ലഭിച്ച കഥാപാത്രങ്ങളെക്കുറിച്ചും പുതിയ സന്തോഷങ്ങളെക്കുറിച്ചും വിവരിക്കുകയാണ് പ്രിയങ്ക.

To advertise here,

ട്വൽത്ത് മാൻ, അന്താക്ഷരി...ഈ വിഷുക്കാലം ആഘോഷമാണല്ലോ

= ജീത്തു ജോസഫാണ് ‘ട്വൽത്ത് മാനി’ലേക്ക് വിളിക്കുന്നത്. ജീത്തുവേട്ടനൊപ്പമുള്ളൊരു സിനിമ, എന്റെ സ്വപ്നമായിരുന്നു. അതും ലാലേട്ടന്റെ കൂടെ എന്നുകേട്ടപ്പോൾ കൂടുതൽ സന്തോഷമായി. ലാലേട്ടനൊപ്പംചെയ്ത മൂന്നുസിനിമകളും മലയാളത്തിലെ പ്രഗല്‌ഭരായ സംവിധായകരുടേതായിരുന്നു. ലാൽ ജോസ്, റോഷൻ ആൻഡ്രൂസ്... ഇപ്പോൾ ജീത്തു ജോസഫും. ഇടുക്കിയിലായിരുന്നു ട്വൽത്ത് മാന്റെ ഷൂട്ടിങ്. ഉണ്ണി മുകുന്ദൻ, ശിവദ, അനു സിതാര, അനുശ്രീ, സൈജു കുറുപ്പ്... വലിയ താരനിരയാണിതിലുള്ളത്. പിന്നെ സൈജു കുറുപ്പിനൊപ്പമുള്ള ‘അന്താക്ഷരി’. അതിൽ നഴ്സായിട്ടുള്ള കഥാപാത്രമാണ്. ഏറെ പുതുമകളുള്ള സിനിമയാണത്. കുറേയധികം പരീക്ഷണങ്ങളുള്ള സിനിമയിൽ നമ്മളുണ്ടാവുന്നു എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അതിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും പൃഥ്വിരാജുമുള്ള മറ്റൊരു സിനിമയും വിഷുക്കാലത്ത് റിലീസ് ചെയ്യാനുണ്ട്.

ഒരഭിനേതാവിന് വളരെ അപൂർവമായിമാത്രം ലഭിക്കുന്ന ഭാഗ്യമാണ് ഏക കഥാപാത്രമുള്ള സിനിമയിൽ അഭിനയിക്കാൻ പറ്റുകയെന്നത്

= തീർച്ചയായും. മീര എന്നാണ് അതിലെ കഥാപാത്രത്തിന്റെ പേര്. സ്കീസോഫ്രീനിയ എന്ന രോഗമാണവർക്ക്. അതിന്റേതായ ബുദ്ധിമുട്ടുകളനുഭവിക്കുന്ന സ്ത്രീ. ഉറക്കക്കുറവും തുടർച്ചയായി മരുന്നുകഴിക്കുന്നതുമൊക്കെ അവരെ വല്ലാതെ അവശയാക്കുന്നുണ്ട്. ഏക കഥാപാത്രത്തിലൂടെ പ്രേക്ഷകനെ സിനിമയിൽ പിടിച്ചുനിർത്തുകയെന്നത് ഭയങ്കര വെല്ലുവിളിയാണ്. അതിനാണ് ഞാൻ ശ്രമിച്ചതും. അഭിലാഷ് പുരുഷോത്തമനാണ് സിനിമ സംവിധാനംചെയ്യുന്നത്. അഭിലാഷ് എന്റെ സുഹൃത്താണ്. ഈ കഥ രൂപപ്പെടുന്ന സമയത്തൊക്കെ എന്നോടുപറഞ്ഞിരുന്നു. ആ മൊട്ട് വിടർന്ന് പൂവായി വികസിക്കുന്നതുവരെ അതിനൊപ്പമുണ്ട് ഞാൻ. അതുകൊണ്ട് ആ കഥാപാത്രത്തിന്റെ ആഴം ശരിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞു.

മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരത്തിൽനിന്ന് സിനിമയിലേക്കുവന്ന ആ കാലം ഓർമയുണ്ടോ?

= വെയിൽ എന്ന തമിഴ് സിനിമയിലാണ് ഞാനാദ്യമായി അഭിനയിക്കുന്നത്. വസന്തബാലൻ സാറാണ് സംവിധായകൻ. നിർമിക്കുന്നത് ശങ്കറും. ക്യാമറാമാൻ അഴഗപ്പൻ സാർ വഴിയാണ് എനിക്കാ സിനിമയിൽ അവസരം കിട്ടുന്നത്. അവിടെ ചെല്ലുമ്പോഴേ എനിക്ക് മനസ്സിലായി, ഏതോ ഒരുവലിയ ടീമിലേക്കാണ് ചെന്നുകേറുന്നത്. അന്നുഞാൻ ചെറുപ്പമാണെങ്കിൽപോലും ഒരുധാരണയുണ്ട്. അറിയാത്ത ഭാഷയാണ്. വസന്തബാലൻ സാർ വാക്ക്മാനിൽ ഡയലോഗുകളെല്ലാം കൃത്യമായി റെക്കോഡ് ചെയ്തുതന്നു. ഡയലോഗുകളൊന്നും തെറ്റാൻ പാടില്ല. ആദ്യം റിഹേഴ്സലുണ്ടാവും. അതുകഴിഞ്ഞിട്ടാണ് ടേക്ക്. ഓരോ ടേക്ക് പോവുന്നതിനനുസരിച്ച് നെഞ്ചിങ്ങനെ ഇടിക്കാൻ തുടങ്ങും. ആദ്യദിവസംതന്നെ ഒരു പാട്ടുസീനിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. കുറച്ച് ഇന്റിമേറ്റായിട്ടുള്ള സീക്വൻസുകളുണ്ട്. അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് ടേക്ക്‌ ഞാനവരെ ശരിക്കും ബുദ്ധിമുട്ടിച്ചു. സംവിധായകനും ക്യാമറാമാനും പശുപതി സാറും നന്നായി എന്നെ സഹായിച്ചു. അവരുടെ കൂട്ടത്തിലുള്ള ചെറിയ കുട്ടിയായിട്ടാണ് അവരെന്നെ ട്രീറ്റ് ചെയ്തത്. ചെങ്കൽപേട്ടിലായിരുന്നു ഷൂട്ടിങ്.

അന്നത്തെ പെൺകുട്ടിയിൽനിന്ന് ഇന്നത്തെ പ്രിയങ്കയിലേക്ക് ഒരുപാട് ദൂരമുണ്ടോ?

= ഒരുപാട്...പ്രിയങ്ക എന്ന വ്യക്തിയിലും അഭിനേത്രിയിലും പലവിധത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സിനിമ എന്തെന്നറിയാത്തൊരാൾ സിനിമയിലേക്ക് വരുന്നു. ഒന്നുമറിയില്ല. ഒന്നാംക്ലാസ്, രണ്ടാംക്ലാസ് എന്നരീതിയിൽ പഠിക്കുന്നു. അതുകഴിയുമ്പോൾ നമ്മളെന്ന വ്യക്തിയിലും മാറ്റങ്ങളുണ്ടാവുന്നുണ്ട്. അടിസ്ഥാനസ്വഭാവത്തിൽ വ്യത്യാസമൊന്നും വരുന്നില്ല. അതൊരു അടിത്തറപോലെ അങ്ങനെയുണ്ടാവും. അതിനുമുകളിലേക്ക് കൂടുതൽക്കൂടുതൽ ഭംഗിയാക്കിക്കൊണ്ടിരിക്കുന്നു. ഭംഗികൂട്ടാനുള്ള കുറെ കാര്യങ്ങളിങ്ങനെ ചെയ്തുകൊണ്ടേയിരിക്കുന്നു.

മലയാളത്തിൽ ചെയ്ത രണ്ടാമത്തെ സിനിമയിൽത്തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു

= ടി.വി. ചന്ദ്രൻ സാറിന്റെ പടങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അഭിനയിച്ചുതുടങ്ങിയപ്പോൾ, എന്നെങ്കിലും ഇദ്ദേഹത്തിന്റെ ഒരു പടം ചെയ്യാൻ പറ്റുമെന്നൊക്കെ ആഗ്രഹിച്ചിരിക്കുന്ന സമയം. അപ്പോഴാണ് പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ഷാജി പട്ടിക്കര വിളിക്കുന്നത്. ആര്യാടൻ ഷൗക്കത്ത് നിർമിക്കുന്ന പടം, ടി.വി. ചന്ദ്രൻസാർ സംവിധാനംചെയ്യുന്നു. അതിനുവേണ്ടിയാണ് വിളിക്കുന്നതെന്നുപറഞ്ഞപ്പോൾ സത്യത്തിൽ വിശ്വാസംവന്നില്ല, പെട്ടെന്ന് വയനാട്ടിലെത്താൻ പറഞ്ഞു. ആദ്യകാഴ്ചയ്ക്കുശേഷം ടി.വി. ചന്ദ്രൻ സാർ പറഞ്ഞു, ‘വരൂ, നമുക്കൊന്ന് നടക്കാം’. അങ്ങനെ അവിടെയുള്ള തേയിലക്കാട്ടിന്റെ ഇടയിലൂടെ ഞങ്ങൾ നടന്നു. ആ നടപ്പിലാണ് അദ്ദേഹം ‘വിലാപങ്ങൾക്കപ്പുറം’ എന്ന സിനിമയുടെ കഥപറയുന്നത്. എന്നോട് സൈക്കിളോടിക്കാൻ അറിയാമോന്ന് ചോദിച്ചു. എനിക്ക് ശരിക്കും സൈക്കിൾ നന്നായി ഓടിക്കാനറിയില്ലായിരുന്നു. പക്ഷേ, ഞാൻ പറഞ്ഞു, പിന്നേ, ഞാൻ സ്കൂളിലൊക്കെ സൈക്കിളോടിച്ചാണ് പോവുന്നത്. കാരണം, എനിക്കാ അവസരം കളയാൻപറ്റില്ലായിരുന്നു. വളരെ പെട്ടെന്നുതന്നെ ഷൂട്ടിങ് തുടങ്ങി. ആദ്യം വയനാട്ടിലായിരുന്നു. അഹമ്മദാബാദിലേ സൈക്കിൾ ഓടിക്കുന്ന സീനുണ്ടാവൂ എന്നായിരുന്നു ചിന്തിച്ചത്. ആ ആശ്വാസത്തിലാണ് സെറ്റിലെത്തിയത്. അവിടെ ചെന്നപ്പോൾ ഒരുദിവസം പെട്ടെന്നുപറഞ്ഞു, അടുത്ത സീൻ സൈക്കിളാണെന്ന്. ഞാൻ നേരെ സാറിനടുത്തേക്കോടി, എനിക്ക് സൈക്കിളോടിക്കാൻ അറിയില്ലെന്ന് പറഞ്ഞു. സാർ എന്നോട് ശരിക്കും ദേഷ്യപ്പെട്ടു. അപ്പോ ഞാൻ പറഞ്ഞു, എനിക്കൊരു സൈക്കിൾ കിട്ടിയാൽ മതി. ഞാൻ ഓടിച്ചുപഠിച്ചോളാം. ഇത്രസമയംകൊണ്ട് നീ പഠിക്കുമോയെന്ന് സാർ ചോദിച്ചു. പറ്റുമെന്ന് ഞാൻ ഉറപ്പിച്ചുപറഞ്ഞു. ആർട്ട് ഡയറക്ടർ ഒരു സൈക്കിൾ കൊണ്ടുത്തന്നു. ഒരുവിധം ബാലൻസ് ഒക്കെയുണ്ട്. തീരെ അറിയാത്തതല്ല. പണ്ട് സൈക്കിളിൽനിന്ന് വീണതുകൊണ്ട് ഇനി ഓടിക്കില്ലെന്നുപറഞ്ഞ് മാറ്റിവെച്ചതാണ്. എനിക്കൊരു മണിക്കൂർ കിട്ടി. അതിനുള്ളിൽ ഒരുവിധം ശരിയാക്കി. സാർ ചോദിച്ചു, എന്താ അവസ്ഥ. ഒരിറക്കത്തിലൂടെ പോവാനൊക്കെ പറ്റുമെന്ന് ഞാൻ പറഞ്ഞു. സാർ ചോദിച്ചു, അഹമ്മദാബാദ് ടൗണിലൂടെയാണ് ഓടിക്കേണ്ടത്. നീ ഓടിക്കുമോ. ഞാൻ പറഞ്ഞു, ഓടിക്കും. ആ ഷൂട്ടിനിടയ്ക്ക് ചെറിയൊരു ഗ്യാപ്പ് കിട്ടിയിരുന്നു. അതിൽ വീട്ടിലെത്തിയ ഉടനെ നേരെ പോയത് സൈക്കിൾ വാങ്ങാനായിരുന്നു. രണ്ടുമൂന്നുദിവസം കൊണ്ട് പഠിച്ചെടുത്തു. പിന്നെ തിരിച്ചുപോവുമ്പോഴേക്കും നല്ല ആത്മവിശ്വാസമായിരുന്നു. ഒരുപാട് ആഴമുള്ള കഥാപാത്രമാണ് സാഹിറ. ഷൂട്ട് ചെയ്യുമ്പോൾത്തന്നെ പലരും പറഞ്ഞിരുന്നു, അടുത്ത സംസ്ഥാന അവാർഡ് ഇങ്ങോട്ടുതന്നെ ആയിരിക്കുമെന്ന്. അങ്ങനെത്തന്നെ സംഭവിച്ചു. അതിനുശേഷം ചന്ദ്രൻ സാറിന്റെ ‘ഭൂമിമലയാള’ത്തിലും ഞാനഭിനയിച്ചു. ലോങ് ജമ്പറുടെ വേഷമായിരുന്നു അതിൽ.

അവാർഡിനുശേഷവും നല്ല അവസരങ്ങളൊന്നും തേടിവന്നില്ലെന്ന് തോന്നിയിട്ടുണ്ടോ

= അതിനുശേഷം നല്ലസിനിമകൾ ചെയ്യാത്തതിനൊരു കാരണം ഞാനുംകൂടിയാണ്. എന്റെ കരിയർ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോവാൻ പറ്റുന്ന അവസരങ്ങൾ എനിക്കുവന്നിരുന്നു. പക്ഷേ, അതിൽ ഏതെടുക്കണം, ഏതെടുക്കണ്ടാ, ഏതുവഴി പോവണം എന്നൊന്നും എനിക്കറിയില്ലായിരുന്നു. പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നുമില്ല. എനിക്കേറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ടീമിന്റെകൂടെ മാത്രം സിനിമ ചെയ്യുക. അങ്ങനെയൊക്കെയായിരുന്നു ഞാൻ. ഒരുപാട് പിടിവാശികളുള്ള ഒരാൾ. എന്റെ കൂടെ അച്ഛനും അമ്മയും എപ്പോഴും സെറ്റിലേക്ക് വരുമായിരുന്നു. അവർക്ക് ആ സമയത്ത് വരാൻപറ്റില്ലെന്നാണെങ്കിൽ ഞാനാ സിനിമയെടുക്കില്ല. അതൊക്കെ എന്നെ വല്ലാതെ ബാധിച്ചു. അവാർഡിനുശേഷം വലിയ കൊമേഴ്സ്യൽ സിനിമകൾ അല്ലെങ്കിൽപോലും സ്ത്രീപ്രാധാന്യമുള്ള സിനിമകൾ എന്നിലേക്കുവന്നിരുന്നു. പക്ഷേ, കംഫർട്ടായിരുന്നു എനിക്ക് പ്രധാനം. അതുകൊണ്ട് അതൊക്കെ നഷ്ടപ്പെട്ടു. അതിൽനിന്നൊക്കെയാണ് പ്രിയങ്ക എന്ന വ്യക്തി ഒരുപാട് മാറിയത്. ഞാൻ കൂടുതൽ പ്രൊഫഷണലായി.

ഉർവശി ചേച്ചി, ശബാന ആസ്മി, രാധിക ശരത് കുമാർ... അവരെയൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇവരെല്ലാവരും നായികയായിട്ട് അഭിനയിച്ചു, സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളും ചെയ്തു. പക്ഷേ, അതേ സമയത്തുതന്നെ ഗംഭീര ആർട്ടിസ്റ്റുമാരാണ്. കുറേവർഷങ്ങൾ കഴിയുമ്പോൾ എന്നെയും ഒരു നല്ല അഭിനേത്രി എന്നരീതിയിൽ അടയാളപ്പെടുത്തണമെന്നാണ് എന്റെ ആഗ്രഹം. ഏതുറോളും അവരെ വിശ്വസിച്ചേൽപ്പിക്കാമെന്ന ആത്മവിശ്വാസം എല്ലാവർക്കുമുണ്ടാവണം. ആ രീതിയിലേക്ക് മാറണം. അങ്ങനെയുള്ള കുറെ കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ.