കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയതായി അവതരിപ്പിച്ച ഏകീകൃത പെന്‍ഷന്‍ പദ്ധതി(യുപിഎസ്) ജീവനക്കാര്‍ക്ക് എത്രത്തോളം ഗുണകരമാകും? ഉറപ്പുള്ള പെന്‍ഷന്‍ ലഭിക്കുമെന്നതാണ് ശ്രദ്ധേയമായ നേട്ടം. കുറഞ്ഞ സേവന കാലയളവുള്ളവര്‍ക്ക് തീരുമാനം കൂടുതല്‍ ആശ്വാസകരമാരമാകും. പഴയ പെന്‍ഷന്‍ പദ്ധതിയും നിലവിലെ എന്‍പിഎസും നടപ്പാക്കാനിരിക്കുന്ന യുപിഎസും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. മൂന്ന് പദ്ധതികളും താരതമ്യം ചെയ്യാം.
പ്രധാന വ്യത്യാസങ്ങള്‍
ഉറപ്പുള്ള പെന്‍ഷന്‍
പഴയ പെന്‍ഷന്‍ പദ്ധതിയും(ഒപിഎസ്) ഏകീകൃത പെന്‍ഷന്‍ പദ്ധതിയും(യുപിഎസ്) സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം, പെന്‍ഷന്‍ കണക്കാക്കുന്നതില്‍ ഇരു പദ്ധതികളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 50 ശതമാനമാണ് പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കുക. 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും ശരാശരിയെടുത്ത് അതിന്റെ 50 ശതമാനമായിരിക്കും യുപിഎസ് പ്രകാരം അനുവദിക്കുക. അതായത് വിരമിക്കുന്നതിന്റെ അവസാന മാസങ്ങളില്‍ ഉയര്‍ന്ന ശമ്പള സ്‌കെയിലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്ക് അവസാനം ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനമായിരിക്കില്ല ലഭിക്കുക. പെന്‍ഷന്‍ തുക കണക്കാക്കാന്‍ 12 മാസത്തെ ശരാശരിയാകും പരിഗണിക്കുക. 25 വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവര്‍ക്കാണ് 50 ശതമാനം പെന്‍ഷന് അര്‍ഹതയുള്ളത്.
ജീവനക്കാരുടെ വിഹിതം
പഴയ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് വ്യത്യസ്തമായി ഏകീകൃത പദ്ധതിയില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് ജീവനക്കാരന്‍ മാസംതോറും വിഹിതം നല്‍കേണ്ടിവരും. എന്‍പിഎസില്‍ നല്‍കിയതിന് സമാനമാണിത്. അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 10 ശതമാനമാണ് ജീവനക്കാര്‍ നല്‍കേണ്ടത്. നിലവില്‍ എന്‍പിഎസില്‍ സര്‍ക്കാരിന്റെ വിഹിതം 14 ശതമാനമാണ്. യുപിഎസില്‍ ഇത് 18.5 ശതമാനമാക്കും. നിലവിലെ എന്‍പിഎസ് പദ്ധതിയില്‍നിന്നുള്ള മറ്റൊരു പ്രധാന മാറ്റമാണ് സര്‍ക്കാര്‍ വിഹിതത്തിലെ വര്‍ധന. പഴയ പെന്‍ഷന്‍ പദ്ധതിയില്‍ ജീവനക്കാരില്‍നിന്ന് വിഹിതം പിടിച്ചിരുന്നില്ല.
നികുതി ആനുകൂല്യം
നിലവില്‍ എന്‍പിഎസിലേക്ക് സര്‍ക്കാര്‍ നല്‍കുന്ന വിഹതത്തിന് പഴയ നികുതി വ്യവസ്ഥയിലും പുതിയതിലും നികുതി ആനുകൂല്യം ലഭ്യമാണ്. 14 ശതമാനംവരെയുള്ള വിഹിതത്തിനാണ് ഇളവ് ലഭിക്കുക. 18.5 ശതമാനംവരെ നികുതിയിളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കാം. ജീവനക്കാര്‍ നല്‍കുന്ന വിഹിതത്തിനുകൂടി നികുതി ആനുകൂല്യം ലഭ്യമാണോയെന്ന കാര്യം വ്യക്തമാക്കേണ്ടതുണ്ട്.
പെന്‍ഷന്‍ തുക
ഏകീകൃത പെന്‍ഷന്‍ പദ്ധതി പ്രകാരം 10 വര്‍ഷം സര്‍വീസുള്ള ഒരാള്‍ക്ക് 10,000 രൂപ പെന്‍ഷന്‍ ഉറപ്പുനല്‍കുന്നു. നിലവില്‍ ഇത് 9,000 രൂപയാണ്. ജീവനക്കാരന്റെ കാലശേഷം പെന്‍ഷന്‍ തുകയുടെ 60 ശതമാനം പങ്കാളിക്ക് ലഭിക്കും.
പെന്‍ഷന് പുറമെ ഒറ്റത്തവണ തുക
ഏകീകൃത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിക്കുന്ന സമയത്ത് പെന്‍ഷന് പുറമെ ഒറ്റത്തവണയായി തുക നല്‍കും. എന്‍പിഎസിലും ഈ രീതിയില്‍ തുക വാഗ്ദാനം ചെയ്തിരുന്നു. അതായത് വിരമിക്കുന്ന സമയത്ത് അതുവരെ സമാഹരിച്ചതും അതിന്റെ നേട്ടവും കൂടിച്ചേര്‍ന്ന മൊത്തം തുകയില്‍ 60 ശതമാനം തുക തിരികെ നല്‍കുന്നുണ്ട്. ബാക്കിയുള്ള 40 ശതമാനത്തില്‍നിന്നാണ് പെന്‍ഷന്‍ ലഭിക്കാന്‍ ആന്വിറ്റി പ്ലാനില്‍ നിക്ഷേപം നടത്തുന്നത്.
ഏക്രീകൃത പദ്ധതി പ്രകാരം, പൂര്‍ത്തിയാക്കിയ ഒരോ ആറു മാസത്തെ സേവനത്തിനും സൂപ്പര്‍ആനുവേഷന്‍ തിയതി പ്രകാരം വേതനത്തിന്റെ 1/10 ആയി കണക്കാക്കും. എന്നാല്‍ പഴയ സ്‌കീമില്‍ പെന്‍ഷന്‍ കമ്യൂട്ടേഷന്‍ വഴിയാണ് വിരമിക്കുമ്പോള്‍ ഒറ്റത്തവണ കൂടുതല്‍ തുക ലഭിക്കുക. ജിപിഎഫില്‍ അടച്ച തുക പലിശ ഉള്‍പ്പടെ തിരികെ ലഭിക്കും.
പൊതുവായ സവിശേഷത
പണപ്പെരുപ്പ പ്രകാരം ജീവിത ചെലവിലുള്ള വര്‍ധനവ് കണക്കിലെടുത്ത് പെന്‍ഷന്‍ തുകയില്‍ കാലാകാലങ്ങളില്‍ വര്‍ധന ലഭിക്കുമെന്നതാണ് പഴയതിന്റെതുപോലെ ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലുമുള്ള സവിശേഷത. എന്‍പിഎസില്‍ ഇതിന് അവസരമില്ലായിരുന്നു. പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ചവര്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ(ജനുവരി, ജൂലായ്) ക്ഷാമാശ്വാസത്തില്‍ വര്‍ധന പ്രഖ്യാപിക്കാറുണ്ട്. ഏകീകൃത പെന്‍ഷന് പദ്ധതിയിലും പണപ്പെരുപ്പ സൂചിക ബാധകമാകും. വ്യവസായാ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ക്ഷാമാശ്വാസം സര്‍ക്കാര്‍ പ്രഖ്യാപന മനുസരിച്ച് യുപിഎസിലും ലഭിക്കും.
ചുരക്കത്തില്‍ പറഞ്ഞാല്‍, എകീകൃത പെന്‍ഷന്‍ പദ്ധതി എന്‍പിഎസിന്റെ പരിഷ്‌കരിച്ച പതിപ്പെന്നേ പറയാന്‍ കഴിയൂ. ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനം ചെയ്യുമ്പോഴും അത് 10,000 രൂപയെന്ന നാമമാത്ര തുകയിലൊതുങ്ങി. നിലവില്‍ നല്‍കുന്ന 9,000 രൂപയേക്കാള്‍ 1,000 രൂപയുടെ വര്‍ധന മാത്രം. എടുത്തുപറയത്തക്ക നേട്ടം സര്‍ക്കാര്‍ വിഹിതം 14 ശതമാനത്തില്‍നിന്ന് 18.50 ശതമാനമായി ഉയര്‍ത്തിയെന്നതാണ്.
നിക്ഷേപം ഇപ്രകാരം
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിക്ക് കീഴില്‍ പൊതുമേഖലയിലെ മൂന്ന് ഫണ്ട് മാനേജര്‍(എസ്ബിഐ പെന്‍ഷന്‍ ഫണ്ടസ്, യുടിഐ റിട്ടയര്‍മെന്റ് സൊലൂഷന്‍സ്, എല്‍ഐസി പെന്‍ഷന്‍ ഫണ്ട്)മാരായിരിക്കും പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുക. 85 ശതമാനം തുക സ്ഥിര നിക്ഷേപ പദ്ധതികളിലും 15 ശതമാനം ഓഹരി അധിഷ്ഠിത പദ്ധതികളിലുമായിരിക്കും വകയിരുത്തുക.
ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച്, രണ്ട് ഫണ്ടുകളായാണ് പെന്‍ഷന്‍ തുക വിഭജിച്ച് നിക്ഷേപം നടത്തുക. ഒന്ന് വ്യക്തിഗത പെന്‍ഷന്‍ ഫണ്ടും രണ്ടാമത്തേത് സര്‍ക്കാരിന്റെ അധിക വിഹിതവുമായിരിക്കും. വ്യക്തിഗത ഫണ്ടില്‍ ജീവനക്കാരന്റെ വിഹിതവും അത്രയുംതന്നെ സര്‍ക്കാര്‍ വിഹിതവും ഉള്‍പ്പെടും.
അതിന് പുറമെ മറ്റ് സാധ്യതകളും പ്രയോജനപ്പെടുത്തിയേക്കാം. കുറഞ്ഞ റിസ്‌ക്-റിട്ടേണ്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 100 ശതമാനം വിഹിതവും സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിയേക്കും. ഉയര്‍ന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് 'ലൈഫ് സൈക്കിള്‍' അടിസ്ഥനമാക്കിയുള്ള ഓപ്ഷന്‍ സ്വീകരിക്കാം. കണ്‍സര്‍വേറ്റീവ് ലൈഫ് സൈക്കിള്‍ വിഭാഗത്തില്‍, പരമാവധി 25 ശതമാനവും മോഡറേറ്റ് ലൈഫ് സൈക്കിള്‍ വിഭാഗത്തില്‍ 50 ശതമാനവും ഓഹരിയില്‍ നിക്ഷേപ അവസരം അനവദിച്ചേക്കും. കൂടുതല്‍ തുക ഓഹരിയില്‍ വകയിരുത്തുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. വിരമിക്കുമ്പോള്‍ ലഭിക്കുന്ന ലംപ്‌സം തുകയിലും വര്‍ധന ലഭിച്ചേക്കാം.
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് യുപിഎസ് ബാധകമാകുക. 2025 ഏപ്രില്‍ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വരിക. സംസ്ഥാന സര്‍ക്കാരുകളും ഇതോടൊപ്പം ചേരാനാണ് സാധ്യത. മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ യുപിഎസ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും മഹാരാഷ്ട്ര.
Content Highlights: Unified Pension Scheme: Are Employees Better Off Compared to the Old System?
Published: 26 Aug 2024, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented