മുതിര്‍ന്ന പൗരനായ വിശ്വനാഥന് നിലവില്‍ നികുതി ബാധ്യതയൊന്നുമില്ല. ബാങ്കിലെ സ്ഥിര നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിശയാണ് ഒരേയോരു വരുമാനം. ഭൂമി വിറ്റുകിട്ടിയ വകയില്‍ 10 ലക്ഷം രൂപകൂടി അദ്ദേഹം സ്ഥിര നിക്ഷേപമാക്കിയിട്ടു. 

To advertise here,

ഈയിടെ ബാങ്കില്‍നിന്ന് ലഭിച്ച പലിശ പരിശോധിച്ചപ്പോഴാണ് സ്രോതസില്‍നിന്ന് നികുതി(ടി.ഡി.എസ്) ഈടാക്കിയ വിവരം അറിയുന്നത്. നികുതിയിനത്തില്‍ 20,000 രൂപയോളം അദ്ദേഹത്തില്‍നിന്ന് ഈടാക്കിയിരിക്കുന്നു. അടച്ച തുകയെങ്ങനെ തിരിച്ചുപിടിക്കുമെന്ന് വേവലാതിപ്പെട്ട അദ്ദേഹത്തിന് ബാങ്ക് അധികൃതര്‍ തന്നെ പരിഹാരവും നിര്‍ദേശിച്ചു. ജൂലായ് 31ന് മുമ്പായി റിട്ടേണ്‍ കൊടുത്ത് ടിഡിഎസ് തിരികെവാങ്ങാം. ഇനി മുതല്‍ നികുതി ഈടാക്കാതിരിക്കാന്‍ ഫോം 15എച്ച് നല്‍കാനും അവര്‍ വിശ്വനാഥനെ ഓര്‍മിപ്പിച്ചു. 

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194എ പ്രകാരം മുതിര്‍ന്ന പൗരന്മാരുടെ ഒരു വര്‍ഷത്തെ പലിശ വരുമാനം 50,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ബാങ്കുകള്‍ ടിഡിഎസ് ഈടാക്കും. മറ്റുള്ളവര്‍ക്ക് ഈ പരിധി 40,000 രൂപയാണ്. മൊത്തംവരുമാനം അടിസ്ഥാന കിഴിവ് പരിധിക്ക് താഴെയാണെങ്കില്‍ ഫോം 15എച്ച് എന്നിവ നല്‍കി ടിഡിഎസ് ഈടാക്കുന്നതില്‍നിന്ന് ഒഴിവാകാം. 60 വയസ്സിന് താഴെയുള്ളവരാണെങ്കില്‍ ഫോം 15ജിയാണ് പൂരിപ്പിച്ച് നല്‍കേണ്ടത്. 

നല്‍കേണ്ടതെപ്പോള്‍?
ഓരോ സാമ്പത്തിക വര്‍ഷവും തുടക്കത്തില്‍ ബാങ്കില്‍ ഫോം നല്‍കേണ്ടതുണ്ട്. പലിശ വരുമാനത്തില്‍നിന്ന് ബാങ്ക് ടിഡിഎസ് ഈടാക്കാതിരിക്കാന്‍ ഏപ്രില്‍ 30ന് മുമ്പായി നല്‍കുന്നതാകും അഭികാമ്യം.  

ഓരോ പാദത്തിലുമാണ് (ഏപ്രില്‍-ജൂണ്‍ കാലയളവാണ് ആദ്യ പാദം) മിക്കവാറും ബാങ്കുകള്‍ ടിഡിഎസ് ഈടാക്കുക. ഏതെങ്കിലും കാരണവശാല്‍ ആദ്യ പാദം പിന്നിട്ടാലും ഫോം കൊടുക്കാം. അതേ സാമ്പത്തിക വര്‍ഷത്തെ ബാക്കിയുള്ള പാദങ്ങളില്‍ ടിഡിഎസ് ഈടാക്കാതിരിക്കാന്‍ അത് ഉപകരിക്കും. ഈടാക്കിയ ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്ത് തിരികെവാങ്ങാം. 

ബാങ്ക് പലിശയ്ക്ക്‌ മാത്രമല്ല
ഓഹരി നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതം, കടപ്പത്ര നിക്ഷേപം, എല്‍ഐസി പോളിസി, പോസ്റ്റ് ഓഫീസ് നിക്ഷേപം, വാടക, ഇന്‍ഷുറന്‍സ് കമ്മീഷന്‍, ഇ.പി.എഫിലെ പിന്‍വലിക്കല്‍ ഉള്‍പ്പടെയുള്ള വരുമാനങ്ങളില്‍നിന്ന് ടിഡിഎസ് ഈടാക്കും.

ടിഡിഎസ് ഈടാക്കാതിരിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനത്തിലാണ് ഫോം പൂരിപ്പിച്ചുനല്‍കേണ്ടത്. ബാങ്കുകള്‍, ഇപിഎഫ്ഒ, കടപ്പത്രം ഇറക്കിയ കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പോസ്റ്റ് ഓഫീസ് തുടങ്ങിയവയാണവ. ബാങ്കുകളിലും ചില ധനകാര്യ സ്ഥാപനങ്ങളിലും ഓണ്‍ലൈനായും അപേക്ഷ നല്‍കാം. ആദായ നികുതി വകുപ്പിന് നേരിട്ട് അപേക്ഷ നല്‍കേണ്ടതില്ലെന്നകാര്യം ശ്രദ്ധിക്കുക. ടിഡിഎസ് ഈടാക്കേണ്ട ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവരാണ് ഐടി വകുപ്പിന് ഇതുസംബന്ധിച്ച രേഖകള്‍ കൈമാറുന്നത്. 

ഫോം നല്‍കിയശേഷം പലിശ ഉയരുകയോ വരുമാനം കൂടുകയോ ചെയ്താല്‍ അപേക്ഷ പിന്‍വലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അടുത്ത പാദംമുതല്‍ ബാങ്ക് പലിശ ഈടാക്കാന്‍ തുടങ്ങുകയുംചെയ്യും. ഫോം 15ജിയിലും 15എച്ചിലും വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ പിഴയടയ്‌ക്കേണ്ടിവരും. ജയില്‍ ശിക്ഷയും ലഭിക്കും. 

എന്‍ആര്‍ഐക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. റിട്ടേണ്‍ ഫയല്‍ ചെയ്ത് ഈടാക്കിയ ടിഡിഎസ് തിരികെ വാങ്ങാന്‍ എന്‍ആര്‍ഐക്കാര്‍ക്ക് അവസരമുണ്ട്.