നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി 50 ബിപിഎസ് പലിശ നിരക്കു കുറച്ച ഫെഡ് വര്‍ഷാവസാനത്തോടെ 50 ബിപിഎസ് ഇളവുകൂടി ഏര്‍പ്പെടുത്തുമെന്നും സൂചന നല്‍കിക്കഴിഞ്ഞു. പലിശ ഇളവിന്റെ ഈ കൂടിയ വേഗം 2025 ലേക്കും നീളുമെന്നാണ് വിലയിരുത്തല്‍. 2025 ഡിസംബറോടെ പലിശ നിരക്ക് 3.25 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ അനുമാനമായ 3.60 ശതമാനത്തേക്കാള്‍ കുറവാണിത്.  

To advertise here,

ഫെഡ് അഭിമുഖീകരിച്ച പ്രശ്നങ്ങളില്‍ ഒന്ന് കടപ്പത്ര വിപണിയിലെ ആദായത്തില്‍ കുത്തനെയുണ്ടായ ഇടിവായിരിക്കണം. സാമ്പത്തിക വേഗക്കുറവിനുള്ള സാധ്യതയിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ഫെഡ് നിരക്ക് 5.50 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ യുഎസ് സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ 10 വര്‍ഷത്തേയും 2 വര്‍ഷത്തേയും യീല്‍ഡിലുള്ള വ്യത്യാസം യഥാക്രമം -3.7 ശതമാനം, -3.6 ശതമാനം എന്ന നിലയിലാണ്. 10 വര്‍ഷ, 2 വര്‍ഷ കടപ്പത്രങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലാത്ത അവസ്ഥ സാമ്പത്തിക വളര്‍ച്ചാ മാന്ദ്യത്തിന്റെ സൂചനയായി കരുതാം. 

വായ്പാ നിരക്കുകള്‍ പതിറ്റാണ്ടിലെ കൂടിയ നിലയിലാണെന്നു മനസിലാക്കിയാണ് ഫെഡിന്റെ നീക്കം. ഇത് 2025ല്‍ ഉപഭോക്തൃ ഡിമാന്റിനേയും തൊഴിലിനെയും ബാധിക്കും. നിരക്കു മാറ്റത്തിന്റെ ആനുകൂല്യം ഏതാനും പാദങ്ങള്‍ക്കു ശേഷമേ വായ്പകളിലൂടെ ഉപഭോക്താക്കള്‍ക്കും ബിസിനസ് മേഖലയ്ക്കും ലഭ്യമാകൂ. പലിശ നിരക്കിലെ കുറവ് നിലവിലുള്ള ആസ്തികളുടെ മൂല്യം വര്‍ധിപ്പിക്കും. വികസ്വര വിപണികളിലേക്കുള്ള വിദേശ നിക്ഷേപം കൂട്ടുകയും ചെയ്യും. അതിനാല്‍ നിരക്കു വ്യത്യാസത്തെ വിപണികള്‍ ഗുണപരമായി  വരവേല്‍ക്കുന്നു. നിരക്കിളവു പ്രഖ്യാപനത്തിനു ശേഷം ഇന്ത്യ ഒഴികെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യം വര്‍ധിച്ചു. കൂടിയ വാല്യുവേഷന്‍ കാരണം ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ മാറ്റമൊന്നും അനുഭവപ്പെട്ടില്ല. 

പലിശ നിരക്കിളവിനെ തുടര്‍ന്ന് മൂല്യം കുറയുന്ന യുഎസ് ഡോളര്‍ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍സ്, വാഹന ഭാഗങ്ങള്‍ തുടങ്ങിയ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ 3-4 മാസങ്ങളിലെ ശക്തമായ കുതിപ്പിന് ശേഷം ഇന്ത്യന്‍ ഐടി ഓഹരികള്‍ ലാഭമെടുപ്പിനൊരുങ്ങുകയാണ്.  യുഎസില്‍ ഐടി സ്ഥാപനങ്ങളില്‍ പ്രമോഷനുകള്‍ വൈകാനും സാമ്പത്തിക വേഗക്കുറവിനും ചെറുകിട ലേ ഓഫുകള്‍ക്കും വഴിവെച്ചേക്കും.

സാമ്പത്തിക നയത്തില്‍ പെട്ടെന്നുണ്ടായ മാറ്റം വിപണി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍ കമ്പനികള്‍ ഹ്രസ്വ കാലയളവില്‍ മികച്ച പ്രകടനം നടത്തുമെന്നു കരുതപ്പെടുന്നു. എന്നാല്‍ കൂടിയ വാല്യുവേഷനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇതിന്റൈ പ്രയോജനം ലഭിക്കുമെന്നു തോന്നുന്നില്ല. ചൈനയുടെ ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 10 x ആയിരിക്കുമ്പോള്‍ ഇന്ത്യയുടേത് 21 x ആണ്.   

സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും വിലക്കയറ്റത്തിന്റെ വേഗക്കുറവുമനുസരിച്ച് ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഓഹരി വിപണി കണക്കുകളുടൈ അടിസ്ഥാനത്തിലായിരിക്കും നീങ്ങുക. ഫെഡ് ഭയപ്പെടുന്നതു പോലെ, കൂടുതല്‍ വ്യക്തമായൊരു  സാമ്പത്തിക വേഗക്കുറവിന്റെ എന്തെങ്കിലും ലക്ഷണം  വിപണിയില്‍ പ്രതികൂലമായ ആഘാതമുണ്ടാക്കും. എന്നാല്‍, ഇപ്പോഴത്തെ കണക്കുകള്‍ പ്രോത്സാഹന ജനകമായതിനാല്‍, പലിശ നിരക്കില്‍ പെട്ടെന്നുണ്ടായ കുറവ് ഹ്രസ്വ കാലയളവില്‍ സമ്പദ്‌വ്യവസ്ഥയെയും ഓഹരി വിപണിയേയും ഉത്തേജിപ്പിക്കും. വിദേശ നിക്ഷേപങ്ങളില്‍ നിന്നുള്ള പണമൊഴുക്കു കാരണം വികസ്വര വിപണികളായിരിക്കും ഏറ്റവും വലിയ ഗുണഭോക്താക്കള്‍.