
പള്ളഞ്ചി: ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ ചെറുവനങ്ങളിൽ കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി നാട്ടുകാർ. വനത്തിനുള്ളിലെ ആവാസവ്യവസ്ഥയിൽ ഉൾക്കൊള്ളാനാവാത്തവിധം എണ്ണം പെരുകുന്നതോടെ കാട്ടുപോത്തുകൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്നത് ജനജീവിതത്തിന് വലിയ ഭീഷണിയായി മാറുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇവയുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. എന്നാൽ ജില്ലയിലെ കാട്ടുപോത്തുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല.
കൂട്ടമായി സഞ്ചരിക്കുന്ന കാട്ടുപോത്തുകൾ വനപാതകളിൽ നിലയുറപ്പിക്കുന്നത് യാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങൾ മുന്നിൽപ്പെട്ടാൽ ആക്രമണസ്വഭാവം പ്രകടിപ്പിക്കുന്ന സംഭവങ്ങളുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ റോഡിലും പരിസരങ്ങളിലും എത്തുന്ന ഇവയെ ഭയന്ന് വനമേഖലയിലൂടെയുള്ള യാത്ര പലർക്കും പേടിയാണ്. റോഡിൽ നിലയുറപ്പിക്കുന്ന കാട്ടുപോത്തുകൾ മാറാതെ നിൽക്കുന്നതും ഹോൺ മുഴക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്താൽ പ്രകോപിതരാകുന്നതും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നു. കുട്ടികളെ സ്കൂളിലേക്കയക്കുന്നതും തിരിച്ചെത്തുന്നതും ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ആശങ്കയുയർത്തുന്നു.
കവുങ്ങിൻ തൈകൾ, തെങ്ങിൻ തൈകൾ, വാഴ തുടങ്ങിയ കൃഷികൾ കുത്തിമറിച്ചും നശിപ്പിച്ചും കാട്ടുപോത്തുകൾ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ ഇവയുടെ സാന്നിധ്യം വർധിച്ചതോടെ കൃഷി സംരക്ഷിക്കാൻ കർഷകർ സൗരോർജവേലികൾ സ്ഥാപിക്കേണ്ടിവരുന്നു. രാത്രികാലങ്ങളിൽ വനത്തോട് ചേർന്ന ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നത് ഭീതിയോടെയാണ്.
ജില്ലയിലെ ചെറുവനങ്ങളിലെ ഭക്ഷണലഭ്യത കുറയുമ്പോൾ മുൻകാലങ്ങളിൽ കാട്ടുപോത്തുകൾ വിശാലമായ കുടക് വനമേഖലയിലേക്ക് സഞ്ചരിക്കാറുണ്ടായിരുന്നു. എന്നാൽ സംസ്ഥാന അതിർത്തിയിൽ ആനശല്യം തടയുന്നതിനായി സ്ഥാപിച്ച സൗരോർജ തൂക്കുവേലി ഇവയുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സമാകുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ഇതോടെ വനത്തിനുള്ളിൽ മാത്രം ഒതുങ്ങേണ്ട കാട്ടുപോത്തുകൾ സമീപത്തെ ജനവാസ മേഖലകളിലേക്കും കൃഷിയിടങ്ങളിലേക്കും കടക്കുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.
കുറ്റിക്കോൽ പഞ്ചായത്തിലെ വള്ളിവളപ്പ് തറവാടിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 25 ഏക്കർ കാടുമൂടിയ പ്രദേശത്ത് കാട്ടുപോത്തുകൾ സ്ഥിരമായി തമ്പടിക്കുന്നതായും പരിസരത്തെ കർഷകർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു. വനമേഖലയിലെ ഭക്ഷണലഭ്യത, ജലലഭ്യത, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, സ്വാഭാവിക സഞ്ചാരപാതകളിലെ തടസ്സങ്ങൾ തുടങ്ങിയവ കാട്ടുപോത്തുകളുടെ നാട്ടിലേക്കുള്ള ഇറക്കത്തിന് കാരണമാകുന്നുണ്ടോയെന്ന് ശാസ്ത്രീയമായി പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നു.
എരിഞ്ഞികുറ്റിക്കോൽ–ബോവിക്കാനം റോഡിൽ എരിഞ്ഞിപ്പുഴ മുതൽ ബോവിക്കാനം വരെയുള്ള ഭാഗങ്ങൾ വനത്തിനകത്തുകൂടിയാണ് കടന്നുപോകുന്നത്. റോഡ് മെക്കാഡം ടാർ ചെയ്ത് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുന്ന സാഹചര്യമുണ്ട്. വനപാതകളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവായിട്ടും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ നിലവിലില്ലെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
വനമേഖലയിലൂടെയുള്ള റോഡുകളിൽ കാട്ടുപോത്തുകളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക, രാത്രികാലങ്ങളിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുക, അപകടസാധ്യതയുള്ള ഭാഗങ്ങളിൽ റംബിൾ സ്ട്രിപ്പുകൾ ഉൾപ്പെടെയുള്ള വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് ആവശ്യം.
കാട്ടുപോത്തുകളുടെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടാതെ വാഹനഗതാഗതം സുഗമമാക്കാൻ റോഡിന്റെ പ്രത്യേക ഭാഗങ്ങളിൽ ഉയർത്തിയ പാതയോ അനുയോജ്യമായ അണ്ടർപാസുകളോ നിർമിക്കുന്ന സാധ്യതയും പരിശോധിക്കണം. വന്യജീവികളുടെ സഞ്ചാരപാത സംബന്ധിച്ച ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കിയാൽ വാഹനങ്ങൾക്കും വന്യജീവികൾക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കാനാകും.
കാസർകോട് ജില്ലയിൽ കാട്ടുപോത്തുകളുടെ എണ്ണത്തെക്കുറിച്ചോ അവയുടെ വംശവർധനവിനെക്കുറിച്ചോ കൃത്യമായ കണക്കുകൾ വനംവകുപ്പിന്റെ കൈവശമില്ലെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതികളിലൊന്ന്. ഇവയുടെ സാന്നിധ്യം വർധിക്കുന്ന പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം പഠിക്കുന്നതിനും സമഗ്രമായ സർവേ ആവശ്യമാണ്.
കാട്ടുപോത്തുകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നിലവിൽ പ്രായോഗികവും നിയമപരവുമായ നടപടികൾ പരിമിതമാണെന്ന ആശങ്കയും ഉയരുന്നു. വന്യജീവികളെ സംരക്ഷിക്കുന്ന നിയമങ്ങൾ നിലനിൽക്കുന്നതിനാൽ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവയുടെ ആവാസവ്യവസ്ഥയിലോ എണ്ണം നിയന്ത്രിക്കുന്നതിലോ നടപടികൾ സ്വീകരിക്കാനാകൂ. ജനങ്ങളുടെ സുരക്ഷയും വന്യജീവി സംരക്ഷണവും ഒരുപോലെ പരിഗണിച്ചുള്ള നയമാണ് ആവശ്യം.
ഇപ്പോഴത്തെ സാഹചര്യം തുടർന്നാൽ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കാട്ടുപോത്തുകളുടെ എണ്ണം ഇനിയും വർധിച്ച് വനാതിർത്തി ഗ്രാമങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വനത്തിനുള്ളിലെ ഭക്ഷണ-ജലലഭ്യത വർധിപ്പിക്കുന്ന ആവാസവ്യവസ്ഥാ പരിപാലനം, സഞ്ചാരപാതകൾ തിരിച്ചറിയൽ, വന്യജീവി നിരീക്ഷണം, അപകടസാധ്യതയുള്ള റോഡുകളിൽ സുരക്ഷാ സംവിധാനങ്ങൾ, കൃഷിനാശം തടയുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങൾ എന്നിവ ഏകോപിപ്പിച്ച് നടപ്പാക്കണം.
വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം അറിയിക്കുന്ന മുന്നറിയിപ്പ് സംവിധാനം, വനംവകുപ്പിന്റെ ദ്രുതപ്രതികരണ സംഘം, പഞ്ചായത്ത് തലത്തിൽ നിരീക്ഷണ സംവിധാനം, അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പിങ് എന്നിവയും പ്രായോഗിക പരിഹാരങ്ങളാണ്.
കാട്ടുപോത്തുകൾ വനത്തിന്റെ അവിഭാജ്യഘടകമാണെന്നിരിക്കെ അവയുടെ സംരക്ഷണം ഉറപ്പാക്കണം. എന്നാൽ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷയും കൃഷിയും യാത്രയും അവഗണിക്കാനാവില്ല. കൃത്യമായ കണക്കെടുപ്പും ശാസ്ത്രീയ പഠനവും മുൻകൂട്ടിയുള്ള ഇടപെടലും ഉണ്ടായില്ലെങ്കിൽ വനാതിർത്തി ഗ്രാമങ്ങളിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ഇനിയും രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് നാട്ടുകാർ നൽകുന്നത്.
Content Highlights: Rising population of wild gaurs in Kasaragod forests causes panic among locals and extensive crop damage in border villages.
Published: 28 Nov 2026, 11:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented