ജനങ്ങൾക്കിടയിൽ സാമ്പത്തിക സാക്ഷരത വളർത്തുന്നതിന് കന്യാകുമാരി മുതൽ കശ്മീർവരെ -എന്ന കാമ്പയിന് തുടക്കമിട്ട് ഫ്രാങ്ക്ളിൻ ടെംപ്ലിടൺ (ഇന്ത്യ). 30 വർഷത്തെ സേവനം അടയാളപ്പെടുത്താനായി നടത്തുന്ന യാത്ര 30 ദിവസം നീണ്ടുനിൽക്കുന്നതാണ്. 4000-ത്തിലധികം കിലോമീറ്റർ പിന്നിടുന്ന യാത്ര, തെക്കേ അറ്റത്തുള്ള കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 21 പ്രധാന നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച് ജമ്മു കാശ്മീരിലെ ശ്രീനഗറിൽ സമാപിക്കും.

To advertise here,

സാധാരണക്കാരന്റെ നിക്ഷേപ കാഴ്ചപ്പാടുകൾ നവീകരിക്കാനും രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിൽ പങ്കാളികളാക്കാനുമുള്ള ശ്രമമാണ് ഫ്രാങ്ക്‌ളിൻ നടത്തുന്നത്. ഫ്രാങ്ക്ളിൻ ടെംപ്ലിടൺ ഇന്ത്യ പ്രസിഡന്റ് അവിനാശ് സത്യലേഖറാണ് ബോധവൽക്കരണ യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.

യാത്രയുടെ ലക്ഷ്യം

  • കടന്നുപോകുന്ന 21 പ്രമുഖ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നിക്ഷേപക ബോധവൽക്കരണത്തിനായി ശില്പശാലകൾ സംഘടിപ്പിക്കുന്നു.
  • പരമ്പരാഗത രീതികളിൽ നിന്ന് മാറി വിദഗ്ധർ ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും നിക്ഷേപ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുന്നു.
  • മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെക്കുറിച്ചുള്ള നിലവിലുള്ള തെറ്റിദ്ധാരണകൾ നീക്കി സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ മാർഗമായി അതിനെ പരിചയപ്പെടുത്തും.
  • വെറും വിവരങ്ങൾ നൽകുന്നതിനേക്കാൾ സാധാരണക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിലൂടെ വിപണിയിലേക്ക് പുതിയ നിക്ഷേപകരെ ആകർഷിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.

സ്ത്രീ ശാക്തീകരണം

ഇന്ത്യയുടെ ദീർഘകാല സാമൂഹിക-സാമ്പത്തിക പുരോഗതിയിൽ സ്ത്രീകളുടെ സാമ്പത്തിക സാക്ഷരതയ്ക്ക് അടിസ്ഥാനപരമായ പങ്കുണ്ടെന്നകാര്യം ഉയർത്തിപ്പിടിച്ചാണ് യാത്ര. ടയർ 2, ടയർ 3 നഗരങ്ങളിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുക എന്നത് ഈ ക്യാമ്പയിന്റെ ലക്ഷ്യമാണെന്ന് കമ്പനി പറയുന്നു. നഗരങ്ങളിൽ പുരോഗതി ദൃശ്യമാണെങ്കിലും ചെറു പട്ടണങ്ങളിലെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇപ്പോഴും നിക്ഷേപ പദ്ധതികളെക്കുറഇച്ച് വ്യക്തമായ ധാരണയില്ല.

വിവിധ മേഖലകളിലെ സ്ത്രീകളുമായി നേരിട്ട് സംവദിച്ച് സമ്പാദിക്കാനും നിക്ഷേപിക്കാനും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ സ്വീകരിക്കാനും പ്രാപ്തരാക്കാനും പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നു. കർഷകർ, സ്വയം സഹായ സംഘങ്ങൾ, സംരംഭകർ, ജോലിക്കാർ എന്നീ മേഖലകളിലുള്ളവരുടെ പങ്കാളിത്തവും ഉറപ്പാക്കും.

വികസിത രാഷ്ട്രം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായി കരുതുന്ന 30 ദിവസത്തെ ഈയാത്ര ആത്മവിശ്വാസത്തോടെ സാമ്പത്തിക തീരുമാനമെടുക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി.