അടിസ്ഥാന സൗജന്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സേവിങ്‌സ് അക്കൗണ്ടിന് സമാനമായ സേവനങ്ങള്‍ ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ട്(ബിഎസ്ബിഡി) ഉപഭോക്താക്കള്‍ക്കും നല്‍കണമെന്ന് റിസര്‍വ് ബാങ്ക്.

To advertise here,

പണമായും ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയും എടിഎം-കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ വഴിയും പരിധിയില്ലാതെ ഇത്തരം അക്കൗണ്ടുകള്‍ വഴി ഇനി നിക്ഷേപം നടത്താം. പരിമിതമായ സൗകര്യങ്ങളോടെയായിരുന്നു നേരത്തെ അടിസ്ഥാന അക്കൗണ്ട് അനുവദിച്ചിരുന്നത്.

സൗജന്യ എടിഎം-ഡെബിറ്റ് കാര്‍ഡ് സേവനം, വര്‍ഷത്തില്‍ 25 ലീഫെങ്കിലുമുള്ള ചെക്ക് ബുക്ക്, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് തുടങ്ങിയവ അധികചെലവില്ലാതെ നല്‍കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്.

എസ്ബി അക്കൗണ്ടുകള്‍ക്കുള്ള പ്രതിമാസം നാല് സൗജന്യ എടിഎം പിന്‍വലിക്കലുകള്‍ ബേസിക് അക്കൗണ്ടിലും ബാധകമാകും. യുഎപിഐ, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിസ് തുടങ്ങിയ ഡിറ്റിജിറ്റല്‍ ഇടപാടുകള്‍ പരിധിയില്ലാതെ നടത്താനാകും.

അതേസമയം, ഒരാള്‍ക്ക് ഒരു ബിഎസ്ബിഡി അക്കൗണ്ട് മാത്രമേ തുറക്കാന്‍ കഴിയു എന്ന വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ടാമതൊരു അക്കൗണ്ട് അതേ ബാങ്കിലോ മറ്റ് ബാങ്കുകളിലോ തുറക്കാന്‍ അര്‍ഹതയുണ്ടാവില്ല. ബിഎസ്ബിഡി അക്കൗണ്ട് ഉടമയ്ക്ക് അതേ ബാങ്കില്‍ മറ്റൊരു സേവിങ്‌സ് അക്കൗണ്ട് തുറക്കാനും കഴിയില്ല. ടേം(സ്ഥിര നിക്ഷേപ) ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ അനുവദിക്കും.

 

 

മിനിമം ബാലൻസ്

ആവശ്യമില്ല.

നിക്ഷേപങ്ങൾ

പണമായും, ഇലക്ട്രോണിക് ചാനലുകൾ വഴിയും, എടിഎം/ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ വഴിയും പരിധിയില്ലാതെ നിക്ഷേപിക്കാം.

എടിഎം/ഡെബിറ്റ് കാർഡ്

സൗജന്യ എടിഎം/ ഡെബിറ്റ് കാർഡ്.

ചെക്ക് ബുക്ക്

വർഷം തോറും  25 ലീഫുകളുള്ള  ചെക്ക് ബുക്ക്.

ബാങ്കിംഗ് ചാനലുകൾ

ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങൾ.

അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്

സൗജന്യ പാസ്ബുക്ക് അല്ലെങ്കിൽ പ്രതിമാസ സ്റ്റേറ്റ്‌മെന്റ്.

പിൻവലിക്കലുകൾ

മാസത്തിൽ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം.  (ട്രാൻസ്ഫറുകളും എടിഎം ഉപയോഗവും ഉള്‍പ്പടെ).

ഡിജിറ്റൽ ഇടപാടുകൾ

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI), നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT), റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS), ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (IMPS), പോയിന്റ് ഓഫ് സെയിൽ (POS) എന്നിവ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ  സൗജന്യം.

ഇവയ്‌ക്ക് പുറമെ, അധിക സേവനങ്ങൾ ചാർജുകളോടു കൂടിയോ അല്ലാതെയോ ഉപഭോക്താക്കൾക്ക് നൽകാൻ ബാങ്കുകൾക്ക് അനുവാദമുണ്ട്. എന്നാൽ അത്തരം സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താവിനെ മുൻകൂട്ടി അറിയിച്ചിരിക്കണം.

ബിഎസ്ബിഡി അക്കൗണ്ട്:

ബിഎസ്ബിഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) പ്രകാരമുള്ള അക്കൗണ്ടുകള്‍. ഈ അക്കൗണ്ട് ഉടമകള്‍ക്ക് നേരത്തെ ചെക്ക് ലീഫുകള്‍ ഉള്‍പ്പടെയുള്ള അധിക സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. നിലവില്‍ 56.6 കോടി അക്കൗണ്ടുകളാണുള്ളത്. 2.67 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്.