റിട്ടയര്‍മെന്റ് ജീവിതത്തിന് അഞ്ച് കോടിയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കോടിയും വിദേശ വിനോദയാത്രക്കായി 10 ലക്ഷവും കണക്കാക്കി  നേരത്തെതന്നെ നിക്ഷേപം തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. ഓരോ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും പ്രത്യേക എസ്‌ഐപികള്‍ ഉള്‍പ്പെടുന്ന പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കുന്നതാണോ അല്ലെങ്കില്‍ എല്ലാറ്റിനുംകൂടി ഒരുമിച്ച് നിക്ഷേപിക്കുന്നതാണോ നല്ലത്?

To advertise here,


വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങള്‍ ഒരുമിച്ച് പൂര്‍ത്തിയാക്കേണ്ടതല്ലല്ലോ. അതുകൊണ്ടുതന്നെ ഓരോന്നിന്റെയും കാലയളവ് കണക്കാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതായത് ഹ്രസ്വകാലം, ഇടക്കാലം, ദീര്‍ഘകാലം എന്നിങ്ങനെ വേര്‍തിരിക്കാം. റിട്ടയര്‍മെന്റ് നിക്ഷേപം ദീര്‍ഘ കാലയളവ് ലക്ഷ്യമിട്ടുള്ളതാണ്. വിദേശ വിനോദയാത്ര ഹ്രസ്വകാലമോ ഇടക്കാലമോ ആകാം. 

കാലയളവ് അനുസരിച്ചാണ് നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത്. ഹ്രസ്വകാലം-ഇടക്കാലം എന്നിവക്ക് ഡെറ്റ് ഫണ്ടുകളോ റിക്കറിങ് ഡെപ്പോസിറ്റോ ആകും അനുയോജ്യം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം, റിട്ടയര്‍മെന്റ് എന്നിവ ദീര്‍ഘകാല ലക്ഷ്യങ്ങളായി കണക്കാക്കാം. അഞ്ച് വര്‍ഷത്തിന് മുകളില്‍ കാലയളവുണ്ടെങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ പരിഗണിക്കാം. 

സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി മാസംതോറും ചിട്ടയായി നിക്ഷേപം തുടങ്ങാം. ലക്ഷ്യതുക നിശ്ചയിച്ചുകഴിഞ്ഞാല്‍ അത് നേടാന്‍ മാസംതോറും എത്ര തുക നിക്ഷേപിക്കണമെന്ന് കണക്കാക്കാം. അതിനുശേഷം റിസ്‌ക് പ്രൊഫൈല്‍ വിലയിരുത്താം. നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുകയുടെയും റിസ്‌ക് പ്രൊഫൈലിന്റെയും അടിസ്ഥാനത്തിലാകണം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ തിരഞ്ഞെടുക്കാന്‍. ഏത് വിഭാഗം നിക്ഷേപകര്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന സ്‌കീമുകള്‍ വിപണിയിലുണ്ട്. 

ഉദാഹരണത്തിന് റിട്ടയര്‍മെന്റിനായി മാസംതോറും 30,000 രൂപ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് (മോഡറേറ്റ് റിസ്‌ക്)ആണെങ്കില്‍ അഗ്രസീവ് ഹൈബ്രിഡ്, ലാര്‍ജ് ക്യാപ്, ഫ്‌ളക്‌സി ക്യാപ് എന്നീ ഫണ്ടുകളില്‍ നിക്ഷേപം ക്രമീകരിക്കാം. അതുപോലെതന്നെ ഓരോ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും കാലയളവും റിസ്‌ക് പ്രൊഫൈലും പരിഗണിച്ച് നിക്ഷേപം ക്രമീകരിക്കാം.