ശ്ചിമേഷ്യയിലെ അപ്രതീക്ഷിത സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയോടൊപ്പം ഇന്ത്യയുടെ വിദേശ വ്യാപാര മേഖലക്കും കനത്ത തിരിച്ചടിയായി. ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവല കുത്തനെ ഉയർത്തി. കടൽമാർഗമുള്ള ചരക്ക് നീക്കവും വ്യോമഗതാഗതവും തടസ്സപ്പെട്ടതോടെ രാജ്യത്തെ കയറ്റുമതി മേഖല കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും കയറ്റുമതിക്കാരുടെയും വിവിധ മന്ത്രാലയങ്ങളുടെയും അടിയന്തര യോഗം സർക്കാർ വിളിച്ചിട്ടുണ്ട്.

To advertise here,

ചരക്ക് നീക്കത്തിലെ പ്രതിസന്ധി

  • ചരക്ക് നീക്കത്തിലുണ്ടായ തടസ്സം ഗതാഗത ചെലവിൽ കാര്യമായ വർധനവിന് കാരണമായി.
  • പശ്ചിമേഷ്യൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ ദക്ഷിണാഫ്രിക്ക വഴി തിരിച്ചുവിടുന്നത് ഇന്ധന ചെലവിൽ കാര്യമായ വർധനവുണ്ടാക്കുന്നു. കൂടുതൽ ഇന്ധനം കരുതേണ്ടി വരുന്നതുകൊണ്ട് ചരക്ക് കൊണ്ടുപോകാനുള്ള വിമാനങ്ങളുടെ ശേഷിയെ പരിമിതപ്പെടുത്തേണ്ടിവരുന്നു.
  • ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി മൂലം 200-ലധികം എണ്ണ-വാതക ടാങ്കറുകൾ കടലിൽ നങ്കൂരമിട്ടിരിക്കുകയാണ്. ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണത്തിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
  • യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഷിപ്പിംഗ് ഇൻഷുറൻസ് പ്രീമിയം കുത്തനെ ഉയരാനും സാധ്യതയുണ്ട്.

ഇറാനുമായുള്ള വ്യാപാരം (2025ലെ കണക്കുകൾ പ്രകാരം)

ഇനം

മൂല്യം (ദശലക്ഷം ഡോളറിൽ)

ആകെ കയറ്റുമതി

$1,200

അരി (പ്രധാനമായും ബസുമതി)

$747

വാഴപ്പഴം

$61

തേയില

$51

ആകെ ഇറക്കുമതി

$408.6

പെട്രോളിയം കോക്ക്

$135.7

ആപ്പിൾ

$71.5

ഈന്തപ്പഴം

$33.3

കയറ്റുമതിയിലെ പ്രതിസന്ധി

ഭക്ഷ്യ സുരക്ഷയും ഡിമാൻഡും: ഭക്ഷ്യ സുരക്ഷ മുൻനിർത്തി ഗൾഫ് രാജ്യങ്ങൾ അരി (പ്രത്യേകിച്ച് ബസുമതി) വൻതോതിൽ ശേഖരിക്കാൻ തുടങ്ങുന്നത് ഡിമാൻഡ് ഡിമാൻഡ് വർധിക്കാനിടയാക്കും.

കുതിക്കുന്ന ചെലവ്: നിശ്ചിത വിലയ്ക്ക് കരാർ ഉറപ്പിച്ച കയറ്റുമതിക്കാർക്ക് ചരക്ക് നീക്ക ചെലവ് വർധിക്കുന്നത് മൂലം കനത്ത നഷ്ടം നേരിട്ടേക്കാം.

പഴം-പച്ചക്കറി കയറ്റുമതി: നിലവിൽ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള പഴം-പച്ചക്കറി കയറ്റുമതിയെ ബാധിച്ചിട്ടില്ലെങ്കിലും പശ്ചിമേഷ്യൻ വിപണികളിലേക്കുള്ള ചരക്ക് നീക്കത്തെ ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടൽ ബാധിക്കും.

സാങ്കേതിക മേഖല: ഏകദേശം 4.5 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക്‌സ് കയറ്റുമതി ഭീഷണിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാർ ഇത് സംബന്ധിച്ച് അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

സംഘർഷം മൂലം ആഗോള തലത്തിൽ ഐടി ചിലവുകൾ കുറയാൻ സാധ്യതയുണ്ടെന്ന് ടെക് കമ്പനികൾ ഭയപ്പെടുന്നു. കൂടാതെ, ഡിജിറ്റൽ ഭീഷണികൾ വർധിക്കാനും സാധ്യതയുണ്ട്.

അസംസ്‌കൃത എണ്ണ

അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണ, സ്വർണ വിപണികളിൽ വൻ വിലക്കയറ്റം രേഖപ്പെടുത്തി.

അസംസ്‌കൃത എണ്ണ: ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏഴ് ശതമാനം വർധിച്ച് ബാരലിന് 82.37 ഡോളറിലെത്തി. 2025 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 6.95% വർദ്ധിച്ച് 71.68 ഡോളറിലെത്തി. വ്യാപാരത്തിനിടെ ഇത് 75.33 ഡോളർ വരെ ഉയർന്നിരുന്നു. ബ്രെന്റ് ക്രൂഡ് വില ഈയാഴ്ച 80 ഡോളറിനും 90 ഡോളറിനും ഇടയിൽ തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ.

നീക്കം തന്ത്രപ്രധാനം

  • നിലവിലെ സാഹചര്യം പരിഗണിച്ച് ഏപ്രിൽ മാസത്തിൽ പ്രതിദിനം 2,06,000 ബാരൽ എണ്ണ അധികമായി ഉത്പാദിപ്പിക്കാൻ ഒപെക് പ്ലസ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സൗദി അറേബ്യ ഒഴികെയുള്ള മിക്ക രാജ്യങ്ങളും നിലവിൽ പരമാവധി ശേഷിയിലാണ് ഉത്പാദനം നടത്തുന്നത്.
  • ഇന്റർനാഷണൽ എനർജി ഏജൻസി (IEA) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അടിയന്തര സാഹചര്യത്തിൽ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം (SPR) പുറത്തിറക്കാൻ ഏജൻസി തയ്യാറായേക്കും.
  • നിലവിൽ ആഗോളതലത്തിൽ 7.827 ദശലക്ഷം ബാരൽ എണ്ണ ശേഖരത്തിലുണ്ട്. ഇത് ഏകദേശം 74 ദിവസത്തെ ആഗോള ആവശ്യത്തിന് തികയുന്നതാണ്.

സ്വർണം

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ കുതിപ്പ് രേഖപ്പെടുത്തി. വിലയിൽ രണ്ട് ശതമാനം വർധനവുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 5,368.09 ഡോളറിലെത്തി. വൈകാതെ 6,000 ഡോളർ കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.

മറ്റ് ലോഹങ്ങൾ: വെള്ളി, പ്ലാറ്റിനം, പലാഡിയം എന്നിവയുടെ വിലയിലും വർധന രേഖപ്പെടുത്തി.

 

വർധന (%)

നിലവിലെ വില (ഔൺസിന്)

വെള്ളി (Spot Silver)

1.68%

$95.35

പ്ലാറ്റിനം (Spot Platinum)

0.74%

$2,382.15

പലാേഡിയം (Palladium)

0.25%

$1,790.60

സർക്കാർ ഇടപെടൽ

  • പശ്ചിമേഷ്യയിലെ സംഘർഷം വ്യാപാരത്തെ ബാധിച്ച പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ.
  • കയറ്റുമതിക്കാർ, ലോജിസ്റ്റിക്‌സ് മേഖലയിലെ പ്രതിനിധികൾ, ഷിപ്പിംഗ് വ്യവസായ പ്രമുഖർ, വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി വാണിജ്യ വ്യവസായ മന്ത്രാലയം ചർച്ച നടത്തുകയാണ്.
  • സമകാലിക സംഭവവികാസങ്ങൾ കയറ്റുമതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുക, പ്രത്യേകിച്ച് ലോജിസ്റ്റിക്‌സ് മേഖല നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുക എന്നിവയാണ് ലക്ഷ്യം.
  • ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടൽ, വ്യോമാതിർത്തികൾ അടയ്ക്കുന്നത് മൂലമുള്ള പ്രതിസന്ധികൾ എന്നിവ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നിവയാണ് പ്രധാന ആശങ്കകൾ.

പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയുടെ വിദേശ വ്യാപാരത്തിൽ താത്ക്കാലിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെ കാര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് പുതിയ അവസരം സൃഷ്ടിച്ചേക്കാം. അതേസമയം ഇന്ധനവില വർധനവും ചരക്ക് നീക്കത്തിനുള്ള ചെലവും രാജ്യത്തെ വ്യാപാര കമ്മി കൂടാൻ കാരണമായേക്കും. ഹോർമുസ് കടലിടുക്ക് എത്ര വേഗത്തിൽ തുറക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വരും ആഴ്ചകളിലെ വിപണി സാഹചര്യം.