
മനുഷ്യനും നായയും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ചിത്രമാണ് കിരൺരാജ് കെ സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നായകനായി അഭിനയിച്ച 777 ചാർലി. കന്നഡയിൽ നിന്ന് മൊഴിമാറിയെത്തിയ ചിത്രം കേരളത്തിലും നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. സിനിമയേ തേടിയെത്തിയ അംഗീകാരത്തിൽ ആഹ്ലാദംകൊള്ളുകയാണ് താരങ്ങളും അണിയറപ്രവർത്തകരും.
777 ചാർലിയുടെ കർണാടകയിലെ പ്രദർശനം ഇനി നികുതിരഹിതമായിരിക്കും എന്നതാണ് ആ വാർത്ത. കർണാടക ധനകാര്യവകുപ്പ് ഇത് സംബന്ധിച്ച് സംസ്ഥാന ജി.എസ്.ടി വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച മുതൽ ആറുമാസത്തേക്കാണ് ഈ ഇളവ് ചിത്രത്തിന് ലഭിക്കുക. ടിക്കറ്റ് വിൽക്കുമ്പോൾ എസ്.ജി.എസ്.ടി ഈടാക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ടിക്കറ്റുകൾ നികുതി രഹിതമാക്കിയതിനുശേഷമുള്ള പുതുക്കിയ നിരക്കിലാകണം വിൽക്കേണ്ടത്.
ചിത്രം കണ്ടിറങ്ങിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കരയുന്നതിന്റെ ദൃശ്യം നേരത്തെ വൈറലായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. കൂടാതെ സിനിമയുടെ തിരക്കഥയേക്കുറിച്ചും സ്റ്റോറിലൈനിനേക്കുറിച്ചും അദ്ദേഹം പുകഴ്ത്തിയിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ചിത്രം കർണാടകയിൽ ടാക്സ് ഫ്രീയാക്കിയിരിക്കുന്നത്.
ഫാക്ടറി ജീവനക്കാരനായ ധർമ, അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചാർലി എന്ന നായ എന്നിവരുടെ യാത്രയുടെ കഥയാണ് ചാർലി 777. തെരുവുനായ്ക്കളെ ദത്തെടുക്കുന്നതിന്റേയും പരിപാലിക്കുന്നതിന്റെ ആവശ്യകതയേക്കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്. പരംവാ സ്റ്റുഡിയോസിന്റെ ബാനറിൽ രക്ഷിത് ഷെട്ടി തന്നെയാണ് ചിത്രം നിർമിച്ചത്.
രാജ് ബി ഷെട്ടി, സംഗീത ശൃംഗേരി, ബോബി സിംഹ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
Content Highlights: 777 Charlie tax-free in karnataka, Rakshit Shetty, Kiranraj K
Published: 19 Jun 2022, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented