അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയുടെ വിഹിതം അടയ്ക്കുന്നതിന് ജൂണ്‍ 30വരെ സാവകാശം നല്‍കി. ഓട്ടോ ഡെബിറ്റ് തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. 

To advertise here,

കോവിഡ് വ്യാപനംമൂലം രാജ്യമൊട്ടാകെ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വിഹിതമടയ്ക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി(പിഎഫ്ആര്‍ഡിഎ)യുടെ തീരുമാനം. 

2.23 കോടി വരിക്കാരാണ് അടല്‍ പെന്‍ഷന്‍ യോജനയ്ക്കുള്ളത്. പിഴയൊന്നുംകൂടാതെ ജൂലായ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30വരെ വിഹിതം അടയ്ക്കാം.

പ്രതിമാസം ആയിരും രൂപമുതല്‍ അയ്യായിരം രൂപവരെ പെന്‍ഷന്‍ ഉറപ്പുനല്‍കുന്ന പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. 60 വയസ്സുമുതലാണ് പെന്‍ഷന്‍ ലഭിക്കുക. 18 വയസ്സുമുതല്‍ 40വയസ്സുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം.  

ഉദാഹരണത്തിന് 30വയസ്സുള്ള ഒരാള്‍ പ്രതിമാസം 116 രൂപവീതം അടച്ചാല്‍ 60വയസ്സാകുമ്പോള്‍ 1000 രൂപ പ്രതിമാസം പെന്‍ഷന്‍ ലഭിക്കും. പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 73 ശതമാനംപേരും 1000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന രീതിയിലാണ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്.