യര്‍ന്ന പലിശയുടെ കാലം കഴിയുകയാണോ? റിസര്‍വ് ബാങ്കിന്റെ വരാനിരിക്കുന്ന പണനയ യോഗത്തില്‍ ഇത് സംബന്ധിച്ച് വ്യക്തത വന്നേക്കാം. സാമ്പത്തിക വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കാനുള്ള തീരുമാനമെടുത്താല്‍ ഈ വര്‍ഷം ഘട്ടംഘട്ടമായി പലിശ നിരക്ക് കുറയാനാണ് സാധ്യത. അതുകൊണ്ടുതന്നെ മികച്ച പലിശ ഉറപ്പാക്കാന്‍ സ്ഥിര നിക്ഷേപ സാധ്യതകള്‍ ഇപ്പോള്‍തന്നെ പ്രയോജനപ്പെടുത്താം. 

To advertise here,

ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷംവരെ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ബാങ്കുകള്‍ ഇപ്പോള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നത്. ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി കരുതിവെയ്ക്കുന്നവര്‍ക്കും സ്ഥിര വരുമാനം ആവശ്യമുള്ളവര്‍ക്കും നിലവിലെ സാധ്യത പ്രയോജനപ്പെടുത്താം. 

ഓഹരിയിലും സ്വര്‍ണത്തിലും മ്യൂച്വല്‍ ഫണ്ടിലുമൊക്കെ നിക്ഷേപമുണ്ടെങ്കിലും നിശ്ചിത ശതമാനം ബാങ്ക് എഫ്.ഡിയിലും നിലനിര്‍ത്തേണ്ടതുണ്ട്. വിപണിയിലെ അസ്ഥിരമായ നേട്ടത്തില്‍നിന്ന് വ്യത്യസ്തമായി മൂലധന സംരക്ഷണം ഉറപ്പുള്ളതിനാല്‍ സ്ഥിര നിക്ഷേപ പദ്ധതികളില്‍തന്നെ നിക്ഷേപം നടത്തുന്ന നിരവധി പേര്‍ ഇപ്പോഴുമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ പ്രത്യേകിച്ചും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എഫ്.ഡിയില്‍നിന്ന് നിശ്ചിത ശതമാനം പലിശ ഉറപ്പായും ലഭിക്കുമെന്നതാണ് ആകര്‍ഷണം. 

ഭാവിയില്‍ പലിശ നിരക്ക് താഴാന്‍ സാധ്യതയുള്ളതിനാല്‍ ദീര്‍ഘ കാലയളവില്‍ സ്ഥിര നിക്ഷേപമിടുന്നതാകും നല്ലത്. അതോടൊപ്പം വ്യത്യസ്ത കാലയളവില്‍ തുക വിഭജിച്ച് നിക്ഷേപം നടത്താം. അതായത് പത്ത് ലക്ഷം രൂപയാണ് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒറ്റ എഫ്ഡിയാക്കാതെ വ്യത്യസ്ത കാലയളവുകളില്‍ വിഭജിച്ച് നിക്ഷേപിക്കാം. സ്ഥിരമായി വരുമാനം നേടുന്നതിനും പണം ആവശ്യമായി വരുമ്പോള്‍ ഘട്ടംഘട്ടമായി തിരികെയെടുക്കുന്നതിനും ഈ രീതി ഉപകാരപ്പെടും. 

ബാങ്ക് നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശക്ക് ആദായ നികുതി ബാധ്യതയുണ്ടെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. മൊത്തം വരുമാനത്തോടൊപ്പം പലിശ ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്. നിക്ഷേപം പിന്‍വലിച്ചാലും ഇല്ലെങ്കിലും ഓരോവര്‍ഷവും പലിശ കണക്കാക്കി വരുമാനത്തോടൊപ്പം ചേര്‍ത്ത് നികുതി അടക്കേണ്ടതുണ്ട്. ബാങ്കുകള്‍ സ്രോതസില്‍നിന്ന് നികുതി (10 ശതമാനം ടി.ഡി.എസ്)ഈടാക്കും. 

മറ്റ് വരുമാനങ്ങളില്ലെങ്കില്‍ ഫോം 15 ജി അല്ലെങ്കില്‍ ഫോം 15 എച്ച് നല്‍കി ടിഡിഎസില്‍നിന്ന് ഒഴിവാകാന്‍ അവസരമുണ്ട്. ഓരോ സാമ്പത്തിക വര്‍ഷവും തുടക്കത്തില്‍തന്നെ ബാങ്കില്‍ ഫോം അതിനായി നല്‍കണം. 

വിവിധ ബാങ്കുകളിലെ പലിശ നിരക്കുകള്‍: 

ബാങ്കുകളുടെ വെബ് സൈറ്റില്‍നിന്നാണ് പലിശ നിരക്കുകളുടെ വിവരങ്ങള്‍ ശേഖരിച്ചത്. നേരിട്ട് ഉറപ്പുവരുത്തിയ ശേഷം നിക്ഷേപം നടത്തുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനംവരെ കൂടുതല്‍ പലിശ ലഭിക്കും.