റിസര്‍വ് ബാങ്ക് രണ്ട് തവണയായി റിപ്പോ നിരക്ക് വര്‍ധിപ്പിക്കാത്തതിനാല്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഇത്തവണ കൂട്ടുമോ? ജൂലായ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30വരെ ബാധകമായ പലിശയാണ് വെള്ളിയാഴ്ച പരിഷ്‌കരിക്കുക. 

To advertise here,

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, എന്നിവ ഉള്‍പ്പടെയുള്ള സമ്പാദ്യ പദ്ധതികളുടെ പലിശ കഴിഞ്ഞ രണ്ട് പാദങ്ങളിലും വര്‍ധിപ്പിച്ചിരുന്നു. അതേസമയം, പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ നിരക്കില്‍ മാറ്റംവരുത്തിയിരുന്നുമില്ല.

പലിശ പരിഷ്‌കരിക്കുന്നത് ഇങ്ങനെ
സമാന കാലാവധിയുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വിപണി വിലയുമായി ബന്ധപ്പെടുത്തിയാണ് ലുഘു സമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്‌കരിക്കുന്നത്. 2011ലെ ശ്യാമള ഗോപിനാഥ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ രീതി പിന്തുടരുന്നത്. 2016ല്‍ ധനമന്ത്രാലയം വിജ്ഞാപനം ചെയ്ത രീതി കണക്കിലെടുത്താല്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായത്തേക്കാള്‍ കാല്‍ ശതമാനം കൂടുതലാണ് പിപിഎഫിന് നല്‍കിവരുന്നത്. അതായത് 10 വര്‍ഷം കാലാവധിയുള്ള സര്‍ക്കാര്‍ കടപ്പത്ര ആദായത്തേക്കാള്‍ കാല്‍ശതമാനം അധിക പലിശ.

2023 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 10 വര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്രത്തിന്റെ ശരാശരി ആദായം 7.3ശതമാനമായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഈ ആദായത്തേക്കാള്‍ കാല്‍ശതമാനം കൂടുതലായിരിക്കണം പിപിഎഫിന്റെ പലിശ. കൃത്യമായി പാലിക്കുകയാണെങ്കില്‍ പിപിഎഫിന്റെ നിരക്ക് 7.55 ശതമാനമാക്കേണ്ടതുണ്ട്. 

അതേസമയം, സര്‍ക്കാര്‍ സെക്യൂരികളുടെ  ആദായത്തിന് ആനുപാതികമായുള്ള വര്‍ധന മുന്‍ പാദങ്ങളില്‍ നല്‍കിയതായി കാണുന്നില്ല. ജനുവരി-മാര്‍ച്ച് പാദത്തില്‍ സെക്യൂരിറ്റികളുടെ ആദായം 7.3-7.5 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിട്ടും ഏപ്രില്‍ പാദത്തില്‍ വര്‍ധന പ്രഖ്യാപിച്ചില്ല. കോവിഡിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ കാര്യമായ കുറവ് വരുത്തിയപ്പോഴും പിപിഎഫിന്റെ പിലിശ അതേ നിരക്കില്‍ നിലനിര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. 

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ലഘു സാമ്പാദ്യ പദ്ധതികളില്‍ ചിലതിന്റെ പലിശ നിരക്ക് 0.70ശതമാനം(70 ബേസിസ് പോയന്റ്)വരെ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, റിപ്പോ നിരക്ക് രണ്ടര ശതമാനം കൂട്ടിയിട്ടും പഴയ നിരക്കില്‍തന്നെ പിപിഎഫിന്റെ പലിശ തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ കാല്‍ ശതമാനമെങ്കിലും പലിശ പലിശ വര്‍ധിപ്പിച്ചേക്കാമെന്ന് വിഗദ്ധര്‍ വിലയിരുത്തുന്നത്.