എട്ട് ദിവസം നീണ്ട നഷ്ടത്തിന്റെ ദിനങ്ങള്‍ക്കൊടുവില്‍ മികച്ച നേട്ടത്തില്‍ ഓഹരി വിപണി. ആര്‍ബിഐയുടെ പണനയ പ്രഖ്യാപനവും രാജ്യത്തെ സാമ്പത്തിക സ്ഥിത സംബന്ധിച്ച വിലയിരുത്തലുമാണ് വിപണി നേട്ടമാക്കിയത്.

To advertise here,

ബാങ്കുകളുടെയും മറ്റ് ധനകാര്യ ഓഹരികളുടെയും കരുത്തില്‍ സെന്‍സെക്‌സ് 700ലധികം പോയന്റ് നേട്ടത്തില്‍ 80,983ലെത്തി. നിഫ്റ്റിയാകട്ടെ 24,800 പിന്നിടുകയും ചെയ്തു.

ഏറ്റെടുക്കലുകള്‍ക്ക് ധനസഹായം നല്‍കാന്‍ ബാങ്കുകളെ അനുവദിക്കുക. ഓഹരികള്‍ക്ക് ഈടായി നല്‍കുന്ന വായ്പകള്‍ ഉദാരമാക്കുക തുടങ്ങി വിപണിക്ക് അനുകൂലമായ പ്രഖ്യാപനങ്ങളാണ് കുതിപ്പിന് പിന്നില്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍നിന്ന് 6.8 ശതമാനമാക്കിയതും വിപണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചികാ അനുമാനം 3.1 ശതമാനത്തില്‍നിന്ന് 2.6 ശതമാനമാക്കുകയും ചെയ്തു.

നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് മൂന്ന് ശതമാനം നേട്ടമുണ്ടാക്കി. ഹഡ്‌കോ, ഐആര്‍ഇഡിഎ, ആര്‍ഇസി, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ തുടങ്ങിയവ അഞ്ച് ശതമാനംവരെ നേട്ടമുണ്ടാക്കി. റിയാല്‍റ്റി, ഫാര്‍മ, ഐടി, മീഡിയ ഓഹരികളും നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക മാത്രമാണ് നഷ്ടം നേരിട്ടത്.

ഈടായി ഓഹരികള്‍ നല്‍കുന്ന വായ്പയുടെ പരിധി 20 ലക്ഷം രൂപയില്‍നിന്ന് ഒരു കോടിയായാണ് ഉയര്‍ത്തിയത്. വിപണിയില്‍ പണലഭ്യത മെച്ചപ്പെടുത്താനായി പ്രഖ്യാപിച്ച അഞ്ച് നടപടികളുടെ ഭാഗമായി ഐപിഒ ധനസഹായ പരിധി 25 ലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

രാജ്യത്തെ സാമ്പത്തിക സ്ഥിരതയിലുള്ള ആര്‍ബിഐയുടെ ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയായിരുന്നു പണനയ തീരുമാനങ്ങളില്‍ പ്രതിഫലിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമായി ഉയര്‍ത്തിയതും പണപ്പെരുപ്പ അനുമാനം 2.6 ശതമാനമായി കുറച്ചതുമാണ് അതില്‍ പ്രധാനം.

അടുത്ത സ്ഥിതിവിവരക്കണക്കുകള്‍ വരുമ്പോള്‍ ഒരു തവണകൂടി നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.