മികച്ച നേട്ടം നല്‍കിയിട്ടും മ്യൂച്വല്‍ ഫണ്ട്, ഇടിഎഫ് നിക്ഷേപകരില്‍ പലര്‍ക്കും കുറഞ്ഞ ആദായം ലഭിക്കാന്‍ കാരണമെന്തായിരിക്കും. മികച്ച രീതിയില്‍ കൈകാര്യം ചെയ്താല്‍ ലഭിക്കേണ്ട ആദായത്തില്‍ 15 ശതമാനംവരെയാണ് കുറവുണ്ടാകുന്നതെന്ന് മോണിങ്‌സ്റ്റാര്‍ ഈയിടെ നടത്തിയ ഗവേഷണത്തില്‍ വ്യക്തമാക്കുന്നു. 2024 ഡിസംബറില്‍ അവസാനിച്ച പത്ത് വര്‍ഷക്കാലയളവിലെ റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

To advertise here,

റിട്ടേണ്‍ കണക്കാക്കല്‍

നിശ്ചിത കാലയളവില്‍ നല്‍കിയ മൊത്തം ആദായം നോക്കിയാണ് മ്യൂച്വല്‍ ഫണ്ടിന്റെയോ ഇടിഎഫിന്റെയോ പ്രകടനം വിലയിരുത്തുന്നത്. ഒരു നിക്ഷേപകന്‍ നിശ്ചിത തുക ഫണ്ടില്‍ നിക്ഷേപിക്കുകയും ദീര്‍ഘകാലത്തേക്ക് കൈവശം വെയ്ക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ആദായമാണിത്.

എന്നാല്‍ നിക്ഷേപകരില്‍ പലരും ഇത്തരത്തില്‍ ചെയ്യണമെന്നില്ല. നിക്ഷേപം നടത്തിയശേഷം ഫണ്ടിന്റെ പ്രകടനം മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ വാങ്ങുകയോ അല്ലെങ്കില്‍ മറ്റൊരു ഫണ്ട് മികച്ച പ്രകടനം നടത്തുന്നതായി കാണുമ്പോള്‍ നിലവിലുള്ളത് വിറ്റ് പതിയതില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നു. ഇതുകൊണ്ടുതന്നെ ഫണ്ടിന്റെ പത്ത് വര്‍ഷത്തെ റിട്ടേണ്‍ നിക്ഷേപകന്റെ യഥാര്‍ഥ ആദായവുമായി പൊരുത്തപ്പെടണമെന്നില്ല.

നിക്ഷേപത്തിലെ വ്യതിയാനം

ആദായത്തിലെ ഈ വ്യത്യാസത്തിന് പിന്നില്‍ നിക്ഷേപകരുടെ പെരുമാറ്റരീതിയാണെന്ന് മോണിങ്‌സ്റ്റാര്‍ റിസര്‍ച്ചിന്റെ മാനേജിങ് ഡയക്ടറായ ജെഫ്രി പ്ടാക്ക് പറയുന്നു. വിപണി ഉയരുമ്പോള്‍ നിക്ഷേപകര്‍ ആവേശത്തോടെ നിക്ഷേപിക്കുകയും ഇടിയുമ്പോള്‍ പരിഭ്രാന്തരായി വില്‍ക്കുകയും ചെയ്യുന്നു. ഇത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മറ്റ് ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ നിക്ഷേപം പിന്‍വലിക്കുന്നതും ആദായത്തെ ബാധിക്കുന്നു.

പരമാവധി നേടാന്‍

ഉയര്‍ന്ന റിസ്‌ക് ഉള്ള നിക്ഷേപത്തിന് ഉയര്‍ന്ന നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉയര്‍ന്ന ചാഞ്ചാട്ടമുള്ള ഒരു ഫണ്ട് ഉണ്ടെങ്കില്‍ ആഫണ്ടിന്റെ പ്രകടനം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സാധാരണ നിക്ഷേപകര്‍ക്ക് കഴിയാറില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിച്ച് മോണിങ്‌സ്റ്റാര്‍ വിലയിരുത്തുന്നു. കുറഞ്ഞ ചാഞ്ചാട്ടമുള്ള ഫണ്ടുകളെ അപേക്ഷിച്ച് കൂടുതല്‍ ചാഞ്ചാട്ടമുള്ള ഫണ്ടുകളിലെ ആദായത്തില്‍ രണ്ട് ശതമാനംവരെ കുറവുണ്ടാകാന്‍ ഇതിടയാക്കുന്നു.

കാരണം വ്യക്തമല്ലെങ്കിലും നിക്ഷേപക മനോഭാവത്തിന് വലിയ പങ്കുണ്ട്. റിസ്‌ക് കൂടിയ ആസ്തികളില്‍ നിക്ഷേപിക്കുമ്പോള്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്.

ആദായത്തിലെ വ്യതിയാനം കുറയ്ക്കാനുള്ള മികച്ച മാര്‍ഗം വൈവിധ്യവത്കര സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ്. വൈകാരികമായ തീരുമാനങ്ങള്‍ക്ക് ഇടംകൊടുക്കരുത്. നിക്ഷേപ തീരുമാനം എടുക്കുന്നതിന് മുമ്പും തുടര്‍ച്ചയായും വിദഗ്ധ ഉപദേശം തേടിയാല്‍ മറികടക്കാവുന്ന പ്രശ്‌നമാണിതെന്നും വിലയിരുത്തുന്നു. സ്വന്തമായി നിക്ഷേപം കൈകാര്യം ചെയ്യുന്നവര്‍ക്ക് പലപ്പോഴും മികച്ച ആദായം ലഭിക്കാതെ പോകുന്നതിന്റെ കാരണവും അതുതന്നെയാണെന്നാണ് മോണിങ്‌സ്റ്റാറിന്റെ കണ്ടെത്തല്‍.