രാജ്യത്തെ ബാങ്കുകളിലേയ്ക്ക് വന്‍തോതില്‍ വിദേശ നിക്ഷേപമൊഴുകുന്നു. ഈ വര്‍ഷം മാത്രം 1.32 ലക്ഷം കോടി രൂപയുടെ (15 ബില്യണ്‍ ഡോളര്‍) ഇടപാടുകളാണ് നടന്നത്. അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ച, ബാങ്കിങ് സേവനങ്ങള്‍ ഇനിയുമേറെ പേരിലേക്ക് എത്താനുണ്ടെന്ന യാഥാര്‍ഥ്യം, ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ സംവിധാനം എന്നിവയാണ് വിദേശികളെ ആകര്‍ഷിക്കുന്നത്.

To advertise here,

കിട്ടാക്കടവും തകര്‍ച്ചയും നേരിട്ട വര്‍ഷങ്ങള്‍ പിന്നിട്ടാണ് അടുത്തിടെ ബാങ്കുകള്‍ പുതുജീവന്‍ നേടിയത്. നിരന്തരമായ പരിഷ്‌കാരങ്ങളും ശുദ്ധീകരണ പ്രക്രിയകളും നിലവില്‍ ധനകാര്യമേഖലയെ കൂടുതല്‍ സുതാര്യവും ശക്തവുമാക്കിയിട്ടുണ്ട്. അതോടൊപ്പം പൊതുമേഖല ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വന്‍സാധ്യതയാണ് വിദേശികള്‍ക്കുമുന്നില്‍ തുറന്നിടുന്നത്.

നിക്ഷേപമൊഴുക്ക്

നേരത്തെ വിദേശ പങ്കാളിത്തം അനുവദിക്കാതിരുന്ന രാജ്യത്തെ ബാങ്കിങ് മേഖലയില്‍ വിദേശ നിക്ഷേപം ഇപ്പോള്‍ വന്‍തോതിലാണ് എത്തുന്നത്. ബ്ലൂംബര്‍ഗിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം മാത്രം 15 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. അതായത് 1.32 ലക്ഷം കോടി രൂപയുടെ. ദുബായിലെ എമിറേറ്റ്‌സ് എന്‍ബിഡി, ജപ്പാനിലെ സുമിറ്റോമോ മിത്സുയി ബാങ്കിങ് കോര്‍പറേഷന്‍, യുഎസ് ആസ്ഥാനമായുള്ള ബ്ലാക്ക്‌സ്റ്റോണ്‍, സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ച് ഇന്‍ഷുറന്‍സ് എന്നീ ആഗോള നിക്ഷേപ സ്ഥാപനങ്ങളാണ് പ്രധാനമായും നിക്ഷേപം നടത്തിയത്.

രാജ്യത്തെ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍(എന്‍ബിഎഫ്‌സി) എന്നിവയില്‍ ഈ സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ്. ഫെഡറല്‍ ബാങ്കിന്റെ 9.9 ശതമാനം ഓഹരികള്‍ ബ്ലാക്ക്‌സ്റ്റോണ്‍ സ്വന്തമാക്കിയത് ഒടുവിലത്തെ ഉദാഹരണം മാത്രം. 705 മില്യണ്‍ ഡോളറാണ് ഇതിനായി കമ്പനി ചെലവഴിച്ചത്. ലോകത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയോടുള്ള ദീര്‍ഘകാല തന്ത്രപരമായ നിക്ഷേപമായി ഈ മൂലധന പ്രവാഹത്തെ വിലയിരുത്താം.

നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍

വിപണി സാധ്യതകള്‍

ലോകത്തെതന്നെ പ്രധാന ഇക്കോണമികളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞു. വര്‍ധിച്ചുവരുന്ന ഉപഭോഗം, ദ്രുതഗതിയിലുളള നഗരവത്കരണം, ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയാണ് വളര്‍ച്ചക്ക് വേഗംകൂട്ടുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം റീട്ടെയില്‍, ഭവന, ചെറുകിട ബിസിനസ് മേഖലകളിലല്‍ വായ്പാ ആവശ്യം കൂടുകയാണ്.

കുതിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ജനങ്ങളും ചെറുകിട സംരംഭങ്ങളും വായ്പക്കായി മറ്റ് സ്രോതസ്സുകളെയാണ് ഇപ്പോഴും ആശ്രയക്കുന്നത്. ബാങ്കിങ് സേവനങ്ങള്‍ ഇനിയും എത്താത്ത ഇടങ്ങളുണ്ട്. ഇതൊരു വലിയൊരു അവസരമായാണ് വിദേശ നിക്ഷേപകര്‍ കാണുന്നത്. സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെങ്കിലും നിലവിലുള്ള ബാങ്കുകളിലും എന്‍ബിഎഫ്‌സികളിലും നിക്ഷേപം നടത്തുന്നത് ദീര്‍ഘകാലയളവില്‍ മികച്ച അവസരം തുറക്കുമെന്നാണ് കരുതുന്നത്.

ഡിജിറ്റല്‍ സംവിധാനങ്ങള്‍

യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്(യുപിഐ), ആധാര്‍ തുടങ്ങിയ ലോകോത്തര ഡിജിറ്റല്‍ സംവിധാനങ്ങള്‍ വായ്പ, നിക്ഷേപം, പണമിടപാട് എന്നിവയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ആഗോള സ്ഥാപനങ്ങളെ ഇത് തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്.

ഭൗമരാഷ്ട്രീയ ശാന്തത

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ പൊതുവെ ശാന്തമാണ്. ആഭ്യന്തര വിപണിയിലുള്ള ശ്രദ്ധയും ആഗോള സമ്പദ്‌വ്യവസ്ഥയുമായുള്ള കുറഞ്ഞ ആശ്രയവും ഇന്ത്യയെ ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാക്കിമാറ്റുന്നുണ്ട്.

കരുത്തുറ്റ ബാങ്കിങ് മേഖല

കിട്ടാക്കടങ്ങള്‍, കോര്‍പറേറ്റ് ബാധ്യതകള്‍, ഐഎല്‍ആന്‍ഡ്എഫ്എസ്, ഡിഎച്ച്എഫ്എല്‍ പോലുള്ള സ്ഥാപനങ്ങളുടെ തകര്‍ച്ച എന്നിവ മൂലം കടുത്ത പ്രതിസന്ധിയിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ധനകാര്യ മേഖല. റെഗുലേറ്ററി പരിഷ്‌കാരങ്ങള്‍, കര്‍ശനമായ മേല്‍നോട്ടം, വന്‍തോതിലുള്ള ബാലന്‍സ് ഷീറ്റ് നവീകരണം എന്നിവയിലൂടെ ഈ മേഖലയില്‍ ആത്മവിശ്വാസം തിരിച്ചുപിടിച്ചുകഴിഞ്ഞു.

എസ്ആന്‍ഡ്പി ഗ്ലോബല്‍ റേറ്റിങ്‌സ് അടുത്തിയിടെ നടത്തിയ പഠനം ഇന്ത്യന്‍ ബാങ്കുകളുടെ കരുത്ത് എടുത്തുകാണിക്കുന്നു:

ആഗോള അനിശ്ചിതത്വം, താരിഫ്, നിരക്ക് കുറയ്ക്കല്‍, രൂപയുടെ ദുര്‍ബല സാഹചര്യം എന്നിവ നേരിടാന്‍ ഇന്ത്യന്‍ ബാങ്കുകള്‍ സജ്ജമാണ്.

സുരക്ഷിതല്ലാത്ത റീട്ടെയില്‍ ബിസിനസ്, മൈക്രോഫിനാന്‍സ് വായ്പകളിലെ സമ്മര്‍ദം എന്നിവകാരണം രണ്ട് വര്‍ഷത്തിനുള്ളില്‍ ബാങ്കുകളുടെ വായ്പാ ചെലവ് 80-90 ശതമാനം വര്‍ധിക്കാനിടയുണ്ട്. ഈ വര്‍ധന എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ ബാങ്കുകള്‍ക്ക് കഴിയും.

ഇന്ത്യന്‍ ബാങ്കുകളുടെ വരുമാനം മറ്റ് പ്രാദേശിക ബാങ്കുകളേക്കാള്‍ മികച്ചതായി തുടരും. വായ്പകളുടെ 3.6 മുതല്‍ 3.7 ശതമാനംവരെ പ്രവര്‍ത്തന ലാഭം പ്രതീക്ഷിക്കാം.

2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ വായ്പാ വളര്‍ച്ചയില്‍ മുന്നേറ്റമുണ്ടാകും. 2026-2027 സാമ്പത്തിക വര്‍ഷങ്ങളില്‍ 11.5 മുതല്‍ 12.5 ശതമാനംവരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

കോര്‍പറേറ്റ് വായ്പകളിലെ നിഷ്‌ക്രിയ ആസ്തി രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം ശരാശരി 1.1 ശതമാനം ആയിരിക്കും. അതേസമയം, ചെറുകിട-ഇടത്തരം സംഭരംങ്ങളിലും റീട്ടെയില്‍ വിഭാഗത്തിലുമുള്ള വര്‍ധന കാരണം മൊത്തം എന്‍പിഎ 1.8 ശതമാനംവരെ ഉയര്‍ന്നേക്കാം.

വിദേശ മൂലധനം ബാങ്കിങ് മേഖലയ്ക്ക് മുന്നേറാന്‍ നിരവധി അവസരങ്ങളൊരുക്കുന്നു.

മൂലധനം: വിപുലീകരണത്തിന് വന്‍തോതില്‍ പണം ആവശ്യമുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മൂലധനം ഇതിലൂടെ ലഭിക്കും.

മത്സരം: ആഗോള നിക്ഷേപ സ്ഥാപനങ്ങളുടെ വരവ് മത്സരക്ഷമത വര്‍ധിപ്പിക്കും. അതോടെ ഉപഭോക്തൃ സേവനം, റിസ്‌ക് മാനേജുമെന്റ്, ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവയുടെ നിലവാരമുയര്‍ത്താന്‍ നിര്‍ബന്ധിതരാകും. ഇത് ഭരണനിലവാരത്തോടൊപ്പം നവീകരണത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കും.

വിദേശികളുടെ അടുത്ത ലക്ഷ്യം പൊതുമേഖല ബാങ്കുകള്‍ ആയേക്കാം. നിലവില്‍ പൊതുമേഖല ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. സര്‍ക്കാര്‍ വിഹിതം 51 ശതമാനത്തില്‍ കുറയാതെ നിലനിര്‍ത്തിക്കൊണ്ട് വിദേശ നിക്ഷേപം അനുവദിച്ചേക്കാം.

പൊതുമേഖല ബാങ്കുകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 20 ശതമാനവും വോട്ടിങ് അവകാശം 10 ശതമാനവുമാണ്. സ്വകാര്യ ബാങ്കുകളിലാകട്ടെ 74 ശതമാനവും. പൊതുമേഖല ബാങ്കുകളുടെ പ്രകടനവും രാജ്യത്തെ വളര്‍ച്ചാ സാധ്യതകളും കണക്കിലെടുക്കുമ്പോള്‍ ഈ ബാങ്കുകളിലെ നിക്ഷേപം ആകര്‍ഷകമാണെന്നാണ് സര്‍ക്കാര്‍ പക്ഷം. മൂലധനമെന്ന ആവശ്യംകൂടി പരിഗണിക്കുമ്പോള്‍ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ പച്ചക്കൊടികാണിക്കാനാണ് സാധ്യത.