പശ്ചിമേഷ്യയിലെ പ്രതിസന്ധി അയയുകയും ആഗോള വിപണിയിൽ അസംസ്‌കൃത വില കുറയുകയും ചെയ്തിട്ടും അതിന്റെ നേട്ടം ലഭിക്കാതെ ഉപഭോക്താക്കൾ. പെട്രോളിയന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും വിലകുറയാൻ ഇനിയുമേറെ കാത്തിരിക്കേണ്ടിവരും.

To advertise here,

ഉയർന്ന വിലയ്ക്ക് വാങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ശേഖരം കമ്പനികളുടെ പക്കലുള്ളതാണ് പ്രധാനകാരണം. വരാനിരിക്കുന്ന ഉത്സവ സീസണോടനുബന്ധിച്ച് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ മാത്രമേ വിലക്കുറവ് പ്രതീക്ഷിക്കാൻ കഴിയൂ.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് 120 ഡോളർ വരെ കുതിച്ച ക്രൂഡ് വില നിലവിൽ 79 ഡോളറിന് താഴെയാണുള്ളത്. മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

  • ഷിപ്പിങ് തടസ്സം ഭയന്ന് മിക്ക കമ്പനികളും മൂന്നു മാസത്തേക്കുള്ള അസംസ്‌കൃത വസ്തുക്കൾ ഉയർന്ന വിലയ്ക്ക് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.
  • ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പ്ലാസ്റ്റിക്, ചെമ്പ്, പാം ഓയിൽ എന്നിവയുടെ വില ഇപ്പോഴും ഉയർന്നുനിൽക്കുകയാണ്.
  • അസംസ്‌കൃത വസ്തുക്കളുടെ വില നിശ്ചയിക്കുന്നതിൽ രൂപ-ഡോളർ വിനിമയ നിരക്ക് നിർണായകമാണ്.

നിത്യോപയോഗ സാധനങ്ങൾ

പ്ലാസ്റ്റിക് പാക്കേജിംഗ്, ഡിറ്റർജന്റുകൾ, ഷാംപൂ, സോപ്പ് എന്നിവയുടെ നിർമാണത്തിന് ക്രൂഡ് ഓയിൽ ഉത്പന്നങ്ങൾ അത്യാവശ്യമാണ്.

ഇമാമി: കുറച്ച് മാസങ്ങളായി ശരാശരി നാലു ശതമാനംവരെ കമ്പനി വില വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഉടനടി വില കുറയ്ക്കില്ലെന്നും കുറഞ്ഞത് മൂന്ന് മാസമെങ്കിലും നിരീക്ഷിച്ച ശേഷമേ തീരുമാനമെടുക്കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

പെയിന്റ് വ്യവസായം

ക്രൂഡ് വിലവർധന കൂടുതൽ ബാധിച്ച മേഖലയാണിത്. മൂന്ന് മാസത്തിനിടെ പെയിന്റ് വിലയിൽ ശരാശരി 10 ശതമാനം വർധനവുണ്ടായി.

ബെർജർ പെയിന്റ്‌സ്: അസംസ്‌കൃത വസ്തുക്കളുടെ വില രണ്ടു മാസമെങ്കിലും നിരീക്ഷിച്ച ശേഷം മാത്രമേ വില പരിഷ്‌കരണം നടത്തൂ എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഗൃഹോപകരണ മേഖല

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങളുടെ നിർമാണത്തിന് ആവശ്യമായ ചെമ്പ്, പ്ലാസ്റ്റിക് എന്നിവയുടെ വില ഇപ്പോഴും താഴോട്ട് വന്നിട്ടില്ല.

ഗോദ്റെജ് എന്റർപ്രൈസസ്: വിപണിയിൽ ഡിമാൻഡ് ഇപ്പോൾ കുറവാണ്. ചെമ്പിന്റെയും പ്ലാസ്റ്റിക്കിന്റെയും ഉയർന്ന വില മറികടക്കാൻ നിലവിലെ വർധന പോലും പര്യാപ്തമല്ലെന്ന് അപ്ലയൻസസ് വിഭാഗം പറയുന്നു. എങ്കിലും ജൂലൈ-സെപ്റ്റംബർ പാദത്തിൽ വിലയിൽ കുറവ് പ്രതീക്ഷിക്കാം.

ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് സമ്പദ്ഘടനയ്ക്ക് അനുകൂലമാണെങ്കിലും അതിന്റെ നേട്ടം ഉപഭോക്താക്കളിലേക്കെത്താൻ സമയമെടുക്കും. കമ്പനികൾ പഴയ സ്റ്റോക്ക് വിറ്റുതീർക്കുന്നതിനും അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ സ്ഥിരത ഉറപ്പുവരുത്തുന്നതിനുമാണ് മുൻഗണന നൽകുന്നത്.