ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിന്റെ ‘ചിമിഴ്’ മാസിക അച്ചടിച്ച് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ ആദ്യ സ്‌കൂൾ മാസിക
ആലത്തിയൂർ: ഡിജിറ്റൽ സാങ്കേതികവിദ്യയും കംപ്യൂട്ടർ അച്ചടിയും ഇന്നത്തെപ്പോലെ വ്യാപകമാകാത്ത കാലത്ത്, ഒരു പൊതുവിദ്യാലയത്തിന്റെ സർഗാത്മക ഇടപെടൽ അച്ചടിയുടെ ലോകത്ത് വേറിട്ട അധ്യായം രചിച്ചിരുന്നു. വിദ്യാർഥികളുടെ എഴുത്തും വായനയും സാഹിത്യാഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്. പുറത്തിറക്കിയ ‘ചിമിഴ്’ മാസിക അന്ന് ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്ത് ഒരു പൊതുവിദ്യാലയത്തിൽനിന്ന് ഇത്തരത്തിൽ അച്ചടിച്ച മാസിക പുറത്തിറങ്ങുന്നത് ആദ്യമായാണെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. 1996 സെപ്റ്റംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച മാസികയ്ക്ക് ആദ്യകാലത്ത് ‘പൂർണിമ’ എന്നായിരുന്നു പേര്. പിന്നീട് ‘ചിമിഴ്’ എന്നപേരിൽ വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ച മാസിക ഓരോമാസവും രണ്ടാംവാരത്തോടെ പുറത്തിറങ്ങി. വിദ്യാർഥികളുടെ സർഗാത്മകതയ്ക്ക് അച്ചടിയുടെ വിശാലലോകത്തേക്കു കടന്നുചെല്ലാനുള്ള വാതിൽ തുറക്കുകയായിരുന്നു ചിമിഴ്. പത്തുവർഷത്തിനടുത്ത് മുടങ്ങാതെ ഈ പ്രസിദ്ധീകരണം തുടർന്നു. ആലത്തിയൂർ സ്‌കൂളിൽ ജില്ലാ സ്‌കൂൾ കലോത്സവമെത്തിയതോടെ ചിമിഴും ചർച്ചാവിഷയമായി.
ഒരു ലക്കത്തിന് 4000 കോപ്പികൾവരെ അച്ചടിച്ചിരുന്ന ചിമിഴിന് സ്ഥിരം വായനക്കാരും വാർഷിക വരിക്കാരുമുണ്ടായിരുന്നു. സ്‌കൂളിൽ ജോലിചെയ്തിരുന്ന വിവിധ ജില്ലകളിൽനിന്നുള്ള അധ്യാപകരുടെ സഹകരണമാണ് മാസികയെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വായനക്കാരിലേക്കെത്തിച്ചത്. ലൈബ്രറികളിലും മറ്റു സ്‌കൂളുകളിലും സർവകലാശാലകളിലുമെല്ലാം ചിമിഴ് എത്തി. കുട്ടികളുടെ കഥകളും കവിതകളും ലേഖനങ്ങളും മറ്റു സർഗാത്മക രചനകളും ചിമിഴിന്റെ താളുകളിൽ ഇടംപിടിച്ചു. വിദ്യാർഥികളുടെ രചനകൾക്കൊപ്പം പ്രമുഖ സാഹിത്യകാരൻമാരുടെ എഴുത്തുകളും പ്രസിദ്ധീകരിച്ചു.
ചിമിഴിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി സാഹിത്യകാരൻമാരെ സ്‌കൂളിലെത്തിക്കാനും കഴിഞ്ഞു. ഒരുകൂട്ടം അധ്യാപകരുടെ തീവ്രമായ ശ്രമത്തിന്റെ ഭാഗമായാണ് മുടങ്ങാതെ ചിമിഴ് പുറത്തിറക്കാൻ സഹായകമായതെന്ന് മാസികയുടെ എഡിറ്ററായിരുന്ന ജോയ് മാമലയിൽ പറഞ്ഞു. സ്‌കൂളിലെ മലയാളം അധ്യാപകനായ ജോയ് മാമലയിൽ 2021-ലാണ് വിരമിച്ചത്.
Content Highlights: Alathiyoor KHMHSS remembers Chimizh, Kerala's first printed public school magazine which inspired student creativity for nearly a decade.
Published: 29 Nov 2026, 09:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented