തൃശ്ശൂര്‍: സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിലെ മുഖ്യപ്രതിയും ഹൈറിച്ച് കമ്പനി ഉടമയുമായ കെ.ഡി. പ്രതാപന്‍ അറസ്റ്റിലാകുന്നത് മാസങ്ങള്‍ നീണ്ട പോലീസ്, ഇ.ഡി അന്വേഷണങ്ങള്‍ക്കൊടുവില്‍.

To advertise here,

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ മാതൃകയിലാണ് ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെയും ഇ.ഡി.യുടെയും റിപ്പോര്‍ട്ട്. ഏകദേശം 1630 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് കമ്പനി നടത്തിയതെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇ.ഡി. നടത്തിയ അന്വേഷണത്തിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.

ക്രിപ്‌റ്റോ കറന്‍സിയായ എച്ച്.ആര്‍. കോയിന്‍ വഴി മാത്രം ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍.

ക്രിപ്‌റ്റോ കറന്‍സി വഴി സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയതായും ഇ.ഡി.യുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീനാ പ്രതാപന്റെയും 55 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയുടെ നിക്ഷേപമാണുണ്ടായിരുന്നത്. ഇതും ഇവരുടെ സ്വത്തുക്കളും ഇ.ഡി. മരവിപ്പിച്ചിരുന്നു.

സാങ്കല്പികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു കെ.ഡി. പ്രതാപന്റെ ആരോപണം.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ആരോപണമുയര്‍ത്തിയത്. കമ്പനിയുടെ പ്രവര്‍ത്തനം എന്തെന്ന് മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

പ്രതാപന്‍ റിമാന്‍ഡില്‍

കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി മാനേജിങ് ഡയറക്ടര്‍ കെ.ഡി. പ്രതാപനെ 19 വരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് പ്രതാപനെ അറസ്റ്റ് ചെയ്തത്.

മണി ചെയിന്‍ തട്ടിപ്പിന്റെ മാതൃകയില്‍ 3141 കോടി രൂപയുടെ നിക്ഷേപമാണ് ഹൈറിച്ച് കമ്പനി സ്വീകരിച്ചിട്ടുള്ളതെന്ന് ഇ.ഡി. കോടതിയില്‍ അറിയിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കും.