
ജീവിതം ഒരുതരത്തിലും മുന്നോട്ടുപോകില്ലെന്ന് ഉറപ്പായപ്പോള്‍ പത്താംക്ലാസില്‍ പഠനം നിര്‍ത്തുക. കിട്ടുന്ന പണിയെല്ലാം ചെയ്തു. ഒടുക്കം ദൈവനിയോഗംപോലെ സ്വപ്നമായ സിനിമാലോകത്തേക്ക്. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക എന്ന ഗ്രാമത്തില്‍ നിന്ന് വന്ന കിരണ്‍രാജ് എന്ന ചെറുപ്പക്കാരന്‍ ഇന്ന് 777 ചാര്‍ലി എന്ന, പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ സംവിധായകനാണ്. ബദിയടുക്കയില്‍ നിന്ന് 777 ചാര്‍ലിയിലേക്കുള്ള കിരണിന്റെ സഞ്ചാരം, വളര്‍ച്ച അത്ര സുഖമുള്ള പാതയിലൂടെയായിരുന്നില്ല. കിരണ്‍ തന്നെ ആ കഥ പറയും.
കാസര്‍കോടന്‍ നാളുകള്‍
കാസര്‍കോട് ജില്ലയിലെ ബദിയടുക്കയിലാണ് ജനിച്ചതും വളര്‍ന്നതും. അച്ഛന്റെ മരണശേഷം അമ്മയും അനിയനും അനിയത്തിയും ഒക്കെയായി മംഗലാപുരത്ത് സ്ഥിരതാമസമാക്കി. മറ്റ് ബന്ധുക്കളെല്ലാം കാസര്‍കോട് തന്നെയാണ്. വീട്ടില്‍ സംസാരിക്കുന്നത് കാസര്‍കോടന്‍ ശൈലിയിലുള്ള മലയാളമാണ്. പക്ഷേ ഒന്നാം ക്ലാസ് മുതല്‍ പഠിച്ചത് കന്നഡയായിരുന്നു. അച്ഛനും അമ്മയും ഒക്കെ പഠിച്ചത് കന്നഡ സ്‌കൂളിലാണ്.

പത്താംക്ലാസില്‍ നിലയ്ക്കുന്ന പഠനം
ചെറുപ്പം മുതലേ സിനിമ മനസിലുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകം എഴുതുകയും അഭിനയിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അഭിനയത്തോട് കൂടുതല്‍ താത്പര്യമുണ്ടായിരുന്നു. അച്ഛന് കൂലിപ്പണിയായിരുന്നു. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ അച്ഛന് ജോലിക്ക് പോകാന്‍ പറ്റാതെ വരികയും വീടിന്റെ സാമ്പത്തികാവസ്ഥ മോശമാവുകയും ചെയ്തു. പത്താംതരം പാസായാലും ഇല്ലെങ്കിലും ജോലിക്ക് പോകുക എന്നൊരു വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പിന്നെ അനിയന്റെയും അനിയത്തിയുടേയും ഭാവി നോക്കണം. അങ്ങനെ 2005-ല്‍ ബംഗളൂരുവില്‍ ഒരു ബാറില്‍ വെയിറ്ററായി ജോലി ചെയ്യാന്‍ തുടങ്ങി. സെയില്‍സ്മാനായി ജോലി ചെയ്തു. പിന്നെ ഒരു ആശുപത്രിയില്‍ സെക്യൂരിറ്റി ജോലിയും ചെയ്തു. ഇങ്ങനെ അഞ്ച് വര്‍ഷം തള്ളിനീക്കി.
വഴിത്തിരിവാകുന്ന 'കബ്ബിനാഹാളു'
കര്‍ണാടകയില്‍ വന്നശേഷം അഭിനയിക്കാന്‍ എന്തെങ്കിലും ചാന്‍സ് കിട്ടുമോ എന്നന്വേഷിച്ച് ആറുമാസം നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലൊക്കെ പോയെങ്കിലും കാര്യമുണ്ടായില്ല. അപ്പോഴാണ് തിരിച്ച് നാട്ടില്‍പ്പോയി ഒരു ഷോര്‍ട്ട്ഫിലിം ചെയ്യാം എന്ന ചിന്ത വരുന്നത്. 2011-ല്‍ തിരിച്ച് നാട്ടില്‍ വന്ന് ഷോര്‍ട്ട് ഫിലിം ചെയ്തു. കബ്ബിനാഹാളു എന്നായിരുന്നു അതിന്റെ പേര്. അത് ബംഗളൂരുവിലെ ഒരു ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയും മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. അവിടെവെച്ച് കുറച്ച് സംവിധായകരുടെ ഫോണ്‍നമ്പര്‍ കിട്ടി. അതിലൊരാളായിരുന്നു 'ബെല്‍ബോട്ടം' എന്ന സിനിമയുടെ സംവിധായകനായ ജയതീര്‍ത്ഥ. അദ്ദേഹം എന്നെ വിളിക്കുകയും അവരുടെ ടീമില്‍ ഞാന്‍ ജോലി ചെയ്യാന്‍ പോകുകയും ചെയ്തു.

ചാര്‍ലിയുടെ വണ്‍ലൈന്‍ തയ്യാറാവുന്നു
അജയ് റാവുവും യഷിന്റെ ഭാര്യയായ രാധികാ പണ്ഡിറ്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'എന്തെന്‍ദിഗു'വായിരുന്നു എന്റെ ആദ്യസിനിമ. അസിസ്റ്റന്റായിരുന്നു അതില്‍. ജയതീര്‍ത്ഥയായിരുന്നു ഇതിന്റെ തിരക്കഥ. ഈ സിനിമയുടെ സംവിധായകന്‍ ഇമ്രാന്‍ സര്‍ദാരിയ എന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വിളിച്ചു. അപ്പോഴാണ് എനിക്ക് മനസിലായത് ഞാനെഴുതിയ കഥ സ്‌ക്രീനില്‍ എത്തിക്കണമെങ്കില്‍ സംവിധായകനായേ പറ്റൂ എന്ന്. രണ്ടാമത്തെ സിനിമ രക്ഷിത് ഷെട്ടി നായകനായ റിക്കി ആയിരുന്നു. റിഷഭ് ഷെട്ടിയായിരുന്നു സംവിധായകന്‍. ഈ പടത്തിലാണ് ഞാന്‍ അസോസിയേറ്റ് ആയി ചേരുന്നത്. രക്ഷിതിന്റെ ഉളിദവരു കണ്ടാന്തെയുടെ ഫാനായിരുന്നു മുമ്പ് ഞാന്‍. രക്ഷിതിന്റെ അടുത്തപടം കിറിക് പാര്‍ട്ടിയില്‍ ഞാന്‍ മെയിന്‍ അസോസിയേറ്റ് ആയി. അവര്‍ക്ക് ഒരു റൈറ്റിങ് ടീമുണ്ട്. അതിന്റേയും ഭാഗമായി. അവിടെവെച്ചാണ് രക്ഷിത് ഷെട്ടി, റിഷഭ് ഷെട്ടി എന്നിവരുമായി സൗഹൃദത്തിലാവുന്നത്. കിറിക് പാര്‍ട്ടിയുടെ ഷെഡ്യൂള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും 777 ചാര്‍ലിയുടെ വണ്‍ലൈന്‍ തയ്യാറായിരുന്നു.
രക്ഷിത് ഷെട്ടിയോട് കഥ പറയുന്നു
രക്ഷിത് അപ്പോഴേക്കും കന്നഡയിലെ താരപദവിയിലെത്തിയിരുന്നു. അദ്ദേഹത്തിന് വേറെ പദ്ധതികളൊക്കെ ഉണ്ടായിരുന്നതുകൊണ്ട് ആദ്യം ഞാനീ തിരക്കഥ പുള്ളിയോട് പറയാന്‍ പോയില്ല. എന്നെപ്പോലെ പുതിയ ഒരാള്‍ക്ക് അദ്ദേഹം ഡേറ്റ് തരുമോ എന്ന ആശങ്കയൊക്കെ ഉണ്ടായിരുന്നു. കിറിക് പാര്‍ട്ടിയില്‍ സൈഡ് റോള്‍ ചെയ്ത ഒരു നടനെ വെച്ച് സിനിമ പ്ലാന്‍ ചെയ്തു. അദ്ദേഹത്തിനും ഓ.കെയായിരുന്നു. കിറിക് പാര്‍ട്ടിയുടെ റിലീസിനോടനുബന്ധിച്ച് രക്ഷിത്തിന്റെ വീട്ടില്‍ വെച്ച് ഞാനീ പടത്തേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. രക്ഷിതിന് ഇത് ഭയങ്കര ഇഷ്ടമായി. ഞാന്‍ ഇത് ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ക്ക് തിരക്കായിരിക്കും എന്ന് വിചാരിച്ച് വേറൊരാളോട് ഈ കഥ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, വേറെ നിര്‍മാതാക്കളുമായി ഈ തിരക്കഥ ചര്‍ച്ച ചെയ്യേണ്ട, കിറിക് പാര്‍ട്ടി റിലീസ് ചെയ്താല്‍ ഞാന്‍ തന്നെ ഇത് നിര്‍മിക്കാമെന്ന്.

രക്ഷിത് ഷെട്ടി നിര്‍മാതാവുന്നു, നായകനും
പ്രീ പ്രൊഡക്ഷന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് ഈ പടം ഒരു വര്‍ഷം കൊണ്ട് തീര്‍ക്കാനാവില്ല, നായയുടെ പരിശീലനം തന്നെ അത്രയും സമയം വേണ്ടി വരുമെന്ന് മനസിലായത്. അതുകൊണ്ട് നേരത്തെ നിശ്ചയിച്ച നടന്‍ ഡേറ്റ് പ്രശ്‌നം കാരണം പിന്മാറുകയും ചെയ്തു. എന്ത് ചെയ്യുമെന്നറിയാതിരിക്കുമ്പോള്‍ ഞാന്‍ രക്ഷിതിനെ വിളിച്ചു. ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുതന്നു. ആ സമയത്ത് അവനേ ശ്രീമന്‍ നാരായണ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. ചെറിയ ബജറ്റില്‍ ആലോചിച്ച സിനിമയായിരുന്നു. പക്ഷേ എന്റെ മനസിലുള്ള തിരക്കഥ വലുതായിരുന്നു. ബജറ്റ് ഇല്ലാത്തതുകൊണ്ട് ചില സീനുകളൊക്കെ വെട്ടിക്കുറച്ച് വച്ചിരുന്നു. രക്ഷിത് വന്നപ്പോള്‍ എനിക്ക് വലിയൊരു സ്റ്റാറിന്റെ ഡേറ്റാണ് കിട്ടിയത്. നിങ്ങള്‍ വരികയാണെങ്കില്‍ ബജറ്റ് ഇനിയും കൂടുമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ പരിപൂര്‍ണപിന്തുണയാണ് അദ്ദേഹം തന്നത്.
മനസില്‍ കണ്ട ചാര്‍ലി കണ്‍മുന്നില്‍
ചാര്‍ലിയേക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ എക്‌സ്പ്രസ്സീവ് ആവണം, നിറം, ലാബ്രഡോര്‍ ബ്രീഡ് എന്നൊക്കെയായിരുന്നു അത്. കാരണം തിരക്കഥ അതാവശ്യപ്പെടുന്നുണ്ടായിരുന്നു. അന്വേഷണത്തിനിടയില്‍ ഒരുപാട് ചിത്രങ്ങളും വീഡിയോകളും ഒക്കെ കിട്ടുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും ഓ.കെ ആയിരുന്നില്ല. ആദ്യം നിശ്ചയിച്ചിരുന്ന നായകന്റെ കൂടെ ഒരു ഫോട്ടോഷൂട്ട് ഒക്കെ പ്ലാന്‍ ചെയ്തിരുന്നു. ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞു അദ്ദേഹത്തിന്റെ പരിചയത്തിലൊരാള്‍ ഒരു നായ്ക്കുട്ടിയെ വാങ്ങിച്ചിരുന്നു. പക്ഷേ ആള്‍ വീടൊക്കെ നാശമാക്കി വെച്ചിരിക്കുകയാണ്. ഇതിനെ താങ്ങാന്‍ പറ്റുന്നില്ല. വാങ്ങാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ കൊടുക്കാന്‍ തയ്യാറാണെന്നാണ് പറഞ്ഞത്. മനസില്‍ കണ്ടതുപോലെ ഒന്നാണോ എന്ന് നോക്കാനാണ് ആദ്യം വിചാരിച്ചത്. നായയുമായി ഉടമസ്ഥന്‍ വന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ത്തന്നെ എന്റെ മനസിലുണ്ടായിരുന്ന ആ ചാര്‍ലിയാണ് അവിടെ വന്നത്. ഒരു പ്രശ്‌നമായി അവര്‍ വേണ്ട എന്നുവെച്ച നായയാണ് എന്റെ സിനിമയുടെ പ്രധാന താരമായി മാറിയത്.

ചാര്‍ലിയുടെ പരിശീലനവും ചിത്രീകരണവും
ഏകദേശം രണ്ടര വര്‍ഷമാണ് ചാര്‍ലിയുടെ ട്രെയിനിങ്ങിനെടുത്തത്. അതിനൊപ്പം ചിത്രീകരണവും നടക്കുന്നുണ്ടായിരുന്നു. ഒരുപാട് നിര്‍ദേശങ്ങള്‍ ഒരേസമയം നായയുടെ മനസില്‍ നില്‍ക്കില്ല. അതുകൊണ്ട് കമാന്‍ഡുകള്‍ പരിശീലിപ്പിക്കും. അതനുസരിച്ചുള്ള രംഗമെടുക്കും. വീണ്ടും അടുത്ത കമാന്‍ഡ് പരിശിലീപ്പിക്കും, ഷൂട്ട് ചെയ്യും. ഇങ്ങനെയായിരുന്നു ചിത്രീകരണം. കൂടാതെ ഒരു വര്‍ഷത്തോളം ചാര്‍ലിക്കൊപ്പം രക്ഷിതിനും പരിശീലനമുണ്ടായിരുന്നു. ആകെ മൂന്നു വര്‍ഷമെടുത്തു സിനിമ പൂര്‍ത്തിയാവാന്‍. ഒരു നടനെയോ നടിയേയോ വെച്ച് ചിത്രീകരിക്കുന്നതിനേക്കാള്‍ അധികം ബുദ്ധിമുട്ടി. ചാര്‍ലിയുള്ള ഒരേയൊരു ഷോട്ട് മാത്രം എടുത്ത ദിവസങ്ങളുണ്ട്. പിന്നെ ലോക്ക്ഡൗണ്‍ സമയത്ത് അനുഗ്രഹമായത് രക്ഷിതിന് ഗെറ്റപ്പ് വ്യത്യാസപ്പെടുത്താനും ചാര്‍ലിയെ പരിശിലിപ്പിക്കാനും ആവശ്യത്തിന് സമയംകിട്ടി എന്നുള്ള കാര്യമാണ്.
സ്റ്റാര്‍ പരിവേഷത്തില്‍ ചാര്‍ലി
പോകെപ്പോകെ ചാര്‍ലി കാര്യങ്ങള്‍ മനസിലാക്കി. ആക്ഷന്‍ എന്നു പറയുമ്പോള്‍ അഭിനയിക്കാനാണെന്നും കട്ട് എന്നത് അഭിനയം നിര്‍ത്താനുമാണെന്ന് അവള്‍ക്ക് മനസിലായി. കട്ട് പറഞ്ഞാല്‍ ഉടന്‍ ഫ്രെയിമില്‍ നിന്ന് പിന്‍വാങ്ങുകയും എവിടെയാണ് എന്റെ ഭക്ഷണമെന്നും അന്വേഷിച്ച് വരും. വലിയ ഒരു കാര്യമെന്താണെന്നുവച്ചാല്‍ എല്ലാ സമയവും അവള്‍ സെറ്റില്‍ വരുമ്പോള്‍ തികഞ്ഞ നിശ്ശബ്ദതയായിരിക്കും അവിടെയുണ്ടാവുക. കാരണം ഒരു കാരണംകൊണ്ടും ചാര്‍ലിയുടെ ശ്രദ്ധ വേറൊന്നിലേക്ക് പോകരുത്. ഒരാള്‍ പോലും സംസാരിക്കില്ലായിരുന്നു. അങ്ങനെ കൊണ്ടുനടക്കുകയായിരുന്നു ഞങ്ങളവളെ. പ്രത്യേകം കാരവന്‍ ഉണ്ടായിരുന്നു. സെറ്റിലെ ലൈറ്റിന്റെയൊക്കെ ചൂട് താങ്ങാന്‍ പറ്റില്ല എന്നതുകൊണ്ട് കാരവാനില്‍ എ.സിയൊക്കെ സജ്ജീകരിച്ചിരുന്നു. പാക്കപ്പ് കഴിഞ്ഞ് ചാര്‍ലിയില്‍ നിന്ന് ഒരു പ്രത്യേകഭാവം കാണുമ്പോളുണ്ടല്ലോ മൊത്തം സെറ്റ് അങ്ങോട്ട് കയ്യടിക്കും. ചാര്‍ലി ഭയങ്കര ഹാപ്പിയാകും അപ്പോള്‍.

| ഫോട്ടോ: www.instagram.com/kiranraj_k/
777 ചാര്‍ലിയിലേക്ക് പൃഥ്വിരാജും
മലയാളത്തില്‍ പൃഥ്വിരാജ് വിതരണം ചെയ്യാന്‍ മുന്നോട്ടുവന്നത് അദ്ഭുതകരമായ വലിയൊരു കാര്യമാണ്. കന്നഡയില്‍ രക്ഷിത് ഷെട്ടി നിര്‍മിച്ചു. നന്നായി വരുമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഞാന്‍ നീക്കിവെച്ചത് അഞ്ചുവര്‍ഷമാണ്. തിരക്കഥയ്ക്ക് മാത്രം ഒന്നരവര്‍ഷം സമയമെടുത്തു. കന്നഡയോളം തന്നെ പ്രാധാന്യം എല്ലാ ഭാഷയിലും കൊടുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് മലയാളത്തില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അല്ലാതെ വേറൊരു ഓപ്ഷന്‍ എന്റെ മനസിലുണ്ടായിരുന്നില്ല. പൃഥ്വിരാജിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ടീസര്‍ റിലീസിന് മുമ്പ് മിക്‌സിങ് എഞ്ചിനീയര്‍ എം.ആര്‍. രാജകൃഷ്ണന്‍ സാര്‍ ടീസറൊക്കെ കണ്ട് ത്രില്ലടിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞു. മലയാളത്തില്‍ ഈ പടം അവതരിപ്പിക്കാന്‍ ഒരാളെ വേണമെന്ന് ഞാന്‍ സാറിനോട് പറഞ്ഞു. ആരെ വേണമെന്ന് തിരിച്ചൊരു ചോദ്യം. ഞാന്‍ പറഞ്ഞു പൃഥ്വിരാജിനെയെന്ന്. സാര്‍ പറഞ്ഞു ടീസര്‍ തരൂ ഞാനിത് ഇപ്പോള്‍ത്തന്നെ പൃഥ്വിക്ക് അയച്ചുകൊടുക്കാമെന്ന്. രാവിലെയാണ് ഇത് നടക്കുന്നത്. ഉച്ചയായപ്പോള്‍ രാജകൃഷ്ണന്‍ സാര്‍ വിളിച്ചിട്ട് പറഞ്ഞു കണ്‍ഗ്രാറ്റ്‌സ് എന്ന്. രംഗങ്ങള്‍ കണ്ട് പൃഥ്വിക്ക് ഭയങ്കര ഇഷ്ടമായി, എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു എന്ന്. പിന്നെ രക്ഷിതും പൃഥ്വിയുമായി സംസാരിച്ചു. ഈ വിവരം രക്ഷിതിനെ വിളിച്ചുപറയുന്നതിനേക്കാള്‍ മുന്നേ ഞാന്‍ എന്റെ അമ്മയേയാണ് വിളിച്ചുപറഞ്ഞത്. നന്ദനം മുതല്‍ പൃഥ്വിരാജിന്റെ ഫാനാണ് അമ്മ. പിന്നെ ഞാന്‍ അദ്ദേഹത്തിന് മെസേജ് അയക്കുകയും മറുപടിയായി എന്നെ അഭിനന്ദിക്കുകയുമൊക്കെ ചെയ്തു.
കിരണ്‍രാജ് പറഞ്ഞുനിര്‍ത്തുന്നു.
Content Highlights: 777 charlie movie director kiranraj k interview, Rakshit Shetty, Prithviraj Sukumaran
Published: 06 Jun 2022, 10:07 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented