അമേരിക്കൻ വ്യാപാര നയങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങളും നിയമപരമായ വെല്ലുവിളികളും പശ്ചിമേഷ്യയിലെ സംഘർഷവും ആഗോള സാമ്പത്തിക ക്രമത്തിൽ വലിയ അനിശ്ചിതത്വങ്ങൾക്ക് വഴിതുറന്നിരിക്കുന്നു. ഇറക്കുമതി താരിഫുകൾ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏകപക്ഷീയമായ അധികാരത്തെ യുഎസ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും നിലവിലെ നിയമങ്ങൾ ഉപയോഗിച്ച് 15 ശതമാനം ആഗോള താരിഫ് ട്രംപ് പ്രഖ്യാപിച്ചത് വിപണികളെ വീണ്ടും പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. ഈ സാഹചര്യം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില വർദ്ധിപ്പിക്കുകയും ഡോളറിന്റെ മൂല്യത്തിൽ അസ്ഥിരതയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,

ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെയുള്ള പ്രധാന സാമ്പത്തിക ശക്തികൾ തങ്ങളുടെ വ്യാപാര നിലപാടുകൾ പുന:പരിശോധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള വിതരണ ശൃംഖലയിലും കമ്മോഡിറ്റി വിപണിയിലും ദീർഘകാലാടിസ്ഥാനത്തിൽ കാര്യമായ മാറ്റം പ്രകടമായേക്കാം. അതോടൊപ്പം പശ്ചിമേഷ്യയിലെ സംഘർഷം സൃഷ്ടിച്ച അനിശ്ചിതത്വവും സ്വർണവിലയിൽ പ്രതിഫിലക്കും.

നിയമപരമായ തർക്കങ്ങളും വ്യാപാര തടസ്സങ്ങളും

അമേരിക്കയുടെ താത്പര്യം സംരക്ഷിക്കുന്നതിനായി ട്രംപ് ഭരണകൂടം ആയുധമാക്കിയ ഉയർന്ന ഇറക്കുമതി താരിഫുകൾക്ക് യുഎസ് സുപ്രീം കോടതിയുടെ വിധി തിരിച്ചടിയായിട്ടുണ്ട്.

കോടതി വിധി: ഏകപക്ഷീയമായ രീതിയിൽ താരിഫുകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

ട്രംപിന്റെ നീക്കം: കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ നിലവിലെ നിയമപരമായ ചട്ടക്കൂടുകൾ ഉപയോഗിച്ച് 15 ശതമാനം ആഗോള താരിഫ് ട്രംപ് പ്രഖ്യാപിച്ചു.

ആഘാതം: ഈ നീക്കം ആഗോള വ്യാപാര ക്രമത്തിൽ അനിശ്ചിതത്വം നിലനിർത്തുകയും പഴയ വ്യാപാര ഉടമ്പടികളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.

അന്താരാഷ്ട്ര പ്രതികരണങ്ങൾ

അമേരിക്കയുടെ നീക്കങ്ങൾ ലോകമെമ്പാടുമുള്ള പ്രധാന വ്യാപാര പങ്കാളികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനും നയതന്ത്ര മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്.

യൂറോപ്യൻ യൂണിയൻ (EU): ഉയർന്ന താരിഫുകൾ അംഗീകരിക്കാനാവില്ലെന്നും നിലവിലുള്ള വ്യാപാര കരാറുകൾ പാലിക്കണമെന്നും ഇയു കർശന നിലപാടെടുത്തു.

ഇന്ത്യ: അമേരിക്കയുമായി ഏകദേശ ധാരണയിലായിരുന്ന വ്യാപാര കരാർ ചർച്ചകൾ ഇന്ത്യ താത്ക്കാലികമായി മരവിപ്പിച്ചു.

വിതരണ ശൃംഖല: പല രാജ്യങ്ങളും കമ്പനികളും തങ്ങളുടെ വിതരണ ശൃംഖലകളും ചെലവുകളും പുനഃക്രമീകരിക്കാൻ നിർബന്ധിതരായിരിക്കുന്നു.

കമ്മോഡിറ്റി വിപണിയിലെ ആഘാതം

വ്യാപാര നയങ്ങളിലെ മാറ്റം വിവിധ ചരക്ക് വിപണികളിൽ വ്യത്യസ്തമായ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

സ്വർണവും വെള്ളിയും

ഡോളറിൽ വീണ്ടും അനിശ്ചിതാവസ്ഥ തുടർന്നതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനും വെള്ളിക്കും പ്രിയമേറി വരുന്നുണ്ട്. ജനുവരിയിൽ റെക്കോഡ് നിലവാരത്തിലെത്തിയിരുന്ന സ്വർണവും വെള്ളിയും ഫെബ്രുവരി മാസത്തിൽ കനത്ത ഇടിവു നേരിട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യം സുരക്ഷിത മാർഗങ്ങളിലേക്കു വീണ്ടും പണമൊഴുക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. കോടതി വിധിക്കു ശേഷം മാത്രം സ്വർണത്തിലും വെള്ളിയിലും ഏകദേശം പത്തു ശതമാനത്തിന്റെ വർധനവാണ് ആഗോള വിപണിയിൽ ദൃശ്യമായത്.

അസംസ്‌കൃത എണ്ണ

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം എണ്ണവിലയിൽ പ്രതിഫലിച്ചു. വിതരണ തടസ്സങ്ങളും സംഘർഷ സാധ്യതയും വിലയിൽ കനത്ത ചാഞ്ചാട്ടത്തിന് കാരണമായേക്കാം. ഡോളറിന്റെ മൂല്യ വ്യതിയാനം കൂടിയാകുമ്പോൽ പ്രതികൂല സാഹചര്യമാണ് നിലനിൽക്കുന്നത്.

അടിസ്ഥാന ലോഹങ്ങൾ

നിർമാണ മേഖലയിലും വ്യവസായ വികാസത്തിലും ഏറ്റവും പ്രാധാന്യമർഹിക്കുന്ന കോപ്പറിന്റേയും അലുമിനിയത്തിന്റേയും വിലകളിൽ മുന്നേറ്റമാണ് ദൃശ്യമായിരുന്നത്. ആഗോള തലത്തിലെ ആവശ്യകതയിലും -ലഭ്യതയിലും വീണ്ടും വ്യതിയാനങ്ങളുണ്ടായേക്കുമെന്ന ആശങ്കകളാണ് ലോഹ വിപണിക്ക് അനുകൂലമായത്. ഉയർന്നു നിൽക്കുന്ന ലോഹ വിലകൾ വ്യാവസായിക ഉത്പാദന-നിർമാണ പ്രവർത്തനങ്ങളെ ഒരു പക്ഷേ പ്രതികൂലമായി ബാധിച്ചേക്കാം.

ഡോളറിന്റെ മൂല്യവും നിക്ഷേപക സാഹചര്യവും

കോടതി വിധിയെത്തുടർന്ന് അമേരിക്കൻ ഡോളർ തുടക്കത്തിൽ ശക്തിപ്രാപിച്ചെങ്കിലും നിക്ഷേപകർക്കിടയിലെ ആശങ്കകൾ മൂല്യം ഇടിയുന്നതിന് കാരണമായി. ഡോളറിലെ ഈ അസ്ഥിരത ആഗോള വിപണിയെ വരും മാസങ്ങളിലും സ്വാധീനിക്കാൻ സാധ്യതയുണ്ട്.

ഭാവി സൂചനകൾ

സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള മാറ്റം: ഡോളറിലെ അസ്ഥിരത തുടരുന്നത് സ്വർണ്ണം, വെള്ളി എന്നിവയുടെ ഡിമാൻഡ് വർധിക്കാൻ കാരണമാകും.

ഊർജ വിപണിയിലെ മാറ്റങ്ങൾ: താരിഫ് നിയന്ത്രണങ്ങൾ കാരണം രാജ്യങ്ങൾ ക്രൂഡ് ഓയിൽ ലഭ്യതയ്ക്കായി റഷ്യ ഉൾപ്പടെയുളള രാജ്യങ്ങളെ കൂടുതൽ ആശ്രയിക്കാൻ സാധ്യതയുണ്ട്.

വ്യാവസായിക മാന്ദ്യ ഭീഷണി: കോപ്പർ, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ വില വർധ്ക്കുന്നത് നിർമാണ പ്രവർത്തനങ്ങളെയും ആഗോള സാമ്പത്തിക വളർച്ചയെയും ദീർഘകാലാടിസ്ഥാനത്തിൽ പ്രതികൂലമായി ബാധിച്ചേക്കാം.

നയതന്ത്ര അനിശ്ചിതത്വം: ചൈന, ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ബ്രിക്‌സ് (BRICS) രാജ്യങ്ങൾ എന്നിവയിൽ നിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം സ്വീകരിക്കാനിരിക്കുന്ന നിലപാടുകൾ ആഗോള വിപണി ഉറ്റുനോക്കുന്നു.

ഈ സാഹചര്യത്തിൽ, ആഗോള വ്യാപാര നയങ്ങൾ വ്യക്തമാകുന്നതുവരെ വിപണിയിൽ കനത്ത അസ്ഥിരത തുടരാനാണ് സാധ്യത.