ആഗോള സംഘർഷം അയയുകയും അസംസ്‌കൃത എണ്ണ വില താഴുകയും ചെയ്താൽ മാത്രമേ വിദേശ നിക്ഷേപകർ (FIIs) തിരിച്ചുവരികയുള്ളൂ. അതുവരെ, വിവേകത്തോടെയുള്ള തിരഞ്ഞെടുപ്പിലൂടെയും അച്ചടക്കമുള്ള നിക്ഷേപ രീതിയിലൂടെയും വിപണിയിൽ ഇടപെടാം.

വിപണിയെ സംബന്ധിച്ചിടത്തോളം നിലവിലെ ആഗോള സാഹചര്യം വെല്ലുവിളികൾ നിറഞ്ഞതാണ്. ക്രൂഡോയിൽ വില വർധനവും രൂപയുടെ മൂല്യശോഷണവും ആഭ്യന്തര ധനസ്ഥിതിക്കും കോർപ്പറേറ്റ് വരുമാന വളർച്ചയ്ക്കും ഒരുപോലെ ഭീഷണിയുയർത്തുന്നു. എന്നിരുന്നാലും, ചൈനയുൾപ്പെടെയുള്ള പ്രമുഖ ആഗോള വിപണികൾ തകർച്ച നേരിടുമ്പോൾ ഇന്ത്യൻ വിപണി പ്രകടിപ്പിക്കുന്ന പ്രതിരോധശേഷി ശ്രദ്ധേയമാണ്. ഈ ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ വിപണിയുടെ ആന്തരിക കരുത്ത് വിളിച്ചോതുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മാർച്ച് മാസത്തിലെ താഴ്ന്ന നിലയിൽ നിന്ന് നിഫ്റ്റി സ്‌മോൾ ക്യാപ് 100 സൂചിക 20 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 15 ശതമാനവും വളർച്ച കൈവരിച്ചു. മെയ് മാസത്തിൽ ഈ സൂചികകൾ പുതിയ റെക്കോർഡ് ഉയരങ്ങൾ കീഴടക്കിയത് വിപണിയുടെ കരുത്തുറ്റ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്.
മുന്നേറ്റത്തിന് പിന്നിലെ കാരണങ്ങൾ
ആഗോള വിപണികളിലെ അസ്ഥിരതകൾക്കിടയിലും മിഡ്, സ്‌മോൾ ക്യാപ് വിഭാഗങ്ങൾ മുന്നേറുന്നത് ഇന്ത്യയുടെ ആഭ്യന്തര വളർച്ചയിലുള്ള നിക്ഷേപകരുടെ വിശ്വാസത്തെയാണ് അടിവരയിടുന്നത്. ദീർഘകാല നിക്ഷേപകർക്കും വിപണി നിരീക്ഷകർക്കും ഈ മുന്നേറ്റത്തിന് ആധാരമായ വസ്തുതകൾ തിരിച്ചറിയുന്നത് നിർണായകമാണ്.
പണലഭ്യത: ഏപ്രിൽ മുതൽ വിപണിയിൽ ദൃശ്യമായ പണലഭ്യത കാര്യമായ പിന്തുണ നൽകി. മ്യൂച്വൽ ഫണ്ടുകളിലൂടെയും എസ്‌ഐപികളിലൂടെയും എത്തുന്ന വ്യക്തിഗത നിക്ഷേപകരുടെ കൂടിയ പങ്കാളിത്തം ആഭ്യന്തര വിപണിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
മേഖലാടിസ്ഥാനത്തിലുള്ള മുൻഗണനകളും ജിഎസ്ടി പ്രഭാവവും: കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ പല മേഖലകൾക്കും വലിയ കരുത്തായി. പ്രതിരോധ മേഖലയിലെ സ്വദേശിവൽക്കരണം, ഉത്പാദന മേഖലയ്ക്കും ഇൻഫ്രാസ്ട്രക്ചറിനും നൽകുന്ന മുൻഗണന എന്നിവ ഇതിൽ പ്രധാനമാണ്. നാലാം പാദത്തിൽ കൺസ്യൂമർ ഡിസ്‌ക്രീഷണറി, സ്റ്റേപ്പിൾസ് വിഭാഗങ്ങളിലെ മികച്ച പ്രകടനത്തിന് ജിഎസ്ടി നിരക്കുകളിൽ വരുത്തിയ ക്രമീകരണങ്ങൾ സഹായകമായിട്ടുണ്ട്.
മൂല്യത്തിലെ ആകർഷണീയത: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഈ ഓഹരികളുടെ മൂല്യത്തിലുണ്ടായ തിരുത്തൽ നിക്ഷേപകർക്ക് മികച്ച എൻട്രി പോയിന്റുകൾ നൽകി. മുൻവർഷത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ വരുമാന വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതായത് നിക്ഷേപകരെ വീണ്ടും ആകർഷിച്ചു. ബാങ്കിങ് മേഖലയിലെ മതിയായ പണലഭ്യതയും നിയന്ത്രണവിധേയമായ ധനക്കമ്മിയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഭദ്രമാണെന്നതിന്റെ തെളിവാണ്.
മേഖലകളിലെ പ്രകടനം
വിപണി സവിശേഷമായ ചാക്രിക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ മൊത്തത്തിലുള്ള സൂചികയേക്കാൾ മേഖല തിരിച്ചുള്ള വിശകലനത്തിനാണ് ഇപ്പോൾ പ്രസക്തി.
വിജയിച്ച മേഖലകൾ: അടിസ്ഥാന സൗകര്യ മേഖലയിലെ ചെലവിടലും ഊർജ ആവശ്യകതയും വർധിച്ചതോടെ പവർ, മെറ്റൽ, ഡിഫൻസ്, ക്യാപിറ്റൽ ഗുഡ്സ് മേഖലകൾ കാര്യമായ മുന്നേറ്റം നടത്തി. ആഭ്യന്തര ഉത്പാദനത്തിന് നൽകുന്ന പ്രാധാന്യം ഈ മേഖലകളുടെ ഓർഡർ ബുക്ക് ശക്തമാക്കി.
സ്ഥിരതയാർന്ന മേഖലകൾ: ഫാർമസ്യൂട്ടിക്കൽ, ടെലികോം മേഖലകൾ രൂപയുടെ മൂല്യശോഷണത്തിന്റെ ആഘാതം നേരിട്ടെങ്കിലും ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള സ്ഥിരതയാർന്ന ഡിമാൻഡ് മൂലം ലാഭക്ഷമത നിലനിർത്തുന്നതിൽ വിജയിച്ചു.
തളർച്ച നേരിട്ട മേഖലകൾ: ഐടി മേഖലയിൽ ആഗോളതലത്തിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലും കമ്പനികൾ പരമ്പരാഗത ഐടിയിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് (AI) ശ്രദ്ധ മാറ്റുന്നതും നിഫ്റ്റി ഐടി സൂചികയെ പിന്നോട്ടടിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിൽ നഗര ഉപഭോഗത്തിലുണ്ടായ കുറവും പണലഭ്യതയിലെ പരിമിതികളും പ്രകടമായ വളർച്ചയെ തടസ്സപ്പെടുത്തി.
ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, ഈ വർഷം നിഫ്റ്റി 50 സൂചിക 9.3 ശതമാനം ഇടിവ് നേരിട്ടപ്പോഴും മിഡ്, സ്‌മോൾ ക്യാപ് സൂചികകൾ വളർച്ച നിലനിർത്തി എന്നതാണ്. ലാർജ് ക്യാപ് ഓഹരികൾ ആഗോള അനിശ്ചിതത്വങ്ങളോട് കൂടുതൽ സെൻസിറ്റീവ് ആയതിനാൽ, നിക്ഷേപകർ താരതമ്യേന സുരക്ഷിതമായ ആഭ്യന്തര വളർച്ചാ സാധ്യതയുള്ള മിഡ്, സ്‌മോൾ ക്യാപ് ഓഹരികളിലേക്ക് ശ്രദ്ധ മാറ്റുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
വെല്ലുവിളികളും സാമ്പത്തിക സൂചകങ്ങളും
സമ്പദ്‌വ്യവസ്ഥ നിലവിൽ നേരിടുന്നത് ആവശ്യകതയുടെ കുറവല്ല, മറിച്ച് 'ഉത്പാദനപരമായ പ്രതിസന്ധി' (Production Crisis) ആണ്. ഇത് പ്രധാനമായും വിതരണ ശൃംഖലയെ ബാധിക്കുന്ന ബാഹ്യഘടകങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്. പണപ്പെരുപ്പവും വളർച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ആർബിഐ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിലവിലെ മൂല്യനിർണയങ്ങൾ പരിശോധിച്ചാൽ അമിതാവേശം ഒഴിവാക്കേണ്ടതാണെന്ന് വ്യക്തമാകും:
നിഫ്റ്റ് മിഡ് ക്യാപ് 100: നിലവിൽ ഒരു വർഷം മുന്നോട്ടുള്ള പ്രൈസ് ടു ഏണിംഗ്സ് (P/E) മൾട്ടിപ്പിൾ 26 മടങ്ങിലാണ്. ഇത് 10 വർഷത്തെ ശരാശരിയേക്കാൾ ഉയർന്ന നിലയിലാണ്.
നിഫ്റ്റി സ്‌മോൾ ക്യാപ് 100: ഇതിന്റെ വ്യാപാരം ഏകദേശം 22 മടങ്ങിലാണ്.
ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ, ഇറാൻ-അമേരിക്ക ബന്ധം, യുഎസ് ഫെഡ് നയം, കൂടുന്ന കടപ്പത്ര ആദായം എന്നിവ വിപണിയിലെ റിസ്‌ക് ഘടകങ്ങളായി തുടരുന്നു. ഇവ നിക്ഷേപകരുടെ പോർട്ട്ഫോളിയോയിൽ ഹ്രസ്വകാല ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
നിർദേശങ്ങളും കാഴ്ചപ്പാടും
ദീർഘകാല വളർച്ചാ സാധ്യതകൾ ശോഭനമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ജാഗ്രത അനിവാര്യമാണ്. കോർപ്പറേറ്റ് വരുമാന വളർച്ചയുടെ കാര്യത്തിൽ നടപ്പ് ഒന്നാം പാദത്തിൽ (Q1) വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നില്ല എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. അതിനാൽ വിപണിയിലെ കൺസോളിഡേഷൻ സാധ്യത തള്ളിക്കളയാനാവില്ല.
ഘട്ടം ഘട്ടമായി നിക്ഷേപിക്കാം: ഒറ്റയടിക്കുള്ള വലിയ നിക്ഷേപം ഒഴിവാക്കി, മികച്ച മേഖലകളിലെ ഓഹരികളിൽ ഘട്ടം ഘട്ടമായി നിക്ഷേപം നടത്തുക.
ശുഭാപ്തി വിശ്വാസം: വിപണിയുടെ പോസിറ്റീവ് വശങ്ങളെ കാണുമ്പോഴും ആഗോള മാക്രോ സാമ്പത്തിക ഘടകങ്ങളിൽ കൃത്യമായ കണ്ണ് വേണം.
ലാഭമെടുപ്പും താഴെ തട്ടിലുള്ള വാങ്ങലും: വിപണി ഉയരുമ്പോൾ ലാഭമെടുക്കാനും തിരുത്തലുകൾ ഉണ്ടാകുമ്പോൾ ഗുണമേന്മയുള്ള ഓഹരികൾ കൂട്ടിച്ചേർക്കാനും ശ്രദ്ധിക്കുക.
ആഗോള സംഘർഷം അയയുകയും അസംസ്‌കൃത എണ്ണ വില താഴുകയും ചെയ്താൽ മാത്രമേ വിദേശ നിക്ഷേപകർ (FIIs) തിരിച്ചുവരികയുള്ളൂ. അതുവരെ, വിവേകത്തോടെയുള്ള തിരഞ്ഞെടുപ്പിലൂടെയും അച്ചടക്കമുള്ള നിക്ഷേപ രീതിയിലൂടെയും വിപണിയിൽ ഇടപെടാം.
Content Highlights: Mid-cap and small-cap indices showed resilience despite global macroeconomic instability., Strong domestic retail participation through SIPs and mutual funds is driving market growth., Government policy focus on defense, infrastructure, and manufacturing is boosting specific sectors., Current P/E multiples suggest high valuations; investors should exercise caution and avoid over-exposure., Strategic, phased investment (SIP approach) is recommended over lump-sum buying.
Published: 26 May 2026, 03:11 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented