മലപ്പുറം: ഭിന്നശേഷി ക്ഷേമ, ശാക്തീകരണ, പുനരധിവാസ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് ആറുവിഭാഗങ്ങളിൽ പുരസ്‌കാരം നേടി മലപ്പുറം. മികച്ച നഗരസഭ, ബ്ലോക്ക്പഞ്ചായത്ത്, പഞ്ചായത്ത് എന്നിവയിലും വ്യത്യസ്ത മേഖലകളിൽ മൂന്ന് വ്യക്തികളും അവാർഡിന് അർഹരായി.

To advertise here,

സ്വകാര്യമേഖലയിലെ മികച്ച ഭിന്നശേഷി ജീവനക്കാരനായി മൊറയൂർ സ്വദേശി ജൈസൽ എ. അത്തശ്ശേരിയും മികച്ച ഭിന്നശേഷി മാതൃകാവ്യക്തിയായി എടപ്പറ്റ സ്വദേശിനി ടി.കെ. ഫാത്തിമ അൻഷിയും തിരഞ്ഞെടുക്കപ്പെട്ടു. നൂറുശതമാനം കാഴ്‌ചപരിമിതിയെ മറികടന്ന് കംപ്യൂട്ടർ ഉപയോഗിച്ച് പരീക്ഷയെഴുതി എസ്.എസ്.എൽ.സി.ക്ക് മുഴുവൻ എ പ്ലസും പ്ലസ്ടുവിൽ 99.16 ശതമാനം മാർക്കും നേടിയ ഫാത്തിമ അൻഷി ബിരുദതല പരീക്ഷ നേരിട്ടെഴുതുകയുംചെയ്തു. ഇതിനാണ് അവാർഡ്. മികച്ച ഭിന്നശേഷി സർഗാത്മക ബാലികയായി മൂന്നിയൂർ സ്വദേശിനി പത്തുവയസ്സുകാരി ഫാത്തിമ മിന തിരഞ്ഞെടുക്കപ്പെട്ടു.

ബഡ്സ് സ്‌കൂളിൽ തെറപ്പി ഉപകരണങ്ങളും സുരക്ഷാസൗകര്യങ്ങളും ഒരുക്കിയത്‌, നേരത്തേയുള്ള കണ്ടെത്തലിനുള്ള മെഡിക്കൽ ക്യാമ്പുകൾ, സ്‌കോളർഷിപ്പുകൾ എന്നിവ നടപ്പാക്കിയത് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മികച്ച നഗരസഭയായി കോട്ടയ്ക്കൽ നഗരസഭ തിരഞ്ഞെടുക്കപ്പെട്ടു. എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ വഴി കുട്ടികൾക്കു ലഭ്യമാക്കുന്ന തെറപ്പി സേവനങ്ങൾ, അങ്കണവാടികൾ വഴിയുള്ള നിരീക്ഷണം, സ്‌കോളർഷിപ്പുകൾ, വാർഷിക കലോത്സവങ്ങൾ എന്നീ പ്രവർത്തനങ്ങളിലൂടെ മികച്ച ബ്ലോക്ക്പഞ്ചായത്തായി പൊന്നാനി ബ്ലോക്ക്പഞ്ചായത്തും മികച്ച പഞ്ചായത്തായി വേങ്ങരയും അവാർഡ് നേടി.

ഡിസംബർ മൂന്നിന് അന്താരാഷ്‌ട്ര ഭിന്നശേഷിദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.