ദായ നികുതി റിട്ടേൺ ഫയൽ ചെയ്യുകയെന്നത് ശമ്പള വരുമാനക്കാരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ രേഖകളും മുന്നൊരുക്കങ്ങളുമുണ്ടെങ്കിൽ എളുപ്പത്തിൽ റിട്ടേൺ നൽകാൻ കഴിയും. അതിനായി തുടക്കത്തിൽ ആവശ്യമുള്ളത് പാൻ, ഫോം 16, നിക്ഷേപ രേഖകൾ എന്നിവയാണ്. വ്യക്തിഗത നികുതിദായകർക്ക് ജൂലായ് 31 ആണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. ഇപ്പോൾതന്നെ ഘട്ടം ഘട്ടമായി അതിനുള്ള തയ്യാറെടുക്കാം.

To advertise here,

ആവശ്യമായ രേഖകൾ

ആധാർ കാർഡ്: പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കണം.

പാൻ കാർഡ്: നികുതി സംബന്ധമായ എല്ലാ ഇടപാടുകൾക്കും ആവശ്യമാണ്.

വാർഷിക വിവര ശേഖരം (AIS): പലിശ വരുമാനം, ഡിവിഡന്റ്, ഓഹരി ഇടപാട്, വിദേശത്തേക്ക് പണമയയ്ക്കൽ എന്നിവയുടെ വിശദാംശങ്ങൾ ഇതിലുണ്ടാകും.

ഫോം 16 (പുതിയ നിയമപ്രകാരം ഫോം 130): തൊഴിലുടമ നൽകുന്ന ടിഡിഎസ് (TDS) സർട്ടിഫിക്കറ്റ് ആണിത്. ശമ്പളം, ക്ലെയിം ചെയ്ത കിഴിവുകൾ, ഇളവുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉണ്ടാകും.

ഫോം 26AS: സ്രോതസ്സിൽ നിന്ന് നികുതി കുറച്ചതിന്റെ (TDS) വിവരങ്ങൾ ഇതിലുണ്ടാകും. TRACES വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

നിക്ഷേപ തെളിവുകൾ: ബാങ്ക് നിക്ഷേപം, പിപിഎഫ്, ഇൻഷുറൻസ് പ്രീമിയം, ഭവന വായ്പാ പലിശ സർട്ടിഫിക്കറ്റ് തുടങ്ങിയവ.

ആരൊക്കെ ഫയൽ ചെയ്യണം?

നിശ്ചിത പരിധിക്ക് മുകളിൽ വരുമാനമുള്ളവരെല്ലാം ഐടിആർ ഫയൽ ചെയ്യണം. പ്രധാന വരുമാന മാർഗങ്ങൾ ഇവയാണ്:

  • ശമ്പളം
  • ബിസിനസ്സിൽ നിന്നുള്ള ലാഭം
  • റിയൽ എസ്റ്റേറ്റ് വിൽപനയിൽ നിന്നുള്ള നേട്ടം
  • മൂലധന നേട്ടം (Capital Gains)
  • പലിശ, ഡിവിഡന്റ് വരുമാനം

ആദ്യമായി റിട്ടേൺ നൽകുന്നവർ ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ പാൻ, ആധാർ എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

യോജിച്ച ഫോം തിരഞ്ഞെടുക്കാം

ഫോം

ആർക്കൊക്കെ അനുയോജ്യം?

ITR-1

ശമ്പള വരുമാനമുള്ളവർ, ഒരു വീട് ഉള്ളവർ, മറ്റ് സ്രോതസ്സുകളിൽ നിന്ന് വരുമാനമുള്ളവർ.

ITR-2

വ്യക്തികൾ അല്ലെങ്കിൽ ഹിന്ദു അവിഭക്ത കുടുംബം (HUF), ബിസിനസ്സ് വരുമാനം ഇല്ലാത്തവർ.

ITR-3

ബിസിനസ്സോ പ്രൊഫഷനോ വഴി വരുമാനമുള്ള വ്യക്തികൾ അല്ലെങ്കിൽ HUF.

ITR-4

ബിസിനസ്സിൽ നിന്നോ പ്രൊഫഷനിൽ നിന്നോ അനുമാന വരുമാനം (Presumptive Income) ഉള്ള നികുതിദായകർ.

വൈകിയാൽ പിഴ

2026 സാമ്പത്തിക വർഷത്തെ (അസസ്മെന്റ് വർഷം 2027) റിട്ടേൺ ഫയൽ ചെയ്യേണ്ട തീയതികൾ:

  • വ്യക്തിഗത നികുതിദായകർക്ക്: ജൂലൈ 31.
  • ITR-3, ITR-4 ഫോമുകൾ ഉപയോഗിക്കുന്നവർക്ക്: ഓഗസ്റ്റ് 31.

പിഴ: നിശ്ചിത സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ റിട്ടേൺ സമർപ്പിക്കാൻ അവസരമുണ്ട്. വൈകുന്നതിന് അനുസരിച്ച് 1,000 രൂപ മുതൽ 10,000 രൂപ വരെ പിഴ നൽകേണ്ടി വരും. നികുതി അടയ്ക്കാനുള്ള തുകയും കാലതാമസവും കണക്കിലെടുത്താണ് പിഴ നിശ്ചയിക്കുന്നത്.

പുതിയതോ പഴയതോ?

ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണം എന്നത് വ്യക്തിയുടെ വരുമാനത്തെയും നിക്ഷേപങ്ങളെയും ആശ്രയിച്ചിരിക്കും. ഏത് നികുതി വ്യവസ്ഥയിലാണ് കുറഞ്ഞ ബാധ്യതയെന്ന് കണക്കാക്കാൻ ഓൺലൈൻ ടാക്‌സ് കാൽക്കുലേറ്ററുകൾ ഉപയോഗിക്കാവുന്നതാണ്.

തിരുത്തൽ വരുത്താം

ഐടിആർ നൽകി കഴിഞ്ഞ് എന്തെങ്കിലും തെറ്റുകൾ സംഭവിച്ചതായി കണ്ടെത്തിയാൽ തിരുത്തി റിവൈസ്ഡ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയും. റിവൈസ്ഡ് റിട്ടേൺ ഫയൽ ചെയ്താൽ നേരത്തെ നൽകിയ ഒറിജിനൽ ഐടിആറിന് പകരമായി കണക്കാക്കും.