ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ നടത്തിയ വില്പനയ്ക്കു ശേഷം നവംബര്‍ 21 മുതലാണ് വിപണി തിരിച്ചു വരാന്‍ തുടങ്ങിയത്. വിദേശ സ്ഥാപന ഓഹരി വില്‍പനയിലുണ്ടായ കുറവും നവംബര്‍ മുതല്‍ എഫ്ആന്‍ഡ്ഒ പ്രതികൂല സ്ഥിതിയിലുണ്ടായ അയവും ചേര്‍ന്ന് കാര്യങ്ങള്‍ മാറ്റിമറിക്കുകയായിരുന്നു. ക്രിസ്മസ് കുതിപ്പ് മുന്നില്‍ കണ്ട് ഗുണകരമായ നിലയിലാണ് ഡിസംബറിലെ വ്യാപാരം തുടങ്ങിയത്. നിവംബര്‍ 21 ലെ താഴ്ചയില്‍ നിന്ന് ഡിസംബര്‍ 16 വരെ ഇടത്തരം, ചെറുകിട ഓഹരികളുടെ പിന്തുണയോടെ വിപണി ഇന്റ്ട്രാഡേ ട്രേഡിംഗില്‍ 8 ശതമാനം നേട്ടമുണ്ടാക്കി.

To advertise here,

ഡിസമ്പര്‍ 18ലെ ഫെഡ് നയ പ്രഖ്യാപനത്തിനു മുന്നോടിയായി വികസിത വിപണികളില്‍ ക്രിസ്മസ് കുതിപ്പിനു ഗതിവേഗം കുറഞ്ഞതോടെയാണ് ഈ വാരം ഇന്ത്യയില്‍ ലാഭമെടുപ്പ് തുടങ്ങിയത്. ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ മുന്നോടിയായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടാകുന്ന സാന്താക്ലോസ് കുതിപ്പ് ഒരു സീസണല്‍ പ്രതിഭാസമാണ്. ഇക്കുറി പതിവിലും നേരത്തെയാണ് ഇതു തുടങ്ങിയത് എന്നുമാത്രം. 2024ലെ അന്തിമ, 2025ന്റെ ആദ്യ ട്രേഡിംഗ് ഘട്ടത്തില്‍ ഉണ്ടാകുമായിരുന്ന കുതിപ്പില്‍ നിന്നു ലഭിക്കേണ്ട പ്രയോജനം നിരക്കിളവിന്റെ കാര്യത്തില്‍ ഫെഡറല്‍ റിസര്‍വ് കൈക്കൊണ്ട നയപരമായ മാറ്റം കാരണം കുറഞ്ഞിരിക്കയാണ്.  

മുന്നേറ്റം ജാഗ്രതയോടെ ആയതോടെ, വികസ്വര വിപണികളില്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ കനത്തതായി. വികസ്വര വിപണികളുമായി തുലനം ചെയ്യുമ്പോള്‍ കഴിഞ്ഞ 3 മാസമായി വികസിത വിപണികളില്‍ ട്രേഡിംഗ് കൂടുതല്‍ ഭദ്രമായിരുന്നു. ഫെഡ് യോഗത്തിനു മുന്നോടിയായി ഇന്ത്യന്‍ വിപണിയില്‍ ചാഞ്ചാട്ടം പെട്ടെന്നു വര്‍ധിച്ചു. നവംബര്‍ 21നു ശേഷം വിപണി നന്നായി വീണ്ടെടുപ്പു നടത്തിയതാണ് ഇതിനു കാരണം.  നയ സമിതി യോഗത്തില്‍ സംഭവിച്ചതുപോലെ ഫെഡ് നിരക്കില്‍ 25 ബിപിഎസ് കുറവ് ആഗോള വിപണി ഉള്‍ക്കൊണ്ടു കഴിഞ്ഞിരുന്നു. ഫെഡ് നയത്തിലുണ്ടായ മാറ്റം കാരണം ഇന്ത്യയുടേയും ഇതര വികസ്വര വിപണികളുടേയും പ്രകടനം മോശമായി. 2025ലെ  ജിഡിപി വളര്‍ച്ചാ നിരക്ക് 2 ശതമാനത്തില്‍ നിന്ന് 2.1 ശതമാനമായി വര്‍ധിച്ചതും തൊഴിലില്ലായ്മാ നിരക്ക് 4.4 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി കുറഞ്ഞതും ഗുണകരം തന്നെ. എന്നാല്‍ വിലക്കയറ്റ അനുമാനം 2 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി കണക്കാക്കുന്നതും ഫെഡ് റിപ്പോ നിരക്ക്  3.4 ശതമാനത്തില്‍ നിന്ന് 3.9 ശതമാനമായി ഉയരുന്നതും രണ്ടു മൂന്നു മാസം മുമ്പു കണക്കാക്കിയിരുന്ന 2025ലെ  നിരക്കിളവ് 100 ബിപിഎസിനു പകരം 50 ബിപിഎസ് ആകുന്നതിന്റെ സചനയായി വേണം കാണാന്‍.

ഫെഡ് നയം മാറ്റം സാമ്പത്തിക ഘടകങ്ങളേക്കാള്‍ രാഷ്ട്രീയ ഘടകങ്ങളുടെ പ്രേരണയാല്‍ ഉണ്ടായതാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഉണ്ടായ പ്രധാന സംഭവം ട്രംപോണോമിക്സിന്റെ ഉദയമാണ്. സാമ്പത്തിക കാഴ്ചപ്പാട് ഗുണകരമായി പരിഷ്‌കരിക്കപ്പെട്ടപ്പോള്‍, ആഗോള ധന വിപണിയെ മോശമായി ബാധിക്കാവുന്ന നയങ്ങള്‍ വന്നേക്കാമെന്ന പ്രതീക്ഷയില്‍ നിരക്കിളവിനുള്ള സാധ്യത കുറയുകയായിരുന്നു. ഫെഡിന്റെ ഈ നയം മാറ്റം അല്‍പം നേരത്തേ ആയിപ്പോയില്ലേ എന്നു സംശയിക്കണം. സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇതൊഴിവാക്കുകയായിരുന്നു വേണ്ടിയിരുന്നത്. അഥവാ 2025ല്‍ ട്രംപ് സംഘം പുതിയ നയങ്ങള്‍ പ്രഖ്യാപിക്കും വരെയെങ്കിലും കാത്തിരിക്കണമായിരുന്നു. ഇപ്പോഴാകട്ടെ ഊഹാപോഹങ്ങള്‍ വ്യാപകമായിരിക്കുന്നു.

ഫെഡ് പ്രശ്നം മാറ്റിവെച്ചാല്‍, പലിശ നിരക്കിളവിന്റെ കാര്യത്തില്‍ അടുത്ത ഒന്നോ രണ്ടോ പാദത്തിനകം വ്യക്തത കൈവന്നേക്കാം. ഇന്ത്യയെ സംബന്ധിച്ചേടത്തോളം കൂടിയ വാല്യുവേഷനും കുറഞ്ഞ ലാഭ പ്രതീക്ഷയുമാണ് ഇപ്പോഴത്തെ പ്രശ്നം. 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലുണ്ടാകാവുന്ന  നിഫ്റ്റി 50 ന്റെ താഴ്ന്ന ഇപിഎസ് വളര്‍ച്ച, നേരത്തേ കണക്കാക്കിയിരുന്ന 13-15 ശതമാനത്തില്‍ നിന്ന് 8-10 ശതമാനത്തിലേക്കുള്ള കുറയ്ക്കല്‍ പ്രീമിയം വാല്യുവേഷന് അനുഗുണമായിരിക്കില്ല. ഓഹരി വിപണിയില്‍ ഈയിടെ ഉണ്ടായ തിരിച്ചു വരവിനും ലാഭത്തിലെ കുറവിനും ശേഷം ഒരു വര്‍ഷം മുന്നോട്ടുള്ള പിഇ അനുപാതം 5 വര്‍ഷ ശരാശരിയില്‍ നിന്നുയര്‍ന്ന് 19 x ല്‍ നിന്ന് 20 x ആയിട്ടുണ്ട്.  

ഇതിന്റെ മറുവശം എന്തെന്നാല്‍, ജനുവരിയില്‍ വരാനിരിക്കുന്ന മൂന്നാം പാദത്തിലെ വരുമാന വളര്‍ച്ച മെച്ചപ്പെടുമെന്നാണ് വിപണി കരുതുന്നത്. എന്നാല്‍ ഇപിഎസ് വളര്‍ച്ച എത്രമാത്രം മെച്ചപ്പെടുമെന്നു പറയാന്‍ ഇപ്പോള്‍ നിവൃത്തിയില്ല. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് 10-12 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഒന്നാം പകുതിയില്‍ ഇത് മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 6 ശതമാനമായിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയുടെ തുടക്കത്തിലെ പ്രകടനം വിലയിരുത്തുന്ന, ജനുവരിയില്‍ പ്രഖ്യാപിക്കാനിരിക്കുന്ന മൂന്നാം പാദ ഫലങ്ങളാണ് ഏവരും ഉറ്റുനോക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലാഭ വളര്‍ച്ച 13 മുതല്‍ 15 ശതമാനം വരെ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തേക്കാള്‍ കുറവാണിത്.

മുന്നേറ്റം പ്രതീക്ഷിക്കാമോ? 
വികസിത വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര വിപണികള്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ വേഗക്കുറവു പ്രതീക്ഷിക്കുന്നതിനാലാണിത്. ബാലന്‍സ് ഷീറ്റ് 7.5 ട്രില്യണ്‍ ഡോളറില്‍ നിന്ന്  6.9 ട്രില്യണ്‍ ഡോളറാക്കി കുറയ്ക്കുന്ന പ്രക്രിയയിലാണ് യുഎസ് കേന്ദ്ര ബാങ്കായ ഫെഡ്. 2002ലെ ഉയര്‍ന്ന നിലയില്‍ അവരുടെ ബാലന്‍സ് ഷീറ്റ് 9 ട്രില്യണ്‍ ഡോളറായിരുന്നു. യുഎസ് ഡോളറിന്റെ ലഭ്യതക്കുറവ് വികസ്വര വിപണികളുടെ കറന്‍സികളേയും ഓഹരി വിപണികളേയും ബാധിക്കുകയാണ്. കോവിഡാനന്തര കാലത്ത് രൂപംനല്‍കിയ ഉദാരവല്‍ക്കരണ നയങ്ങളുടെ ആനുകൂല്യം ലഭിച്ച ഓഹരികള്‍ ഇന്ന് അതിന്റെ നേര്‍ വിപരീത ദിശയിലാണ് നീങ്ങുന്നത്. ഫെഡിന്റെ നേതൃത്വത്തില്‍ യുഎസ് ബാങ്കുകള്‍ ധന വിപണികളിലൂടെ കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങുകയാണ്. യുഎസ് ഫെഡ് നയത്തിലെ ഈ മാറ്റം വികസ്വര വിപണികളെ തുടര്‍ന്നും ബാധിക്കും. കൂടിയ പലിശ നിരക്കും ഉദാരവിരുദ്ധ നയങ്ങളും വികസ്വര വിപണികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.