
മലയാളസിനിമയ്ക്ക് സുവർണ അഭിനേതാക്കളെ സമ്മാനിച്ച പാരമ്പര്യമാണ് കോഴിക്കോടൻ നാടകവേദികൾക്കുള്ളത്. ആ കോഴിക്കോടൻ നാടകപാരമ്പര്യത്തിലെ തിളങ്ങുന്ന പേരാണ് വിജയൻ വി. നായർ. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ മലയാളസിനിമയിൽ ശ്രദ്ധേയപ്രകടനം നടത്തിയ അദ്ദേഹം ഹോളിവുഡ് സിനിമയടക്കം 70-ലധികം സിനിമകളിൽ ഇന്ന് അഭിനയിച്ചുകഴിഞ്ഞു. നാടകത്തെയും സിനിമയെയും ഒരുപോലെ നെഞ്ചിലേറ്റുന്ന ഈ കലാകാരൻ സിനിമയിലെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
നാടകം ടു സിനിമ...
സ്കൂൾ കാലഘട്ടത്തിൽ നാടകങ്ങൾ ചെയ്താണ് അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. 1979-ലാണ് ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. തേർവാഴ്ച എന്നായിരുന്നു അതിന്റെ പേര്. ഒരു നക്സലൈറ്റ് കഥാപാത്രമായിരുന്നു അത്. പിന്നീട് എന്റെ ശിഷ്യനായ സജിത്ത് നിർമിച്ച മേലേവാര്യത്തെ മാലാഖക്കുട്ടിക എന്ന സിനിമയിൽ അഭിനയിച്ചു. ഒരു സബ് ഇൻസ്പെക്ടറുടെ കഥാപാത്രമായിരുന്നു അതിൽ. പിന്നീട് ലെനിൻ രാജേന്ദ്രന്റെ അന്യർ എന്ന സിനിമയിൽ ജ്യോതിർമയിയുടെ ബാപ്പയുടെ റോളിൽ അഭിനയിച്ചു. അങ്ങനെ പോകുമ്പോഴാണ് ഒരുദിവസം അപ്രതീക്ഷിതമായി സംവിധായകൻ രഞ്ജിത്ത് വിളിക്കുന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ എന്റെ കൈയിൽ തന്നിട്ട് അത് വായിച്ചുവരാൻ പറഞ്ഞു. ഒരുമാസം കഴിഞ്ഞ് വിളിച്ച് തന്റെ അടുത്ത സിനിമ ഈ നോവലാണെന്നും അസോസിയേറ്റ് സംവിധായകരിലൊരാൾ താനാണ് എന്നും അദ്ദേഹം എന്നോടു പറഞ്ഞു. അഭിനയിക്കാനായി കോഴിക്കോടൻ ഭാഷയറിയുന്ന അഭിനേതാക്കളെ സംഘടിപ്പിക്കണമെന്ന് നിർദേശിച്ചു.
അങ്ങനെ ഓഡീഷനിലൂടെ 30 അഭിനേതാക്കളെ തിരഞ്ഞെടുത്ത് അഭിനയശില്പശാല നൽകി. അപ്പോഴും സിനിമയിൽ എനിക്ക് കഥാപാത്രമുണ്ടെന്ന് അറിയില്ലായിരുന്നു. ശില്പശാലയുടെ അവസാനം മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന അഭിനേതാക്കളെ പരിചയപ്പെടുത്തി. മുടിയും താടിയും വെട്ടിച്ച് എന്നെ ആ ഹാളിലേക്ക് ഒരു കോസ്റ്റ്യൂം തന്ന് കയറ്റിവിട്ടു. ആർക്കും എന്നെ മനസ്സിലായില്ല. പരിചിതമുഖങ്ങൾക്കിടയിൽ ഒരപരിചിതമുഖം എല്ലാവരിലും കൗതുകം പടർത്തി. കഥാപാത്രങ്ങളെ പ്രഖ്യാപിക്കാനെത്തിയ രഞ്ജിത്തും എനിക്കുനേരേ വിരൽചൂണ്ടി പറഞ്ഞു: “ഇതാരാ, ആരാ ഇയാളെ ഇങ്ങോട്ട് കടത്തിവിട്ടത്. നിർണായകമായ ഒരു ചടങ്ങ് നടക്കുമ്പോൾ ആർക്കും വന്ന് കയറിയിരിക്കാമെന്നായോ?” കൂടിനിന്നവർ അല്പം പുച്ഛത്തോടെ എന്റെ മുഖത്തേക്കു നോക്കി. പെട്ടെന്ന് എന്റെ മുഖത്ത് ചിരിപൊട്ടി, ചിരിയിൽ എന്റെ പല്ലിലെ വിടവുകൾ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു: “ഇത് നമ്മുടെ വിജയൻ വി. നായരല്ലേ.” “അതേ, ഇതാണ് എന്റെ വേലായുധൻ. മുരിക്കിൻക്കുന്നത്ത് മുഹമ്മദ് ഹാജിയുടെ വലംകൈ.” -രഞ്ജിത്ത് ഉറച്ച സ്വരത്തിൽ പറഞ്ഞു. അങ്ങനെയാണ് കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തിലേക്ക് എത്തിയത്.
സുവർണ നാടകക്കാലം...
ചെറുപ്പകാലംമുതൽ നാടകം ജീവിതമാക്കിയയാളാണ് ഞാൻ. അച്ഛൻ പോലീസ് സബ് ഇൻസ്പെക്ടറായിരുന്നു. അവർക്ക് ഞാനും പോലീസാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, എനിക്ക് താത്പര്യം അഭിനയത്തോടായിരുന്നു. നാടകാചാര്യന്മാരായ പ്രൊഫ. ജി. ശങ്കരപ്പിള്ള, പ്രൊഫ. രാമാനുജം, വേണുക്കുട്ടൻ നായർ എന്നിവരുടെ ശിക്ഷണത്തിലാണ് നാടകം അഭ്യസിച്ചത്. കോഴിക്കോടിന് ഒരുപാട് നല്ല നാടകങ്ങൾ സമ്മാനിച്ച യൂക് എന്ന സംഘടനയുടെ രൂപവത്കരണത്തിലും ഞാൻ പ്രധാന പങ്കുവഹിച്ചു. പിന്നീട് ഒട്ടേറെ അമെച്ചർ നാടകങ്ങൾ സംവിധാനംചെയ്യുകയും അഭിനയിക്കുകയും ചെയ്തു. കെ.പി.എ.സി., മലബാർ തിയേറ്റേഴ്സ് തുടങ്ങി പ്രമുഖ പ്രൊഫഷണൽ നാടക ട്രൂപ്പുകൾക്കൊപ്പം പ്രവർത്തിച്ചു. പിന്നാലെ മിനിസ്‌ക്രീനിൽ പ്രമുഖ സീരിയലുകളുടെ ഭാഗമായി കുടുംബസദസ്സുകളിലും സാന്നിധ്യമറിയിച്ചു. ലൗ എഫ്.എം., മാമാങ്കം, എടക്കാട് ബറ്റാലിയൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, സെവൻസ്, സ്നേഹവീട്, കഥ തുടരുന്നു, ഒറീസ, ഫെയ്സ് ടു ഫെയ്സ്, പെൺപട്ടണം തുടങ്ങി 70-ലധികം സിനിമകളിൽ ഇതിനകം അഭിനയിച്ചു. എന്നാൽ, സംവിധായകരോട് അവസരങ്ങൾ ചോദിക്കാൻ അറിയാത്തതാണ് പലപ്പോഴും എനിക്ക് തിരിച്ചടിയായത്.
ഹോളിവുഡിലെ അഭിനയം...
ബാക്ക് വാട്ടേഴ്സ് എന്നപേരിലുള്ള ഹോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കുക്കു പരമേശ്വരൻ വഴിയാണ് അത്തരമൊരു വേഷം തേടിയെത്തിയത്. കൊച്ചിയിൽവെച്ചായിരുന്നു ഓഡീഷൻ. ഇംഗ്ലീഷ് സിനിമയാണെന്നറിഞ്ഞപ്പോൾ ആദ്യം മടിച്ചുനിന്നു. എന്നാൽ, കുക്കു നൽകിയ ആത്മവിശ്വാസത്തിൽ ഓഡിഷന് ചെന്ന് അഭിനയിച്ചു. അതവർക്ക് ഇഷ്ടപ്പെട്ടതോടെ ആ സിനിമയുടെ ഭാഗമായി. വേര് എന്നപേരിൽ ഞാൻ സംവിധാനംചെയ്ത ഹ്രസ്വചിത്രം യുട്യൂബിൽ 75,000-ത്തിലേറെ പേർ കണ്ടുകഴിഞ്ഞു. ഇതിനകം 150-ലേറെ നാടകങ്ങളിൽ അഭിനയിച്ചു. അത്രതന്നെ നാടകങ്ങൾ സംവിധാനംചെയ്തു. പ്രോപ്പസൽ, വന്നോനും പോയോനും, ധർമചക്രം, ഇന്നേടത്ത് ഇന്നവൻ, ശങ്കരൻ ശവാസനത്തിൽ എന്നിവയാണ് ശ്രദ്ധേയനാടകങ്ങൾ. ഒട്ടേറെ നാടകങ്ങൾ സംവിധാനംചെയ്തെങ്കിലും സംവിധാനംചെയ്യുന്ന നാടകങ്ങളിൽ ഞാൻ അഭിനയിക്കാറില്ല. ശങ്കരപ്പിള്ള നൽകിയ ഉപദേശമാണ് അതിനുപിന്നിൽ.
നാടകവും സിനിമയും രണ്ടുതരം അഭിനയരീതിയാണ്. നാടകത്തിലാണെങ്കിൽ ഏറ്റവും പുറകിലിരിക്കുന്ന പ്രേക്ഷകനെക്കൂടി കണ്ടിട്ടുവേണം നമ്മൾ അഭിനയിക്കാൻ. അഭിനയം അത്ര ലൗഡായിരിക്കണം, അഭിനയവും മാനറിസങ്ങളുമെല്ലാം. എന്നാൽ, സിനിമയിൽ ഒരു ഫ്രെയിമിനുള്ളിൽ ഒതുങ്ങി അഭിനയിച്ചാൽ മതി. നാടകത്തെ അപേക്ഷിച്ച് അല്പം ഒതുങ്ങിയ അഭിനയം സിനിമയ്ക്ക് മതി എന്നർഥം. ആ ഒരു വ്യത്യാസം തിരിച്ചറിഞ്ഞാൽ നിങ്ങൾ നല്ലൊരു അഭിനേതാവായി.
Content Highlights: Paleri Manikyam Actor Vijayan V Nair About His Film and Theatre Experience
Published: 17 Nov 2024, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented