ആര്‍ബിഐ പ്രഖ്യാപിച്ച വിദേശ കറന്‍സി നിക്ഷേപത്തില്‍നിന്ന് പ്രവാസികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമോ? വിശദമായി പരിശോധിക്കാം.

ഡോളർ വരവ് കൂട്ടാനും രൂപയുടെ മൂല്യം പിടിച്ചുനിർത്താനും എഫ്‌സിഎൻആർ(ബി) നിക്ഷേപങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ആർബിഐ. ഇതുപ്രകാരം മൂന്നു മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പ്രത്യേക ചെലവൊന്നുമില്ലാതെ ആർബിഐയുമായി ബാങ്കുകൾക്ക് ഡോളർ കൈമാറ്റം ചെയ്യാം. ചെലവ് ഈടാക്കാത്തതിനാൽ ബാങ്കുകൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യാൻ കഴിയും. പ്രവാസികൾക്ക് രാജ്യത്തെ ബാങ്കുകളിൽ വിദേശ കറൻസിയിൽ തന്നെ പണം നിക്ഷേപിക്കാനും ഉയർന്ന ആദായം നേടാനുമുള്ള അവസരമാണിത്.
വിശദമായി അറിയാം:
എന്താണ് FCNR (B) നിക്ഷേപം?
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് (NRIs) വിദേശ കറൻസിയിൽ(ഉദാ. യുഎസ് ഡോളർ) തന്നെ ഇന്ത്യയിലെ ബാങ്കുകളിൽ സ്ഥിരനിക്ഷേപമിടാൻ അനുവദിക്കുന്ന പദ്ധതി.
സവിശേഷതകൾ
- നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ ആദായനികുതി നൽകേണ്ടതില്ല.
- നിക്ഷേപിച്ച തുകയും പലിശയും നിയന്ത്രണങ്ങളൊന്നുമില്ലാതെ വിദേശത്തേക്ക് തിരികെ കൊണ്ടുപോകാം.
- നിക്ഷേപം ഡോളറിലോ മറ്റ് വിദേശ കറൻസികളിലോ ആയതിനാൽ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ് ബാധിക്കില്ല.
ആർബിഐ നീക്കം
രൂപയുടെ മൂല്യം നിലനിർത്തുന്നതിനും വിദേശ നാണ്യശേഖരം വർധിപ്പിക്കുന്നതിനുമാണ് റിസർവ് ബാങ്ക് ഇളവുകൾ പ്രഖ്യാപിച്ചത്. വിദേശ കറൻസി കൈകാര്യം ചെയ്യുമ്പോൾ വിനിമയ നിരക്കിലെ വ്യതിയാനം മൂലം ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനുള്ള 'മുൻകരുതൽ ചെലവ്' ഒഴിവാക്കിയെന്നതാണ് പ്രധാനം. ബാങ്കുകൾക്ക് ഇത് വലിയ ബാധ്യതയായിരുന്നു. പുതിയ തീരുമാനപ്രകാരം ആർബിഐ ഈ ചെലവ് ഏറ്റെടുക്കും. അതുകൊണ്ടുതന്നെ ഉയർന്ന പലിശ നൽകാൻ ബാങ്കുകൾക്കാകും. 55 ബില്യൺ ഡോളർ നിക്ഷേപമാണ് ഇതിലൂടെ റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
| മാറ്റങ്ങൾ | ജൂൺ 5-ന് ശേഷം |
|---|---|
| ഹെഡ്ജിംഗ് ചെലവ് | ആർബിഐ ഈ ചെലവ് ഒഴിവാക്കി (സീറോ ഹെഡ്ജിംഗ് കോസ്റ്റ്) |
| ഡോളർ സ്വാപ്പ് സൗകര്യം | കുറഞ്ഞ നിരക്കിൽ ആർബിഐയുമായി ഡോളർ കൈമാറാൻ ബാങ്കുകൾക്ക് സാധിക്കുന്നു |
| നിക്ഷേപ പലിശ | ചെലവ് കുറഞ്ഞതോടെ ബാങ്കുകൾ പലിശ കൂട്ടി |
| കാലയളവ് | ആനുകൂല്യം സെപ്റ്റംബർ 30 വരെ മാത്രം |
കടമെടുത്ത് (Leverage)നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം?
കൈവശമുള്ള തുക ഈടായി (Collateral) നൽകി വലിയൊരു തുക വായ്പ എടുത്ത് നിക്ഷേപിക്കുന്ന രീതിയാണിത്. 'ആർബിട്രേജ് പ്ലേ' (Arbitrage Play) എന്നും അറിയപ്പെടുന്നു.
സ്വന്തം നിക്ഷേപം (Original Capital): ഉദാഹരണത്തിന്, ഒരു നിക്ഷേപകൻ തന്റെ പക്കലുള്ള 10 ലക്ഷം ഡോളർ നിക്ഷേപിക്കാൻ തീരുമാനിക്കുന്നു.
വായ്പ എടുക്കൽ (Borrowing): ഈ 10 ലക്ഷം ഡോളർ ഈടായി നൽകി വിദേശത്തെ ബാങ്കുകളിൽ നിന്ന് 90 ഡോളർ കൂടി വായ്പ എടുക്കുന്നു. ഇവിടെ വായ്പയുടെ പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും. ആഗോള ബെഞ്ച്മാർക്ക് നിരക്കായ SOFR (Secured Overnight Financing Rate) അതിനോടൊപ്പം ബാങ്കുകൾ ഈടാക്കുന്ന ചെറിയ ശതമാനം കൂടി (Spread/Margin) ചേർത്തതായിരിക്കും പലിശ നിശ്ചയിക്കുക.
മൊത്തം നിക്ഷേപം (Combined Deposit): ആകെ ലഭിച്ച ഒരു കോടി ഡോളർ ഇന്ത്യയിലെ FCNR (B) അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. നിലവിൽ എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകൾ ആറു ശതമാനം വരെ പലിശ ഈ നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്.
ഇവിടെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും വായ്പയ്ക്ക് നൽകുന്ന പലിശയും തമ്മിലുള്ള വ്യത്യാസം (Spread) നിക്ഷേപകന് ലാഭമായി മാറുന്നു. സ്വന്തം പണത്തിന് പുറമെ കടമെടുത്ത പണത്തിൽ നിന്നും ലാഭം ലഭിക്കുന്നതിനാലാണ് അധിക ആദായം. ഇത്തരത്തിൽ പണം കടമെടുത്ത് നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന നേട്ടം എത്രത്തോളമുണ്ടാകുമെന്ന് കണക്കുകളിലൂടെ നോക്കാം.
| ലെവറേജ് നില | ഏകദേശ വാർഷിക ലാഭം | നിക്ഷേപകൻ |
|---|---|---|
| 1x (No Leverage) | 6.25% | സാധാരണ പ്രവാസി നിക്ഷേപകർ |
| 3x Leverage | 11.6% | മിതമായ റിസ്ക് എടുക്കുന്നവർ |
| 5x Leverage | 15% | ഉയർന്ന നിക്ഷേപ ശേഷിയുള്ളവർ |
| 9x Leverage | 21.8% | അതിസമ്പന്നരായ നിക്ഷേപകർ (UHNWIs) |
സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനം ആദായം ലഭിക്കുമ്പോൾ, ലെവറേജ് ഉപയോഗിക്കുന്ന അതിസമ്പന്നർക്ക് ഓഹരി വിപണിക്ക് സമാനമായ 21.8% വരെ നേട്ടം ലഭിച്ചേക്കാം.
ചരിത്രം പറയുന്നത്
2013ലെ 'ടേപ്പർ ടാൻട്രം' (Taper Tantrum) സമയത്തും സമാനമായ അവസരം പ്രയോജനപ്പെടുത്തിയിരുന്നു. അന്ന് ഏകദേശം 3,400 കോടി ഡോളറിലേറെ സമാഹരിക്കാനായി.. അന്താരാഷ്ട്ര തലത്തിൽ ശക്തമായ സാന്നിധ്യമുള്ള ബാങ്കുകളാണ് മുൻപന്തിയിലുണ്ടായിരുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്ക്: 2013ൽ ഏകദേശം 3,400 കോടി ഡോളർ സമാഹരിച്ചു. നിലവിൽ ആറ് ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
എസ്ബിഐ: കഴിഞ്ഞ തവണ 307 കോടി ഡോളർ സമാഹരിച്ചു. നിലവിൽ 5.25 ശതമാനം മുതൽ 6 ശതമാനം വരെ പലിശ നൽകുന്നു.
ഐസിഐസിഐ ബാങ്ക്: 2013ൽ 200 കോടി ഡോളർ സമാഹരിച്ചു.
ഈ ബാങ്കുകൾക്ക് വിദേശ ബ്രാഞ്ചുകൾ ഉള്ളതിനാൽ പ്രവാസികൾക്ക് വിദേശത്ത് നിന്ന് വായ്പ എടുക്കാനും (Leverage) അത് ഇന്ത്യയിലെ FCNR അക്കൗണ്ടിലേക്ക് മാറ്റാനും എളുപ്പത്തിൽ സാധിക്കും. അതുകൊണ്ടാണ് ഇത്രയും തുക സമാഹരിക്കാനായത്.
ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
- അവസാന തീയതി: പദ്ധതി പ്രകാരം സെപ്റ്റംബർ 30വരെ മാത്രമേ നിക്ഷേപിക്കാനാകൂ.
- നിക്ഷേപ കാലയളവ്: 3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന നേട്ടം ലഭിക്കുക.
- കുറഞ്ഞ റിസ്‌ക്: വിപണിയിലെ മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് സുരക്ഷിതമായി കൂടുതൽ ആദായം നേടാനുള്ള അവസരമാണിത്.
- SOFR നിരക്കുകൾ: ലെവറേജ് ഉപയോഗിക്കുന്നവർ ആഗോള പലിശ നിരക്കായ SOFR-ഉം ബാങ്കുകൾ ഈടാക്കുന്ന അധിക മാർജിനും ശ്രദ്ധിക്കേണ്ടതുണ്ട്.
- വൻ തുക കടമെടുത്ത് നിക്ഷേപിച്ചാൽ മാത്രമേ പ്രവാസികൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയൂ.
Content Highlights: RBI has removed hedging costs for banks on 3-5 year FCNR (B) deposits, allowing for higher interest rates for NRIs., FCNR (B) deposits are tax-free in India and offer full repatriation of principal and interest., Leveraged investment strategies (Arbitrage Play) can potentially yield returns up to 21.8% for savvy investors., The window for these specific benefits is open until September 30., Investors should monitor global SOFR rates and bank margins when using leverage.
Published: 12 Jun 2026, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented