
യുക്രെയിന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് അസംസ്കൃത എണ്ണ സംഘടിപ്പിക്കാനും അത് വിറ്റഴിക്കാനുമുള്ള നീക്കമാണ് റഷ്യയെയും ഇന്ത്യയെയും രൂപ-റൂബിള്‍ വ്യാപാരത്തിന് തുടക്കമിടാന്‍ പ്രേരിപ്പിച്ചത്. അതൊരവസരമായി കരുതിയാണ് ഡോളറിന്റെ ആശ്രയത്വം തകര്‍ക്കാനും രൂപയുടെ ആഗോള ഇടപാട് വര്‍ധിപ്പിക്കാനും ഇന്ത്യ മുന്നിട്ടിറങ്ങിയത്. റഷ്യയാകട്ടെ, യൂറോപ്യന്‍ ഉപരോധത്തെ മറികക്കാനുള്ള അവസരമായും ഈ കൂട്ടുകെട്ടിനെ കണ്ടു. റഷ്യന്‍ ബാങ്കുകള്‍ക്കുമേല്‍ ഉപരോധം വന്നതും സ്വിഫ്റ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് നിരോധനമുണ്ടായതും രൂപയിലുള്ള ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ തുടക്കത്തില്‍ ക്രെംലിനെ നിര്‍ബന്ധിതമാക്കി.
ഇതോടെ ഗള്‍ഫ് രാജ്യങ്ങളെ പിന്നിലാക്കി ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യ തുടര്‍ച്ചയായ മാസങ്ങളില്‍ ഒന്നാമതെത്തി. ഇന്ത്യയിലേയ്ക്കുള്ള എണ്ണ ഇറക്കുമതിയില്‍ ഏറെക്കാലം മുന്നില്‍ നിന്നിരുന്ന ഇറാഖിനെയും സൗദി അറേബ്യയേയും മറികടന്നായിരുന്നു റഷ്യയുടെ മൂന്നേറ്റം. 2022 മാര്‍ച്ച് വരെ മൊത്തം ഇറക്കുമതിയുടെ 0.2ശതമാനം മാത്രമായിരുന്നു റഷ്യയുടെ വിഹിതമെങ്കില്‍ ഇപ്പോഴത് 25 ശതമാനത്തിലേറെയായി. ഡാറ്റ ഇന്റലിജന്‍സ് സ്ഥാപനമായ വോര്‍ടെക്സയുടെ കണക്കനുസരിച്ച് ഏപ്രിലില്‍ ഒരു ദിവസം ശരാശരി 1.68 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍നിന്ന് ഇന്ത്യയിലേയ്ക്കൊഴുകിയത്.
രൂപ-റൂബിള്‍ വ്യാപാരം
ഡോളറിനെ മറികടന്ന് രൂപയിലുള്ള വിനിമയം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി മാസങ്ങള്‍ക്കുള്ളില്‍ പാളി. റഷ്യയില്‍നിന്നുള്ള ഇറക്കുമതിക്ക് ഡോളറോ യൂറോയൊ പോലുള്ള അന്താരാഷ്ട്ര കറന്‍സികള്‍ക്കു പകരം രൂപയില്‍ ഇടപാട് നടത്താനായിരുന്നു ശ്രമം. റഷ്യന്‍ എണ്ണ വന്‍തോതില്‍ രാജ്യത്തെത്തുകയും അതിന് പകരമായി അവരുടെ ബാങ്കുകളില്‍ രൂപ കുമിഞ്ഞുകൂടുകയും ചെയ്തതുമാത്രമാണ് അതെതുടര്ന്നുണ്ടായത്. ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമാത്രം ഉപയോഗമുള്ള രൂപകൊണ്ട് ഇിനയൊരു പരീക്ഷണത്തിനില്ലെന്ന് റഷ്യ വ്യക്തമാക്കിക്കഴിഞ്ഞു. കുമിഞ്ഞുകൂടിയ രൂപ മറ്റൊരു കറന്‍സിയിലേയ്ക്ക് മാറ്റി രക്ഷപ്പെടാനാണ് ഇപ്പോള്‍ റഷ്യയുടെ ശ്രമം.
വ്യാപാര അസന്തുലിതാവസ്ഥ
റഷ്യയിലേയ്ക്കുള്ള കയറ്റുമതി അവിടെനിന്നുള്ള ഇറക്കുമതിയേക്കാള്‍ വളരെ കുറവാണെന്നതാണ് നേരിടുന്ന പ്രതിസന്ധി. ഇന്ത്യന്‍ ബാങ്കുകളിലെ വോസ്ട്രോ അക്കൗണ്ടുകളില്‍ കുമിഞ്ഞൂകുടിയ രൂപകൊണ്ട് റഷ്യയ്ക്കൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയായി. കയറ്റുമതി വര്‍ധിപ്പിക്കുന്നതിലൂടെയാണ് രാഷ്ട്രങ്ങള്‍ നിര്‍ണായക സാമ്പത്തിക ശക്തികളായി മാറുന്നത്. വിഭവസമൃദ്ധമായ റഷ്യപോലുള്ള ഒരു രാജ്യത്തേയ്ക്ക് അതിനുമാത്രം കയറ്റിയയ്ക്കാന്‍ ഇന്ത്യക്ക് ഉത്പന്നങ്ങളുമില്ല. ലോകമമ്പാടും ഡിമാന്റുള്ള ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കേണ്ടതും വെല്ലുവിളിയാണ്. മുന്നിലെ വഴികള്‍ അടഞ്ഞതോടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള രൂപ-റൂബിള്‍ വ്യാപാരം നിര്‍ത്തിവെച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില കുറഞ്ഞ റഷ്യന്‍ ക്രൂഡിന്റെ ഇന്ത്യന്‍ തീരങ്ങളിലേയ്ക്കുള്ള യാത്ര ഇതോടെ അവസാനിക്കുമോയെന്നാണ് വ്യാപാര ലോകം ഉറ്റുനോക്കുന്നത്.
പ്രതിരോധ ബന്ധം
പതിറ്റാണ്ടുകളായി ഇന്ത്യയും റഷ്യയും തമ്മില്‍ പ്രതിരോധ മേഖലയില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ പങ്കാളികളാകാനുള്ള താത്പര്യവും റഷ്യ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 28ന് ഡല്‍ഹിയില്‍ നടന്ന ഷാങ്ഹായ് കോ ഓപറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ)പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ രാജ്നാഥ് സിങ് റഷ്യന്‍ പ്രതിരോധമന്ത്രി ജനറല്‍ സെര്‍ജി കെ ഷോയ്ഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും സൈനിക ബന്ധങ്ങളും വ്യവസായ പങ്കാളിത്തവും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അത് ഒരു പ്രതീക്ഷമാത്രമായി അവശേഷിക്കുകയാണിപ്പോഴും. ഇന്ത്യ-റഷ്യ സംയുക്ത സംരംഭ വികസനത്തിനും പ്രതിരോധ ഉപകരണങ്ങളുടെ പ്രാദേശിക നിര്‍മാണത്തിനുമുള്ള ശ്രമം തുടരുകയാണ്.
എസ്-400 സിസ്റ്റം (വിമാനം, കപ്പല്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ തകര്‍ക്കാന്‍ രൂപ കല്പന ചെയ്ത ആന്റി-എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം) തദ്ദേശീയമായി നിര്‍മിക്കാനുള്ള സാങ്കേതിക സഹകരണം സംബന്ധിച്ചുള്ള ചര്‍ച്ച തുടരുകയാണ്. അന്തര്വാഹികനികള്, പുതിയ യുദ്ധ ടാങ്കുകള്‍ എന്നിവ നിര്‍മിക്കാനുമുള്ള സാങ്കേതിക വിദ്യ ഇന്ത്യയക്ക് കൈമാറാന്‍ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിട്ടുമുണ്ട്. ഇസ്രായേല്‍, ഫ്രാന്‍സ്, യുകെ, യുഎസ് എന്നിവിടങ്ങിളിലെ ആയുധ നിര്‍മാതാക്കളുമായി സഹകരണമുണ്ടായിട്ടും റഷ്യന്‍ പ്രതിരോധ സാങ്കേതിക വിദ്യ തേടുന്നതിന്റെ പ്രധാനകാരണം കുറഞ്ഞ ചെലവ് എന്നതാണ്. അന്തര്‍വാഹിനികള്‍, ഹൈപ്പര്‍സോണിക്സ്, പ്രതിരോധ കവചം തുടങ്ങിയ മേഖലകളില്‍ പാശ്ചാത്യ സാങ്കേതിക വിദ്യയേക്കാള്‍ ചെലവ് കുറഞ്ഞതാണ് റഷ്യയുടേത്.
യുഎസ് കാറ്റ്സ (ഇറാന്, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറല്‍ നിയമമാണ് കാറ്റ്സ-CAATSA) ഇതിന് തടസ്സമാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ബാധകമല്ലെങ്കിലും ജാഗ്രതയോടെയാണ് ഇന്ത്യയുടെ നീക്കം. ഈ മൂന്ന് രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടുന്നതിന് അമേരിക്കയുടെ വ്യാപാര പങ്കാളികളെ 'കാറ്റ്സ' തടയുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ മേഖലയിലെ ഈ പങ്കാളിത്തം നടപ്പാക്കുന്നതില്‍ ഇന്ത്യ കാലതാമസം വരുത്തുകയാണോ? യുദ്ധം ചെയ്യുന്ന റഷ്യയ്ക്ക് ഇന്ത്യ നല്‍കാനുള്ള പണം ഉപയോഗിക്കേണ്ടതുണ്ടെന്ന് റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കിക്കഴിഞ്ഞു. അതിവേഗ നീക്കം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ ചൈനയുമായുള്ള കൂടുതല്‍ സഹകരണത്തിന് റഷ്യ നിര്‍ബന്ധിതമായേക്കാം.
തുറന്നുപറഞ്ഞ് റഷ്യ
ഉപയോഗിക്കാന്‍ കഴിയാതെ കോടിക്കണക്കിന് രൂപയാണ് ഇന്ത്യന്‍ ബാങ്കുകളിലെ അക്കൗണ്ടില്‍ കിടക്കുന്നതെന്ന് സെര്‍ജി ലാവ്റോവ് പറഞ്ഞുകഴിഞ്ഞു. ഷാങ്ഹായ് കോ ഓപ്പറേഷന് ഓര്‍ഗനൈസേഷന്റെ യോഗത്തോടനുബന്ധിച്ച് ഗോവയില്‍ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. ഈ പണം ഉപോയഗിക്കാന്‍ മറ്റൊരു കറന്‍സിയിലേയ്ക്ക് മാറ്റേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ രൂപ-റൂബിള്‍ വ്യാപാരത്തിന്റെ പ്രസക്തിതന്നെ അപ്രസക്തമാകുകയായിരുന്നു. ചൈനീസ് യുവാനിയേല്ക്ക് പരിവര്‍ത്തനം ചെയ്ത് കൈമാറാന്‍ റഷ്യയ്ക്കുമുന്നില്‍ ഒരു എളുപ്പവഴിയുണ്ട്. ഈ രീതിയില്‍ വന്‍തോതില്‍ ഇടപാട് നടത്തിയാല്‍ യുവാനെതിയെ രൂപയുടെ മൂല്യത്തിന് വന്‍ തിരിച്ചടി നേരിടേണ്ടിവരികയും ചെയ്യും.
വ്യാപാര അസംതുലിതാവസ്ഥ തന്നെയാണ് രൂപ-റൂബിള്‍ വ്യാപാരത്തെ പ്രതിസന്ധിയിലാക്കിയത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ 11 മാസത്തെ റഷ്യയിലേയ്ക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി 11.6 ശതമാനം കുറഞ്ഞ് 2.8 ബില്യണ്‍ ഡോളറായി. ഇറക്കുമതിയാകട്ടെ അഞ്ചിരട്ടിയിലേറെ വര്‍ധിച്ച് 41.56 ബില്യണ്‍ ഡോളറുമായി. വിലകുറഞ്ഞ അസംസ്കൃത എണ്ണ രാജ്യത്തേയ്ക്കൊഴുകിയതാണ് ഈ കുതിപ്പിന് കാരണം.
കയറ്റുമതി വര്‍ധിപ്പിക്കുകയെന്ന വെല്ലുവളിനേരിടാന്‍ അതിവേഗ സാധ്യതകളൊന്നും ഇന്ത്യയുടെ മുന്നിലില്ല. പ്രതിരോധ മേഖലയ്ക്കു പുറത്ത് ആഗോളതലത്തില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ കയറ്റിയയച്ച് റഷ്യയില്‍നിന്ന് റൂബിള്‍ സ്വന്തമാക്കാനുള്ള സാധ്യത എത്രത്തോളം പ്രയോജനപ്പെടുത്താനാകുമെന്നതാണ് ഇന്ത്യയ്ക്കുമുന്നിലുള്ള വെല്ലുവിളി.
Content Highlights: trouble in rupee ruble trade
Published: 11 May 2023, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented