എം.പി. വീരേന്ദ്രകുമാര്‍ നാഷണല്‍ തോട്ട് ലീഡര്‍ഷിപ്പ് പുരസ്കാരസമര്‍പ്പണം

കോഴിക്കോട്: ശബ്ദമില്ലാത്തവരുടെ ശബ്ദമാവാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഒരു മാധ്യമസ്ഥാപനം എന്ന എം.പി. വീരേന്ദ്രകുമാറിന്റെ നിലപാടിലെ നിശ്ചയദാർഢ്യം ആവർത്തിച്ചുറപ്പിച്ച് അദ്ദേഹത്തിന്റെ വേർപാടിന്റെ ആറാം വാർഷികദിനത്തിൽ മാതൃഭൂമിയുടെ അനുസ്മരണം. മൂന്നുവയസ്സുള്ള പിഞ്ചുകുഞ്ഞുപോലും മാംസവിൽപ്പനച്ചന്തയിൽ വിലപേശി വിൽക്കപ്പെടുന്ന ക്രൂരയാഥാർഥ്യം തീക്ഷ്ണമായി അവതരിപ്പിച്ചുകൊണ്ടാണ് എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്‌കാരം സാമൂഹികപ്രവർത്തകയും 'പ്രജ്ജ്വല'യുടെ സഹസ്ഥാപകയുമായ സുനിതാ കൃഷ്ണൻ ഏറ്റുവാങ്ങിയത്. മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ. ചന്ദ്രു പുരസ്‌കാരസമർപ്പണം നിർവഹിച്ചു.
പ്രശസ്തിപത്രവും ഫലകവും സാക്ഷ്യപത്രവും അഞ്ചു ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം.
പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വിലപേശി വിൽക്കുന്ന ഇന്ത്യയിലെ മുഖമില്ലാത്ത മാംസവിൽപ്പനക്കാർക്കെതിരായ പോരാട്ടത്തിൽ മാതൃഭൂമിയുടെ പിന്തുണ സുനിതാ കൃഷ്ണൻ അഭ്യർഥിച്ചു. 'എന്റെ കുഞ്ഞല്ലല്ലോ' എന്ന നിസ്സംഗതയിൽ മൗനമായിരിക്കുകയാണ് എല്ലാവരും. അച്ഛനമ്മമാരായി, ആങ്ങളമാരായി, സഹോദരികളായി എന്തുകൊണ്ടാണ് ഈ കുഞ്ഞുങ്ങൾക്കുവേണ്ടി നാം ശബ്ദമുയർത്താത്തത്? ഇരിപ്പിടങ്ങളിൽനിന്നെണീറ്റ് 'നോ' എന്ന് പറയാനെങ്കിലും സാധിക്കണ്ടേ? ഇതിനെതിരേ ഫലപ്രദവും ശക്തവുമായ നിയമമുണ്ടാക്കാനായി 26 വർഷങ്ങളായി പോരാട്ടത്തിലാണ്. മാറിമാറിവരുന്ന ഭരണകൂടങ്ങൾ വലിയ വാക്കുകൾ പറയുന്നതല്ലാതെ, ഇച്ഛാശക്തിയോടെ ഒന്നും ചെയ്യുന്നില്ല. പൗരസമൂഹം ഉണർന്നെണീക്കാത്തതിനാലാണ് രാഷ്ട്രീയകക്ഷികൾ ഇച്ഛാശക്തികാണിക്കാത്തത്. ആരും ശബ്ദമുയർത്താനില്ലാത്തവർക്കുവേണ്ടി ജനമനസ്സുണർത്താൻ മാതൃഭൂമി പിന്തുണയേകണമെന്നും സുനിതാ കൃഷ്ണൻ അഭ്യർഥിച്ചു.
കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരാനുള്ള സുനിതാ കൃഷ്ണന്റെ പോരാട്ടത്തിൽ മാതൃഭൂമി എല്ലാ പിന്തുണയും നൽകുമെന്ന് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. ''ഇത്തരത്തിലുള്ള എല്ലാ പോരാട്ടങ്ങൾക്കുമൊപ്പം എക്കാലത്തും മാതൃഭൂമി നിന്നിട്ടുണ്ട്. ശക്തമായ സ്വാധീനമാണ് സുനിതയുടെ വാക്കുകൾ ഞങ്ങളിലുണ്ടാക്കിയത്. നാമൊന്നിച്ച് ഇതിനെതിരേ പോരാടുമെന്ന് ഉറപ്പുനൽകുന്നു.
ഈ കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിക്കാൻ മാധ്യമസ്ഥാപനമെന്ന നിലയിൽ മാതൃഭൂമി പ്രതിജ്ഞാബദ്ധമാണ്. എന്താണോ നിങ്ങളുടെ മാർഗനിർദേശം, അത് നമുക്ക് ചെയ്യാം'' -ശ്രേയാംസ് കുമാർ പറഞ്ഞു. ഹർഷാരവങ്ങളോടെയാണ് സദസ്സ് ഈ പ്രഖ്യാപനത്തെ സ്വാഗതംചെയ്തത്.
എൻ.ജി.ഒ.കൾ കോക്രോച്ചുകളല്ലെന്നും ഒരു സർക്കാരിനും അവരില്ലാതെ പൂർണമായി പ്രവർത്തിക്കാനാവില്ലെന്നും പുരസ്‌കാരം സമർപ്പിച്ചുകൊണ്ട് ജസ്റ്റിസ് കെ. ചന്ദ്രു അഭിപ്രായപ്പെട്ടു.
മുൻകേന്ദ്രമന്ത്രി ജയറാം രമേഷ് എം.പി. വീരേന്ദ്രകുമാർ അനുസ്മരണപ്രഭാഷണം നടത്തി. സോഷ്യലിസ്റ്റായിരിക്കുകയും ഏകവും അനേകവുമായ ഇന്ത്യയെ ഉൾക്കൊള്ളുകയും ആ വൈവിധ്യങ്ങളെ ആഘോഷിക്കുകയും ചെയ്തുവെന്നതാണ് വീരേന്ദ്രകുമാറിന്റെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. 30 വർഷം മുൻപ് ആദ്യമായി കാണുമ്പോൾ അദ്ദേഹം കേന്ദ്രധനകാര്യസഹമന്ത്രിയായിരുന്നു. പിൽക്കാലത്ത് രാജ്യസഭയിൽ സഹപ്രവർത്തകരായെന്നും ജയറാം രമേഷ് അനുസ്മരിച്ചു.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലിഹാളിൽ നടന്ന സമ്മേളനത്തിൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അധ്യക്ഷനായി. മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ആമുഖപ്രഭാഷണം നടത്തി. ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് സ്വാഗതവും ഡയറക്ടർ-ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര നന്ദിയും പറഞ്ഞു.
Content Highlights: Sunitha Krishnan honored with M.P. Veerendra Kumar National Thought Leadership Award 2026., Call for urgent action against child trafficking and societal apathy., Mathrubhumi pledges support for the fight against human trafficking., Commemoration of M.P. Veerendra Kumar's 6th death anniversary., Tributes by Jairam Ramesh and Justice K. Chandru highlighting socialist values.
Published: 30 May 2026, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented