ഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ ഓഗസ്റ്റിൽ എത്തിയ നിക്ഷേപത്തിൽ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂലായിലെ 42,702 കോടിയെ അപേക്ഷിച്ച് ഓഗസ്റ്റിൽ 33,430 കോടിയായി.

To advertise here,

സ്‌മോൾ ക്യാപ് ഫണ്ടുകളിലാണ് കൂടുതൽ ഇടിവ് പ്രകടമായത്. 6,484 കോടിയിൽനിന്ന് 4,992 കോടിയായി. ലാർജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 2,125 കോടിയിൽനിന്ന് 2,834 കോടിയായി ഉയരുകയും ചെയ്തതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ(ആംഫി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിലും വർധനവാണ് രേഖപ്പെടുത്തിയത്. 5,182 കോടിയിൽനിന്ന് 5,330 കോടിയായി. 

എസ്‌ഐപി നിക്ഷേപത്തിൽ നേരിയ തോതിൽ കുറവുണ്ടായി. ഓഗസ്റ്റിലെ എസ്‌ഐപി നിക്ഷേപ വരവ് 28,264.95 കോടിയാണ്. ജൂലായിൽ 28,464 കോടിയായിരുന്നു. ഓഗസ്റ്റിലെ കണക്കു പ്രകാരം മൊത്തം എസ്‌ഐപി ആസ്തി(എയുഎം) 15,18,368 കോടി രൂപയാണ്. ഇത് മൊത്തം മ്യൂച്വൽ ഫണ്ട് ആസ്തിയുടെ 20.2 ശതമാനമാണ്. 

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽനിന്ന് ഓഗസ്റ്റിൽ 7,979 കോടി രൂപയുടെ അറ്റ പിൻവലിക്കൽ ഉണ്ടായി. ജൂലായിൽ ഈ വിഭാഗത്തിലെ ഫണ്ടുകളിൽ 1.06 ലക്ഷം കോടി രൂപയുടെ നിക്ഷേപമെത്തിയിരുന്നു. 

മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ടുകളിലെ നിക്ഷേപത്തിലും കാര്യമായ ഇടിവ് രേഖപ്പെടുത്തി. ജൂലായിലെ 6,197 കോടിയിൽനിന്ന് 3,527 കോടിയായി. ആർബിട്രേജ് ഫണ്ടുകളിൽ ജൂലായിലെ 7,295 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ 6,666 കോടിയായി കുറയുകയും ചെയ്തു. 

ഓഗസ്റ്റിൽ 23 പുതിയ ഫണ്ടു(എൻഎഫ്ഒ)കളാണ് വിപണിയിലെത്തിയത്. ഇതുവഴി 2,859 കോടി രൂപ സമാഹരിച്ചു. ഇതിൽ രണ്ട് തീമാറ്റിക് ഫണ്ടുകളും ആറ് ഇടിഎഫുകളും ഉൾപ്പെടുന്നു.