
ഡോളര്‍, യൂറോ പോലുള്ള ആഗോള വിനിമയ കറന്‍സികള്‍ ഒഴിവാക്കി രൂപയിലും റൂബിളിലും വ്യാപാരം നടത്താന്‍ സര്‍ക്കാര്‍. യുഎസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത കാര്‍ഷികം, ഊര്‍ജം, ഫാര്‍മ മേഖലകളിലാകും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തുന്നകാര്യം പരിഗണിക്കുക.
ഉപരോധം മറികടക്കുകയാണെന്ന സൂചന ഒഴിവാക്കാന്‍ മറ്റുമേഖലകളിലെ വ്യാപാരത്തിന് പ്രാദേശിക കറന്‍സികള്‍ തല്ക്കാലം ഉപയോഗിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഇരു കറന്‍സികളും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് വിശദമായി അറിയാം.
രൂപ-റൂബിള്‍ വ്യാപാരം
റഷ്യയിലേയ്ക്കുള്ള കയറ്റുമതിക്ക് ഡോളറോ യൂറോയോ പോലുള്ള അന്താരാഷ്ട്ര കറന്സികള്ക്കുപകരം ഇന്ത്യന്‍ രൂപയില്‍ പണമിടപാട് നടത്താന്‍ രാജ്യത്തെ വ്യാപാരികളെ അനുവദിക്കുന്ന സംവിധാനമാണിത്. ഇത് സാധ്യമാകണമെങ്കില്‍ റഷ്യന്‍ ബാങ്ക് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കണം. അതുപോലെതന്നെ ഇന്ത്യന്‍ ബാങ്ക് റഷ്യന്‍ ബാങ്കിലും അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്.
ഇരുകക്ഷികളും അവരുടെ അക്കൗണ്ടുകളില്‍ പ്രാദേശിക കറന്‍സികളില്‍ നിശ്ചിതതുക മൂല്യമുള്ള തുക കൈവശംവെയ്ക്കാന്‍ പരസ്പര ധാരണയുണ്ടാക്കണം. ഉദാഹരണത്തിന് 100 മില്യണ്‍ ഡോളറാണെങ്കില്‍, റഷ്യന്‍ ബാങ്കിന്റെ ഇന്ത്യയിലെ അക്കൗണ്ടില്‍ ആതുകയ്ക്ക് തുല്യമായ മൂല്യത്തില്‍ ഇന്ത്യന്‍ രൂപയും റഷ്യയിലെ ഇന്ത്യന്‍ ബാങ്കില്‍ ആ മൂല്യത്തിന് തുല്യമായ റൂബിളും ഉണ്ടായിരിക്കണം.
ഡോളറിലും യൂറോയിലുമാകും മൂല്യംപറയുകയെങ്കിലും അതിന് സമാനമായ രൂപയുടെയും റൂബിളിന്റെയും മൂല്യം ഇരുരാജ്യങ്ങളും കണക്കാക്കേണ്ടതുണ്ട്. സംവിധാനം നിലവില്‍വന്നാല്‍, രാജ്യത്തെ ഇറക്കുമതിക്കാര്‍ക്ക് ഇന്ത്യയിലെ റഷ്യന്‍ ബാങ്കിന്റെ അക്കൗണ്ടില്‍നിന്ന് രൂപയും റഷ്യയില്‍നിന്നുള്ള ഇറക്കുമതിക്ക് റഷ്യയിലെ ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടില്‍നിന്ന് റൂബിളും നല്കാന് കഴിയും.
നേരത്തെയും ഈ സംവിധാനം
തേയിലയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് നേരത്തെ രൂപ-റൂബിള്‍ പേയ്മെന്റ് സംവിധാനത്തിന് ശ്രമംനടത്തിയിരുന്നു. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതിലുള്ള നീക്കം പിന്നടുണ്ടായില്ല. 2012ല്‍ വിവിധ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനുമേല്‍ സാമ്പത്തിക ഉപരോധം കൊണ്ടുവന്നപ്പോല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് രൂപ-റിയാല്‍ പണമിടപാട് സംവിധാനം വിജയകരമായി നടപ്പാക്കിയിരുന്നു.
തീരുമാനം നിര്‍ണായകം
സുരക്ഷിതമായ രാജ്യാന്തര പണമിടപാട് സംവിധാനമായാണ് സ്വിഫ്റ്റി(സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍)നെ ലോകം കണക്കാക്കുന്നത്. സ്വിഫ്റ്റിലൂടെയാണ് രാജ്യാന്തര ഇടപാടുകളേറെയും നടക്കുന്നത്. യുഎസും യൂറോപ്യന്‍ യൂണിയനും യുകെയും സ്വിഫ്റ്റുവഴി ഇടപാട് നടത്തുന്നതിന് ബാങ്കുകളെ തടഞ്ഞതിനാല്‍ റഷ്യയ്ക്കൊപ്പം ബദല്‍ പണമിടപാട് സംവിധാന ഉണ്ടാക്കേണ്ടത് ഇന്ത്യക്ക് നിര്‍ണായകമാണ്.
രാജ്യത്തുനിന്ന് ഇതിനകം കയറ്റിയയച്ച ചരക്കുകളുടെ 500 മില്യണ്‍ ഡോളറിന്റെ ഇടപാട് ഇപ്പോള്‍ സ്തംഭിച്ചിരിക്കുകയാണ്. ഡോളറോ യൂറോയോ പോലുള്ള അന്താരാഷ്ട്ര കറന്‍സികളില്‍ റഷ്യയുമായി ഇടപാടുനടത്താന്‍ കഴിയാത്തതിനാല്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് പണംലഭിക്കാനും ഭാവിയില്‍ വ്യാപാരം തുടരാനും രൂപ-റൂബിള്‍ ഇടപാട് നിര്‍ണായകമാകും.
തടസ്സങ്ങള്‍
നിലവില്‍ റൂബിളിന്റെ മൂല്യത്തിലുള്ള കനത്ത ചാഞ്ചാട്ടം രൂപ-റൂബിള്‍ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നത് പ്രതിസന്ധിയിലാക്കും. രൂപയ്ക്കും റൂബിളിനുമിടയില് ന്യായമായ വിനിമയ നിരക്ക് തീരുമാനിക്കുകയെന്നതാണ് നേരിടുന്ന പ്രധാന പ്രതിസന്ധി. റൂബിളിന്റെ മൂല്യം കുത്തനെ ഇടിയുന്നത് തുടര്‍ന്നാല്‍, ഇന്ത്യന്‍ ബാങ്കിന്റെ റഷ്യയിലെ അക്കൗണ്ടിലെ റൂബിളിന്റെ മൂല്യം വന്‍തോതില്‍ താഴേയ്ക്കു പതിക്കുകുയം വ്യാപാരം തടസ്സപ്പെടുകയുംചെയ്യും.
antony@mpp.co.in
Content Highlights: Rupee-Ruble trade may be allowed
Published: 12 Mar 2022, 11:38 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented